Flash News

അയല്‍ക്കാര്‍ (കഥ)

June 16, 2020 , കാരൂര്‍ സോമന്‍

വീടിനടുത്തുള്ള മരങ്ങളില്‍ പക്ഷികള്‍ മംഗളഗീതം ആലപിച്ചിരിക്കെയാണ് അരുണ്‍ നാരായണന്‍ പശുവിനെ കറക്കാന്‍ തൊഴുത്തിലെത്തിയത്. പശുവിന്റ അകിട്ടില്‍ നല്ലതുപോലെ വെള്ളമൊഴിച്ചു കഴുകി പാല്‍ കറന്നുകൊണ്ടിരിക്കെ പശുക്കുട്ടി പുറത്തേക്കോടി. കോളജ് കുമാരി ശാലിനി മുറ്റത്തെ ചെറിയ ഉദ്യാനത്തില്‍ ശോഭയാര്‍ജ്ജിച്ച് നിന്ന പൂക്കളില്‍ വിടര്‍ന്ന മിഴികളോടെ നോക്കി നിന്നപ്പോഴാണ് പശുക്കിടാവ് ഓടുന്നത് കണ്ടത്. അവള്‍ പിറകേയോടി. വീട്ടിലേക്ക് വന്ന ദീപു അഭിലാഷ് പാഞ്ഞു വന്ന പശുക്കിടാവിനെ പിടിച്ചു നിര്‍ത്തി അവളെയേല്‍പ്പിച്ചു. അവളുടെ കണ്ണുകള്‍ പ്രകാശമാനമായി. കൃതാര്‍ഥതയോടെ പുഞ്ചിരിച്ചു. അരുണ്‍ ആ പുഞ്ചിരി മടക്കിക്കൊടുത്തു.

അവിവാഹിതനായ ദീപു ചാരുംമൂട് ബാങ്കിലെ ഉദ്യോഗസ്ഥനാണ്. അടുത്ത വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്നു. ദീപു ചായക്കടയില്‍ നിന്നുള്ള ചായകുടി അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. അതിന്റെ കാരണം പാലില്‍ മായം, ചായപ്പൊടിയില്‍ മായം. സമൂഹത്തിലെ അനീതി, അഴിമതിപോലെ ഭക്ഷണത്തിലും മായം. ദീപു സന്തോഷചിത്തനായി പറഞ്ഞു.

“എനിക്ക് അച്ഛനെയൊന്ന് കാണണം.”

അവര്‍ അവിടേക്ക് ചെല്ലുമ്പോള്‍ അരുണ്‍ പാലുമായി പുറത്തേക്ക് വന്നു. മകളെ ഒരു പുരുഷനൊപ്പം കണ്ടത് അത്ര രസിച്ചില്ല. അമര്‍ഷമടക്കി ചോദിച്ചു.

“നിന്റെ അമ്മയെവിടെ?”

” അടുക്കളയില്‍”

“ങ്ഹാ. ഇതിനെ തള്ളേടെ അടുത്ത് വിട്.”

അവള്‍ അനുസരിച്ചു. മടങ്ങിയെത്തി പാലും വാങ്ങി അകത്തേക്ക് പോയി.

“എന്താ നിങ്ങള് വന്നേ?”

“ഒരു ലിറ്റര്‍ പാല് വേണമായിരിന്നു”

സൗമ്യനായി അറിയിച്ചു. പെട്ടെന്ന് വിസമ്മതിച്ചെന്നു മാത്രമല്ല മുഖഭാവവും മാറി. അയല്‍ക്കാരോടുള്ള വെറുപ്പ് പുറത്തു ചാടി.

“എനിക്ക് അയല്‍ക്കാരുമായി ബന്ധം കൂടാന്‍ ഇഷ്ടമില്ല. പരദൂഷണക്കാരായ കുറെ അയല്‍ക്കാര്‍. എന്നോട് സ്നേഹം കാണിക്കും മറ്റുള്ളവരോട് പറയും ഞാനൊരു നാറിയാണെന്ന്.”

ദീപു ചിന്തയിലാണ്ടു. അയല്‍ക്കാരുടെ സാമഹ്യശാസ്ത്രം വൈകാരികമായി എന്നോട് എന്തിന് പറയണം? എന്നോടും വെറുപ്പുണ്ട്.

