- Malayalam Daily News - https://www.malayalamdailynews.com -

ഇത്രയും ഭീമമായ ആശുപത്രി ചിലവിന് ഞാന്‍ അര്‍ഹനാണോ?; കോവിഡ്-19 അതിജീവിച്ച എഴുപതുകാരന്‍

വാഷിംഗ്ടണ്‍: കൊറോണ വൈറസ് ബാധിച്ച 70 കാരന്‍ താമസത്തിനും ചികിത്സയ്ക്കുമായി 1.1 മില്യണ്‍ ഡോളറിന്റെ ആശുപത്രി ബില്‍ കണ്ട് ഞെട്ടി !

കോവിഡ് 19 പിടിപെട്ട് മരണത്തെ മുന്നില്‍ കണ്ട മൈക്കല്‍ ഫ്ലോറിനെ മാര്‍ച്ച് നാലിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 62 ദിവസം ആശുപത്രിയില്‍ കഴിഞ്ഞ അദ്ദേഹത്തിന്‍റെ ആരോഗ്യനില വഷളാകുകയും രക്ഷപ്പെടാനുള്ള സാധ്യതയില്ലെന്ന് നഴ്സുമാര്‍ ഭാര്യയെയും മക്കളെയും വിളിച്ച് അറിയിക്കുകയും ചെയ്തു. സിയാറ്റില്‍ ഇസ്സാക്കയിലെ സ്വീഡിഷ് മെഡിക്കല്‍ സെന്ററിലായിരുന്നു അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നത്.

ഭാഗ്യവശാല്‍ ഡോക്ടര്‍മാരുടേയും നഴ്സിംഗ് സ്റ്റാഫിന്റേയും ശ്രമഫലമായി മൈക്കല്‍ ക്രമേണ സുഖം പ്രാപിക്കുകയും മെയ് 5 ന് ഡിസ്ചാര്‍ജ് ചെയ്യപ്പെടുകയും ചെയ്തു.

എന്നാല്‍, 181 പേജുള്ള ആശുപത്രി ബില്ലിലെ തുക കണ്ടപ്പോള്‍ മൈക്കല്‍ അബോധാവസ്ഥയിലായതുപോലെയായി. 1,122,501.04 ഡോളറാണ് ആശുപത്രി ചിലവെന്ന് കണ്ടതോടെ ജീവിതം തന്നെ കീഴ്മേല്‍ മറിഞ്ഞതായി തോന്നിയെന്ന് മൈക്കലിന്റെ ഭാര്യ എലിസ ഡെല്‍ റൊസാരിയോ പറയുന്നു.

ബില്ലില്‍ കാണിച്ചിരിക്കുന്ന തുകയുടെ കണക്കുകള്‍ ഇപ്രകാരമാണ്: തീവ്രപരിചരണ മുറിക്ക് പ്രതിദിനം 9,736 ഡോളര്‍, 42 ദിവസത്തേക്ക് ഐസി‌യു അണുവിമുക്തമായ മുറിയായി രൂപാന്തരപ്പെടുത്തിയതിന് ഏകദേശം 409,000 ഡോളര്‍, 29 ദിവസത്തേക്ക് വെന്‍റിലേറ്റര്‍ ഉപയോഗിച്ചതിന് 82,000 ഡോളര്‍, രോഗ നിര്‍ണ്ണയം നടന്ന സമയത്ത് ജീവന് ഭീഷണിയായതുകൊണ്ട് പ്രത്യേക പരിചരണത്തിന് രണ്ട് ദിവസത്തേക്ക് ഒരു ലക്ഷം ഡോളര്‍.

ബില്ല് കണ്ട് മൈക്കല്‍ ഞെട്ടിയെങ്കിലും കൈയ്യില്‍ നിന്ന് ഒരു ഡോളര്‍ പോലും ചിലവാക്കേണ്ടതില്ല എന്നതാണ് ആശ്വാസം. കാരണം അദ്ദേഹത്തിന് മെഡിക്കല്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസിയായ ‘മെഡികെയര്‍’ പരിരക്ഷ ഉണ്ടായിരുന്നു. മൈക്കലിനു കിട്ടിയത് ആശുപത്രി അധികൃതര്‍ മെഡിക്കെയറിന് ബില്ല് ചെയ്തതിന്റെ തരംതിരിച്ചുള്ള വിവരങ്ങളായിരുന്നു. നിയമപ്രകാരം രോഗിയെ ആ വിവരം അറിയിക്കണം.

മൊത്തത്തില്‍, പ്രതിദിനം 50 വെച്ച് മൂവായിരത്തോളം ഇനത്തിലുള്ള ചാര്‍ജുകള്‍ ബില്ലിലുണ്ട്. മിക്കവരും ഇൻഷുറൻസ് കമ്പനികളുമായി ഡിസ്കൗണ്ട് ചർച്ചകൾ നടത്തുന്നതിനാൽ ആശുപത്രികൾക്ക് അവർ നൽകുന്ന തുകയുടെ ഒരു ഭാഗം മാത്രമേ ലഭിക്കുകയുള്ളൂ.

അമേരിക്കയെപ്പോലെയുള്ള ഒരു രാജ്യത്ത് ആരോഗ്യ സംരക്ഷണം വളരെ ചെലവേറിയതാണെന്നും, സാധാരണക്കാര്‍ക്ക് അപ്രാപ്യമാകുന്നത് ഒരു ചോദ്യചിഹ്നമായി അവശേഷിക്കുകയാണെന്നും മൈക്കല്‍ പറഞ്ഞു. രാജ്യത്തെ നികുതിദായകരില്‍ ഭൂരിഭാഗവും ഈ ചെലവുകള്‍ വഹിക്കേണ്ടിവരുന്നത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് 19 പ്രതിസന്ധി ഘട്ടങ്ങളില്‍ കോണ്‍ഗ്രസ് സ്വീകരിച്ച പദ്ധതികളിലൊന്നാണ് കോവിഡ് 19 രോഗികള്‍ക്ക് ചികിത്സ നല്‍കുന്ന ആശുപത്രികളെയും സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളെയും രക്ഷിക്കാന്‍ 100 മില്യണ്‍ ഡോളര്‍ ബജറ്റ്.


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]