- Malayalam Daily News - https://www.malayalamdailynews.com -

ജമ്മു കശ്മീരിലെ 70 സിആര്‍പിഎഫ് ജവാന്മാര്‍ക്ക് കോവിഡ്-19

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ 70 സിആര്‍പിഎഫ് ജവാന്മാര്‍ക്ക് കൊറോണ വൈറസ് അണുബാധ സ്ഥിരീകരിച്ചു. ജൂണ്‍ എട്ടിന് അനന്ത്നാഗില്‍ പോസ്റ്റ് ചെയ്ത ഒരു സിആര്‍പിഎഫ് ജവാന്‍ വൈറസ് ബാധിച്ച് മരിച്ചു. ജമ്മു കശ്മീരിലെ ക്രമസമാധാനപാലനത്തില്‍ നിയമിച്ച ജവാന്മാര്‍ക്കാണ് വൈറസ് ബാധിച്ചിരിക്കുന്നതെന്ന് സുരക്ഷാ സേനയുടെ ദില്ലി ആസ്ഥാനം സ്ഥിരീകരിച്ചു. രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്കുവേണ്ടി അന്വേഷണം നടത്തുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

ജൂണ്‍ 14 ന് ജമ്മു കശ്മീരിലെ പത്ത് സിആര്‍പിഎഫ് ഉദ്യോഗസ്ഥരിലും അഞ്ച് പോലീസുകാരിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവരാരും എവിടെയും യാത്ര ചെയ്തിട്ടില്ലെന്ന് അധികൃതര്‍ പറയുന്നു.

കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളില്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്ക് മൂന്നാം തവണയും രോഗം ബാധിച്ചതായി കണ്ടെത്തി. അതിനുമുമ്പ്, ജൂണ്‍ 10 ന്, സേനയിലെ 28 സൈനികരില്‍ അണുബാധ സ്ഥിരീകരിച്ചു. ശനിയാഴ്ച 24 സൈനികര്‍ക്ക് വൈറസ് ബാധിച്ചതായി കണ്ടെത്തി.

ജമ്മു കശ്മീര്‍ ഭരണകൂടത്തിന്‍റെ കണക്കനുസരിച്ച് ചൊവ്വാഴ്ച 78 പുതിയ കൊറോണ വൈറസ് കേസുകളുണ്ടായിട്ടുണ്ട്. ഇതില്‍ 16 എണ്ണം ജമ്മു ഡിവിഷനില്‍ നിന്നും 62 എണ്ണം കശ്മീര്‍ ഡിവിഷനില്‍ നിന്നുമാണ്. ഇതോടെ ജമ്മു കശ്മീരില്‍ ആകെ 5,298 അണുബാധ കേസുകളായി. ഇവിടെ 2,454 സജീവ കേസുകളാണുള്ളത്. ഇതുവരെ 63 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.

കൊറോണ വൈറസ് മൂലം രാജ്യത്തൊട്ടാകെയുള്ള വിവിധ കേന്ദ്ര സുരക്ഷാ സേനകളില്‍ ഇതുവരെ 14 പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക വിവരം.

ജൂണ്‍ 10 ന് ദില്ലിയില്‍ പോസ്റ്റ് ചെയ്ത അതിര്‍ത്തി സുരക്ഷാ സേനയിലെ (ബിഎസ്എഫ്) സൈനികന്‍ മരണപ്പെട്ടിരുന്നു. അതിനുമുമ്പുതന്നെ കൊറോണയെത്തുടര്‍ന്ന് രണ്ട് ബി.എസ്.എഫ് ഉദ്യോഗസ്ഥര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.

സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സില്‍ (സിഐഎസ്എഫ്) അഞ്ച് പേരും, സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സില്‍ (സിഎപിഎഫ്) നാല് പേരും, ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസില്‍ (ഐടിബിപി) ഒരാളും കോവിഡ്-19 ബാധിച്ച് മരണപ്പെട്ടു.


Like our page https://www.facebook.com/MalayalamDailyNews/ [4] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[5] [6] [7] [8] [9]