Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

കേരളം ഭിന്നമാം മതങ്ങള്‍ക്ക് താവളം

June 25, 2020 , ഷക്കീല സൈനു കളരിക്കല്‍

ഇന്ന് ജാതിയുടേയും വര്‍ഗ്ഗീയതയുടേയും പേരില്‍ വരുന്ന വിഷം ചീറ്റലുകള്‍ കാണുമ്പോള്‍ എനിക്കു വളരെയേറെ വിഷമം തോന്നുകയാണ്.

എന്‍റെ ബാല്യത്തിലും കൗമാരത്തിലും യൗവനത്തിലുമൊന്നും ഇത്രയേറെ മത, വര്‍ണ്ണ, വര്‍ഗ്ഗ, വെറികള്‍ ഞാന്‍ ജനിച്ചു വളര്‍ന്ന എന്‍റെ നാട്ടില്‍എനിക്കു കാണേണ്ടി വന്നിട്ടില്ല. ആ കാലഘട്ടത്തില്‍ എല്ലാ ജാതി മതസ്ഥര്‍ക്കും അവരുടെ ദൈവങ്ങള്‍ അവരവരുടെ മനസ്സുകളില്‍ മാത്രം ജീവിച്ചു പോന്നു. ഒരു ദൈവത്തേയും ആരും എടുത്ത് പുറമേ പ്രദര്‍ശനത്തിനു വെക്കുകയോ താരതമ്യപ്പെടുത്തുകയോ അസഹിഷ്ണുത പുലര്‍ത്തുകയോ പരസ്പരം വാഗ്വാദത്തിലേര്‍പ്പെടുകയോ ചെയ്യുകയില്ലായിരുന്നു. എല്ലാവരും അവരവരുടെ ദൈവത്തെ മനസ്സിലും അമ്പലങ്ങളിലും പള്ളികളിലും വെച്ചാരാധിക്കുകയും എല്ലാവരും പരസ്പരം ഏകോദര സഹോദരങ്ങളായി കഴിയുകയും ചെയ്യുന്ന നന്മയുള്ള നാടായിരുന്നു എന്‍റേത്. ഒരു ജാതിയോടും ഒരു വേര്‍തിരിവും ആരും കാണിക്കാറില്ലായിരുന്നു.

ബാല്യത്തില്‍ വാപ്പിച്ച നമസ്കരിക്കാനെഴുന്നേല്‍ക്കുമ്പോള്‍ ഉണരുന്ന എനിക്ക് അക്കരെ അമ്പലത്തില്‍ നിന്നും കേള്‍ക്കുന്ന ‘ജ്ഞാനപ്പാന ‘യും ‘വെങ്കടേശ സുപ്രഭാത ‘വുമൊക്കെ കാതിനു കുളിര്‍മഴയായിരുന്നു.’പ്രഭാതമായ് പൊന്‍ കണിയേകിയാലും’ ‘ഉദിച്ചുയര്‍ന്നു മാമല മേലേ ‘എന്നുള്ള യേശുദാസിന്‍റെ പാട്ടുകളൊക്കെ എത്ര ആനന്ദദായകമായിരുന്നു. അതൊക്കെ കാണാനും കേള്‍ക്കാനുമായി അതിരാവിലെ എഴുന്നേല്‍ക്കുന്നതു തന്നെ ഒരു ആത്മഹര്‍ഷമായിരുന്നു.

വീടിനു മുന്‍വശത്തും പടിഞ്ഞാറു ഭാഗത്ത് അതിരു ചേര്‍ന്നൊഴുകുന്ന പുഴയുടെ അക്കരെയും അമ്പലമാണ്. നോക്കുന്ന ദൂരത്ത് ക്രിസ്ത്യന്‍ പള്ളിയുമുണ്ട്. വീടിന്‍റെ മുന്‍വശത്തെ അമ്പലം കൈപ്പുഴ മഹാദേവര്‍ ക്ഷേത്രം അതിനെ ‘നമ്മുടമ്പലം’ എന്നാണ് ഞങ്ങള്‍ വിളിച്ചിരുന്നത്. രാവിലെ നമ്മുടമ്പലത്തിലെ ‘പോറ്റി’ എന്നു ഞങ്ങള്‍ വിളിക്കുന്ന ‘തിരുമേനി’ വീടിന്‍റെ തെക്കേ അതിരിലുള്ള കുളിക്കടവില്‍ വന്നു കുളിച്ച് ഈറനോടെ വന്ന് വീട്ടില്‍ നിന്ന് പൂക്കള്‍ പറിച്ചു കൊണ്ടുപോയി മാല കെട്ടി ശിവനെ അണിയിച്ചാണ് ഉഷഃപ്പൂജ ചെയ്യുന്നത്. വീട്ടില്‍ അന്ന് ധാരാളം പൂക്കളുണ്ടായിരുന്നു. കൂടുതലും അഞ്ചിതളുള്ള ചെമ്പരത്തിപ്പൂവാണ് പറിക്കുന്നത്. അത്ര അവസ്ഥയുള്ള അമ്പലമായിരുന്നില്ല അത്. തിരുമേനി മാത്രമേ ഉള്ളു ! കഴകത്തിനൊക്കെ ഒരുപാടു നാള്‍ കഴിഞ്ഞാണു ആളു വന്നത്. ആ മാലയുമണിഞ്ഞിരിക്കുന്ന ശിവനെ കാണാന്‍ നാഴികയ്ക്കു നാല്പതു വട്ടം ഞങ്ങളോടി അമ്പലത്തില്‍ പോകുമായിരുന്നു. ഒരു പക്ഷേ ഞങ്ങളാകും ശിവനെ ഏറ്റവുമധികം കണ്ടിരുന്നത്.

