Flash News

ദില്ലി ജിടിബി ആശുപത്രിയില്‍ രോഗി മരിച്ചത് ആശുപത്രിയുടെ അശ്രദ്ധമൂലമാണെന്ന് കുടുംബം

June 21, 2020 , ആന്‍സി

ന്യൂഡല്‍ഹി : ദില്ലിയിലെ വിശ്വാസ് നഗര്‍ നിവാസി 53 കാരനായ സന്ദീപ് ഗാര്‍ഗ് ജൂണ്‍ 9 ന് ജിടിബി ആശുപത്രിയില്‍ വെച്ച് മരിച്ചത് ആശുപത്രിയുടെ അശ്രദ്ധമൂലവും സമയബന്ധിതമായ ചികിത്സയുടെ അഭാവം മൂലവുമാണെന്ന് കുടുംബം. എന്നാല്‍ ഈ ആരോപണങ്ങള്‍ ആശുപത്രി അധികൃതര്‍ നിഷേധിച്ചു.

ഡല്‍ഹിയില്‍ കാര്‍ ഡീലര്‍ഷിപ്പില്‍ ജോലി ചെയ്യുന്ന, കൃതി (24), മാന്‍വി (20), മകന്‍ ഗീതാന്‍സ് (17) എന്നീ മൂന്നു മക്കളുടെ പിതാവായ, സന്ദീപ് ഗാര്‍ഗിനെ ജൂണ്‍ 8 നാണ് ജിടിബി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എല്ലാ ഔദ്യോഗിക പേപ്പര്‍ വര്‍ക്കുകളും പൂര്‍ത്തിയാക്കിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് സന്ദീപിന്‍റെ മൂത്ത മകള്‍ കൃതി പറയുന്നു.

കൊറോണ പരിശോധനയും നടത്തിയതായി കൃതി പറഞ്ഞു. എന്നാല്‍, റിപ്പോര്‍ട്ട് നെഗറ്റീവ് ആയിരുന്നെങ്കിലും ആശുപത്രി ഇതിനകം തന്നെ കൊറോണ സംശയമുള്ളയാളായി കേസ് രേഖപ്പെടുത്തിയിരുന്നു. പിതാവിന്‍റെ ആരോഗ്യം മോശമായതിനുശേഷം ആദ്യം നിരവധി സ്വകാര്യ ആശുപത്രികളെ സമീപിച്ചെങ്കിലും എവിടെയും കിടക്കകളൊന്നും
ലഭ്യമായിരുന്നില്ലെന്ന് കൃതി ആരോപിക്കുന്നു.

ലോക്ക്ഡൗണ്‍ ആയതുകൊണ്ട് ബിസിനസ് അടച്ചിരിക്കുകയായിരുന്നു. ലോക്ക്ഡൗണ്‍ അവസാനിച്ചതിനുശേഷമാണ് വീണ്ടും ജോലിക്ക് പോയിത്തുടങ്ങിയത്. പക്ഷേ കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ചുമ തുടങ്ങി. അതിനുശേഷം അദ്ദേഹത്തിന് നേരിയ പനി വന്നു. അദ്ദേഹത്തിന് ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടായപ്പോള്‍, ഞങ്ങളുടെ കുടുംബ ഡോക്ടര്‍മാരാണ് കൊറോണ പരിശോധനയ്ക്ക് വിധേയനാകാന്‍ ആവശ്യപ്പെട്ടതെന്ന് കൃതി പറഞ്ഞു. അതിനിടയില്‍ അസ്വസ്ഥരായ ബന്ധുക്കള്‍ ഞങ്ങളില്‍ നിന്ന് അകലം പാലിക്കാന്‍ തുടങ്ങി, അയല്‍ക്കാര്‍ പോലും സഹായിച്ചില്ലെന്നും കൃതി പറഞ്ഞു.

‘ഞാന്‍ ഒരു സ്വകാര്യ ആശുപത്രിയെ പലതവണ വിളിച്ചു. പക്ഷേ കിടക്കകളൊന്നും എവിടെയും കണ്ടെത്തിയില്ല. എന്‍റെ പിതാവിന് ഉടന്‍ ഓക്സിജന്‍ ആവശ്യമായിരുന്നു. അങ്ങനെയാണ് ഞങ്ങളുടെ വീടിനടുത്തുള്ള ഗുരു തേജ് ബഹാദൂര്‍ (ജിടിബി) ആശുപത്രിയിലേക്ക് പോകാന്‍ തീരുമാനിച്ചത്,’ കൃതി പറഞ്ഞു.

ജിടിബിയിലെ ഉദ്യോഗസ്ഥരുടെ പെരുമാറ്റം വളരെ മോശമായിരുന്നുവെന്ന് കൃതി പറഞ്ഞു. എല്ലാ ഔപചാരികതകളും പേപ്പര്‍ വര്‍ക്കുകളും പൂര്‍ത്തിയാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി അച്ഛനെ അഡ്മിറ്റ് ചെയ്യാന്‍ വൈകിപ്പിക്കുകയായിരുന്നു. അച്ഛന്റെ ആരോഗ്യം നിരന്തരം വഷളായിക്കൊണ്ടിരുന്നു. പക്ഷേ ഓക്സിജന്‍ സൗകര്യമില്ലായിരുന്നുവെന്ന് കൃതി ആരോപിച്ചു.

