ഒന്നാം സ്ഥാനവും മാസ്‌കും

നാട്ടിലെ ഒരു ആന്‍റിയോട് സംസാരിക്കുകയായിരുന്നു. വിദ്യാഭ്യാസമുള്ള ആളാണ്. സര്‍ക്കാര്‍ ജോലിയുമുണ്ടായിരുന്നു. കുടുംബമായി കോണ്‍ഗ്രസുകാര്‍ ആണ്.

സംഭാഷണത്തിനിടയില്‍ ഇവിടത്തെ കൊവിഡ് കാര്യങ്ങള്‍ ആന്‍റി എന്നോട് അന്വേഷിച്ചു. ലാലും കുടുംബവും സുരക്ഷിതമാണല്ലോ എന്ന് ചോദിച്ചു. എന്നാണ് നാട്ടിലേയ്ക്ക് വരാന്‍ പരിപാടി എന്നും ചോദിച്ചു. ‘സൂക്ഷിക്കണേ ലാല്‍’ എന്ന് സ്നേഹത്തോടെ പറഞ്ഞു. ‘ആന്‍റിയും സൂക്ഷിക്കണേ’ എന്ന് ഞാന്‍ തിരികെ പറഞ്ഞു. അതിനുള്ള ആന്‍റിയുടെ മറുപടി കേട്ട് ഞാന്‍ ഞെട്ടി. ‘ലാലേ ഈ ഗള്‍ഫുകാരെല്ലാം കൂടി തിരികെ വന്നാല്‍ പ്രശ്നമാവില്ലേ, കേരളത്തിന്‍റെ ഒന്നാം സ്ഥാനം പോകില്ലേ?’ ഇതാണ് നിഷ്കളങ്കരായ പല മനുഷ്യര്‍ക്കും കിട്ടിയിരിക്കുന്ന അറിവ്. അതില്‍ പാര്‍ട്ടി വ്യത്യാസമില്ല.

ഇന്ന് മറ്റൊരു വീഡിയോ കണ്ടു. വല്ലാത്ത വേദന തോന്നി. ഗള്‍ഫില്‍ നിന്ന് വന്നയാള്‍ക്ക് നേരെ നാട്ടുകാര്‍ ശകാരവര്‍ഷം ചൊരിയുന്നു. നാട്ടില്‍ വന്നു പെട്ട ആക്രമണകാരിയായ ഒരു വന്യമൃഗത്തെ വളയുന്നതുപോലെ അയാള്‍ക്ക് ചുറ്റും, എന്നാല്‍ സുരക്ഷിത അകലം പാലിച്ച്. അയാളെ കൊണ്ടുവന്ന ആംബുലന്‍സ് അവിടെത്തന്നെയുണ്ട്. കുറേ പോലീസുകാര്‍ ആരോടൊക്കെയോ ഗര്‍ജിക്കുന്നു.

കയ്യിലുണ്ടായിരുന്നതും കടം വാങ്ങിയതും അതിന്‍റെ കൂടെ വീട്ടിലെ പെണ്ണുങ്ങളുടെ കഴുത്തിലെ താലിമാലയുള്‍പ്പെടെ വിറ്റതിന്‍റെ പണവും ചേര്‍ത്ത് വിസയൊപ്പിച്ച് ഗള്‍ഫില്‍ പോയവരെ എനിക്ക് നേരിട്ടറിയാം. ഗള്‍ഫില്‍ എ.സി. റൂമിലിരുന്ന് ജോലിചെയ്യാന്‍ പോയവരല്ല. നാട്ടില്‍ ചെറിയ പണികള്‍ ചെയ്യാന്‍ സ്വന്തവും വീട്ടുകാരുടെയും അഭിമാനം അനുവദിക്കാത്തതിനാല്‍ പുറത്തുപോയവര്‍ അക്കൂട്ടത്തിലുണ്ട്. ഗള്‍ഫില്‍ പോയാല്‍ എന്നെങ്കിലും ഒരു നല്ല ജോലി കിട്ടുമെന്നും ധനികരാകാമെന്നും സ്വപ്നം കണ്ട് പോയ മനുഷ്യര്‍ ഉണ്ട്. അവരെയൊക്ക കഴിഞ്ഞതവണ പോലും യാത്രയാക്കാനും സ്വീകരിക്കാനും ഒക്കെ വിമാനത്താവളത്തില്‍ തിരക്കുണ്ടാക്കിയവരാണ് ബന്ധുക്കളും അയല്‍ക്കാരുമായ നമ്മള്‍.

