കെ.എം. ബഷീറിനെ എം ഡി എഫില്‍ നിന്നും പുറത്താക്കി

കോഴിക്കോട്: സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ മലബാര്‍ ഡവലപ്മെന്റ് ഫോറം പ്രസിഡന്‍റ് സ്ഥാനത്തു നിന്നും കെ എം ബഷീറിനെ പുറത്താക്കി.

സോഷ്യല്‍ മീഡിയയിലും മറ്റും സംഘടനയുടെ ഭാരവാഹികളെയും പ്രമുഖ വ്യക്തിത്വങ്ങളെയും മോശമായി ചിത്രീകരിക്കുകയും, സംഘടന ചെയ്യാത്ത പ്രവര്‍ത്തനങ്ങള്‍ പോലും സംഘടനയുടെ പേരില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നതടക്കമുള്ള സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് പുറത്താക്കല്‍ നടപടിക്ക് കാരണമെന്ന് ജനറല്‍ സെക്രട്ടറി അബ്ദു റഹ്മാന്‍ ഇടക്കുനി, വൈസ് പ്രസിഡന്റ് എസ് എ അബൂബക്കര്‍, ട്രഷറര്‍ സന്തോഷ് വടകര എന്നിവര്‍ അറിയിച്ചു.

സ്വന്തം വീടിന്‍റെ മേല്‍വിലാസത്തില്‍ എം ഡി എഫിന് മൂന്ന് രജിസ്ട്രേഷന്‍ എടുത്തു സമാന്തര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് പൊതുസമൂഹത്തില്‍ സംഘടനയുടെ സല്‍പ്പേരിന് കളങ്കം ചാര്‍ത്തിയതായും യോഗം വിലയിരുത്തി. കഴിഞ്ഞ മൂന്നു മാസമായി സംഘടനാ പ്രവര്‍ത്തനങ്ങളിലൊന്നും ഇദ്ദേഹം സജീവമല്ല. സോഷ്യല്‍ മീഡിയയില്‍ മാത്രം സജീവമാകുകയും മറ്റുള്ളവരുടെ പ്രവര്‍ത്തന പിതൃത്വം ഏറ്റെടുക്കുകയും ചെയ്യുന്നത് സംഘടനക്ക് വലിയ കോട്ടം ഉണ്ടാകുന്നതായും ഭാരവാഹികള്‍ വിലയിരുത്തി.

കെ.എം ബഷീറിനെ എം.ഡിഎഫിന്റെ മുഴുവന്‍ ചുമതലകളില്‍ നിന്നും മാറ്റിയതായും സംഘടനയുടെ പുതിയ താത്കാലിക പ്രസിഡന്‍റായി നിലവിലെ വൈസ് പ്രസിഡന്റ് എസ് എ അബുബക്കറിനെ തിരഞ്ഞെടുത്തതായും ഭാരവാഹികള്‍ പറഞ്ഞു. ഓണ്‍ലൈന്‍ യോഗത്തില്‍ എം ഡി എഫ് വൈസ് പ്രസിഡന്റ് എസ് എ അബുബക്കര്‍ ആദ്ധ്യക്ഷത വഹിച്ചു.

ജന: സെക്രട്ടറി അബ്ദുറഹിമാന്‍ ഇടക്കുനി, ട്രഷറര്‍ സന്തോഷ് കുമാര്‍ വി.പി, ഭാരവാഹികളായ മുഹമ്മദ് ഹസ്സന്‍, ബീന നാരായണന്‍, മിനി എസ് നായര്‍, ഒ.കെ മന്‍സൂര്‍, കെ.സി അബ്ദുറഹിമാന്‍, ഇസ്മായില്‍ പുനത്തില്‍, ഫസ്‌ല ബാനു പി കെ, അഡ്വ. പ്രദീപ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

കോവിഡ് പ്രതിസന്ധി നേരിടുന്ന പ്രവാസി വിഷയങ്ങളില്‍ സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവങ്ങള്‍ക്കെതിരെ നിരവധി സമരങ്ങള്‍ എംഡിഎഫ് ഇതിനകം നടത്തിക്കഴിഞ്ഞു. പ്രവാസികളെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ആദ്യമായി പ്രത്യക്ഷ സമരം നടത്തിയ പൊതുസംഘടന എംഡിഎഫ് ആണ്.

