ജഗദ്ഗുരു ശ്രീശങ്കരാചാര്യരുടെ ഏഴു വൈരാഗ്യ ശ്ലോകങ്ങള്‍!

മുഖവുര: ജഗദ്ഗുരു ശ്രി ശങ്കരാചാര്യര്‍, (എ. ഡി.788 – 820) ഒരു സാധാരണ കുടുംബസ്ഥരായ ശിവഗുരുവിന്റെയും ആര്യാംബയുടെയും പുത്രനായി കേരളത്തിലെ ഒരു കൊച്ചു ഗ്രാമമായ കാലടിയില്‍ ഭൂജാതനായി.

സന്താനമില്ലാതെ വളരെക്കാലമായി ദുഃഖിച്ച ആ ഭക്ത ദമ്പതികള്‍ക്ക്, അവരുടെ പ്രാര്‍ത്ഥനകള്‍ സ്വീകരിച്ച, സംപ്രീതനായ പരമ ശിവന്‍ താന്‍ തന്നെ സാന്ത്വന സന്താനമായി പിറക്കുമെന്നു ഒരിക്കല്‍ അവരുടെ സ്വപ്നത്തില്‍ വന്നു അരുളിച്ചെയ്തു. അപ്രകാരം പിറന്ന ആ ശിശുവിന് ‘ശങ്കരന്‍’ എന്നു നാമകരണം ചെയ്ത് വളരെ വാത്സല്യത്തോടെ തന്നെ അവര്‍ വളര്‍ത്തി. ദൗര്‍ഭാഗ്യവശാല്‍, ശങ്കരാചാര്യരുടെ ശൈശവത്തില്‍ത്തന്നെ (നാലാം വയസ്സില്‍) പിതാവായ ശിവഗുരു ദിവംഗതനായി. അതുമൂലം, സാദ്ധ്വിയായ ആര്യാംബയുടെ ശിക്ഷണത്തിലും പരിചരണത്തിലും വളര്‍ന്ന, അവതാരപുരുഷനായ ആ ബാലനില്‍ ശൈശവത്തില്‍ത്തന്നെ അഭൂതപൂര്‍വ്വമായ ബുദ്ധിശക്തിയും ജ്ഞാനവും, സാമര്‍ത്ഥ്യവും പ്രകടമായിരുന്നു.

സ്വന്തം മാതാവിന്റെ അഭിലാഷത്തിനെതിരെ, കേവലം എട്ടു വയസ്സുള്ളപ്പോള്‍ത്തന്നെ സന്യാസം സ്വീകരിച്ചപ്പോള്‍, അവര്‍ക്കു ഒരേയൊരു നിബന്ധനയേ ഉണ്ടായിരുന്നുള്ളു, അതായത്, അവരുടെ അന്ത്യവേളയില്‍ മകന്‍ അരുകിലുണ്ടായിരിക്കണം. തന്നെയുമല്ല, തന്റെ അന്ത്യ കര്‍മ്മങ്ങളും മകന്‍ തന്നെ നിര്‍വ്വഹിക്കണം!

സന്യാസവും സംസ്കൃത കൃതികളും:
അപ്രകാരം, രണ്ട് നിബന്ധനകള്‍ക്കും വഴങ്ങി ശങ്കരന്‍ അമ്മയുടെ അനുഗ്രഹാശിസ്സുകളോടെ സന്യാസം കൈക്കൊണ്ട്, ഉത്തരേന്ത്യയില്‍ കാല്‍ നടയായി എത്തി അനുഗ്രഹീത ഗുരുവായ ഗോവിന്ദ ഭഗവദ്‌പാദയുടെ ശിഷ്യത്വവും സ്വീകരിച്ചു. അങ്ങനെ, കര്‍മ്മനിഷ്ഠനായ ഒരു സന്യാസ ജീവിതത്തിനു തുടക്കമിട്ടു. പില്‍ക്കാലത്ത്, അഖില ഭാരതത്തിനു മാത്രമല്ല, അഖില ലോകത്തിനു തന്നെ ആത്മീയ ഗുരുവായി, ഭാരതം മുഴുവന്‍ കാല്‍നടയായി സഞ്ചരിച്ചു.

