വിവാദ നായിക രഹ്ന ഫാത്തിമ വീണ്ടും വിവാദത്തില്‍, മക്കള്‍ക്ക് ചിത്രം വരയ്ക്കാന്‍ ശരീരം നഗ്നമാക്കി, ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

ചിത്രം വരയ്ക്കാനായി തന്റെ നഗ്ന ശരീരം പ്രായപൂര്‍ത്തിയാകാത്ത മക്കളുടെ മുന്നില്‍ പ്രദര്‍ശിപ്പിച്ച രഹ്ന ഫാത്തിമയ്‌ക്കെതിരെ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിപ്പിച്ചതിനു പിന്നാലെയാണ് ക്രിമിനല്‍ നടപടിക്ക് ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ഉത്തരവിട്ടത്.

ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി എവി അരുണ്‍പ്രകാശ് നല്‍കിയ പരാതിയില്‍ തിരുവല്ല പൊലീസാണ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മുമ്പില്‍ ശരീരപ്രദര്‍ശനം നടത്തുന്നത് കുറ്റകരമാണെന്ന് പരാതിയില്‍ പറയുന്നു. പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപയോഗിച്ചാണ് ഇത്തരം പ്രവൃത്തി ചെയ്തതെന്ന് ബാലാവകാശ കമ്മീഷന്‍ വിലയിരുത്തി. സംഭവത്തെക്കുറിച്ച് പത്തനംതിട്ട ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ അന്വേഷണം നടത്തി പത്തു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും
കമ്മീഷന്‍ അംഗം കെ. നസീര്‍ നിര്‍ദ്ദേശിച്ചു.

വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യാന്‍ പോലീസിന്റെ സൈബര്‍ വിഭാഗം അടിയന്തര നടപടി സ്വീകരിക്കണം. വീഡിയോയില്‍ കാണുന്ന കുട്ടികളുടെ ജീവിത സാഹചര്യത്തെപ്പറ്റിയും അന്വേഷണം നടത്തി പത്തു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

കുട്ടികള്‍ക്ക് ശ്രദ്ധയും പരിരക്ഷയും ആവശ്യമാണോയെന്നും പരിശോധിക്കണം. പോക്സോ ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം കുറ്റകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തേണ്ടത് അനിവാര്യമാണെന്നും കമ്മീഷന്‍ വ്യക്തമാക്കി.

ബോഡി ആന്‍ഡ് പൊളിറ്റിക്‌സ് എന്ന പ്രചരണവാക്യം ഉപയോഗിച്ചാണ് മക്കള്‍ തന്റെ നഗ്നശരീരത്തില്‍ ചിത്രം വരയ്ക്കുന്ന വീഡിയോ രഹ്ന ഫാത്തിമ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. സ്ത്രീ ശരീരത്തെ വെറും കെട്ടുകാഴ്ചകളായി നോക്കിക്കാണുന്ന സദാചാര ഫാസിസ്റ്റ് സമൂഹത്തില്‍ അവര്‍ ഒളിച്ചിരുന്ന് കാണാന്‍ ശ്രമിക്കുന്നത് തുറന്നുകാട്ടുകയെന്നതും രാഷ്ട്രീയ പ്രവര്‍ത്തനം തന്നെയാണെന്ന് വീഡിയോയുടെ ഒപ്പമുള്ള കുറിപ്പില്‍ രഹ്ന ഫാത്തിമ പറയുന്നു.

എന്നാല്‍, പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മുമ്പിലുള്ള നഗ്നതാപ്രദര്‍ശനം കുറ്റകരമാണെന്ന് അഭിഭാഷകന്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് രഹ്ന ഫാത്തിമയ്‌ക്കെതിരെ പൊലീസ് കേസെടുത്തത്. കേവലം പബ്ലിസിറ്റിയ്ക്ക് വേണ്ടി നടത്തുന്ന ഇത്തരം പ്രവണതകള്‍ സമൂഹത്തില്‍ മൂല്യച്യുതിയ്ക്ക് ഇടയാക്കുമെന്നും അതിനാലാണ് പരാതി നല്‍കിയതെന്നും അഭിഭാഷകന്‍ അരുണ്‍ പ്രകാശ് പറയുന്നു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും ഐടി ആക്ട് പ്രകാരവുമാണ് രഹ്ന ഫാത്തിമയ്‌ക്കെതിരെ കേസെടുക്കുന്നതെന്ന് തിരുവല്ല ഡിവൈഎസ്പി അറിയിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment