Flash News

മാതാവ് കുടുംബത്തിന്റെ വെളിച്ചവും പിതാവ് നെടും‌തൂണുമാണ്: ബിഷപ്പ് മാർ ഫിലക്സിനോസ്

June 22, 2020 , പി.പി. ചെറിയാന്‍

ഡാളസ്: ഒരു കുടുംബത്തിന്റെ നെടും‌തൂണാണ് മാതാവ്. പിതാവാകട്ടേ ആ കുടുംബത്തെ ഭദ്രമായി താങ്ങിനിര്‍ത്തുന്ന നെടുംതൂണാണ്. അത് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു എന്ന് നോര്‍ത്ത് അമേരിക്ക യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസനാധിപന്‍ റൈറ്റ് റവ ഡോ ഐസക് മാര്‍ ഫിലക്സിനോസ് പറഞ്ഞു.

ജൂണ്‍ 21 ഞായറാഴ്ച രാവിലെ ഡാളസ് കരോള്‍ട്ടന്‍ മാര്‍ത്തോമാ ചര്‍ച്ചില്‍ നടന്ന പരസ്യാരാധനയില്‍ പങ്കെടുത്തു ധ്യാന പ്രസംഗം നടത്തുകയായിരുന്നു എപ്പിസ്കോപ്പ. പിതൃദിനമായി ഇന്ന് നാം ആചരിക്കുമ്പോള്‍ എല്ലാ പിതാക്കന്മാര്‍ക്കും സന്തോഷിക്കുന്നതിനുള്ള അവസരമാണ്. ഹൃദയാന്തര്‍ഭാഗത്തു ദുഃഖം തളം കെട്ടി നില്‍ക്കുമ്പോളും ആത്മസംയമനം കൈവിടാതെ ചെറുപുഞ്ചിരിയോടെ മറ്റുള്ളവരോട് ഇടപെടുവാന്‍ കഴിയുന്ന നിശ്ശബ്ദമായ, ത്യാഗസമ്പൂര്‍ണ്ണമായ പിതാക്കന്മാരുടെ ജീവിതത്തെ ആദരിക്കപ്പെടുന്നു എന്നതും അവരെ സംബന്ധിച്ചു അഭിമാനകരമാണ്.

എന്നാല്‍, ഒരു കുടുംബത്തിന്റെ സന്തോഷം പൂര്‍ത്തീകരിക്കപ്പെടുന്നത്, ഭവനത്തിന്റെ മാതാവില്‍ നിന്നും പ്രവഹിക്കുന്ന വെളിച്ചം പിതാവായ തൂണില്‍ തട്ടി പ്രതിഫലിക്കുന്ന അനുഭവത്തിലൂടെ കടന്നുപോകുമ്പോള്‍ മാത്രമാണെന്ന് നാം എപ്പോഴും ഓര്‍ത്തിരിക്കണമെന്നു തിരുമേനി ഉദ്ബോധിപ്പിച്ചു. എന്നാൽ ഇതിനൊക്കെ ഉപരിയായി നമ്മുടെയെല്ലാം പിതാവായ, സര്‍വ സൃഷ്ടിക്കും മുഖാന്തിരമായ ദൈവത്തെ നാം ദിനംതോറും സ്മരിക്കുകയും അവന്റെ കല്പനകള്‍ പ്രമാണിച്ചു ജീവിക്കുകയും ചെയ്യുമ്പോള്‍ ജീവിതത്തില്‍ അനുഭവിക്കുന്ന സന്തോഷം മറ്റെന്തിനേക്കാളും അവര്‍ണ്ണനാതീതമായിരിക്കുമെന്നും തിരുമേനി പറഞ്ഞു. തുടര്‍ന്നു സഭയായി ഞായറാഴ്ച നിശ്ചയിക്കപ്പെട്ടിരിക്കുന്ന “എന്താണ് ആരാധന” എന്ന വിഷയത്തെക്കുറിച്ചും തിരുമേനി പ്രതിപാദിച്ചു. വിശ്വാസ ജീവിതത്തിന്റെ പ്രഘോഷണ അനുഭവമായി ആരാധന മാറണമെന്നും തിരുമേനി പറഞ്ഞു.

കോറോണ വൈറസ് വ്യാപകമായതിനു മൂന്ന് മാസങ്ങള്‍ക്കു ശേഷം ആദ്യമായാണ് ഭദ്രാസന ആസ്ഥാനത്തിന് പുറത്തു ഇങ്ങനെ ഒരു ആരാധന നടത്തുന്നതിന് അവസരം ലഭിച്ചതെന്നും ഇതിനു അവസരം ഒരുക്കി തന്ന കരോള്‍ട്ടന്‍ വികാരി റവ. തോമസ് മാത്യു, ഭദ്രാസന മീഡിയ കമ്മിറ്റി അംഗവും സഭാ മണ്ഡലം പ്രിതിനിധിയുമായ ഷാജി രാമപുരം, ട്രസ്റ്റി ഭായ് എബ്രഹാം, ലേ ലീഡര്‍ ജോര്‍ജ് തോമസ്, സാം സജി, ജിമ്മി മാത്യു തുടങ്ങിയ കമ്മറ്റി അംഗങ്ങളെ തിരുമേനി അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു. വികാരി റവ. തോമസ് മാത്യു തിരുമേനിയെ സ്വാഗതം ചെയ്യുകയും ആമുഖ പ്രസംഗം നടത്തുകയും ചെയ്തു.

ഇടവക സെക്രട്ടറി സജു കോരാ തിരുമേനിയെ പൂച്ചെണ്ടു നല്‍കി ആദരിച്ചു. ഡാളസില്‍ കഴിഞ്ഞ മൂന്ന് ആഴ്ച്ചയായി ദേവാലയം തുറന്നു നിലവിലുള്ള നിര്‍ദേശങ്ങള്‍ക്കു വിധേയമായി പരിമിതമായ അംഗങ്ങളെ ഉള്‍പ്പെടുത്തി ആരാധന നടത്തുന്ന ഏക മാര്‍ത്തോമാ ദേവാലയമാണ് കരോള്‍ട്ടന്‍ മാര്‍ത്തോമാ ചർച്ച്. പ്രത്യേക അതിഥികളായി ഭദ്രാസന ട്രഷറർ ഫിലിപ്പ് തോമസ് സി പി എ, എബി ജോര്‍ജ് (ആര്‍ എ സി) എന്നിവര്‍ കുടുംബസമേതം പങ്കെടുത്തിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top