Flash News

ലോകത്തെ നിയന്ത്രിച്ച കുഞ്ഞന്‍ വൈറസ്

June 12, 2020 , ബിന്ദു ചാന്ദിനി

ഒരു കുഞ്ഞന്‍ വൈറസ് എത്ര പെട്ടെന്നാണ് ലോകത്തിന്‍റെ ഗതിയെ നിയന്ത്രിച്ചത്. അദ്യശ്യനായ ശത്രുവിന്റെ മുന്നില്‍ മനുഷ്യന്‍ എത്ര നിസ്സഹായനായി നോക്കി നില്‍ക്കേണ്ടി വന്നു. കൊറോണ വൈറസ് ലക്ഷണക്കിന് ആളുകളെ ഭൂമുഖത്ത് നിന്ന് തുടച്ചു നീക്കി. ഇനിയും തുടച്ചു നീക്കപ്പെടും. മനുഷ്യ ജീവിതത്തെ അനിശ്ചതത്തിലാക്കിയ വൈറസ് വര്‍ഷങ്ങളോളം നമ്മുടെ കൂടെ ഉണ്ടാവും. സാധാരണ മരണങ്ങളോടപ്പം കൊവിഡ് മരണങ്ങളും പട്ടിണി മരണങ്ങളും ലോക ജനസംഖ്യയെ കാര്യമായി ബാധിക്കും. നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ക്യാന്‍സര്‍ പോലെയുള്ള മാറാരോഗങ്ങള്‍ക്ക് ഇനിയും മരുന്നുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ ശാസ്ത്രലോകത്ത് നിന്ന് ശുഭവാര്‍ത്തകള്‍ അത്ര പെട്ടെന്ന് പ്രതീക്ഷിക്കേണ്ടതില്ല.

കോവിഡ് 19 നിലനില്‍ക്കുന്ന രാഷ്ട്രീയ സാമ്പത്തിക സാമൂഹ്യ മത സാംസ്കാരിക മേഖലയില്‍ പല മാറ്റങ്ങളും കൊണ്ടുവന്നു. ആഗോളവത്ക്കരണത്തിനും മുതലാളിത്വ വ്യവസ്ഥിതിക്കും അത് കനത്ത ആഘാതമേല്‍പ്പിച്ചു. കമ്മ്യൂണിസ്റ്റ് രാജ്യങ്ങളായ ചൈന, ക്യൂബ, വിയറ്റ്നാം അതുപോലെ നമ്മുടെ കൊച്ചു സംസ്ഥാനമായ കേരളം എന്നിവ ലോകത്തിന് മാതൃകയായ പ്രവര്‍ത്തനങ്ങളാണ് കൊറോണ കാലത്ത് കാഴ്ച്ച വെച്ചത്. ഇന്ന് ലോക രാജ്യങ്ങള്‍ക്കിടയില്‍ കമ്യൂണിസ്റ്റ് ആശയങ്ങള്‍ക്ക് കുടുതല്‍ സ്വീകാര്യത ലഭിച്ചു. കൊറോണ കാലത്ത് അമേരിക്കയില്‍ ഉണ്ടായ പോലീസിന്‍റെ വംശീയ ആക്രമണത്തിന് എതിരെ മരണഭയം കൂടാതെ വെളുത്തവനും കറുത്തവനും തെരുവിലിറങ്ങിയത് സ്വന്തം പൗരന്മാര്‍ക്ക് വേണ്ടി ഡിറ്റന്‍ഷന്‍ സെന്‍ററുകള്‍ നിര്‍മ്മിക്കുന്ന ഭരണാധികാരികളെ ഞെട്ടിപ്പിച്ചിട്ടുണ്ടായിരിക്കും. ഗള്‍ഫ് നാടുകളില്‍ തൊഴില്‍ തേടി പോയ ജനങ്ങള്‍ക്ക് കോവിഡ് കാലത്ത് അവിടെത്തെ ഭരണാധികള്‍ നല്‍കിയ പിന്തുണയും എടുത്തു പറയേണ്ടതാണ്.

എല്ലായിടങ്ങളിലും സൗജന്യ ചികിത്സ ലഭ്യമല്ലെങ്കിലും എല്ലാ ഭരണാധികാരികളും സ്വന്തം പൗരന്മാര്‍ക്കും കുടിയേറ്റക്കാര്‍ക്കും വേര്‍തിരിവില്ലാതെ കരുതല്‍ നല്‍കിയത് ഏറെ ശ്രദ്ധേയമാണ്. ലോകത്തെമ്പാടും വേര്‍തിരിവില്ലാതെ മനുഷ്യര്‍ മനുഷ്യരെ കൈവിടാതെ ചേര്‍ത്ത് പിടിച്ച മാനവീകതയാണ് കൊറാണക്കാലത്തെ ഏറ്റവും ഹൃദ്യമായ സവിശേഷത. വംശീയത, വലതുപക്ഷ ഫാസിസം എന്നിവയുടെ തീവ്രത കോവിഡാന്തര ലോകത്ത് ദുര്‍ബലമായി തീരും.