വീടിന്റ ജനാലയിലൂടെ ശാലിനി അവരുടെ സംസാരം ശ്രദ്ധിച്ചു. നിസ്സാര കാര്യങ്ങളെ അച്ഛന്‍ ഗൗരവമായി എന്താണ് കാണുന്നത്? ഈ തലയില്ലാത്ത സോഷ്യല്‍ മീഡിയയില്‍ എന്തെല്ലാം ആള്‍ക്കാര്‍ എഴുതുന്നു. മനുഷ്യരുടെ വായ് മൂടിക്കെട്ടാന്‍ പറ്റുമോ? ദീപു ആശങ്കയോടെ നോക്കി. ഇദ്ദേഹത്തിന് വല്ല മാനസിക പ്രശ്‌നവുമുണ്ടോ? സ്നേഹപുര്‍വ്വം അറിയിച്ചു.

“ഞാനിവിടെ രണ്ട് വര്‍ഷമായി താമസിക്കുന്നു. രാവിലെ ജോലിക്ക് പോയാല്‍ രാത്രി വൈകിയാണ് വരുന്നത്. ഒരു അയല്‍ക്കാരനെന്ന നിലയ്ക്ക് എന്നില്‍ നിന്ന് എന്തെങ്കിലും പ്രയാസങ്ങള്‍ ഉണ്ടായിട്ടുണ്ടോ?”

അതൊരു മൂര്‍ച്ചയുള്ള ചോദ്യമാണ്. അരുണ്‍ ആ കണ്ണിലേക്ക് തുറിച്ചു നോക്കി. എന്താണ് ഉത്തരം പറയുക. പൂക്കള്‍ക്ക് മുകളില്‍ വരണ്ട ശബ്ദത്തില്‍ മൂളിപ്പറന്ന വണ്ടും തലയ്ക്ക് മുകളിലൂടെ പറന്നു പോയ തത്തയും പറഞ്ഞത് മറുപടി പറയണമെന്നാണ്. അരുണ്‍ പെട്ടന്നൊരുത്തരം കണ്ടെത്തി.

“അതിന് നിങ്ങളെ എനിക്ക് അറിയില്ലല്ലോ”

“എന്റെ പേര് ദീപു. ഞാനും അയല്‍ക്കാരനാണ്. എന്നെ അറിയില്ല എന്നത് സത്യം. എന്നാല്‍ ചേട്ടനെ എനിക്കറിയാം. ഇങ്ങനെ സ്വയം ചെറുതായി ജീവിക്കണോ? ഈ വീടിന് ചുറ്റും മതില്‍ കെട്ടിപൊക്കിയതും അയല്‍ക്കാരെ വെറുക്കനാണോ? ഈ ഉയര്‍ന്നു നില്‍ക്കുന്ന മതിലുപോലെ നമ്മുടെ മനസ്സും ഉയര്‍ന്ന നിലവാരമുള്ളതാകണം. സ്നേഹം വീടിനുള്ളില്‍ മാത്രമല്ല വേണ്ടത് അയല്‍ക്കാര്‍ക്കും കൊടുക്കാം. അത് ദേശത്തിനും ഗുണം ചെയ്യും. അറിവും വായനയുമുള്ള മനുഷ്യര്‍ പരദൂഷണം പറയുന്നവരോ മറ്റുള്ളവര്‍ക്ക് ശവക്കുഴികളും ചിതകളും ഉണ്ടാക്കുന്നവരോ അല്ല. ചേട്ടന്‍ ആ വിഡ്ഢികളുടെ പട്ടികയില്‍ വരരുതെന്നാണ് എന്റെ അപേക്ഷ.”

അദ്ഭുതത്തോടെ അരുണ്‍ നോക്കി. ഇളം വെയിലില്‍ നിന്ന ദീപുവിനെ അകത്തേക്ക് ക്ഷണിച്ചിരുത്തി. മകളെ വിളിച്ചിട്ട് പറഞ്ഞു.

“മോളെ ദീപു സാറിന് ഒരു ചായ കൊണ്ടുവാ.”

അരുണ്‍ മറ്റൊരു വിശദികരണത്തിനും പിന്നീട് മുതിര്‍ന്നില്ല.

വാക്കുകള്‍ ഉരകല്ലും ചൂടുമായി മിന്നി. മനസ്സിലെ ഭ്രമചിത്രങ്ങള്‍, വ്യഥകള്‍ വായ് പിളര്‍ത്തുന്ന തീപ്പൊള്ളലായി. ഒരു തീക്കാറ്റുപോലെ നെടുവീര്‍പ്പ് അരുണിനുണ്ടായി. ബന്ധങ്ങള്‍ ഹൃദയ സ്പര്‍ശിയാകണമെന്ന് ആ മനസ്സ് കണ്ടെടുത്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top