- Malayalam Daily News - https://www.malayalamdailynews.com -

ഡോ. ജോണ്‍ പി ലിങ്കന് ഐ.പി.എല്ലിന്റെ ആദരാജ്ഞലികള്‍

ഹ്യൂസ്റ്റണ്‍: ടെക്സസ് ലബക്കില്‍ അന്തരിച്ച ഡോ. ജോണ്‍ പി ലിങ്കന് ഇന്റര്‍നാഷണല്‍ പ്രെയര്‍ ലൈന്‍ സമ്മേളനം ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. ജൂണ്‍ 16 ചൊവ്വാഴ്ച വൈകിട്ട് ചേര്‍ന്ന ഐ.പി.എല്‍ സമ്മേളനത്തില്‍ കോര്‍ഡിനേറ്റര്‍ ടി.എ. മാത്യു അനുസ്മരണ പ്രസംഗം ചെയ്തു.

നോര്‍ത്ത് അമേരിക്കാ യൂറോപ്പ് രൂപീകരണത്തോടനുബന്ധിച്ചു സംഘടിപ്പിച്ച ആദ്യ സോണല്‍ കൗണ്‍സിലംഗം, ഭദ്രാസന രൂപീകരണ കമ്മിറ്റി അംഗം, മൂന്നു തവണ ഭദ്രാസന ട്രസ്റ്റി, മര്‍ത്തോമ പ്രതിനിധി മണ്ഡലാംഗം, സഭാ കൗണ്‍സിലംഗം, എപ്പിസ്‌ക്കോപ്പല്‍ നോമിനേഷന്‍ ബോര്‍ഡ് അംഗം എന്നീ നിലകളില്‍ മര്‍ത്തോമ സഭയില്‍ സ്തുത്യര്‍ഹ സേവനം അനുഷ്ഠിക്കുന്നതിനുള്ള അവസരം ഡോ. ലിങ്കന് ലഭിച്ചിരുന്നുവെന്ന് ടി. എ. മാത്യു അനുസ്മരിച്ചു.

കേരളത്തിലും അമേരിക്കയിലും നിരവധി വിദ്യാര്‍ത്ഥികളുടെ ഉന്നത പഠനത്തിനായി ആവശ്യമായ സഹായം ചെയ്തു കൊടുക്കുന്നതില്‍ ഡോ. ലിങ്കന്‍ പ്രത്യേക താല്പര്യം പ്രകടിപ്പിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലിങ്കനുമായി അടുത്തിടപഴകുന്നതിന് ലഭിച്ച സന്ദര്‍ഭങ്ങളില്‍ അദ്ദേഹത്തിന്റെ സ്വഭാവ ശ്രേഷ്ഠതയും സ്‌നേഹവും കരുതലും മനസ്സിലാക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്.

മര്‍ത്തോമാ സഭയുടെ നിര്‍ണായക തീരുമാനങ്ങള്‍ കൈകൊള്ളുന്ന സുപ്രധാന സമിതികളില്‍ ലിങ്കന്റെ വിലപ്പെട്ട അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഗൗരവമായി പരിഗണിക്കപ്പെട്ടിരുന്നതായും കോര്‍ഡിനേറ്റര്‍ (ഐപിഎല്‍) സി.വി. സാമുവേല്‍ അനുസ്മരിച്ചു. ലിങ്കച്ചന്റെ ആകസ്മിക വിയോഗത്തില്‍ ദുഃഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങള്‍, സ്‌നേഹിതര്‍ എന്നിവര്‍ക്ക് ആശ്വാസവും ധൈര്യവും ലഭിക്കുന്നതിനായി പ്രത്യേകം പ്രാര്‍ഥിക്കുന്നതായും ഐപിഎല്‍ കോര്‍ഡിനേറ്റര്‍മാര്‍ പറഞ്ഞു. റവ. കെ. വി. കുരുവിള അച്ചന്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.

പി.പി. ചെറിയാന്‍


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]