സോഷ്യലിസ്റ്റ് വിവാഹത്തിന് കവിതയിലൂടെ മംഗളം നേര്‍ന്ന് സോഹന്‍ റോയ്

മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ വിജയനും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ പി എ മുഹമ്മദ് റിയാസും തമ്മില്‍ നടന്ന വിവാഹത്തിന് കവിതയിലൂടെ ആശംസകള്‍ അറിയിച്ച് പ്രമുഖ ഹോളിവുഡ് സംവിധായകനും കവിയുമായ സോഹന്‍ റോയ്. വിവാഹം നടന്ന് മണിക്കൂറുകള്‍ക്കകം സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ച, ‘ശുഭ നാന്ദി’ എന്ന നാലുവരിക്കവിതയിലൂടെയാണ് അദ്ദേഹം ആശംസകള്‍ പങ്കുവെച്ചത്.

വധൂവരന്മാമാരുടെ കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത ചടങ്ങ് അതീവ ലാളിത്യത്തോടെയാണ് നടത്തിയത്. കോവിഡ് പ്രോട്ടോകോള്‍ പ്രകാരം പങ്കെടുക്കാന്‍ അനുവദനീയമായതിലും വളരെ കുറച്ചുപേരെ മാത്രം ഉള്‍ക്കൊള്ളിച്ച് നടത്തിയ ഈ ചടങ്ങിന്‍റെ ആര്‍ഭാട രാഹിത്യത്തെ പുകഴ്ത്തുന്ന വരികളാണ് രചനയിലുള്ളത്. കേരളത്തിലെ മുഖ്യമന്ത്രിയും വളരെക്കാലം പാര്‍ട്ടി സെക്രട്ടറിയും ആയിരുന്ന സഖാവ് പിണറായി വിജയന്‍റെ ബന്ധങ്ങളും സ്വാധീനവും വളരെ വിപുലമാണ്. കോവിഡ് നടപടിക്രമങ്ങളുടെ ഭാഗമായി കുറച്ച് ആളുകളെ പങ്കെടുപ്പിക്കാന്‍ കഴിയുമായിരുന്നുള്ളൂ എങ്കില്‍പോലും, ഇവന്റ് മാനേജ്മെന്റുകളുടെ സഹായത്തോടെ പ്രൗഢിയുടെയും പണക്കൊഴുപ്പിന്‍റേയും ഒരു അന്തരീക്ഷം വിവാഹവേദിയില്‍ സൃഷ്ടിക്കാമായിരുന്നു. എന്നാല്‍, അത്തരത്തിലൊരു അന്തരീക്ഷം വേണ്ടെന്നു വെച്ച് സാധാരണക്കാരില്‍ സാധാരണക്കാരനായ ഒരാള്‍ നടത്തുന്ന ഒരു ചടങ്ങിന് സമമാക്കി ഇതിനെ മാറ്റിയതില്‍ അദ്ദേഹത്തെ അഭിനന്ദിക്കുകയാണ് കവി.

ശുഭ നാന്ദി

“അധികാരവേരുള്ള അണിബലമുണ്ടേലും
ആശംസയേകുവാന്‍ ലക്ഷങ്ങളുണ്ടേലും
ആര്‍ഭാടഗാംഭീര്യമില്ലാതെ കാട്ടിയ
ആമോദദാമ്പത്യ യാത്രയ്ക്കു മംഗളം.”

വീടിനും വിവാഹാഘോഷത്തിനും എത്ര പണം വേണമെങ്കിലും മുടക്കാന്‍ തയ്യാറാണ് മലയാളിയുടെ മനസ്സ്. സമ്പാദിച്ച കാശിനു പുറമേ ലക്ഷങ്ങള്‍ ലോണെടുത്തും കിടപ്പാടം പണയം വെച്ചും വിവാഹവും സദ്യയും നടത്തിവരുന്ന കേരളീയ സമൂഹത്തിന് ഒരു ഓര്‍മ്മപ്പെടുത്തല്‍ എന്ന രീതിയിലാണ് ഈ കവിതയിലെ വരികള്‍ ശ്രദ്ധേയമാകുന്നത്.

യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്‍റെ സി ഇ ഓ കൂടിയാണ് സോഹന്‍ റോയ്. ആയിരത്തിനടുത്ത് കവിതകള്‍ എഴുതിയിട്ടുള്ള അദ്ദേഹം, കഴിഞ്ഞ വര്‍ഷത്തെ സൂര്യ ഫെസ്റ്റിവലില്‍ വെച്ച്, അറുനൂറോളം കവിതകളടങ്ങിയ ‘അണു മഹാകാവ്യം’ എന പുസ്തകവും പ്രകാശനം ചെയ്തിരുന്നു. അദ്ദേഹം ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഹോളിവുഡ് ചലച്ചിത്രം ‘ഡാം 999’, ഓസ്കാര്‍ പുരസ്കാരത്തിന്‍റെ ചുരുക്കപ്പട്ടികയില്‍, മൂന്ന് വിഭാഗങ്ങളിലായി 5 കാറ്റഗറികളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ഈ കവിതയ്ക്ക് സംഗീതത്തിന്‍റേയും ഓര്‍ക്കസ്ട്രയുടേയും അകമ്പടി നല്‍കി ആലപിച്ചത് പ്രശസ്ത സിനിമാ സംഗീത സംവിധായകനായ ബി ആര്‍ ബിജുറാം ആണ്.

Print Friendly, PDF & Email

Related News

Leave a Comment