മറ്റൊരാളുടെ വേദന ചെറുതാകുമ്പോള്‍

കൈയില്‍ വച്ച് ഒരു തുണി തയ്ക്കുമ്പോഴോ കടലാസുകള്‍ കുത്തിക്കെട്ടുമ്പോഴോ വിരലില്‍ സൂചി കൊണ്ടാല്‍ നമുക്കെന്ത് വേദനിക്കും. കറിയ്ക്ക് അരിയുമ്പോള്‍ കയ്യില്‍ കത്തി കൊണ്ടാല്‍ നമുക്ക് എന്ത് നീറ്റലുണ്ടാകും.

അവനവന്‍റെ ശരീരത്തിലാണെങ്കില്‍ നമുക്ക് ഏത് ചെറിയ മുറിവും വലിയ മുറിവായി തോന്നും. നമ്മളെല്ലാവരും അങ്ങനെ തന്നെണ്. അതിനി മെഡിസിന്‍ പഠിച്ച ഡോക്ടറായാലും വൈദ്യം അറിയുന്ന വൈദ്യനായാലും എല്ലാവരേയും നയിക്കുന്ന നേതാവായാലും മുഴുവന്‍ പേരെയും ഭരിക്കുന്ന മന്ത്രിയായാലും സകലര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്ന പുരോഹിതനായാലും എല്ലാത്തിനും മുകളിലുള്ള ആള്‍ദൈവം ആയാലും ഇക്കാര്യത്തില്‍ വ്യത്യാസം ഇല്ല എന്ന് അനുഭവങ്ങള്‍ നമ്മളെ പഠിപ്പിച്ചിട്ടുണ്ട്.

ചെറിയ പനി വന്നിട്ട് വിദേശത്ത് ചികിത്സയ്ക്ക് പോകുന്ന മന്ത്രിമാരുള്ള നമ്മുടെ നാട്ടില്‍ വലിയ ശസ്ത്രക്രിയക്കായി വെയിറ്റിംഗ് ലിസ്റ്റില്‍ കാത്തിരുന്ന് മരിക്കുന്ന സാധാരണ തൊഴിലാളികള്‍ ഉണ്ട്. അവനവന്‍റെ ചെറിയ വേദനകള്‍ പോലും സഹിക്കാത്ത വലിയ മനുഷ്യര്‍ മറ്റുള്ളവരുടെ വേദകളെ അതുപോലെയല്ല കാണുന്നത് എന്ന് ഓര്‍മ്മിപ്പിച്ചതാണ്.

മുപ്പത് കൊല്ലം മുമ്പ് മെഡിസിന്‍ പാസായ ശേഷം ശസ്ത്രക്രിയ വിഭാഗത്തില്‍ രണ്ടു കൊല്ലത്തോളം പരിശീലനം ചെയ്തിട്ടുണ്ട്. ശരീരം മുറിഞ്ഞു വരുന്ന മനുഷ്യരെ ആ സമയത്താണ് ഒരുപാട് കാണാനിടയായത്. അവരില്‍ ചിലര്‍ രാഷ്ട്രീയ ആക്രമണങ്ങളില്‍ മുറിവേറ്റവരായിരുന്നു. വെട്ട് ആണ് പ്രധാന ആക്രമണം.

ഒരു മനുഷ്യന്‍റെ ശരീരത്തില്‍ ഒരു വെട്ട് കൊണ്ടാല്‍പോലും അയാള്‍ക്ക് എത്ര വേദനിക്കും എന്ന് ഞാന്‍ കണ്ടിട്ടുണ്ട്. ഒരു മനുഷ്യന്‍ എന്ന നിലയിലും ഡോക്ടര്‍ എന്ന നിലയിലും. ‘വേദന സഹിക്കാന്‍ വയ്യ ഡോക്ടറേ, എന്നെയൊന്ന് ബോധം കെടുത്ത് ഡോക്ടറേ’ എന്നുള്ള ചില നിലവിളികള്‍ ഇപ്പോഴും കാതില്‍ മുഴങ്ങുന്നുണ്ട്. കൂടെ നില്‍ക്കുന്ന ബന്ധുക്കളുടെ നിലവിളി വേറേ. പ്രത്യേകിച്ചും ഭാര്യയുടെയും മക്കളുടെയും.