രോഗവ്യാപനം തുടങ്ങിയ സമയത്തേ ഞങ്ങള്‍ പലരും പറയുന്നുണ്ടായിരുന്നു, രോഗം ആരുടേയും കുറ്റമല്ല എന്നും രോഗികളെ കുറ്റവാളികളെപ്പോലെ കാണരുത് എന്നും. എന്നാല്‍ ഉത്തരവാദപ്പെട്ട മന്ത്രിമാരില്‍ നിന്ന് പോലും ആദ്യ ദിനങ്ങളില്‍ രാജ്യത്തിന് പുറത്തു നിന്നു വന്ന മനുഷ്യര്‍ക്ക് ശകാരം കേള്‍ക്കേണ്ടി വന്നു. ഇതൊക്കെ നാട്ടിലെ മനുഷ്യര്‍ക്ക് നല്‍കുന്ന സന്ദേശം മറ്റൊന്നാണ്. നാട്ടുകാര്‍ക്ക് ഗള്‍ഫില്‍ നിന്നും വന്നവനോട് ശത്രുത തോന്നാനുള്ള കാരണങ്ങളില്‍ ഇതൊക്കെ പെടും. യാചിക്കാന്‍ വരുന്ന കുഷ്ഠരോഗികളെ ആട്ടിപ്പായിക്കുന്ന ഒരു കാലമുണ്ടായിരുന്നു നമ്മുടെ നാട്ടില്‍. എച്.ഐ.വി. ടെസ്റ്റ് പോസിറ്റിവ് ആയ സ്ത്രീയുടെ വിവരങ്ങള്‍ നാട്ടില്‍ മൈക്ക് അനൗണ്‍സ്മെന്‍റ് നടത്തിയതും അവരെ കല്ലെറിഞ്ഞതും നമ്മുടെ നാട്ടില്‍ ആയിരുന്നു. ആ സ്ത്രീകളില്‍ മിക്കവര്‍ക്കും രോഗം കിട്ടിയത് സ്വന്തം ഭര്‍ത്താവില്‍ നിന്നുമായിരുന്നു എന്നതാണ് കഷ്ടം.

പ്രവാസികളായ എല്ലാ മനുഷ്യരും ടെലിവിഷനിലും പത്രത്തിലും വരുന്ന എല്ലാ വിവരങ്ങളും മനസ്സിലാക്കി കൃത്യതയോടെ പെരുമാറണം എന്ന വാശി ശരിയല്ല. ഒരു നാട്ടിലും അത് നടക്കില്ല. മനുഷ്യരെ ഫാക്ടറിയില്‍ നിര്‍മ്മിച്ചതല്ല. പട്ടാളക്കാരെപ്പോലെ തെരഞ്ഞെടുത്തു നിയമിച്ച് പരിശീലിപ്പിച്ചതല്ല. നമ്മുടെ സമൂഹത്തില്‍ ഒരാളും മറ്റൊരാളെപ്പോലെയില്ല. ഉള്ളവരില്‍ തന്നെ ബുദ്ധിയും വിദ്യാഭ്യാസവും അറിവും ഒക്കെ പലതരത്തിലാണ്. നമുക്കിടയില്‍ ബുദ്ധി കുറഞ്ഞവരുണ്ട്. അറിവില്ലാത്തവരുണ്ട്. ചെറിയ മാനസിക പ്രശ്ങ്ങള്‍ ഉള്ളവരുണ്ട്. വലിയ മാനസിക രോഗികളുണ്ട്. കുറ്റവാളികള്‍ ഉണ്ട്. ഇവരെല്ലാം ചേര്‍ന്നതാണ് സമൂഹം. ലോകത്ത് കൊവിഡ് രോഗം വന്നതുകാരണം ഇവരെല്ലാം ഒറ്റ ദിവസം കൊണ്ട് ആദര്‍ശ പുരുഷന്മാര്‍ ആകണമെന്ന വാശി പിടിക്കരുത്. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പുരോഹിതരും ഒക്കെ അഴിമതി നടത്തുകയും കൈക്കൂലി വാങ്ങുകയും പീഡനം നടത്തുകയും കൊലപാതകം ചെയ്യിക്കുകയും ഒക്കെ ചെയ്തിട്ട് നിയമത്തെ വെട്ടിച്ച് സുഖമായി നടക്കുന്ന നാട്ടിലാണ് രോഗം പകര്‍ത്തുന്നവര്‍ എന്ന പേരില്‍ മനുഷ്യരെ കുറ്റവാളികള്‍ ആക്കുന്നത്. സത്യത്തില്‍ കേരളത്തിലെ മനുഷ്യര്‍ പൊതുവേ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുന്നതായാണ് കാണുന്നത്. അതില്‍ നമുക്ക് അഭിമാനിക്കാന്‍ വകയുണ്ട്.

ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് തിരിക്കണമെങ്കില്‍ ഗള്‍ഫില്‍ തന്നെ കൊവിഡ് ടെസ്റ്റ് ചെയ്ത് നെഗറ്റീവ് ആണെന്ന റിസള്‍ട്ട് വേണമെന്ന സര്‍ക്കാര്‍ തീരുമാനം കരിനിയമമാണ്. അബദ്ധമാണ്. ആരെയും ടെസ്റ്റ് ചെയ്യരുത് എന്നല്ല പറയുന്നത്. മറിച്ച് എല്ലാവരെയും ടെസ്റ്റ് ചെയ്ത് കൊണ്ടുവരുന്നത് നടക്കില്ല എന്നാണ് പറയുന്നത്. ഇനി ടെസ്റ്റ് ചെയ്ത് നെഗറ്റീവ് റിസള്‍ട്ട് കിട്ടിയവരിലും രോഗികള്‍ ഉണ്ടാകാം, ടെസ്റ്റിന്‍റെ അപാകതകള്‍ കാരണം. കൂടാതെ, രോഗം മാറിയാലും ചിലര്‍ ടെസ്റ്റില്‍ പോസിറ്റീവ് ആയി തുടരാം. അവര്‍ക്കും യാത്ര ചെയ്യാന്‍ കഴിയാതെ വരും. വൃദ്ധരെയും മറ്റു രോഗമുള്ളവരെയും ഗര്‍ഭിണികളെയും ഒക്കെ ടെസ്റ്റ് ചെയ്ത് രോഗമില്ല എന്ന് ഉറപ്പാക്കി ഒരേ വിമാനത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കാം. അവര്‍ക്കിടയില്‍ രോഗം പകരാതിരിക്കാന്‍. എന്നാലും ടെസ്റ്റിലെ തെറ്റായ ഫലങ്ങള്‍ നമ്മളെ ചതിക്കാം. ഗള്‍ഫില്‍ ബാച്ചിലര്‍ മുറികളില്‍ തിക്കിത്തിരക്കി ജീവിക്കുന്നവരില്‍ രോഗ സാദ്ധ്യത കൂടുതലാകാം. അവരെ ഒരുമിച്ച് വേറേ വിമാനത്തില്‍ കൊണ്ടുവരാം.

ചുരുക്കിപ്പറഞ്ഞാല്‍ നമുക്ക് നമ്മുടെ നാട്ടുകാരെ ഗള്‍ഫില്‍ ഉപേക്ഷിക്കാന്‍ കഴിയില്ല. അവരെ തിരികെ കൊണ്ടുവരണമെന്ന ഒരു തീരുമാനം സര്‍ക്കാര്‍ എടുക്കണം. അതൊരു രാഷ്ട്രീയ തീരുമാനമാണ്. ആ തീരുമാനമാണ് ആദ്യം വേണ്ടത്. ആ തീരുമാനം നടപ്പാക്കാന്‍ ശാസ്ത്രീയമായ എന്തൊക്കെ നടപടികള്‍ വേണമെന്ന് പിന്നീട് ആലോചിക്കണം. അല്ലാതെ ശാസ്ത്രവശങ്ങള്‍ പറഞ്ഞ് മനുഷ്യരെ ഗള്‍ഫില്‍ ഉപേക്ഷിക്കുകയല്ല വേണ്ടത്.

നാട്ടില്‍ എല്ലാം നന്നായി നടക്കുന്നു, നമ്മള്‍ ലോകത്ത് നമ്പര്‍ ഒന്നാണ് എന്നൊക്കെയുള്ള പ്രചരണങ്ങള്‍ അമിതമായാല്‍ അതും നമുക്ക് തിരിച്ചടിയാകും. ഇത്തരം പ്രചരണങ്ങള്‍ കേട്ട് അമിതമായ ആത്മവിശ്വാസം ഉണ്ടാകുന്നവരാണ് സുരക്ഷിത മാര്‍ഗങ്ങള്‍ തേടാതെ സമൂഹത്തില്‍ ഇറങ്ങി നടക്കുന്നത്. അവരാണ് കൂട്ടം കൂടി നില്‍ക്കുന്നത്. സാമൂഹ്യ അകലം പാലിക്കാതിരിക്കുന്നത്. അവരാണ് മാസ്ക് ഇടാത്തത്.

നമ്മുടെ മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും ആരോഗ്യ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നത് കര്‍ശനമായി ഒഴിവാക്കണം. അല്ലെങ്കില്‍ പൊതുജനത്തിന് അവര്‍ കൊടുക്കുന്ന സന്ദേശം തെറ്റാകും. മന്ത്രിമാര്‍ മാസ്കിടാതെ മാധ്യമങ്ങളോട് സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെടുത്തി ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടപ്പോള്‍ ‘അതിന് മന്ത്രിക്ക് കൊവിഡ് ഇല്ലല്ലോ’ എന്ന് ഫേസ്ബുക്കില്‍ എന്നോട് ചോദിച്ചവരും ഉണ്ട്. മാസ്ക് ധരിക്കാത്ത മന്തിമാര്‍ എന്ത് സന്ദേശമാണ് നല്‍കിയതെന്ന് ഇനി പറയേണ്ടല്ലോ.

ഡോ: എസ്.എസ്. ലാല്‍

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News