Flash News

കുതിരപ്പുറത്ത് ഇരുന്നതിന് ദലിത് വരനെ ആക്രമിച്ചു, നാല് പേരെ അറസ്റ്റു ചെയ്തു

June 18, 2020 , ശ്രീജ

ഛത്തര്‍പൂര്‍: മധ്യപ്രദേശിലെ ഛത്തര്‍പൂര്‍ ജില്ലാ ആസ്ഥാനത്തു നിന്ന് 24 കിലോമീറ്റര്‍ അകലെയുള്ള ഒരു ഗ്രാമത്തില്‍ ദലിത് വരനെ നാല് ഉയര്‍ന്ന ജാതിക്കാര്‍ അപമാനിച്ചതായി റിപ്പോര്‍ട്ട്. വരനെ ജാതിപ്പേര് വിളിച്ച് അസഭ്യം പറയുകയും കുതിരയെ ബലമായി പിടിച്ചെടുക്കാന്‍ ശ്രമിക്കുകയും ചെയ്തത് എതിര്‍ത്തതിനെത്തുടര്‍ന്ന് വരനെ ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവമേല്പിക്കുകയും ചെയ്തെന്നാണ് പരാതി. നാല് പേരെയും പോലീസ് അറസ്റ്റു ചെയ്തു.

ഛാപ്പര്‍ ഗ്രാമത്തില്‍ താമസിക്കുന്ന ശോഭലാല്‍ അഹിര്‍വാറിന്‍റെ മകന്‍ രാജേഷിന്‍റെ വിവാഹ ഘോഷയാത്ര ജൂണ്‍ 15 ന് സതായ് പോലീസ് സ്റ്റേഷന്‍ ഏരിയയിലെ ഭൈര ഗ്രാമത്തില്‍ നടക്കുന്ന സമയത്താണ് സംഭവം അരങ്ങേറിയത്. പാരമ്പര്യമനുസരിച്ച്, ഗ്രാമത്തിലെ വരനെ എതിരേല്‍ക്കാന്‍ കുടുംബം കുതിരയെ വാടകയ്ക്കെടുക്കുകയും വരനെ കുതിരപ്പുറത്തു കയറ്റി ഗ്രാമ ക്ഷേത്രത്തിലേക്ക് കൊണ്ടുപോകുകയും ചെയ്തു.

ഘോഷയാത്രയ്ക്ക് പോകുന്നതിനുമുമ്പ്, പാരമ്പര്യമായി വരനും കുടുംബവും ദേവിയെ വണങ്ങാന്‍ പോകുന്ന ചടങ്ങുണ്ട്. അതുകൊണ്ടാണ്, ജൂണ്‍ 15 വൈകുന്നേരം ഞാന്‍ കുടുംബാംഗങ്ങളോടൊപ്പം കുതിരപ്പുറത്ത് ഗ്രാമത്തിലെ ദേവീ ക്ഷേത്രത്തില്‍ വഴിപാടുകള്‍ നടത്താന്‍ പോയതെന്ന് രാജേഷ് അഹിര്‍‌വാര്‍ പറഞ്ഞു.

ഈ സമയത്ത്, നാല് ഉയര്‍ന്ന ജാതിക്കാരായ യുവാക്കള്‍ കുതിരയെ തടയാന്‍ ശ്രമിക്കുകയും കുതിര ചാടിയതിനാല്‍ താന്‍ നിലത്തു വീഴുകയും ചെയ്തു. തുടര്‍ന്ന് തന്റെ കുടുംബവും യുവാക്കളും തമ്മില്‍ തര്‍ക്കം ആരംഭിച്ചു. തര്‍ക്കം മൂത്ത് യുവാക്കള്‍ തന്റെ കുടുംബത്തെ മാത്രമല്ല തന്നെയും മര്‍ദ്ദിച്ചു. കുതിരക്കാരനെയും മര്‍ദ്ദിച്ചതായി രാജേഷ് പറഞ്ഞു. തന്നെയുമല്ല, മേലില്‍ ഗ്രാമത്തില്‍ വീണ്ടും കുതിരപ്പുറത്ത് വരരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ സംഭവത്തെക്കുറിച്ച് പോലീസില്‍ പരാതിപ്പെട്ടാല്‍ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി രാജേഷ് പറഞ്ഞു.

ജൂണ്‍ 15 ന് ഛാപ്പര്‍ ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് സതായ് പോലീസ് സ്റ്റേഷന്‍ ചുമതലയുള്ള ദീപക് യാദവ് പറഞ്ഞു. ഈ കേസില്‍ ശ്രീജേന്ദ്ര യാദവ്, രാകേഷ് യാദവ്, കൃഷ്ണ പാല്‍ യാദവ്, മഹിപാല്‍ യാദവ് എന്നിവര്‍ക്കെതിരെ വരന്‍റെ പിതാവ് ശോഭാ ലാല്‍ അഹിര്‍വാറിന്‍റെ പരാതിയില്‍ കേസെടുത്തു. ഈ പ്രതികളെല്ലാം ഛാപ്പര്‍ ഗ്രാമത്തില്‍ നിന്നു ള്ളവരാണ്.

പരാതിയുടെ അടിസ്ഥാനത്തില്‍ 294 (നീചമായ പെരുമാറ്റം), 323 (ആക്രമണം), 506 (ഭീഷണിപ്പെടുത്തല്‍), അതുപോലെ പട്ടിക ജാതി/പട്ടികവര്‍ഗ്ഗ നിയമപ്രകാരം നാല് പ്രതികള്‍ക്കെതിരെയും കേസെടുത്തു. നാല് പ്രതികളെയും ബുധനാഴ്ച അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കേസില്‍ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഈ വര്‍ഷം ഫെബ്രുവരിയില്‍ ഗുജറാത്തിലെ ബനസ്കന്ത ജില്ലയില്‍ ദലിത് സൈനികന്റെ വിവാഹ ഘോഷയാത്രയിലും സമാന സംഭവം നടന്നിരുന്നു. ദലിത് സമുദായത്തില്‍പ്പെട്ട സൈനികനായ ആകാശ് കുമാര്‍ കോട്ടിയ (22) യുടെ വിവാഹത്തില്‍ പോലീസ് സുരക്ഷ ഉണ്ടായിരുന്നിട്ടും സവര്‍ണ്ണരില്‍ ചിലര്‍ ഘോഷയാത്രയ്ക്ക് കല്ലെറിഞ്ഞു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top