ചെറിയ മുറിവുകള്‍ പറ്റി വരുന്നവരെപ്പോലും ചികിത്സിച്ച് ആശ്വാസം നല്‍കാനാണ് മെഡിക്കല്‍ സയന്‍സില്‍ പഠിക്കുന്നത്. കാലിലെ ചെറിയ മുറിവ് തുന്നിക്കെട്ടി ടെറ്റനസ് വരാതിരിക്കാനുള്ള കുത്തിവയ്പ്പും കൊടുത്തു വിട്ട ചെറുപ്പക്കാരനെ കുറേ നാള്‍ക്ക് ശേഷം ഒരു കാലില്ലാതെ കണ്ട വേദനയുള്ള സംഭവം ഞാന്‍ ഫേസ്ബുക്കില്‍ ഒരിക്കല്‍ എഴുതിയിട്ടുണ്ട്. സുന്ദരനായ അയാളുടെ ഒരു കാല് എതിര്‍ പാര്‍ട്ടിക്കാര്‍ വെട്ടിക്കൊണ്ടുപോയി.

ആശുപത്രിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഞങ്ങള്‍ക്കെല്ലാം ഉള്ള ഒരു സങ്കടമാണിത്. ചെറിയ മുറിവുകള്‍ പോലും ചികിത്സിച്ചു രക്ഷപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ പാര്‍ട്ടിക്കാര്‍ അടുത്തയാളെ വെട്ടിനുറുക്കി ആശുപത്രിയിലേയ്ക്ക് അയക്കും. ഒരാളെ വെട്ടിക്കൊന്ന് എന്ത് രാഷ്ട്രീയ വിജയമാണ് ഒരു പാര്‍ട്ടിക്ക് നേടാന്‍ കഴിയുന്നതെന്ന് ഇനിയും മനസ്സിലായിട്ടില്ല. ഇത് പറയുമ്പോള്‍ എതിര്‍ പാര്‍ട്ടി കൊന്നവരുടെ സ്ഥിതിവിവരക്കണക്കുമായി വരുന്നവരെ പേടിയാണ്. മറ്റവര്‍ കൊന്നാല്‍ ഞങ്ങള്‍ തിരികെ കൊല്ലണ്ടേ എന്ന സിംപിള്‍ ഇക്വേഷന്‍. അങ്ങനെ പറയുന്നവരെ സൂക്ഷിക്കണം. അവര്‍ അവസരം കിട്ടിയാല്‍ ആരെയും വെട്ടും. എന്നിട്ട് പഴയ ഏതെങ്കിലും കണക്ക് പറയും.

ഒരു പാര്‍ട്ടിക്കാര്‍ മറ്റൊരു പാര്‍ട്ടിയിലെ പ്രവര്‍ത്തകരെ വെട്ടുക പോയിട്ട് ഒരു സൂചികൊണ്ട് കുത്തുക പോലും ചെയ്യരുത് എന്നതാണ് ഞാന്‍ പറയാന്‍ ശ്രമിക്കുന്ന രാഷ്ട്രീയം.

മെഡിസിന് പഠിക്കുമ്പോള്‍ ഒരിക്കല്‍ നെറ്റി കതകില്‍ മുട്ടി ഒരു ചെറിയ മുറിവ് ഉണ്ടായപ്പോള്‍ ഞാന്‍ അനുഭവിച്ച പ്രയാസം എനിക്കറിയാം. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചെന്നപ്പോള്‍ അവിടെ സുഹൃത്ത് ഡോക്ടര്‍ എസ്.കെ. സുരേഷ് കുമാര്‍ ഉണ്ടായിരുന്നു എന്ന് ഇപ്പോഴും ഓര്‍ക്കുന്നു. ആകെ ഒരു തുന്നലാണ് എന്‍റെ മുറിവിന് വേണ്ടി വന്നത്. ചെറിയ മുറിവായിരുന്നെങ്കിലും എല്ലാ ദിവസവും കണ്ണാടിയില്‍ പല പ്രാവശ്യം നോക്കി ആ മുറിവുണങ്ങുന്നതും തഴമ്പ് മായുന്നതും ഞാന്‍ പരിശോധിച്ചു.

സ്വന്തം ശരീരത്തിലെ ഒരു ചെറിയ മുറിവിന്‍റെ വേദന അറിയുന്ന ഒരാള്‍ക്കും ശരീരം മുഴുവനും വെട്ടു കിട്ടിയ മറ്റൊരാളുടെ വേദന ഒരിക്കലും ലഘുവായി കാണാന്‍ കഴിയില്ല. മരിക്കുന്നതിന് മുമ്പ് ടി.പി. ചന്ദ്രശേഖരന്‍ എത്രയധികം വേദന കടിച്ചിറക്കിയിട്ടുണ്ടാകും എന്ന് നമുക്ക് ഊഹിക്കാന്‍ കഴിയും. ചന്ദ്രശേഖരന്‍റെ കുടുംബത്തില്‍ അവശേഷിക്കുന്ന കുടുംബാംഗങ്ങള്‍ക്ക് മനസ്സില്‍ എത്രയധികം വെട്ടുകളുടെ വേദന ഇനിയും ബാക്കി നില്‍ക്കുന്നുണ്ടാകും.

ഒരാള്‍ കൊലപാതകം ഉള്‍പ്പെടെ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടോ എന്ന് കണ്ടുപിടിക്കാനും ചെയ്തിട്ടുണ്ടെങ്കില്‍ അയാളെ ശിക്ഷിക്കാനും നാട്ടില്‍ പോലീസും കോടതിയും ഒക്കെ ഉള്‍പ്പെടുന്ന നിയമ സംവിധാനങ്ങള്‍ ഉണ്ട്. നിയമത്തിന്‍റെ വലയില്‍ കുടുങ്ങാത്ത, അഥവാ കുടുങ്ങിയാല്‍ വല പൊട്ടിക്കുന്ന, വന്‍ സ്രാവുകളെ നമുക്കറിയാം. എങ്കിലും അത്യാവശ്യം ആശ്രയിക്കാവുന്നതും വിശ്വസിക്കാവുന്നതുമായ നിയമസംവിധാനങ്ങള്‍ നമ്മുടെ നാട്ടില്‍ ഉണ്ട് എന്നത് നമുക്ക് ആശ്വാസമാണ്.

സ്വാധീനമുപയോഗിച്ച് രക്ഷപ്പെടുന്ന ശക്തരെയും തെറ്റ് ചെയ്യാതെ ജയില്‍ശിക്ഷ അനുഭവിക്കുന്ന പാവങ്ങളെയും നമുക്കറിയാം. അതൊക്കെ നിയമ സംവിധാനത്തിലെ പൊറുക്കാനാകാത്ത പഴുതുകള്‍ ആണ്. ഇതൊക്കെ ഏറിയും കുറഞ്ഞും എല്ലാ നാട്ടിലും ഉണ്ടാകും. തെറ്റ് ചെയ്തവര്‍ തല്‍ക്കാലം രക്ഷപ്പെട്ടാലും തെറ്റിന്‍റെ ദുരിതം അനുഭവിച്ചവരും സമൂഹവും നിയമ പോരാട്ടം നടത്തിയാല്‍ വൈകിയെങ്കിലും നീതി ലഭിക്കുന്ന അനുഭവങ്ങള്‍ നമുക്കുണ്ട്. തെറ്റ് ചെയ്യാത്ത ഒരാളെ അനാവശ്യമായി തുറുങ്കിലടച്ചാല്‍ അത് ചോദ്യം ചെയ്യാനുള്ള സംവിധാനങ്ങളും നാട്ടിലുണ്ട്.