കേവലം 32 വയസ്സ് വരെ മാത്രം ജീവിച്ച ശങ്കരാചാര്യര്‍ ഭാരതമൊട്ടാകെ കാല്‍നടയായി സഞ്ചരിച്ചു, ധാരാളം ശിഷ്യഗണങ്ങളെ സമ്പാദിച്ചു, നാലു ദിശകളിലും ആശ്രമങ്ങള്‍ സ്ഥാപിച്ചു, നാലു മഠാധിപതികളെയും അതിന്റെ നടത്തിപ്പിന്റെ ഉത്തരവാദിത്വം ഏല്‍പ്പിച്ചു. അങ്ങനെ, സംഭവ ബഹുലമായ തന്റെ ചുരുങ്ങിയ ജീവിതത്തിനുള്ളില്‍ ഏകദേശം 114 മഹദ് സംസ്കൃത ഗ്രന്ഥങ്ങളും ഭാഷ്യങ്ങളും, ഉപനിഷദ് വ്യാഖ്യാനങ്ങളും ഉള്‍പ്പടെ അനേകം വിജ്ഞാന ഭണ്ഡാകാരങ്ങളായ ഗ്രന്ഥങ്ങള്‍ വിരചിച്ച, ആഗോള ഗുരുവായ ശങ്കരാചാര്യര്‍ പാണ്ഡിത്യത്തിന്റെ നിറകുടമായിരുന്നു. ചുരുങ്ങിയ കാലത്തിനുള്ളില്‍ അദ്ദേഹം വിരചിച്ച ഗ്രന്ഥങ്ങള്‍ ഭാരതത്തിന്റെ വില മതിയ്ക്കാനാവാത്ത വലിയ നിധി തന്നെ! തന്നെയുമല്ല, ദാര്‍ശനികത തുളുമ്പി നില്‍ക്കുന്ന ആ ഗ്രന്ഥങ്ങളെല്ലാം അക്ഷയ വിജ്ഞാന സംപുടങ്ങളാണ്. ഇത് കൂടാതെ കനകധാരാ സ്തോത്രം പോലെയുള്ള പല ശ്ലോകാവലികളും ഭജഗോവിന്ദം പോലെയുള്ള ലഘു പുസ്തകങ്ങളും വിരചിച്ചിട്ടുണ്ട്.

ആചാര്യരുടെ അന്തര്‍മുഖ വ്യക്തിത്വം തുളുമ്പി നില്‍ക്കുന്ന, അദ്വിതീയവും അനുപമേയവുമായ ആ ഗ്രന്ഥങ്ങള്‍, ആര്‍ഷഭാരതത്തിന്റെ പവിത്രമായ സംസ്കാരം വിളിച്ചു പറയുന്നു. അവയില്‍ വളരെ പ്രശസ്തവും, മനുഷ്യ ജീവിതത്തില്‍ ഏറ്റവും പ്രസക്തവും എല്ലാവരും ഓര്‍മ്മിച്ചിരിക്കേണ്ടതുമായ ഒന്നാണ്, ശങ്കരാചാര്യരുടെ 7 വൈരാഗ്യ ശ്ലോകങ്ങള്‍.

പശ്ചാത്തലം:
ഒരിക്കല്‍ ഒരു രാജകൊട്ടാരത്തിലെ, രാത്രിയിലെ കാവല്‍ക്കാരന്‍, ചേങ്ങില കൊട്ടി ശബ്ദമുണ്ടാക്കിക്കൊണ്ട്, “ജാഗ്രത” “ജാഗ്രത” എന്നു കള്ളന്മാര്‍ വരാതിരിക്കാന്‍ വേണ്ടി രാത്രി മുഴുവനും പറഞ്ഞുകൊണ്ട് കഴിച്ചിരുന്നു.

ഒരു ദിവസം, ഏതോ അത്യാവശ്യകാര്യമായി, അടുത്ത ഗ്രാമത്തില്‍ പോകേണ്ടിയിരുന്നതിനാല്‍, അയാള്‍, തന്റെ, ബാലകനായ മകനെ ആ ജോലി ഏല്പിച്ചിട്ടു പോയി. അയാളുടെ മകന്‍ പൂര്‍വ്വ ജന്മത്തില്‍ ഒരു വലിയ ജ്ഞാനിയായിരുന്നു. തന്മൂലം, പൂര്‍വ്വ വാസനാ ഫലമായി, അയാള്‍ രാത്രി മുഴുവനും, ചേങ്ങില കൊട്ടിക്കൊണ്ട് “ജാഗ്രത” “ജാഗ്രത” എന്നു പറയുന്നതോടൊപ്പം ചില സംസ്‌കൃത ശ്ലോകങ്ങളും ഉരുവിട്ടുകൊണ്ടിരുന്നു. തന്റെ കൊട്ടാരത്തില്‍ നിന്നുകൊണ്ട് മഹാരാജാവ് ആ ബാലന്‍ പറയുന്നതെല്ലാം ശ്രവിച്ചുകൊണ്ടിരുന്നു.

