Flash News

ഇന്ത്യക്കാര്‍ക്കുള്ള പൗരത്വ നിയമത്തില്‍ മാറ്റം വരുത്താന്‍ നേപ്പാള്‍ അംഗീകാരം നല്‍കി

June 21, 2020 , ആന്‍സി

കാഠ്മണ്ഡു: മൂന്ന് ഇന്ത്യന്‍ പ്രദേശങ്ങളെ പുതിയ ഭൂപടത്തില്‍ ഉള്‍പ്പെടുത്താനുള്ള നിയമം പാസാക്കിയ ശേഷം, ഇന്ത്യക്കാര്‍ക്കുള്ള പൗരത്വ നിയമത്തില്‍ മാറ്റം വരുത്താന്‍ ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേപ്പാളിലെ സെക്രട്ടേറിയറ്റ് യോഗത്തില്‍ ശനിയാഴ്ച അംഗീകാരം നല്‍കി.

നേപ്പാള്‍ ആഭ്യന്തരമന്ത്രി രാം ബഹാദൂര്‍ ഥാപ്പ നേപ്പാള്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതിയെ ന്യായീകരിക്കുന്നതിനായി ഇന്ത്യയുടെ പൗരത്വ നിയമം ഉദാഹരണമാക്കി. പുതിയ നിയമമനുസരിച്ച് നേപ്പാളി പൗരനെ വിവാഹം കഴിക്കുന്ന ഏതൊരു ഇന്ത്യന്‍ പെണ്‍കുട്ടിക്കും പൗരത്വം ലഭിക്കാന്‍ ഏഴു വര്‍ഷം കാത്തിരിക്കേണ്ടിവരുമെന്ന് ഥാപ്പ പ്രഖ്യാപിച്ചു. ഇതിനായി അദ്ദേഹം ഇന്ത്യന്‍ നിയമത്തെയാണ് ഉദ്ധരിച്ചത്. ഒരു ഇന്ത്യക്കാരനെ വിവാഹം കഴിച്ച് ഏഴ് വര്‍ഷത്തിന് ശേഷമാണ് വിദേശ പൗരന് ഇന്ത്യന്‍ പൗരത്വം ലഭിക്കുന്നത്.

എന്നാല്‍, ഇന്ത്യന്‍ പൗരത്വ നിയമത്തിലെ ഈ വ്യവസ്ഥ നേപ്പാള്‍ പൗരന്മാര്‍ക്ക് ബാധകമല്ലെന്ന വസ്തുത നേപ്പാള്‍ ആഭ്യന്തരമന്ത്രി പ്രസ്താവനയില്‍ പരാമര്‍ശിച്ചിട്ടില്ല.

പ്രധാന പ്രതിപക്ഷമായ നേപ്പാളി കോണ്‍ഗ്രസും ജനത സമാജ്‌വാദി പാര്‍ട്ടി നേപ്പാളും നിലവിലുള്ള നിയമങ്ങള്‍ പാലിക്കുന്നതിനെ അനുകൂലിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു വിദേശ വനിത തന്‍റെ യഥാര്‍ത്ഥ പൗരത്വം ഉപേക്ഷിച്ചുവെന്ന് ബന്ധപ്പെട്ട സര്‍ക്കാര്‍ ഓഫീസിനെ അറിയിച്ചാലുടന്‍, സ്വാഭാവികമായും നേപ്പാളി പൗരത്വം ലഭിക്കുന്നു.

ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി തന്‍റെ പാര്‍ട്ടി ചര്‍ച്ച നടത്തുമെന്നും, പാര്‍ലമെന്‍റില്‍ ഇതിനെതിരെ പോരാടുമെന്നും ജനത സമാജ്‌വാദി പാര്‍ട്ടി നേപ്പാള്‍ വൈസ് പ്രസിഡന്‍റ് ഉപേന്ദ്ര യാദവ് പറഞ്ഞു. ഈ നിയമത്തിലെ മാറ്റം ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേപ്പാളിലെ സെക്രട്ടേറിയറ്റ് യോഗത്തില്‍ അംഗീകരിച്ചിട്ടുണ്ടെങ്കിലും, അത് പാസാക്കാന്‍ സര്‍ക്കാരിന് പാര്‍ലമെന്‍റില്‍ പോകേണ്ടിവരും.

അതിര്‍ത്തിയെക്കുറിച്ച് ഇന്ത്യയും നേപ്പാളും തമ്മിലുള്ള തര്‍ക്കം വര്‍ദ്ധിച്ചുവരികയാണ്. ഇന്ത്യയുടെ മൂന്ന് പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയ നേപ്പാളിന്റെ പുതിയ ഭൂപടത്തിന് നേപ്പാള്‍ അംഗീകാരം നല്‍കി.

ജൂണ്‍ 18 ന് നേപ്പാള്‍ പ്രസിഡന്‍റ് വിദ്യാദേവി ഭണ്ഡാരി നേപ്പാളിന്‍റെ പുതിയ ഭൂപടവുമായി ബന്ധപ്പെട്ട ബില്ലില്‍ ഒപ്പു വെച്ചു. അതോടെ അത് ഔദ്യോഗിക രേഖയാകുകയും ചെയ്തു. പുതിയ ഭൂപടത്തില്‍ നേപ്പാള്‍ ലിപുലെഖ്, കലാപാനി, ലിംപിയാദുര എന്നീ പ്രദേശങ്ങള്‍ നേപ്പാളിന്റേതാണെന്ന് കാണിച്ചിട്ടുണ്ട്.

ഇന്ത്യയും നേപ്പാളും തമ്മിലുള്ള തര്‍ക്ക പ്രദേശമായ കലാപാനിക്കടുത്തുള്ള പടിഞ്ഞാറ് ഭാഗമാണ് ലിപുലെഖ് പാസ്. ഇന്ത്യയും നേപ്പാളും കലാപാനിയെ തങ്ങളുടെ അവിഭാജ്യ മേഖലയെന്നാണ് വിശേഷിപ്പിക്കുന്നത്. ഇന്ത്യ ഇതിനെ ഉത്തരാഖണ്ഡിലെ പിത്തോറ ഗാവിന്റെ ഭാഗമായും നേപ്പാള്‍ ഇതിനെ ധാര്‍ചുല ജില്ലയുടെ ഭാഗമായും വിശേഷിപ്പിക്കുന്നു.

അതേസമയം, ജൂണ്‍ 12-ന് 22കാരനായ ഇന്ത്യന്‍ യുവാവ് കൊല്ലപ്പെടുകയും രണ്ടു പേര്‍ക്ക് ഇന്തോ-നേപ്പാള്‍ അതിര്‍ത്തിയില്‍ നേപ്പാള്‍ സായുധ പൊലീസ് ഫോഴ്സിന്റെ (എന്‍‌എ‌പി‌എഫ്) വെടിവെപ്പില്‍ പരിക്കേല്‍ക്കുകയും ചെയ്തു. കൂടാതെ, 45 കാരനായ ലഗാന്‍ യാദവിനെ സംഭവത്തിന് ശേഷം എന്‍എപിഎഫ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇന്ത്യന്‍ സുരക്ഷാ സേനയുടെ ഇടപെടലിന് ശേഷമാണ് ജൂണ്‍ 14 ന് കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹം നേപ്പാള്‍ തിരികെ നല്‍കിയതും അറസ്റ്റുചെയ്ത വ്യക്തിയെ വിട്ടയക്കുകയും ചെയ്തത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top