ചന്ദ്രശേഖരനെ കൊന്നവര്‍ കുറ്റവാളികളാണെന്ന് കണ്ടാണ് കോടതി അവരെ ശിക്ഷിച്ച് ജയിലില്‍ അടച്ചത്. അതില്‍ ആരെങ്കിലും കുറ്റം ചെയ്തിട്ടില്ലെങ്കില്‍ അയാള്‍ക്കെതിരെയുള്ള വിധി ചോദ്യം ചെയ്യാനുള്ള സംവിധാനങ്ങളും ഉണ്ട്. കൊലപാതകത്തില്‍ ശിക്ഷിക്കപ്പെട്ടു ജയിലില്‍ കിടക്കുന്ന ഒരാള്‍ കുറ്റക്കാരന്‍ അല്ലെന്ന് മറ്റൊരു മേല്‍ക്കോടതി തിരുത്തിപ്പറയുന്നതു വരെ സര്‍ക്കാരിനു മുന്നില്‍ അയാള്‍ കുറ്റവാളി തന്നെയാണ്. ഇനി, അയാള്‍ നിരപരാധിയാണെന്ന് സര്‍ക്കാര്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ അദ്ദേഹത്തെ ജയിലില്‍ നിന്നും മോചിപ്പിക്കാനുള്ള നടപടികള്‍ സര്‍ക്കാരിന് സ്വീകരിക്കാന്‍ കഴിയും. സര്‍ക്കാരിന് അതിനുള്ള അധികാരമുണ്ട്.

പി.എം. ആന്‍റണി എന്ന നാടക പ്രവര്‍ത്തകന്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയായിരുന്നു. നിയമത്തിനു മുന്നില്‍ അദ്ദേഹം കുറ്റവാളി ആയിരുന്നു. എന്നാല്‍ നാട്ടിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സാമൂഹ്യ പ്രവര്‍ത്തകര്‍ക്കും സാഹിത്യകാരന്മാര്‍ക്കും പൊതുജനത്തിനും അദ്ദേഹത്തിന്‍റെ നിരപരാധിത്വം തിരിച്ചറിയാമായിരുന്നു. അദ്ദേഹത്തെ ജയിലില്‍ നിന്നും മോചിപ്പിക്കാന്‍ മൈത്രേയന്‍ എന്ന വലിയ മനുഷ്യന്‍ നടത്തിയ വലിയ ഇടപെടലുകള്‍ ഇന്നും ഒരു മറക്കാനാകാത്ത ചരിത്രമായി നമ്മുടെ മുന്നില്‍ ഉണ്ട്. കമ്മ്യൂണിസ്റ്റുകാരനായ പി.എം. ആന്‍റണിയെ ജയിലില്‍ നിന്നും പുറത്തു കൊണ്ടുവരാനുള്ള നടപടി സ്വീകരിച്ചത് കോണ്‍ഗ്രസുകാരനായ മുഖ്യമന്ത്രി ശ്രീ. എ.കെ. ആന്‍റണി ആയിരുന്നു. ആ സംഭവങ്ങള്‍ നേരിട്ട് കാണുകയും അതില്‍ വളരെ ചെറിയ ഒരു പങ്ക് വഹിക്കുകയും ചെയ്ത ആളെന്ന നിലയിലാണ് ഞാന്‍ ഇത്ര കൃത്യമായി അതേക്കുറിച്ച് സംസാരിക്കുന്നത്.

ചന്ദ്രശേഖരന്‍റെ കൊലപാതകികള്‍ ആരെങ്കിലും നിരപരാധിയാണെന്ന് സര്‍ക്കാരിന് ബോധ്യം ഉണ്ടെങ്കില്‍ അവരെ ജയിലില്‍ നിന്ന് പുറത്തിറക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞേനേ. പക്ഷേ അതിന് പൊതു സമൂഹത്തിന്‍റെ പിന്തുണ വേണം. ഭരണകക്ഷിയിലെ ബാക്കി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് എങ്കിലും അദ്ദേഹം നിരപരാധിയാണെന്ന് തോന്നണം. അത്രയെങ്കിലും സാധിച്ചാല്‍ മാത്രമേ പ്രതിപക്ഷത്തിനോട് പിന്തുണ ചോദിക്കാന്‍ കഴിയൂ. പ്രതിപക്ഷം എതിര്‍ത്താല്‍ പോലും പൊതുസമൂഹം കൂടെയാണെന്ന ധാരണയില്‍ നടപടികള്‍ എടുക്കാന്‍ ഈ സര്‍ക്കാരിന് ബുദ്ധിമുട്ടില്ല എന്നും നമുക്കറിയാം.