അടുത്ത ദിവസം, രാജാവ്, ആ കാവല്‍ക്കാരന്റെ വീട്ടിന്റെ മുമ്പിലെത്തി. പാവം! കാവല്‍ക്കാരന്‍ ആകപ്പാടെ ഭയന്നുപോയി. ‘എന്തായിരിക്കാം കാരണം? തന്റെ മകന്‍ എന്തെങ്കിലും തെറ്റു ചെയ്തിരിക്കുമോ?’

പക്ഷെ രാജാവ് ആ ബാലകനെ, പാരിതോഷികങ്ങള്‍ നല്‍കി ആദരിച്ചു. പിന്നീടു കാരണം എന്തെന്നു പറഞ്ഞു. “നിങ്ങളുടെ മകന്‍ ‘ജാഗ്രത’ ‘ജാഗ്രത’ എന്നു പറയുന്നതോടൊപ്പം ചില വിജ്ഞാനദായികളായ ശ്ലോകങ്ങളും ഉരുവിട്ടുകൊണ്ടിരുന്നു. അവ എന്റെ ഉള്‍ക്കണ്ണു തുറപ്പിച്ചു. ഞാന്‍ ശ്രദ്ധിക്കാത്ത പല തത്വങ്ങളിലേക്കും അവന്‍ എന്റെ ഹൃദയത്തെ ഞാന്‍ അറിയാതെ തന്നെ ആകര്‍ഷിച്ചു കൊണ്ടുപോയി. അതിനുള്ള പാരിതോഷികമാണിത്!”

ആ ശ്ലോകങ്ങള്‍, വൈരാഗ്യ ശ്ലോകങ്ങളെന്നു പറയുന്നു. ‘വൈരാഗ്യ’ മെന്നു പറഞ്ഞാല്‍, ബാഹ്യ പ്രേരണ കൂടാതെ, സ്വയം ഒരു കാര്യത്തില്‍ വരുത്തുന്ന വിലക്ക്. ഇനി വേണ്ട, പാടില്ല, എന്നുള്ള തീരുമാനം. ഭക്ഷണത്തിലോ ജീവിതരീതിയിലോ വരുത്തുന്ന മാറ്റം. വിവേകം വരുമ്പോള്‍ വൈരാഗ്യവും വരും. അതു പക്വതയുടെ ലക്ഷണമാണ്. ഭക്തി, ജ്ഞാനം, വൈരാഗ്യം ഇവ മൂന്നും ആത്മ നിഷ്ഠയുള്ള ജീവിതത്തിന്‌ അത്യന്താപേക്ഷിതമാണ്.

ഇനി ആ സപ്ത ശ്ലോകങ്ങള്‍ ഏതെല്ലമെന്നു നോക്കാം.

വൈരാഗ്യ ശ്ലോകങ്ങള്‍:
വാചാമ ഗോചരവും, തത്വ ചിന്താ സ്ഫുലിംഗങ്ങള്‍ കൊണ്ട് സുദീപ്തവുമായ ആ ശ്ലോകങ്ങള്‍ അനുസന്ധാനം ചെയ്താല്‍, ഓര്‍മ്മിച്ചിരുന്നാല്‍, നമ്മുടെ ജീവിതത്തില്‍ ഉണ്ടാകുന്ന പല മാനസിക ക്ലേശങ്ങളും നേരിടാനുള്ള മനഃശ്ശക്തി/ആര്‍ജ്ജവം സമാര്‍ജ്ജിക്കാനാകും! അവ എന്താണെന്നു നോക്കാം.

ശ്ലോകങ്ങള്‍:

1. മാതാ നാസ്തി, പിതാ നാസ്തി,
നാസ്തി ബന്ധു സഹോദരാ:
അര്‍ത്ഥം നാസ്തി, ഗൃഹം നാസ്തി,
തസ്മാത് ജാഗ്രത! ജാഗ്രത!