കോവിഡ് കാലം സ്ത്രീകള്‍ക്ക് തിളക്കമാര്‍ന്ന നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചു. രാഷ്ട്രീയ രംഗത്ത് ചരിത്രം സൃഷ്ടിച്ച വനിതകളാണ് ആരോഗ്യ മന്ത്രി ശൈലജ ടീച്ചര്‍, ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ തുടങ്ങിയവര്‍. അടുപ്പിച്ചുള്ള ഷിഫ്റ്റുകളില്‍ കൊവിഡ് രോഗികളെ ചികിത്സിച്ച് നിര്‍ജലികരണം സംഭവിച്ച് മരിച്ച ഇറാനിയന്‍ ഡോക്ടര്‍ ഷിറിന്‍ റോഹാനി തുടങ്ങിയ നിരവധി വ്യക്തികള്‍ വൈദ്യശാസ്ത്ര രംഗത്ത് ചരിത്രം സൃഷ്ടിച്ചവരാണ്. ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവരില്‍ ഭൂരിഭാഗം പേരും സ്ത്രീകളാണ്, അവരുടെ കരുതലാണ് കോവിഡ് ചികിത്സ.

കോവിഡ് 19 ലോക സമ്പത്ത് വ്യവസ്ഥക്ക് കനത്ത പ്രഹരമാണ് ഏല്‍പ്പിച്ചിരിക്കുത്. കോവിഡാനന്തര കാലം ചൈനയുടെ മുന്നേറ്റത്തിന്‍റെ കാലമായിരിക്കും. ഇനിയുള്ള ലോകം മുഴുവന്‍ ചൈനീസ് ഉല്പന്നങ്ങള്‍ കൊണ്ട് നിറയും. ഇന്ന് ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ ചൈനീസ് ഉല്പന്നങ്ങളാണ് സ്വന്തം ബ്രാന്‍ഡുകളില്‍ ഇറക്കുന്നത്.

വിശാലമായ ലോകത്ത് ജീവിച്ച മനുഷ്യന്‍ വീട്ടകങ്ങളില്‍ ഒതുങ്ങി. യാത്രകളും അനാവശ്യമായ ഷോപ്പിംഗുകളും അവസാനിപ്പിച്ചു. ഭാവിയെ കുറിച്ചുള്ള അനിശ്ചിതത്വം അവന്‍റെ വാങ്ങല്‍ ശേഷി കുറച്ചു. കോവിഡ് കാലങ്ങളോളം നീണ്ട് നിന്നാല്‍ റേഷന്‍ കട, പലച്ചരക്ക്, പഴങ്ങള്‍, പച്ചക്കറി, മീന്‍, മാംസം, ബേക്കറി, ഭക്ഷണശാല, മെഡിക്കല്‍ സ്റ്റോര്‍, മോബൈല്‍ ഷോപ്പുകള്‍, വര്‍ക്കു ഷോപ്പുകള്‍, തൈകള്‍ വില്‍ക്കുന്ന നേഴ്സറി, വളം വിത്തുകള്‍ വില്‍ക്കുന്ന കടകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, കേബിള്‍ ഇന്‍റര്‍നെറ്റ് വര്‍ക്ക് സര്‍വീസ്, ഗ്യാസ്, മദ്യം, പെട്രോള്‍ പമ്പുകള്‍, കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ എന്നിവയില്‍ മാത്രമായി മനുഷ്യന്‍ ഒതുങ്ങിപ്പോകും. ഇത് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി സ്യഷ്ടിക്കും.

വിദ്യാഭ്യാസ ലോകം പൂര്‍ണ്ണമായും ഓണ്‍ലൈന്‍വല്‍ക്കരിക്കപ്പെടും. രാഷ്ട്രീയ സാംസ്കാരിക മത കൂട്ടായ്മകള്‍ അന്യം നിന്ന് പോകും. തൊഴില്‍ നഷ്ടമുണ്ടാവും. സിനിമാ ലോകത്തിന് കനത്ത ആഘാതമേല്‍പ്പിക്കും. തൊഴിലാളികളുടെ ക്ഷാമം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിലാക്കും. കൃഷിയുടെ മേഖലയില്‍ സര്‍ക്കാറുകള്‍ അതീവ ശ്രദ്ധ പുലര്‍ത്തണം, വേണ്ട സമയത്ത് കൃഷി പണികള്‍ നടത്തണം. ക്ഷാമം വന്നാല്‍ പട്ടിണി മരണങ്ങള്‍ക്കൊപ്പം കലാപങ്ങളും ഉണ്ടാവും.

ഉത്തരേന്ത്യന്‍ ആധിപത്യം കൊടികുത്തി വാഴുന്ന ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ എന്നും അവഗണിക്കപ്പെട്ട് തെക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന നമ്മുടെ കൊച്ചു കേരളത്തെ കോവിഡ് കാലത്തെ മാത്യകാപരമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി സ: പിണറായി വിജയന്‍ ലോകത്തിന്‍റെ നെറുകയില്‍ എത്തിച്ചു. പുറത്ത് നിന്ന് വരുന്നവര്‍ സര്‍ക്കാര്‍ നിയമങ്ങള്‍ കൃത്യമായി അനുസരിച്ചാല്‍ കേരളത്തില്‍ നിന്ന് കോവിഡിനെ ഇല്ലായ്മ ചെയ്യാന്‍ കഴിയും. എല്ലാവരും കോവിഡ് ചട്ടങ്ങള്‍ പാലിച്ചു കരുതലോടെ ജാഗ്രതയോട് നമുക്ക് വേണ്ടിയും സമൂഹത്തിന് വേണ്ടിയും ജീവിച്ചാല്‍ ഈ രോഗത്തെ അകറ്റി നിര്‍ത്താന്‍ ജനാധിപത്യ ബോധമുള്ള പ്രബുദ്ധരായ കേരള ജനതക്ക് കഴിയും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top