Flash News

കോവിഡ് 19: ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍റെ നില ഗുരുതരമായി തുടരുന്നു

June 19, 2020 , ശ്രീജ

ന്യൂഡല്‍ഹി: പരിശോധനയില്‍ കോവിഡ് 19 പോസിറ്റീവ് ആയ ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍റെ നില വഷളായതായും ശ്വാസകോശത്തിലെ അണുബാധ വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന് ഓക്സിജന്‍ നല്‍കുകയാണെന്നും അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. 55 കാരനായ മന്ത്രിക്ക് ന്യൂമോണിയയും ബാധിച്ചു. ഡോക്ടര്‍മാര്‍ പ്ലാസ്മ തെറാപ്പി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച പുലര്‍ച്ചെ രാജീവ് ഗാന്ധി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ച മന്ത്രിയെ കോവിഡ് 19 ന്‍റെ പ്ലാസ്മ തെറാപ്പി നല്‍കുന്നതിനായി സാകേതിലെ മാക്സ് ആശുപത്രിയിലേക്ക് മാറ്റും.

ആരോഗ്യസ്ഥിതി സംബന്ധിച്ച് മാധ്യമങ്ങളെ അറിയിച്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞത്, ‘നിര്‍ഭാഗ്യവശാല്‍, സിടി സ്കാനില്‍ സത്യേന്ദര്‍ ജെയിന്‍ ജിയുടെ ശ്വാസകോശ അണുബാധയും ന്യുമോണിയയും വര്‍ദ്ധിച്ചതായി കണ്ടെത്തി. രാവിലെ മുതല്‍ അദ്ദേഹത്തിന് വളരെ ക്ഷീണവും അനുഭവപ്പെട്ടു. ചികിത്സയും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതും ഡോക്ടറുടെ ഉപദേശപ്രകാരം ചെയ്യും.’

ജൂണ്‍ 16ന് തുടര്‍ച്ചയായി പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സത്യേന്ദര്‍ ജെയിനിന് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് പോസിറ്റീവായ വിവരം ജൂണ്‍ 17ന് അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ജൂണ്‍ 14ന് അമിത് ഷാ വിളിച്ചു ചേര്‍ത്ത ഡല്‍ഹിയിലെ കൊവിഡ് അവലോകന യോഗത്തില്‍ സത്യേന്ദര്‍ ജെയിനും പങ്കെടുത്തിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവരും യോഗത്തില്‍ പങ്കെടുത്തിട്ടുണ്ട്.

ആരോഗ്യ, പൊതുമരാമത്ത് വകുപ്പ്, വൈദ്യുതി, മറ്റ് വകുപ്പുകള്‍ എന്നിവയുടെ ചുമതല ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ വ്യാഴാഴ്ച ഏറ്റെടുത്തു.

അതേസമയം, ജെയിന്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടേ എന്ന്  ആഭ്യന്തരമന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്തു.

ഓക്സിജന്‍ സാച്ചുറേഷന്‍ ലെവല്‍ (സ്പോ 2) കുറയുന്നതിനാല്‍ മുഴുവന്‍ സമയവും ഓക്സിജന്‍ സപ്പോര്‍ട്ടിലാണ് മന്ത്രി. ഒരു പ്രാവശ്യം സ്പോ 2 ലെവല്‍ 89 ആയി കുറഞ്ഞതിനാല്‍ ഞങ്ങള്‍ അദ്ദേഹത്തെ പൂര്‍ണ്ണമായും ഓക്സിജന്‍ സപ്പോര്‍ട്ടില്‍ കിടത്തിയിരിക്കുകയാണ്. സാധാരണ നില 95 ആണ്. കൂടാതെ, അദ്ദേഹത്തിന് ന്യുമോണിയ ഉണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ ഞങ്ങള്‍ അദ്ദേഹത്തെ ആശുപത്രിയിലെ ഒരു ഐസിയുവിലേക്ക് മാറ്റുകയാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top