അര്‍ത്ഥം:
നാം പ്രത്യക്ഷമായി, കാണുന്ന അച്ഛനും അമ്മയും, സഹോദരനും, ബന്ധുക്കളും സ്വത്തുക്കളും ആരും/ഒന്നും തന്നെ ശാശ്വതമല്ല, ചുരുക്കത്തില്‍ നാം നമ്മുടേതെന്നു അഹങ്കരിക്കുന്ന ഒന്നും തന്നെ സ്ഥിരമല്ല, എല്ലാം ഒരു ദിവസം ഇല്ലാതാകും! അതുകൊണ്ട്, ഏതു സ്ഥിതിഗതിയും നേരിടാന്‍ മനസ്സ് കൊണ്ട്, എല്ലായ്പ്പോഴും ജാഗ്രതയോടെ ഇരിക്കുക!

2. ജന്മ ദുഃഖം ജരാ ദുഃഖം
ജായാദുഃഖം പുനഃ പുനഃ
സംസാര സാഗരം ദുഃഖം,
തസ്മാത് ജാഗ്രത! ജാഗ്രത!

അര്‍ത്ഥം:
ഈ സംസാര സാഗരത്തില്‍ മനുഷ്യ ജന്മം എന്നത് ദുഃഖമാണ്‌. വാര്‍ദ്ധക്യ ദുഃഖം, ധര്‍മ്മ പത്നി, മക്കള്‍ എന്തിന്, ഈ സംസാരം തന്നെ ദുഃഖമാണ്‌. എല്ലാം ഒന്നല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ നമുക്ക് ദുഃഖം മാത്രം കാലക്രമേണ പ്രദാനം ചെയ്യുന്നു. ഒന്നും ആര്‍ക്കും ഒഴിവാക്കാന്‍ സാദ്ധ്യമല്ല, അനുഭവിച്ചേ തീരു. തീരാത്തതു അടുത്ത ജന്മത്തില്‍ പ്രാരബ്ധ കര്‍മ്മമായി അനുഭവിക്കേണ്ടി വരും. അതോടൊപ്പം സഞ്ചിത കര്‍മ്മവും ആഗാമി കര്‍മ്മവുമെല്ലാം സംയോജിക്കുമ്പോള്‍, ദുഖങ്ങളുടെ വ്യാപ്തിയും വര്‍ദ്ധിക്കുന്നു. എപ്പോള്‍ കര്‍മ്മങ്ങളും, വാസനകളും അവസാനിക്കുന്നുവോ അതുവരെ ജന്മം തുടര്‍ന്നുകൊണ്ടേയിരിക്കും. വാസ്തവത്തില്‍, വാസനകളാണ് തുടര്‍ന്നുള്ള ജന്മത്തിനു ഹേതുവായി ഭവിക്കുന്നത്. ചുരുക്കത്തില്‍ എല്ലാം ദുഃഖം തന്നെ. അതുകൊണ്ട്, എല്ലായ്പ്പോഴും മനസ്സുകൊണ്ട് തയ്യാറായി ജാഗരൂകനായിരിക്കുക!

3. കാമശ്ച, ക്രോധശ്ച, ലോഭശ്ച
ദേഹേ തിഷ്ടന്തി തസ്കരാ:
ജ്ഞാന രത്‌നാപഹാരായ
തസ്മാത് ജാഗ്രത! ജാഗ്രത!

അര്‍ത്ഥം:
കാമം (ആശകള്‍) ക്രോധം (ദേഷ്യം) ലോഭം (അത്യാഗ്രഹം) ഇവയെല്ലാം നമ്മുടെ ശരീരത്തില്‍ ഒളിഞ്ഞിരിക്കുന്ന തസ്കരന്മാരാണ്. അവര്‍ സമയാസമയങ്ങളില്‍ തല പൊക്കി നാമറിയാതെ നമ്മുടെയുള്ളില്‍ നിക്ഷിപ്തമായിരിക്കുന്ന ജ്ഞാനമാകുന്ന രത്നം അപഹരിക്കുന്നു. ക്ഷണനേരം കൊണ്ടുണ്ടാകുന്ന മാനസിക വിഭ്രാന്തിയില്‍ നാം അവിവേകം മൂലം രാഗ, ദ്വേഷാദികള്‍ പ്രകടിപ്പിക്കുമ്പോള്‍, നമ്മുടെ അമൂല്യ നിധിയായ ജ്ഞാനം മോഷ്ടിക്കപ്പെട്ടുന്നു. അതുകൊണ്ട്, ഏതു നേരവും ശുഷ്കാന്തിയോടെ ഉണര്‍ന്നിരിക്കുക!

4. ആശായാ ബന്ധ്യതെ ജന്തു
കര്‍മണാ ബഹു ചിന്തയാ.
ആയുര്‍ക്ഷീണം ന ജാനാതി
തസ്മാത് ജാഗ്രത! ജാഗ്രത!

