Flash News

അപ്പോള്‍ ക്രിസ്തു നമ്മുടെ ഹൃദയങ്ങളില്‍ അധിവസിക്കും

June 14, 2020 , തോമസ് ഫിലിപ്പ് പാറയ്ക്കമണ്ണില്‍

ക്രിസ്തു അധിവസിക്കുവാന്‍ ആഗ്രഹിക്കുന്ന വിശുദ്ധ ദേവാലയം ഏത്? രമ്യമായ പരവതാനി വിരിച്ച മനോഹരങ്ങളായ പള്ളികളാണോ? യെരുശലേം ദേവാലയമാണോ അത്? ലോകപ്രസിദ്ധമായ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കായോ? ന്യൂയോര്‍ക്കിലെ മാര്‍ബിള്‍ ചര്‍ച്ചോ? ഉണ്ണിയേശുവിന്റെ പേരിലുള്ള വേളാങ്കണ്ണി പള്ളിയോ? മാതാവിന്റെ പേരിലുള്ള ദേവാലയങ്ങളോ? മലയാറ്റൂര്‍ പള്ളിയോ?

ഈ പുണ്യ ദേവാലയങ്ങളിലോ, തീര്‍ത്ഥാടന കേന്ദ്രങ്ങളിലോ ഒന്നും ദൈവം അധിവസിക്കുന്നില്ല. അവന്റെ തിരുസാന്നിധ്യത്തിന്റെ ഒരു കണികപോലും അവിടങ്ങളില്‍ കണ്ടെന്നും വരികയില്ല. ദേവാലയത്തിന്റെ ബലിപീഠത്തില്‍ നിന്നുകൊണ്ട് ധൂപം പരത്തിയും മണിമുഴക്കം ഉണ്ടാക്കിയും പ്രാര്‍ത്ഥിക്കുന്നവരുടെ പ്രാര്‍ത്ഥനയും ദൈവം കേള്‍ക്കുന്നില്ല. കാരണം വഴിയേ പറയാം. ബാഹ്യമായ ഭക്തിപ്രകടനങ്ങള്‍ നടത്തി ദൈവത്തോട് കാപട്യം കാണിക്കുന്നവരെ ദൈവം വെറുക്കുകയും ചെയ്യുന്നു. ആര്‍ക്കും സശയം വേണ്ട ഇതില്‍. ‘ദൈവം വെറുക്കുന്ന 6 കാര്യങ്ങളില്‍ ഒന്നാകുന്നു കാപട്യം.’ ചെയ്യുന്ന അപരാധങ്ങള്‍ ആരും കാണാതെയും അറിയാതെയും ഇരുന്നാല്‍ മതി എല്ലാവരും നീതിമാന്മാരുമായിരിക്കും! മനുഷ്യന്റെ പാപങ്ങളും ഹൃദയത്തിലെ നിരൂപണങ്ങള്‍ പോലും ദൂരത്തു നിന്നും ഗ്രഹിക്കുന്ന സര്‍‌വ്വശക്തനായ ദൈവത്തിന്റെ ‘നിങ്ങള്‍ എത്ര തന്നെ പ്രാര്‍ത്ഥന കഴിച്ചാലും ഞാന്‍ കേള്‍ക്കയില്ല. നിങ്ങളെ കഴുകി വെടിപ്പാക്കുവിന്‍. നിങ്ങളുടെ പ്രവൃത്തികളുടെ ദോഷത്തെ എന്റെ കണ്ണിന്റെ മുമ്പില്‍നിന്നും നീക്കിക്കളവിന്‍. തിന്മ ചെയ്യുന്നത് മതിയാക്കുവിന്‍. നന്മ ചെയ്‌വാന്‍ പഠിപ്പിന്‍. അനാഥന് ന്യായം നടത്തിക്കൊടുപ്പിന്‍’ എന്നുള്ള വാക്കുകളെ നമുക്ക് മാനിച്ച് ജീവിക്കാം. ക്രിസ്തു വിശ്വാസികള്‍ക്കു മാത്രമല്ല, ഇസ്ലാം, ഹിന്ദുമത വിശ്വാസികള്‍ക്കുപോലും തങ്ങളുടെ ആത്മീയ ജീവിതത്തില്‍ സ്വീകാര്യയോഗ്യമായ ദൈവീകോല്‍ബോധനങ്ങളാണിവ. വായനക്കരാരും തെറ്റിദ്ധരിക്കരുത്. ഞാന്‍ ഒരു മതഭക്തനോ, ജാതിവക്താവോ നീതിമാനോ അല്ല.