അമ്പലത്തില്‍ Record Box ഉം അക്കാലത്ത് ഇല്ലായിരുന്നു. മണ്ഡലപൂജയ്ക്കും വിശേഷാല്‍ ദിവസങ്ങളിലും മാത്രമേ Record Box ഉം കോളാമ്പി മൈക്കുമൊക്കെ എത്താറുള്ളൂ. അക്കരെ അമ്പലത്തിനോട്, മൈക്ക് ഉള്ളതുകൊണ്ട് ആരോഗ്യകരമായ ഒരു കുശുമ്പ് ഞങ്ങള്‍ വെച്ചു പുലര്‍ത്തിയിരുന്നു. നമ്മുടമ്പലത്തില്‍ മൈക്കു വരുന്നതുവരെ അതു നിലനില്‍ക്കുകയും ചെയ്തു പോന്നു.

അതിരാവിലെ മഞ്ഞുപുതച്ചു കിടക്കുന്ന പുഴയില്‍ ധാരാളം ഭക്തജനങ്ങള്‍ വന്നു കുളിച്ചു ഈറനോടെ മഹാദേവരെ തൊഴാന്‍ പോകുന്നത് വീടിന്‍റെ തിണ്ണയിലിരുന്ന് പാട്ടും കേട്ടിരുന്ന് വീക്ഷിക്കുന്നത് എന്തൊരാനന്ദമായിരുന്നു. അങ്ങനെ ജ്ഞാനപ്പാനയും ഭാഗവതവും രാമായണവുമൊക്കെ അത്യാവശ്യം മനസ്സിലാക്കി.

അക്കരെ തൃക്കോതേശ്വരം മഹാദേവര്‍ ക്ഷേത്രം ആള്‍ബലം കൊണ്ടും ഭക്തജനങ്ങളാലും മറ്റും ഉന്നത നിലയിലായിരുന്നെങ്കിലും ഒരു കാര്യത്തില്‍ ഞങ്ങടമ്പലമായിരുന്നു മികച്ചത്. ശിവരാത്രി മഹോല്‍സവം നടത്തുന്ന കാര്യത്തില്‍. വലിയ ട്രൂപ്പുകളുടെ നാടകവും ഗാനമേളയുമൊക്കെ ഉണ്ടാകും. അതിനു എല്ലാവരും ഉദാരമായി സംഭാവന കൊടുത്തിരുന്നു. കോഴിക്കോട് ചിരന്തന, ചങ്ങനാശ്ശേരി ഗീഥാ, കാഞ്ഞിരപ്പള്ളി അമല. ഇടവാ ബഷീര്‍ (ഗാനമേള), കെടാമംഗലം സദാനന്ദന്‍ (കഥാപ്രസംഗം) അങ്ങനെ എത്രയെത്ര കലാസന്ധ്യകള്‍.

ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമായിരുന്നു ശിവരാത്രി മഹോല്‍സവം. ഈ ട്രൂപ്പുകാരൊക്കെ വീട്ടില്‍ വന്ന് വിശ്രമിക്കും. അവരെയൊക്കെ കാണുന്നത് തന്നെ ഭയങ്കര സന്തോഷമാണ്. നാടെങ്ങും ആഘോഷലഹരിയിലായിരിക്കും. വീടു നിറയെ ആളുകളുണ്ടാകും. സ്പെഷ്യല്‍ ഐറ്റംസ് ഒക്കെ കാണും. യാത്ര ചെയ്തു ക്ഷീണിച്ചു വരുന്ന കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും ഇതൊക്കെ കൊടുത്ത് സല്‍ക്കരിക്കും. അവരെ ആരാധനയോടെ കണ്ടു നില്‍ക്കും.