അര്‍ത്ഥം:
മനുഷ്യനും മറ്റൊരു വിധത്തില്‍ മൃഗം തന്നെ. ഇവിടെ ആചാര്യര്‍ മനുഷ്യനെയും മൃഗമെന്നു വിശേഷിപ്പിച്ചിരിക്കുന്നു. അമിതമായ മോഹാവേശത്താല്‍ ബന്ധിതരായ മനുഷ്യമൃഗങ്ങള്‍ അങ്ങനെ, വേണ്ടാത്ത ആശകളുടെ പിന്നാലെയുള്ള പരക്കം പാച്ചിലില്‍ ഈ ക്ഷണികമായ ജീവിതത്തിലെ വിലയേറിയ നിമിഷങ്ങള്‍ കൊഴിഞ്ഞു പോകുന്നത് ശ്രദ്ധിക്കാന്‍ വിട്ടുപോകുന്നു. ശ്രദ്ധിക്കുമ്പോള്‍ വളരെ വൈകിപ്പോയതായി മനസ്സിലാകും. അത്‌ ദുഃഖത്തിനും പശ്ചാത്താപത്തിനും ഹേതുവായി തീരുന്നു. അതുകൊണ്ട്, സമയം വിനിയോഗം ചെയ്യുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക. എപ്പോഴും, ഫലപ്രദമായ ജീവിതം നയിക്കുന്ന കാര്യത്തില്‍ ഉണര്‍ന്നിരിക്കുക. എങ്കില്‍ ദുഃഖിക്കേണ്ടി വരില്ല!

5. സമ്പത് സ്വപ്ന സാംകാരാ
യൗവ്വനം കുസുമോപമം.
വിദ്യു ചഞ്ചലം ആയുഷം
തസ്മാത് ജാഗ്രത! ജാഗ്രത!

അര്‍ത്ഥം:
നമ്മുടെ എല്ലാ സമ്പത്തുകളും ഒരു സ്വപ്നം കാണുന്നതുപോലെ, അസ്ഥിരവും, നൈമിഷികവുമാണ്. യൗവ്വനം അല്പകാലത്തേക്കുള്ള ഒരു ജീവിത ദശ മാത്രം. വരുന്നതും പോകുന്നതും നാം ശ്രദ്ധിക്കപ്പെടാതെ തന്നെ നമ്മില്‍ നിന്നും ഒരു പൂവിന്റെ ജീവിത കാലം പോലെ, കടന്നു പോകുന്നു. കൃത്യമായി പറഞ്ഞാല്‍, ജീവിതം ഒരു മിന്നല്‍ പിണറുപോലെ, കണ്മുന്നിലൂടെ മിന്നി മറയുന്നു. അതുകൊണ്ട് ഈ ലോകത്തില്‍ ഒന്നും സ്ഥിരമല്ല എന്ന ഉണര്‍വ്വോടെ ജീവിച്ചാല്‍ പില്‍ക്കാലത്തു ദുഃഖിക്കേണ്ടി വരില്ല!

6. ക്ഷണം വിത്തം ക്ഷണം ചിത്തം
ക്ഷണം ജീവിത മാവയോഃ
യമസ്യ കരുണാ നാസ്തി
തസ്മാത് ജാഗ്രത! ജാഗ്രത!

അര്‍ത്ഥം:
ധനം, സ്മൃതി, ജീവിതം, എല്ലാമേ ക്ഷരമാണ്. അതുപോലെ തന്നെ, ഓര്‍മ്മിക്കേണ്ട ഒരു കാര്യമാണ്, മരണ ദേവന്‍‌ അല്പം പോലും കരുണ കാട്ടുകയില്ല എന്ന വസ്തുത. നമ്മുടെ ജീവിതത്തില്‍ പലതും നാം അവഗണിക്കുന്നു, ഓര്‍മ്മിക്കാതിരിക്കുന്നു. അതിന്റെ ഭവിഷ്യത്തും കാലാന്തരത്തില്‍ അനുഭവിക്കുന്നു.

7. യാവത് കാലം ഭവേത്, കര്‍മ്മ
താവത് തിഷ്‌ടന്തി ജന്തവഃ
തസ്മിന്‍ ക്ഷീണേ വിനശ്യന്തി
തത്ര കാ പരിദേവനാ!