ഇതിവിടെ ഉപസംഹരിക്കാം. യഥാര്‍ത്ഥത്തില്‍ ആരാണ് ക്രിസ്തുവിന്റെ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുന്നത്? വളരെ ലളിതമായ ഭാഷയില്‍ ക്രിസ്തു അത് അനുയായികളോട് പറഞ്ഞു. അതിങ്ങനെ വായിക്കാം. ‘ആരെങ്കിലും എന്റെ പിന്നാലെ വരുവാന്‍ ഇച്ഛിച്ചാല്‍ അവന്‍ തന്നെത്താന്‍ ത്യജിച്ച് തന്റെ ക്രൂശെടുത്ത് എന്നെ അനുഗമിക്കട്ടെ.’ സ്വയത്തെയും പാപത്തെയും സമ്പൂര്‍ണ്ണമായും ഉപേക്ഷിച്ച് ശ്രേഷ്ഠമായ ആത്മീയ ജീവിതം നയിക്കുന്നവര്‍ പുറപ്പെടുവിക്കുന്ന മധുരഫലങ്ങള്‍ കൂടി എന്തെന്ന് നോക്കാം. ‘ആത്മാവിന്റെ ഫലമോ: സ്നേഹം, സന്തോഷം, സമാധാനം, ദീര്‍ഘ ക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൗമ്യത, ഇന്ദ്രിയ ജയം. ഈ വകയ്ക്ക് വിരോധമായി ഒരു ന്യായപ്രമാണവുമില്ല.’

ക്രിസ്തുവിന്റെ സ്വര്‍ഗ്ഗരാജ്യത്തിന് അവകാശികളായി തീരുന്നതിനു മുകളില്‍ പറഞ്ഞ ഈ ദൈവ വചനങ്ങള്‍ പ്രമാണിച്ച് ജീവിച്ചാല്‍ മാത്രം മതിയാകും. ദൈവത്തിന് പ്രസാദകരമായ ആത്മീയ ജീവിതം നയിക്കുവാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നവര്‍ വിശുദ്ധ മത്തായിയുടെ സുവിശേഷവും അപ്പോസ്തലനായ പൗലോസ് എഴുതിയ ലേഖനങ്ങളും വായിച്ച് അതനുസരിച്ച് ജീവിച്ചാല്‍ മാത്രം മതി! മറ്റ് കഠിനപ്രയത്നങ്ങള്‍ ഒന്നും ചെയ്യേണ്ട. അതെ, ‘എന്നോടു കര്‍ത്താവേ, എന്ന് പറയുന്നവന്‍ ഏവനുമല്ല, സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവിനിഷ്ടം ചെയ്യുന്നവനത്രേ സ്വര്‍ഗ്ഗരാജ്യത്തില്‍ കടക്കുന്നത്.’

എപ്പോള്‍ നമ്മുടെ ജീവിതം ദൈവത്തില്‍ സമ്പൂര്‍ണ്ണമായി സമര്‍പ്പിക്കുമോ, അപ്പോള്‍ ക്രിസ്തു നമ്മുടെ ഹൃദയങ്ങളില്‍ അധിവസിക്കും. ദൈവം നമ്മളെ അനുഗ്രഹിക്കട്ടെ !


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top