അതേസമയം, ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ. സുനില്‍ കുമാര്‍ ആരോപണം നിഷേധിച്ചു. ‘ആശുപത്രിയുടെ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ രോഗിയുടെ പേര്, പ്രായം, മൊബൈല്‍ നമ്പര്‍, വിലാസം എന്നിവ മാത്രമേ ആവശ്യപ്പെട്ടിട്ടുള്ളൂ. അല്ലാതെ ഇവിടെ ഔപചാരികതയോ പേപ്പര്‍ വര്‍ക്കോ ഇല്ല എന്ന് അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, ആശുപത്രി ജീവനക്കാരുടെ ഭാഗത്തുനിന്ന് എന്തെങ്കിലും മോശം പെരുമാറ്റമോ മറ്റോ ഉണ്ടായതായി കണ്ടെത്തിയാല്‍ ആരോപണങ്ങള്‍ അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്ലായിടത്തും രോഗികളുടെ മൃതദേഹങ്ങളുണ്ടായിരുന്നുവെന്ന് കൃതി പറഞ്ഞു. ‘എന്‍റെ അച്ഛനെ പരിശോധിക്കാന്‍ ഞാന്‍ ഡോക്ടര്‍മാരോട് ആവശ്യപ്പെട്ടപ്പോള്‍ അവര്‍ പറഞ്ഞത് കൊറോണ സംശയിക്കുന്ന ഓരോ രോഗിയെയും പരിശോധിക്കേണ്ടതുണ്ടെന്നാണ്,’ കൃതി ആരോപിക്കുന്നു.

‘അച്ഛന്‍റെ മൂക്കില്‍ ഒരു ഓക്സിജന്‍ പൈപ്പ് ഇടേണ്ടി വന്നു. ഒരു ഡോക്ടറും എന്‍റെ അച്ഛനെ പരിശോധിച്ചില്ല, ഓക്സിജനും ഗ്ലൂക്കോസും അല്ലാതെ മറ്റൊരു മരുന്നും അദ്ദേഹത്തിന് നല്‍കിയില്ല,’ കൃതി പറഞ്ഞു.

‘ഈ ആശുപത്രിയില്‍ വളരെയധികം അപകടസാധ്യതയുണ്ടെന്നും, ഞങ്ങള്‍ക്ക് മറ്റേതെങ്കിലും ആശുപത്രിയില്‍ പോകണമെന്നും ഞാന്‍ പറഞ്ഞു. എന്‍റെ അച്ഛന്റെ അവസ്ഥ വളരെ ഗുരുതരമായിരുന്നു. അദ്ദേഹത്തിന് പ്രമേഹമുണ്ടായിരുന്നു. ദിവസത്തില്‍ ഒരു തവണയെങ്കിലും ഭക്ഷണം കഴിക്കേണ്ടതായിരുന്നു. എന്‍റെ സഹോദരി ഭക്ഷണം കൊണ്ടുവന്നു. അതിനുശേഷം ഞങ്ങള്‍ വീട്ടിലേക്ക് പോയി. ഞാന്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ കിടക്കകള്‍ ക്രമീകരിക്കാന്‍ ഏര്‍പ്പാടാക്കിയിരുന്നു. അടുത്ത ദിവസം (ജൂണ്‍ 9) അച്ഛനെ അവിടെ അഡ്മിറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍, രാവിലെ ഒന്‍പത് മണിയോടെ ജിടിബി ആശുപത്രിയില്‍ ഉടന്‍ എത്താന്‍ ആവശ്യപ്പെട്ടതനുസരിച്ച് അങ്ങോട്ടു പോയി. ഞാന്‍ ആശുപത്രിയിലെത്തുമ്പോഴേക്കും അച്ഛന്റെ മൃതദേഹം അടച്ച് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്നു. അദ്ദേഹത്തിന്‍റെ കൊറോണ റിപ്പോര്‍ട്ട് നെഗറ്റീവ് ആയിരുന്നെങ്കിലും ആശുപത്രി അദ്ദേഹത്തെ കൊറോണ സംശയാസ്പദമായ മരണമാണെന്ന് റിപ്പോര്‍ട്ട് തയ്യാറാക്കി,’ കൃതി ആരോപിച്ചു.

ഗാര്‍ഗ് കുടുംബത്തിന്‍റെ പ്രശ്നങ്ങളെക്കുറിച്ച് ഡോ. സുനില്‍ കുമാറിനോട് ചോദിച്ചപ്പോള്‍, രോഗികളുടെ ക്ഷേമത്തിനായി ജിടിബി ആശുപത്രി പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. കുടുംബം ഉന്നയിക്കുന്ന എല്ലാ ആരോപണങ്ങളും അന്വേഷിച്ച് സത്യം കണ്ടെത്തും. ഏതെങ്കിലും തരത്തിലുള്ള അശ്രദ്ധ ആശുപത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായതായി കണ്ടെത്തിയാല്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top