അര്‍ത്ഥം:
കര്‍മ്മം നിലനില്‍ക്കുന്ന കാലം വരെ മാത്രമേ, മനുഷ്യനെന്ന ജന്തു ഈ ഭൂമുഖത്ത് ഉണ്ടായിക്കുകയുള്ളു. കര്‍മ്മത്തില്‍ നിന്നും നിവൃത്തി ആയിക്കഴിഞ്ഞാല്‍, ആ നിമിഷത്തില്‍ത്തന്നെ മനുഷ്യ ജന്തു അപ്രത്യക്ഷമാകുന്നു. അതുകൊണ്ട്, ഇതെല്ലം ആലോചിച്ചു മനസ്സ് പുണ്ണാക്കുന്നതില്‍ അര്‍ത്ഥമില്ല, ഫലവുമില്ല! എല്ലാ പ്രക്രിയകളും അതിന്റെ നിയമമനുസരിച്ചു നടന്നുകൊണ്ടിരിക്കും. നാം മറ്റൊരിടത്തു ഏതെങ്കിലും ഒരു കാര്യത്തിനു പോയാല്‍ നിശ്ചയിച്ച കാര്യം കഴിഞ്ഞ ഉടനെ സ്വന്തം വീട്ടിലേക്കു മടങ്ങുന്നതുപോലെ, ഭൂലോകത്തില്‍ ജന്മമെടുത്താല്‍, ഉദ്ദിഷ്ട കര്‍മ്മ പൂര്‍ത്തിക്കു ശേഷം ഇഹലോകവാസം തീര്‍ത്തു ഒരു ദിവസം അപ്രതീക്ഷിതമായി അപ്രത്യക്ഷമാകുന്നു. ചെയ്ത കര്‍മ്മങ്ങളുടെ സ്വഭാവമനുസരിച്ചു, വാസനകളുടെ, ഗൗരവമനുസരിച്ചു തുടര്‍ന്നുള്ള ജന്മം നിശ്ചയിക്കപ്പെടുന്നു. എല്ലാം നിഗൂഢമാണ്. ആര്‍ക്കും ഒന്നും മുന്‍കൂട്ടി അറിയില്ല. അതാണ് ഈശ്വരന്റെ വൈഭവവും മാഹാത്മ്യവും!

ഉപസംഹാരം:
അതുകൊണ്ട്, അഭിമാനം വെടിഞ്ഞു രാഗദ്വേഷാദികളോടെല്ലാം വിട വാങ്ങി, പരസ്പര സ്നേഹത്തോടെ ഇനിയുള്ള കാലം തുറന്ന മനസ്സോടെ ജീവിക്കാന്‍ ശ്രമിക്കണം! ഈ മനുഷ്യ ജീവിതം ക്ഷണികമാണെന്ന ബോധത്തോടെ, ജീവിതം അര്‍ത്ഥവത്തായും, ഫലപ്രദമായും ഉപയോഗിക്കാനും, ജന്മസാക്ഷാത്കാരം നേടുവാനും എല്ലാവരും എല്ലായ്‌പ്പോഴും ഓര്‍മ്മിച്ചിരിക്കണം! ഭക്തി, ജ്ഞാനം, വൈരാഗ്യം എന്നിവയും കൂടാതെ സത്‌സംഗം, ശരണാഗതി, നാമസങ്കീര്‍ത്തനം, ഇവയെല്ലാം ജന്മസാക്ഷാത്ക്കാരത്തിനു സഹായിക്കുന്ന ധാര്‍മ്മിക മാര്‍ഗ്ഗങ്ങളാണ്.

ഇതാണ് ശങ്കരാചാര്യര്‍ ഇതിലൂടെ ഉദ്ദേശിക്കുന്നത്.

എല്ലാവര്‍ക്കും നന്മ വരട്ടെ!

Print Friendly, PDF & Email

Related News

One Thought to “ജഗദ്ഗുരു ശ്രീശങ്കരാചാര്യരുടെ ഏഴു വൈരാഗ്യ ശ്ലോകങ്ങള്‍!”

  1. ശ്രീ ശങ്കരാചര്യരെക്കുറിച്ചുള്ള ലേഖനം വിലപിടിച്ച ഒന്നാണ്. മനുഷ്യന്റെ അത്യാഗ്രഹത്തേയും അഹങ്കാരത്തെയും വൈരാഗ്യ ശ്ലോകങ്ങളിലൂടെ ഇല്ലാതാക്കുന്നു. ഇവയെല്ലാം പുതുതലമുറ പഠിക്കുക തന്നെ വേണം. അതിനു ശങ്കർ ജി അഭിനന്ദനാര്‍ഹനാണ്.

Leave a Comment