അമേരിക്കയില്‍ വിദേശ തോഴിലാളികള്‍ക്ക് തിരിച്ചടി; H1B, H2B വിസകള്‍ താത്ക്കാലികമായി നിര്‍ത്തി വെക്കുന്ന ഉത്തരവില്‍ ട്രം‌പ് ഒപ്പു വെച്ചു

വാഷിംഗ്ടണ്‍: വിദേശ തൊഴിലാളികള്‍ക്ക് തിരിച്ചടിയാകുന്ന ഉത്തരവില്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രം‌പ് ഒപ്പുവെച്ചു. പുതിയ നിയമമനുസരിച്ച് എച്ച് വണ്‍ ബി, എച്ച്2ബി അടക്കം തൊഴില്‍ വിസകള്‍, എജ്യുക്കേഷന്‍ എക്സ്ചേഞ്ച് വിസ മുതലായവ അനുവദിക്കുന്നത് നിര്‍ത്തിവച്ചാണ് ട്രംപ് ഉത്തരവിറക്കിയത് ഐടി പ്രൊഫഷനലുകളടക്കം ഇന്ത്യയില്‍ നിന്ന് യുഎസിലേക്കു പോകുന്നവരെ പ്രതികൂലമായി ബാധിക്കുന്നതാണ് തീരുമാനം. വിദേശ തൊഴിലാളികള്‍ക്കു മൊത്തത്തില്‍ വലിയ തിരിച്ചടിയാകുന്ന ഈ നിയമത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

ഈ വര്‍ഷത്തേക്ക് എച്ച് വണ്‍ ബി അടക്കമുള്ള തൊഴില്‍ വിസകള്‍ നല്‍കേണ്ടതില്ലെന്നാണ് ട്രംപിന്‍റെ നിര്‍ദേശം. കൊവിഡ് പശ്ചാത്തലത്തിലെ സാമ്പത്തിക പ്രതിസന്ധി മൂലം തൊഴില്‍ നഷ്ടമായ ദശലക്ഷക്കണക്കിന് അമെരിക്കക്കാര്‍ക്ക് ജോലി കിട്ടാന്‍ ഈ നടപടി അനിവാര്യമാണെന്നാണ് ട്രം‌പിന്റെ നിലപാട്. നവംബറിലെ യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനു മുന്‍പുള്ള ട്രംപിന്‍റെ നിര്‍ണായക രാഷ്ട്രീയ നീക്കം കൂടിയാണിത്. നിരവധി ബിസിനസ് സംഘടനകളും പാര്‍ലമെന്‍റ് അംഗങ്ങളും മനുഷ്യാവകാശ സംഘടനകളും ഈ നീക്കത്തിനെതിരേ രംഗത്തുവന്നു. എന്നാല്‍, അതെല്ലാം അവഗണിക്കുകയായിരുന്നു പ്രസിഡന്‍റ്.

ഇന്ത്യയില്‍ നിന്നുള്ള ഐടി പ്രൊഫഷനലുകളെ ഇതു വലിയ തോതില്‍ ബാധിക്കും. നിരവധി അമെരിക്കന്‍, ഇന്ത്യന്‍ കമ്പനികള്‍ പ്രതിസന്ധിയിലാവും. അടുത്തവര്‍ഷം മുന്നില്‍ക്കണ്ട് മുന്‍കൂട്ടി എച്ച് വണ്‍ ബി വിസകള്‍ക്ക് കൃത്യമായ പദ്ധതികളിട്ടിരിക്കുന്ന നിരവധി സ്ഥാപനങ്ങളുണ്ട്. അവര്‍ക്കെല്ലാം സര്‍ക്കാര്‍ അംഗീകാരം കിട്ടുന്നതിന് ചുരുങ്ങിയത് ഈ വര്‍ഷം മുഴുവന്‍ കാത്തിരിക്കേണ്ടി വരും. വിസ പുതുക്കാനിരിക്കുന്ന നിരവധി ഇന്ത്യന്‍ ഐടി പ്രൊഫഷനലുകള്‍ വഴിയാധാരമാകും.

ഇതിനൊപ്പം പുതിയ ഗ്രീന്‍ കാര്‍ഡുകള്‍ അനുവദിക്കുന്നതിന് നേരത്തേ ഏര്‍പ്പെടുത്തിയ വിലക്ക് ഈ വര്‍ഷം അവസാനം വരെ നീട്ടിയിട്ടുമുണ്ട്. കൊവിഡിന്‍റെ മറവില്‍ കുടിയേറ്റ നിരോധനമാണ് ട്രംപിന്‍റെ ലക്ഷ്യമെന്നാണ് എതിരാളികള്‍ ആരോപിക്കുന്നത്. എന്നാല്‍, സാമ്പത്തിക വ്യവസ്ഥയുടെ ഓരോ മേഖലയിലും അമെരിക്കന്‍ തൊഴിലാളികള്‍ക്ക് അവരുടെ നാട്ടില്‍ വിദേശികളോടു മത്സരിക്കേണ്ടിവരുന്നു എന്നാണ് ട്രംപ് ചൂണ്ടിക്കാട്ടുന്നത്. താത്കാലിക ജോലിക്കെത്തുന്നവര്‍ പിന്നീട് കുടുംബസമേതമാവുന്നു. അവര്‍ അമെരിക്കക്കാരോടു മത്സരിക്കുന്നു. അസാധാരണ സാഹചര്യങ്ങളില്‍ ഇത് ഒട്ടും അനുവദിക്കാനാവില്ല. വിസകളില്‍ ചില നിയന്ത്രണങ്ങള്‍ അനിവാര്യമാണ്. ആവശ്യത്തിലും കൂടുതല്‍ തൊഴിലാളികളുണ്ടായാല്‍ അതു തൊഴില്‍ വിപണിയിലെ അമെരിക്കന്‍ യുവാക്കളുടെ താത്പര്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇതുപോലുള്ള പ്രതിസന്ധികാലത്ത് വിദേശ തൊഴിലാളികളെ അമെരിക്കന്‍ തൊഴില്‍ വിപണിയില്‍ അനുവദിക്കുമ്പോള്‍ വലിയ കരുതല്‍ വേണമെന്ന് ട്രംപ് ഭരണകൂടം പറയുന്നു. ആഭ്യന്തര തൊഴിലില്ലായ്മ കുതിച്ചുയരുകയാണ്. അതു മുന്നില്‍ കണ്ടാണു നടപടി ട്രംപ് ഭരണകൂടം പറയുന്നു. അമെരിക്കയില്‍ ഒരിക്കലും ഇല്ലാത്ത വിധത്തില്‍ തൊഴിലില്ലായ്മ കൂടുന്നു എന്നാണ് ട്രംപ് വ്യക്തമാക്കുന്നത്.

Print Friendly, PDF & Email

Leave a Comment