Flash News

‘സ്വതന്ത്ര ചിന്തകനായ യേശു’: ജയിംസ് കുരീക്കാട്ടില്‍

June 21, 2020 , ചാക്കോ കളരിക്കല്‍

(കെസിആര്‍എം നോര്‍ത്ത് അമേരിക്കയുടെ ഇരുപത്തിയെട്ടാമത് ടെലികോണ്‍ഫെറന്‍സില്‍ ജയിംസ് കുരീക്കാട്ടില്‍ വിഷയം അവതരിപ്പിച്ചുകൊണ്ട് ചെയ്ത പ്രഭാഷണത്തിന്‍റെ ലിഖിത രൂപം)

‘സ്വതന്ത്ര ചിന്തകനായ യേശു’ എന്ന വിഷയം കേള്‍ക്കുമ്പോള്‍ തന്നെ നിങ്ങളില്‍ ചിലര്‍ക്കെങ്കിലും കൗതുകം തോന്നാം. എന്താണീ സ്വതന്ത്ര ചിന്തകനായ യേശു എന്ന പ്രയോഗം കൊണ്ട് അര്‍ത്ഥമാക്കുന്നത്? സ്വതന്ത്ര ചിന്തകര്‍ എന്നുവെച്ചാല്‍ നിരീശ്വരവാദികളാണ് എന്ന തെറ്റായ ഒരു ധാരണ ചിലര്‍ക്കെങ്കിലും ഉണ്ടായേക്കാം. വിഷയത്തിലേക്ക് കടക്കുന്നതിനുമുമ്പ്, സ്വതന്ത്ര ചിന്തകര്‍ ആരാണ് എന്ന് നമുക്കൊന്നു നോക്കാം. ഏതെങ്കിലും ഒരു പ്രത്യയശാസ്ത്രത്തില്‍ അധിഷ്ഠിതമായ ആശയത്തെ (ideology) തലയിലേറ്റി, അതുമാത്രമാണ് ശരിയെന്ന് കരുതി നടക്കുന്നവരാണ് മനുഷ്യരിലധികവും. എന്നാല്‍ അതില്‍നിന്നും വിഭിന്നമായി ഒരു പ്രത്യയ ശാസ്ത്രത്തിന്റെ ആശയത്തെ മാത്രം സ്വീകരിക്കാതെ, അതുമാത്രം തലയിലേറ്റി നടക്കാതെ, എല്ലാ പ്രത്യയശാസ്ത്ര ആശയങ്ങളെയും വിശകലനം ചെയ്ത് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന എതിര്‍ ചിന്തകരെയാണ് സ്വതന്ത്ര ചിന്തകര്‍ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.

ഇന്ന് ഇതില്‍ സംബന്ധിക്കുന്ന അധികം പേരും ക്രിസ്ത്യാനികളാണ്. എന്തുകൊണ്ട് നാം ക്രിസ്ത്യാനികളായി? ലളിതമായി പറഞ്ഞാല്‍, നാം ഒരു ക്രിസ്തീയ കുടുംബത്തില്‍ ജനിച്ചതു കൊണ്ടുമാത്രമാണ് ക്രിസ്ത്യാനികളായത്. അതുകൊണ്ട് യേശു നമുക്ക് ദൈവമായി. ഒരു ക്രിസ്ത്യാനിക്ക് കൃഷ്ണനെയോ ശിവനെയോ ദൈവമായി ആരാധിക്കാന്‍ കഴിയുമോ? കോടിക്കണക്കിന് ജനങ്ങള്‍ ആരാധിക്കുന്ന അള്ളാഹുവിനെ ആരാധിക്കാന്‍ കഴിയുമോ? ഇല്ല. നാം ഒരു മതത്തില്‍ ജനിച്ചതുകൊണ്ട് ആ മതത്തിലെ ദൈവസങ്കല്പമാണ് നമ്മുടെ ദൈവസങ്കല്പം; ആ മതത്തിലെ ആചാരാനുഷ്ടാനങ്ങളാണ് നമ്മുടെ ആചാരാനുഷ്ഠാനങ്ങള്‍. മതത്തിന്‍റെ കാര്യത്തില്‍ മാത്രമല്ല ഇങ്ങനെ സംഭവിക്കുന്നത്. ഒരു കമ്മ്യൂണിസ്റ്റുകാരനാണെങ്കില്‍ കമ്മ്യൂണിസം മാത്രമായിരിക്കും അയാളുടെ തലയില്‍ ഉണ്ടായിരിക്കുന്നത്. ആ പാര്‍ട്ടി ഒരു തെറ്റു ചെയ്താല്‍ അതിനെ ന്യായീകരിക്കാന്‍ വരെ അയാള്‍ ശ്രമിക്കും. അപ്പോള്‍ നിങ്ങളുടെ മനസ്സില്‍ ഒരു ചോദ്യം പൊന്തിവരാം. യഹൂദമതത്തില്‍ ജനിച്ച യേശു എങ്ങനെയാണ് ഒരു സ്വതന്ത്ര ചിന്തകനായത്, എന്ന്. യഹൂദമതത്തിന്‍റെ ചട്ടക്കൂട്ടില്‍ നിന്നുകൊണ്ട് ആ മതത്തിന്‍റെ നിയങ്ങളെ ചോദ്യം ചെയ്യുകയും ലംഘിക്കുകയും ചെയ്തുകൊണ്ട് ഒരു പുതിയ നിയമത്തെ യേശു തന്‍റെ ശിഷ്യരുടെ ഇടയില്‍ അവതരിപ്പിച്ചു. അങ്ങനെ യേശു യഹൂദ നിയമങ്ങളെ പൊളിച്ചെഴുതി. പുതിയ നിയമങ്ങളെ ആവിഷ്ക്കരിച്ചുകൊണ്ട് യഹൂദ മതത്തെ നവീകരിക്കാന്‍ ശ്രമിച്ച ഒരു സ്വതന്ത്ര ചിന്തകനായിട്ടാണ് യേശുവിനെ പ്രഥമമായി നാം കാണുന്നത്. യേശുവിന്‍റെ മാനുഷിക തലങ്ങളെ ആശ്രയിച്ചുകൊണ്ടു തന്നെയായിരിക്കണം സ്വതന്ത്ര ചിന്തകനായ യേശുവിനെ നാം അന്വേഷിക്കേണ്ടത്.