ഭരണം കിട്ടി നാല് വര്‍ഷമായിട്ടും സര്‍ക്കാര്‍ ഇങ്ങനെ ശിക്ഷ റദ്ദ് ചെയ്യാതിരുന്നിട്ട് ഇത് യു.ഡി.എഫ്. കാലത്തെ കള്ളക്കേസ് ആണെന്ന് സി.പി.എമ്മിന്റെ ചില മാധ്യമങ്ങള്‍ പറയുന്നത് സര്‍ക്കാര്‍ സംവിധാനങ്ങളെ അവഹേളിക്കലാണ്. കോടതികളെ നോക്കി കൊഞ്ഞനം കുത്തലാണ്. കുറ്റവാളികള്‍ക്ക് ഇങ്ങനെ പിന്തുണ പ്രഖ്യാപിക്കുന്നത് അവസാനിപ്പിക്കണം.

മരണം ഒരു കൊലപാതകിയെയും വിശുദ്ധനാക്കില്ല. ഗോഡ്സേയുടെ കാര്യം പോലെ. എന്നാല്‍ കുറ്റവാളിയെന്നല്ല ആരു തന്നെ മരിച്ചാലും ഒരു മനുഷ്യന്‍ മരിക്കുന്നുവെന്ന വേദന നമുക്കുണ്ടാകണം. നാട്ടിലെ നിരപരാധികളായ മനുഷ്യരെ കൊന്ന ഭീകരന് പോലും വധശിക്ഷയ്ക്ക് മുമ്പുവരെ ഭക്ഷണം കൊടുക്കുകയും ചികിത്സ നല്‍കുകയും ചെയ്ത നാടാണ് നമ്മുടേത്. കുറ്റവാളികള്‍ക്കും ചില അടിസ്ഥാന അവകാശങ്ങളുണ്ട് എന്ന് തിരിച്ചറിവുള്ള സമൂഹമാണ് നമ്മുടേത്. മാത്രമല്ല, കുറ്റവാളികളുടെ കുടുംബാംഗങ്ങള്‍ നിരപരാധികള്‍ ആയിരിക്കാമെന്ന ബോധവും നമുക്കുണ്ട്.

കുറ്റവാളിയായാലും അയാളുടെ മരണം കുടുംബാംഗങ്ങളെ ബാധിക്കുന്നത് മറ്റൊരു തരത്തിലാണ്. അവര്‍ക്ക് കണ്ണീര് വരരുതെന്ന് പറയാന്‍ നമുക്ക് അവകാശമില്ല. ഒരാളുടെ മരണത്തില്‍, അയാള്‍ എത്ര വലിയ കുറ്റവാളി ആയാലും, നമ്മള്‍ കൈയടിക്കാന്‍ പാടില്ല. യഥാര്‍ത്ഥത്തില്‍ കുറ്റമാണ് അവസാനിക്കേണ്ടത്, കുറ്റവാളിയല്ല. വധശിക്ഷ ഇപ്പോഴും നമ്മുടെ നാട്ടില്‍ ഉണ്ടെന്നത് സത്യമാണ്. ചില കുറ്റവാളികളുടെ കുറ്റം പൊറുക്കാന്‍ പാടില്ലാത്തതാണൊേ അയാള്‍ ജീവിച്ചിരുന്നാല്‍ വീണ്ടും മനുഷ്യര്‍ കൊല്ലപ്പെടുമോ ഒക്കെയാകണം വധശിക്ഷയുടെ യുക്തി.

കൊലപാതകികള്‍ മരിക്കുമ്പോഴും മുഖ്യമന്ത്രിയ്ക്കും മന്ത്രിമാര്‍ക്കും സന്ദര്‍ശിക്കാം. കുടുംബത്തെ ആശ്വസിപ്പിക്കാം. എന്നാല്‍ കുറ്റവാളിയുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തെ വാഴ്ത്തരുത്. അത് വളര്‍ന്നു വരുന്ന കുറ്റവാളികള്‍ക്ക് ലൈസന്‍സ് കൊടുക്കലാകും. ജയിലില്‍ കിടക്കുന്ന കുറ്റവാളികളുടെ ലൈസന്‍സ് പുതുക്കല്‍ ആകും. ശ്രദ്ധിക്കണം.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News