Flash News

കോവിഡ് പ്രതിസന്ധിക്കിടെ 108 ആംബുലന്‍സ് ജീവനക്കാരുടെ പണിമുടക്ക്: പ്രശ്ന പരിഹാരത്തിന് സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം: വെല്‍ഫെയര്‍ പാര്‍ട്ടി

June 11, 2020 , സാബിര്‍ അഹ്സന്‍

പാലക്കാട്: കോവിഡ് പ്രതിസന്ധി ജില്ലയില്‍ അതിരൂക്ഷമായി നിലനില്‍ക്കേ വേതനം ലഭ്യമല്ലാത്തതിൻ്റെ പേരില്‍ നൂറിലധികം ആംബുലന്‍സ് ജീവനക്കാര്‍ ജില്ലയില്‍ പണിമുടക്കുന്നത് ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുമെന്നും പ്രശ്ന പരിഹാരത്തിന് സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

ജില്ലാ ആശുപത്രിയിലെ നിരവധി ആരോഗ്യ പ്രവര്‍ത്തകര്‍ക്കടക്കം കോവിഡ് സ്ഥിരീകരിച്ച് ജില്ല രൂക്ഷമായ സ്ഥിതിവിശേഷത്തില്‍ എത്തിയത് ജില്ലാ ഭരണകൂടത്തിനും ആരോഗ്യ വകുപ്പിനുമിടയിലെ ഏകോപനമില്ലായ്മ മൂലമാണ്. ജില്ലാ ആശുപത്രിയിലെ കോവിഡ് ബാധിതര്‍ക്ക് ഭക്ഷണം സമയത്തിന് ലഭ്യമല്ലാത്ത അവസ്ഥ വരെ ഉണ്ടായത് ഏകോപനത്തില്‍ സംഭവിച്ച പാളിച്ച മൂലമാണ്. ജില്ല കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങാതിരിക്കാന്‍ വകുപ്പുകള്‍ക്കിടയിലെ ഏകോപനം വര്‍ധിപ്പിക്കണം. പരിമിതമായ സൗകര്യങ്ങളുള്ള ജില്ലാ ആശുപത്രിയെ മാത്രം കോവിഡ് അടക്കമുള്ള ചികിത്സകള്‍ക്ക് ആശ്രയിക്കുന്നത് ഒഴിവാക്കി പ്രഖ്യാപിക്കപ്പെട്ട പോലെ ഗവ. മെഡിക്കല്‍ കോളേജിനെ കൂടി എത്രയും വേഗം ഉപയോഗപ്പെടുത്താന്‍ തുടങ്ങണം.

ജില്ല രൂക്ഷമായ പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുമ്പോള്‍ രാഷ്ട്രീയ മുതലെടുപ്പുകള്‍ക്ക് നില്‍ക്കാതെ സാമൂഹിക സുരക്ഷക്കായി നിലകൊള്ളുകയെന്ന ഉത്തരവാദിത്യം നിറവേറ്റാന്‍ ഭരണ- പ്രതിപക്ഷ കക്ഷികള്‍ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ.സി നാസര്‍ അദ്ധ്യക്ഷത വഹിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top