Flash News

ന്യൂജെഴ്സിയില്‍ ഇന്ത്യന്‍ വംശജരായ അമ്മയും മകളും മുത്തച്ഛനും നീന്തല്‍ക്കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍

June 23, 2020 , പി.പി. ചെറിയാന്‍

ന്യൂജെഴ്സി: ന്യൂജെഴ്സി ഈസ്റ്റ് ബ്രൗണ്‍സ്‌വിക്കിലുള്ള വീടിന്റെ പുറകിലെ നീന്തല്‍ക്കുളത്തില്‍ അമ്മയേയും 8 വയസ്സുള്ള മകളേയും മുത്തച്ഛനേയും മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഭരത് പട്ടേല്‍ (62‌), മരുമകള്‍ നിഷാ പട്ടേല്‍ (33), നിഷയുടെ എട്ട് വയസ്സുള്ള മകള്‍ എന്നിവരാണ് മരിച്ചത്.

ജൂണ്‍ 22 തിങ്കളാഴ്ച വൈകീട്ട് വീടിനു പുറകില്‍ നിന്നും നിലവിളി കേട്ടാണ് അയല്‍ക്കാര്‍ പോലീസിനെ വിവരമറിയിച്ചത്. സംഭവസ്ഥലത്തെത്തിയ പോലീസ് മൂന്നുപേരും നീന്തല്‍ക്കുളത്തില്‍ മുങ്ങിക്കിടക്കുന്നതാണ് കണ്ടത്. ഉടന്‍‌തന്നെ മൂന്നുപേരെയും പുറത്തെടുത്ത് സിപിആര്‍ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭസ്ഥലത്തുവെച്ചു തന്നെ മൂന്നു പേരും മരിച്ചതായി പോലീസ് പറയുന്നു.

കുട്ടിയുടെ മാതാവില്‍ നിന്നാണ് നിലവിളി ഉയര്‍ന്നതെന്ന് സമീപവാസികള്‍ പറഞ്ഞു.

നാലടി താഴ്ചയുള്ള നീന്തല്‍ക്കുളത്തില്‍ മൂന്നു പേരും മുങ്ങിമരിച്ചതാകാമെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ നിന്നും മനസ്സിലാകുന്നതെന്ന് ഈസ്റ്റ് ബ്രൗണ്‍സ്‌വിക്ക് പോലിസ് ലഫ്റ്റനന്റ് ഡേവിഡ് സട്ടര്‍ പറഞ്ഞു. വൈദ്യുതാഘാതമേറ്റതിന്റെ സാധ്യതയും തള്ളിക്കളയുന്നില്ല.

വെള്ളത്തില്‍ വീണ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണോ മറ്റു രണ്ടു പേരും മുങ്ങി മരിച്ചതെന്നതുള്‍പ്പടെയുള്ള വിവരങ്ങള്‍ അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു.

ഈയ്യിടെയാണ് ഏകദേശം നാലര ലക്ഷം ഡോളര്‍ വിലവരുന്ന വീട് ഇവര്‍ വാങ്ങിയതെന്ന് അയല്‍‌വാസികള്‍ പറഞ്ഞു. കഴിഞ്ഞ മാസമാണ് ഈ വീട്ടിലേക്ക് താമസം മാറ്റിയത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top