യേശുവിന്‍റെ സ്വതന്ത്ര ചിന്തയെക്കുറിച്ച് ചിന്തിക്കുമ്പോള്‍, യേശു ചെയ്ത പ്രധാനപ്പെട്ട ചില യഹൂദ മത നിയമവിരുദ്ധതയെ ഉദാഹരണങ്ങളായി നമുക്ക് സ്വീകരിക്കാം. ‘ശാബത്ത് മനുഷ്യനു വേണ്ടിയാണ്; അല്ലാതെ മനുഷ്യന്‍ ശാബത്തിനു വേണ്ടിയല്ല’ (മാര്‍ക്കോ. 2: 27) എന്ന് യേശു തറപ്പിച്ചു തന്നെ പറഞ്ഞു. ശാബത്ത് ലംഘിക്കുന്നവന് വധശിക്ഷവരെ നടപ്പിലാക്കിയിരുന്ന കാലത്താണ് യേശു ഇത് പരസ്യമായി പറയുന്നത്. സര്‍വ്വ വ്യാപിയായ ദൈവം ആരാധനാലയങ്ങളില്‍ മാത്രം ഒതുങ്ങിക്കിടക്കുന്നില്ല എങ്കിലും ഈ കോവിഡ് കാലത്തുപോലും ആചാരാനുഷ്ഠാനങ്ങളാല്‍ തളയ്ക്കപ്പെട്ടവര്‍ ആയതിനാലാണെല്ലോ പള്ളികളിലേക്ക് പോകാന്‍ വിശ്വാസികള്‍ തിടുക്കം കാണിക്കുന്നത്. ആചാരാനുഷ്ഠാനങ്ങളില്‍ക്കൂടി മാത്രമല്ല ദൈവസാക്ഷാത്കാരം നേടേണ്ടത് എന്ന്, മനുഷ്യന്‍ ശാബത്തിനുവേണ്ടിയല്ല എന്ന ആദര്‍ശത്തിലൂടെ യേശു നമ്മെ പഠിപ്പിക്കുന്നത്. ബലിയല്ല കരുണയാണാവശ്യം (മത്താ. 9: 13) എന്ന് യേശു പഠിപ്പിക്കുമ്പോള്‍ ആചാരാനുഷ്ഠാന ജീവിതമല്ല, മറിച്ച് സഹജീവികളോട് കരുണ കാണിക്കണമെന്ന പ്രമാണത്തിന്‍റെ പ്രാധാന്യത്തെയാണ് നാമിവിടെ കൂട്ടി വായിക്കേണ്ടത്. ആചാരാനുഷ്ഠാനബന്ധിതരായ പുരോഹിത വര്‍ഗത്തിന്‍റെ പൊള്ളത്തരത്തെ തുറന്നു കാട്ടുന്ന പ്രസക്തമായ ഒന്നാണ് നല്ല ശമര്യാക്കാരന്‍റെ ഉപമ (ലൂക്കോ. 10: 2937). ഇന്ന് ക്രിസ്തീയ ദേവാലയങ്ങളില്‍ നടക്കുന്ന കൂദാശ പാരികര്‍മങ്ങളോ പള്ളിപെരുന്നാളുകളോ മറ്റ് നൂറുകൂട്ടം ആചാരാനുഷ്ഠാനങ്ങളോ അല്ല പ്രധാനം, കരുണയാണ് യഥാര്‍ത്ഥ ബലിയെന്ന് യേശു ആ ഉപമവഴി പഠിപ്പിക്കുന്നു.

സീസറിനുള്ള നികുതി സംസാര വിഷയമായപ്പോള്‍, ‘സീസറിന്‍റേതു സീസറിനും ദൈവത്തിന്‍റേതു ദൈവത്തിനും കൊടുക്കുക’ (ലൂക്കോ. 20: 25) എന്ന് യേശു പ്രത്യുത്തരിച്ചു. മതത്തെയും രാഷ്ട്രീയത്തെയും കൃത്യമായി വേര്‍തിരിച്ച് കാണിക്കുകയായിരുന്നു യേശു ഇവിടെ ചെയ്തത്. സ്വാതന്ത്ര ചിന്തകനായ യേശുവിന് രാഷ്‌ട്രീയ മുതലെടുപ്പിനുവേണ്ടി മതത്തെ ദുരുപയോഗം ചെയ്യാന്‍ സാധിക്കുകയില്ല. രണ്ടായിരം വര്‍ഷം കഴിഞ്ഞിട്ടും യേശുവിന്‍റെ പഠനങ്ങള്‍ നടപ്പിലാകുന്നില്ല എന്ന് ഇവിടെ എടുത്തു പറയേണ്ടിയിരിക്കുന്നു. ദരിദ്രനും വിശക്കുവനും പീഡിതനും തെരുവില്‍ കഴിയുന്നവനുമായ സഹോദരന് നിങ്ങള്‍ സഹായം ചെയ്തപ്പോള്‍ നിങ്ങള്‍ എനിക്കാണ് ചെയ്തത് എന്നാണ് യേശു പഠിപ്പിച്ചത് (മത്താ. 25: 40). യേശുവിന്‍റെ ദൈവസങ്കല്പം പോലും അപരനിലായിരുന്നു. ബലിയല്ലാ ദൈവം ആഗ്രഹിക്കുന്നത്; കാരണം തെരുവിലെ വിശക്കുന്നവന്‍റെ കരച്ചിലിലാണ് ദൈവം. സ്നേഹത്തിന്‍റെയും ക്ഷമയുടേയും കാരുണ്യത്തിന്‍റെയുമെല്ലാം ചേര്‍ന്ന ഒരു വിശ്വദര്‍ശനമായിരുന്നു യേശുവിന്‍റേത്. അവനവന്‍റെ ഉള്ളിലാണ് ദൈവം. യേശു പറഞ്ഞു: ‘ഞാനും പിതാവും ഒന്നാണ്’ (യോഹ. 10: 30). സ്വതന്ത്ര ചിന്തയുടെയും സമത്വ ബോധത്തിന്‍റെയുമെല്ലാം ഉദാത്ത ദര്‍ശനങ്ങളാണ് ഇവിടെ നമുക്ക് കാണാന്‍ കഴിയുന്നത്.

സുഹൃത്തുക്കളെ സ്നേഹിക്കുകയും ശത്രുക്കളെ വെറുക്കുകയും ചെയ്തിരുന്ന കാലഘട്ടത്തില്‍ ശത്രുക്കളെ സ്നേഹിക്കുക (മത്താ. 5: 44) എന്ന ഏറ്റവും പ്രബുദ്ധമായ തത്ത്വം പഠിപ്പിച്ച സ്വതന്ത്ര ചിന്തകനാണ് യേശു. പുരോഹിത അടിമത്തത്തില്‍ മനസ്സിനെ തടവറയിലാക്കിയ യഹൂദജനതയെ സ്വതന്ത്രമായി ചിന്തിക്കാന്‍ പഠിപ്പിച്ച സ്വതന്ത്ര ചിന്തകനാണ്, യേശു. യേശു അനുയായികള്‍ക്ക് സ്വതന്ത്ര ചിന്ത ഒഴിച്ചുകൂട്ടാന്‍ പാടില്ലാത്ത ഘടകമാണ്. കാരണം നമ്മുടെ മതവിശ്വാസവും ചിന്താ സ്വാതന്ത്യവും സംയോജിപ്പിക്കണമെന്നാണ് യേശു നമ്മെ പഠിപ്പിക്കുന്നത്. സ്വതന്ത്ര ചിന്തകനായ യേശുവിന്‍റെ പഠനങ്ങളുടെ സത്യവും സൗന്ദര്യവുമാണ് ക്രിസ്തു മതം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top