വീടും റോഡും പരിസരങ്ങളും പ്രഭാപൂരിതമാകും. അതുപോലെ തയൊയിരുന്നു പള്ളിപ്പെരുന്നാളും. ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മപ്പെരുാളായിരുന്നു കൊണ്ടാടിയിരുന്നത്. റാസായും വെടിക്കെട്ടുമൊക്കെയായി സന്തോഷത്താല്‍ ആറാടിയിരുന്നു. ഒത്തിരി സുന്ദരന്മാരും സുന്ദരിമാരും നിറഞ്ഞ ഘോഷയാത്ര കാണുന്നത് ഒരു ലഹരിയായിരുന്നു. റാസയുടെ മുന്നില്‍ എല്ലാവര്‍ക്കും ആശീര്‍വാദം കൊടുക്കുന്ന തിരുമേനി സ്വര്‍ണ്ണക്കുരിശുമായി വന്ന് ഞങ്ങളെ അനുഗ്രഹിച്ചിരുന്നു.

ഈ സന്തോഷങ്ങളൊന്നും ഇന്നു കാണാനില്ല. ഉല്‍സവങ്ങളുണ്ടെങ്കിലും പള്ളിപ്പെരുന്നാളുകളുണ്ടെങ്കിലും എവിടൊക്കെയോ എന്തൊക്കെയോ സമവായങ്ങളുടെ ഒരു ചേര്‍ച്ച കുറവ് അനുഭവപ്പെടുന്നുണ്ട്.

ഞങ്ങള്‍ ഒരിക്കലും ചെറുപ്പത്തില്‍ കണ്ടുവളര്‍ന്ന സാഹോദര്യത്തില്‍ നിന്നും അണുവിട വ്യതിചലിച്ചിട്ടില്ല. ഞങ്ങള്‍ വളര്‍ന്ന മതപരവും സാംസ്ക്കാരികവുമായ പശ്ചാത്തലം എന്തായിരുന്നുവോ ഞങ്ങളുടെ മക്കളും അതേ പാത പിന്‍തുടരുന്നു. മതമെന്നത് നമ്മളില്‍ മാത്രം …എല്ലാ മതങ്ങളേയും സ്നേഹിക്കുക…… ബഹുമാനിക്കുക…. വിവേചനം പാടില്ല വിവേകത്തെ മുന്‍നിര്‍ത്തുക.

എനിക്കു എന്‍റെ മതം. നിനക്കു നിന്‍റെ മതം. അതു നമ്മുടെ മനസ്സുകളില്‍ മാത്രം പോരേ? വളരെ ‘സംശുദ്ധമായ ‘ അതിനെ പുറമേ എടുത്തിട്ട് അലക്കി വീണ്ടും വീണ്ടും വെളുപ്പിക്കേണ്ടതുണ്ടോ? അതിന്‍റെ നിറത്തിനു മങ്ങലേല്‍പ്പിക്കേണ്ടതുണ്ടോ?

“കേരളം ചെറുതല്ല ഭിന്നമാം മതങ്ങള്‍ക്ക് താവളം
കലാപര സംസ്കാര സേവാതളം.
ഹിന്ദുവും മുസല്‍മാനും ക്രിസ്ത്യനും യഹൂദനും
ഒന്നുപോല്‍ പുലരുന്നിതെത്രയോ ശതാബ്ദമായ്
ഭാഷ കൊണ്ടൊരേ വര്‍ഗ്ഗം വേഷത്തിലൊരേ വര്‍ഗ്ഗം
ഭൂഷ കൊണ്ടൊരേ വര്‍ഗ്ഗം കേരളം പുത്തന്‍ സ്വര്‍ഗ്ഗം”

എന്നു കവി പാടിയതിനെ അന്വര്‍ത്ഥമാക്കാം. കേരളം പുത്തന്‍ സ്വര്‍ഗ്ഗമാകട്ടെ! എല്ലാമനസ്സും വിശാലമാകട്ടെ!

ഈശ്വരന്‍ കയ്യൊപ്പു ചാര്‍ത്തി വിട്ടവരാണ് കലാകാരന്‍മാര്‍. ജാതി നോക്കി അവരെ സ്നേഹിക്കാതെ അവരിലെ പ്രതിഭയെ സ്നേഹിക്കുക. നമ്മളേക്കാള്‍ അനുഗ്രഹിക്കപ്പെട്ടവരാണ് അവര്‍ എന്നോര്‍ത്തിരിക്കുന്നതും നല്ലതാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top