Flash News

പ്രവാസികളെ അവഗണിക്കുന്ന സര്‍ക്കാര്‍

June 17, 2020 , ചാരും‌മൂട് ജോസ്

ലക്ഷക്കണക്കിനു പ്രവാസികള്‍ ഗത്യന്തരമില്ലാതെ വിദേശ രാജ്യങ്ങളില്‍ നിന്നും ജന്മനാട്ടിലേക്ക് വരാന്‍ ആകാംക്ഷയോടെ കാത്തിരിക്കുമ്പോള്‍, അക്കൂട്ടരെ തീര്‍ത്തും അവഗണിക്കുന്ന കേരള സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ഭാവിയില്‍ വലിയ വില കൊടുക്കേണ്ടി വരും.

സ്വന്തം നാട്ടില്‍ ജോലിക്ക് അവസരമില്ലാത്തതിനാല്‍ വിദേശ രാജ്യങ്ങളിലും അന്യസംസ്ഥാനങ്ങളിലും കുടിയേറി സ്വന്തം നാടിന്റെ സമ്പദ്‌വ്യവസ്ഥയിലേക്ക് കോടിക്കണക്കിന് രൂപ നേടിത്തന്ന പ്രവാസികള്‍ക്ക് ഒരു പ്രതിസന്ധി വന്നപ്പോള്‍ അവരെ അവഗണിക്കുകയും, പീഡിപ്പിക്കുകയും ചെയ്യുന്ന അവസ്ഥ വളരെ ഭയാനകമാണ്.

ഗള്‍ഫ് മേഖലകളിലെ അതീവ ചൂടും തണുപ്പും അവഗണിച്ച് രാപ്പകല്‍ കഷ്ടപ്പെട്ട് സ്വന്തം കുടുംബക്കാരേയും, നാട്ടുകാരേയും, സന്തം നാടിനു വേണ്ടിയും അര്‍ദ്ധ പട്ടിണിയും കഷ്ടപ്പാടും സഹിച്ച് ജീവിതത്തിന്റെ നല്ല പങ്കും സ്വയം മറന്ന് ജീവിക്കുന്ന പ്രവാസികള്‍ എന്തു തെറ്റാണ് കൊച്ചു കേരളത്തോടും രാജ്യത്തോടും ചെയ്തതെന്ന് സംസ്ഥാന- കേന്ദ്ര സര്‍ക്കാരുകള്‍ വ്യക്തമാക്കണം.

രാഷ്ട്രീയ നേതാക്കന്മാര്‍ നിരന്തരം പ്രവാസികളെ പ്രവാസ സ്ഥലത്തുചെന്നു മോഹനസുന്ദര വാഗ്ദാനങ്ങള്‍ നല്‍കി കോടിക്കണക്കിനു വിദേശനാണ്യം നേടിക്കഴിയുമ്പോള്‍ പ്രവാസികളുടെ കഷ്ടതയില്‍ “കടക്ക് പുറത്ത്’ എന്നു പറയുന്നത് ദൈവം പോലും പൊറുക്കില്ല. സ്വന്തം പണം ഉപയോഗിച്ച് കോവിഡ് പരിശോധനയും യാത്രാ ടിക്കറ്റും മറ്റും സംഘടിപ്പിച്ച് അവസരത്തിനായി- അനുമതിക്കായി ക്യാമ്പുകളിലും മറ്റും ആഹാരവും വെള്ളവും പോലും ലഭിക്കാത്ത അവസ്ഥയില്‍ രോഗികളോടൊപ്പം കഴിയുന്ന പ്രവാസികളുടെ നിസ്സഹായാവസ്ഥ മനസിലാക്കണം. സര്‍ക്കാര്‍ ഉടന്‍ യാത്രാ സൗകര്യങ്ങള്‍ ഒരുക്കി സ്വന്തം മണ്ണില്‍, സ്വന്തം കൂരയില്‍ വന്നു ക്വാറന്റീനില്‍ കഴിയാന്‍ അനുവദിക്കണം.

ലോകത്തുള്ള സകല രാജ്യങ്ങളും സ്വന്തം ജനങ്ങളേയും കയറ്റി സുരക്ഷിതമായി കയറ്റി വിടുന്ന കാഴ്ച കാണുന്ന ഇന്ത്യന്‍ പൗരന്മാരുടെ അവസ്ഥ എംബസികളും, കോണ്‍സുലേറ്റുകളും, നോര്‍ക്ക റൂട്ട്‌സും കണ്ടില്ലെന്നു നടിക്കുകയാണ്. കുഞ്ഞുങ്ങളും ഗര്‍ഭിണികളും രോഗം പിടിപെട്ട് ഒറ്റപ്പെട്ടു ജീവിക്കുന്ന ചുറ്റുപാടുകളും കാണാതെ പോകുന്ന സാഹചര്യം അതീവ ഗുരുതരമാണ്. നല്ലവരായ പ്രവാസികളും സംഘടനകളും ഒരു കൈത്താങ്ങ് നല്‍കി ഭക്ഷണവും വെള്ളവും കൊടുത്ത് ജീവന്‍ നിലനിര്‍ത്തുന്ന കാഴ്ചയാണ് എവിടെയും കാണുന്നത്. ഇതൊന്നും ബാധകമല്ലാതെ സ്വന്തം പാര്‍ട്ടിക്കാരുടെ അഴിമതി മറച്ചുവെയ്ക്കാനും ആഢംബരങ്ങള്‍ക്കും വേണ്ടി വാരിക്കോരി പണം ചെലവഴിക്കാന്‍ പിണറായി സര്‍ക്കാരും മോദി സര്‍ക്കാരും തമ്മില്‍ മത്സരിക്കുകയാണ്.

എത്രയും പെട്ടെന്നു കോവിഡ് പശ്ചാത്തലത്തില്‍ വിദേശരാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ മടക്കുക്കൊണ്ടുവരാന്‍ സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണം. കഷ്ടപ്പാടിന്റെ തീച്ചൂളയില്‍ നിന്നു വരുന്ന രോദനം കേള്‍ക്കാതെപോയാല്‍ സമീപ ഭാവിയില്‍ പ്രവാസികള്‍ പടയൊരുക്കം തുടങ്ങും. ഇതിനെ തടയാന്‍ ഒരു സഖാക്കള്‍ക്കും ശക്തി പോരാതെവരും. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ശവപ്പെട്ടിയിലെ അവസാന ആണിക്കല്ല് തറയ്ക്കുന്നത് പ്രവാസികളായിരിക്കും. ജാഗ്രതൈ.

ജയ് ഹിന്ദ്


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top