ഗള്‍ഫില്‍ യാത്ര ദുരിതം പേറുന്ന പ്രവാസികളെ നാട്ടിലെത്തിക്കാന്‍ എംഡിഎഫിന്റെ നേതൃത്വത്തില്‍ ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ദുബൈ – കണ്ണൂര്‍ വിമാനം ജൂണ്‍ 24 നു ദുബൈ വിമാനത്താവളത്തില്‍ നിന്നും പറന്നുയരും. കോഴിക്കോട് കണ്ണൂര്‍ വിമാനത്താവളത്തിലേക്കാണ് എംഡിഎഫ് വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്യുന്നത്. യു എ ഇ ചാപ്റ്റര്‍ ഭാരവാഹികളായ അഷ്റഫ് താമരശ്ശേരി (രക്ഷാധികാരി ), ഹാരിസ് കോസ്മോസ് (ചീഫ് കോ. ഓര്‍ഡിനേറ്റര്‍), ജിജു കാര്‍ത്തികപ്പള്ളി, സഹദ് പുറക്കാട്, അന്‍സാരി പയ്യാമ്പലത്ത് എന്നിവരണാണ് യു.എ ഇയില്‍ നിന്നുള്ള വിമാനങ്ങള്‍ ചാര്‍ട്ട് ചെയ്യുന്നതിന് നേതൃത്വം നല്‍കുന്നത്.

ഒരൊറ്റ ദിവസം കൊണ്ട് 1500 ലധികം പേരാണ് എംഡിഎഫ് ലിങ്കില്‍ പേര് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ രോഗികള്‍, ഗര്‍ഭിണികള്‍ മറ്റ് പ്രയാസങ്ങള്‍ നേരിടുന്നവര്‍ എന്നിങ്ങനെ തരംതിരിച്ചാണ് ആദ്യ വിമാനത്തില്‍ പരിഗണന നല്‍കിയത്.

യുഎസ്എ, കാനഡ, ഓസ്‌ട്രേലിയ, മിഡില്‍ ഈസ്റ്റ്, ബംഗളൂരു, ചെന്നൈ അടക്കം മലബാര്‍ ഡവലെപ്പ്മെന്റ് ഫോറത്തിന്‍റെ മുപ്പതോളം വരുന്ന ചാപ്റ്ററുകളുടെ സഹകരണത്തോടെ എം.ഡി.എഫ് നടത്തിയ കോവിഡ് കാല ഹെല്‍പ്പ് ലൈന്‍ നിരവധി കോവിഡ് രോഗികളക്കം ആയിരക്കണക്കിന് പ്രയാസമനുഭവിക്കുന്നവര്‍ക്ക് സാന്ത്വനമായിട്ടുണ്ട്.

പിറന്ന നാട് പ്രവാസികള്‍ക്കൊപ്പം എന്ന ശീര്‍ഷകത്തില്‍ എംഡിഎഫ് രണ്ട് മാസക്കാലം നടത്തിയ ഓണ്‍ലൈന്‍ വിഡിയോ ക്യാമ്പയിന്‍ എറെ ശ്രദ്ധ നേടിയിട്ടുണ്ട്. എംഡിഎഫ് കോവിഡ് റീച്ച് ടാസ്ക് ഫോഴ്സ് ചീഫ് കോഓര്‍ഡിനേറ്റര്‍ ഷൗക്കത്തലി എരോത്തിന്‍റെ നേതൃത്വത്തില്‍ നടന്ന ക്യാമ്പയിനില്‍ സമുഹത്തിന്‍റെ വിവിധ തുറകളില്‍പ്പെട്ട വ്യക്തിത്വങ്ങള്‍ പങ്കെടുത്തു. ഈ ക്യാമ്പയിനിലൂടെ പ്രവാസികളെ തിരിച്ചുകൊണ്ടുവരുന്നതടക്കം പ്രവാസികളുടെ പ്രശ്നങ്ങള്‍, സര്‍ക്കാറുകളുടെ മുമ്പില്‍ എത്തിക്കാനും കഴിഞ്ഞു.

ലോകത്തെമ്പാടുമുള്ള മലബാറിലെ സാമുഹ്യ സംസ്ക്കാരിക രാഷ്ടിയ പ്രവര്‍ത്തകരെ ഒരു കുടക്കീഴില്‍ അണിനിരത്തുന്ന ഫോറമായിട്ടാണ് എംഡിഎഫ് പ്രവര്‍ത്തിക്കുന്നത്. മലബാറിന്‍റെ വികസന വിഷയങ്ങള്‍ ത്വരിതപ്പെടുത്താന്‍ ശ്രമിക്കുകയാണ് മലബാര്‍ ഡവലപ്മെന്റ് ഫോറത്തിന്‍റെ പ്രവര്‍ത്തന ലക്ഷ്യമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

പത്രസമ്മേളനത്തില്‍ എംഡിഎഫ് പ്രസിഡന്റ് എസ് എ അബുബക്കര്‍, ജന. സെക്രട്ടറി അബ്ദുറഹിമാന്‍ ഇടക്കുനി, ട്രഷറര്‍ വി.പി സന്തോഷ് കുമാര്‍, സെക്രട്ടറിമാരായ ഒ.കെ. മന്‍സൂര്‍, ഇസ്മായില്‍ പുനത്തില്‍ എന്നിവര്‍ പങ്കെടുത്തു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment