Flash News

മണല്‍ മാഫിയയ്ക്കെതിരെ റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

June 24, 2020 , ആന്‍സി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഉന്നാവോ ജില്ലയിലെ കാണ്‍പൂരിലെ പ്രാദേശിക പത്രത്തിന്റെ റിപ്പോര്‍ട്ടര്‍ കൊല്ലപ്പെട്ടു. മാധ്യമപ്രവര്‍ത്തകന്‍റെ കൊലപാതകത്തിന് പിന്നില്‍ മണല്‍ മാഫിയയും ഭൂ മാഫിയയുമാണെന്ന് ആരോപണമുണ്ട്. കാണ്‍പൂരില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന പത്രമായ കമ്പ്യൂ മെയിലിലെ റിപ്പോര്‍ട്ടറായിരുന്നു കൊല്ലപ്പെട്ടത്.

റിപ്പോര്‍ട്ടനുസരിച്ച് 25 കാരനായ മാധ്യമ പ്രവര്‍ത്തകന്‍ ശുഭം മണി ത്രിപാഠി തന്‍റെ സുഹൃത്തിനൊപ്പം മോട്ടോര്‍ സൈക്കിളില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഉന്നാവോയിലെ ഗംഗഘട്ട് പ്രദേശത്ത് വെച്ചാണ് അജ്ഞാതര്‍ വെടിവെച്ചത്. ഉടന്‍ തന്നെ കാണ്‍പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു.

ജൂണ്‍ 14 ന് ത്രിപാഠി ഫേസ്ബുക്ക് പേജില്‍ തന്റെ റിപ്പോര്‍ട്ട് കാരണം പ്രശസ്തമായ റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ അനധികൃത നിര്‍മ്മാണം ഉപേക്ഷിച്ചതായി എഴുതിയിരുന്നു. ഈ നടപടി മാഫിയയെ പ്രകോപിപ്പിച്ചുവെന്നും തനിക്കെതിരെ വ്യാജ പരാതി ജില്ലാ മജിസ്ട്രേറ്റിന് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം എഴുതി.

ഈ കേസില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മറ്റ് രണ്ട് പേരെ അറസ്റ്റ് ചെയ്യാന്‍ ശ്രമം നടക്കുന്നുണ്ടെന്നും പോലീസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

ത്രിപാഠിയുടെ റിപ്പോര്‍ട്ടിനും ഫേസ്ബുക്ക് പോസ്റ്റിനും മറുപടിയായി പ്രാദേശിക റിയല്‍ എസ്റ്റേറ്റ് വ്യവസായിയായ ദിവ്യ അവസ്തി ത്രിപാഠിയെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയെന്നാണ് അറസ്റ്റിലായ പ്രതി പൊലീസിനോട് പറഞ്ഞത്.

അടുത്തിടെ ഭൂ മാഫിയകളുമായി ശുഭം വഴക്കുണ്ടാക്കിയിരുന്നതായി കമ്പ്യൂ മെയില്‍ ബ്യൂറോ ചീഫ് റിതേഷ് ശുക്ല പറഞ്ഞു. തുടര്‍ന്ന് കൊലപാതക ഭീഷണിയുമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ത്രിപാഠിയുടെ അമ്മാവന്‍ ധീരേന്ദ്ര മണി ത്രിപാഠിയും ദിവ്യ അവസ്തിയാണ് കൊലപാതകത്തിന്റെ കാരണക്കാരനെന്ന് ആരോപിച്ചു.

അതേസമയം, തന്‍റെ ജീവന്‍ അപകടത്തിലാണെന്ന് ത്രിപാഠി പോലീസിനോട് പറഞ്ഞിരുന്നതായി ഉന്നാവോയിലെ മറ്റൊരു പത്രപ്രവര്‍ത്തകനായ വിശാല്‍ മൗര്യ ‘കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേര്‍ണലിസ്റ്റിനോട് (സി.പി.ജെ) പറഞ്ഞു. ജൂണ്‍ 15 ന് ത്രിപാഠി ഉദ്യോഗസ്ഥര്‍ക്ക് ഒരു കത്തെഴുതി. ഇതില്‍ സംശയിക്കപ്പെടുന്ന 10 പേരുടെ പേരുകളും ത്രിപാഠി പരാമര്‍ശിച്ചിട്ടുണ്ട്.

മാധ്യമ പ്രവര്‍ത്തകര്‍ക്ക്, പ്രത്യേകിച്ച് മണല്‍ മാഫിയകള്‍ക്കെതിരെ പ്രതികരിക്കുന്നവര്‍ക്ക് ഏറ്റവും അപകടകരമായ മേഖലയാണ് ഉത്തര്‍പ്രദേശ് എന്ന് റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് (ആര്‍എസ്എഫ്) അഭിപ്രായപ്പെടുു. അനധികൃത മണല്‍ ഖനനം അല്ലെങ്കില്‍ ഭൂമി കൈയേറ്റ പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയോ ആക്രമിക്കപ്പെടുകയോ ചെയ്ത സമീപകാലത്തെ അഞ്ച് സംഭവങ്ങളെങ്കിലും ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഈ സംഘടന (എന്‍ജിഒ) ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കൊലപാതകത്തിന് ഉത്തരവാദികളായവരെ പിടികൂടാന്‍ ഉത്തര്‍പ്രദേശിലെ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ട് സി.പി.ജെ, ആര്‍.എസ്.എഫ്.

സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ മാധ്യമപ്രവര്‍ത്തകരെയും സംരക്ഷിക്കാന്‍ നടപടിയെടുക്കാന്‍ ഉത്തര്‍പ്രദേശ് അധികൃതരോട് അഭ്യര്‍ത്ഥിക്കുന്നുവെന്ന് സി.പി.ജെയുടെ ഏഷ്യ പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ സ്റ്റീവന്‍ ബട്‌ലര്‍ പറഞ്ഞു. ആര്‍ക്കും ആരെയും കൊല്ലാന്‍ കഴിയില്ലെന്ന് ഉറപ്പാക്കുന്നത് എല്ലാവര്‍ക്കുമുള്ള ഏറ്റവും ഫലപ്രദമായ പരിഹാരമാണെന്ന് അദ്ദേഹം പറഞ്ഞു.

ആര്‍എസ്എഫിന്‍റെ ഏഷ്യ-പസഫിക് ഡസ്ക് മേധാവി ഡാനിയേല്‍ ബാസ്റ്റാര്‍ഡ് പറഞ്ഞു, ശുഭം ത്രിപാഠിയുടെ കൊലപാതകത്തിന്‍റെ എല്ലാ വശങ്ങളും വെളിച്ചത്തുകൊണ്ടു വരാന്‍ ഒരു സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് ഞങ്ങള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.

ഉത്തരേന്ത്യയിലെ ഈ പ്രദേശത്തെ മണല്‍ മാഫിയകളും പ്രാദേശിക പോലീസ് മേധാവികളും തമ്മിലുള്ള അവിശുദ്ധ ബന്ധം കാരണം റിപ്പോര്‍ട്ടിംഗുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയാലും ഒരു നടപടിയും കൂടാതെ പോലീസ് അന്വേഷണം എല്ലായ്പ്പോഴും അവസാനിപ്പിക്കാറാണ് പതിവെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പുനല്‍കുന്ന ഒരു നിയമത്തിലൂടെ അരക്ഷിതാവസ്ഥയുടെ ഈ ദുഷിച്ച പ്രവണത തകര്‍ക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ത്രിപാഠിയുടെ കൊലപാതകത്തിന് ഒരു ദിവസം മുമ്പ് ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ ന്യൂസ് പോര്‍ട്ടല്‍ സ്ക്രോള്‍.ഇന്‍ എക്സിക്യൂട്ടീവ് എഡിറ്റര്‍ സുപ്രിയ ശര്‍മയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ലോക്ക്ഡൗണ്‍ സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ദത്തെടുത്ത ഗ്രാമത്തിലെ പട്ടിണി റിപ്പോര്‍ട്ട് ചെയ്തതിനാണ് അവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

അതേസമയം, ലോക്ക്ഡൗണ്‍ സമയത്ത് രാജ്യത്തുടനീളം 55 മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും, കസ്റ്റഡിയില്‍ വെയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി ദില്ലി ആസ്ഥാനമായുള്ള റൈറ്റ്സ് ആന്‍ഡ് റിസ്ക് അനാലിസിസ് ഗ്രൂപ്പ് (പ്രാഗ്) റിപ്പോര്‍ട്ട് ചെയ്തു.

ലോക പ്രസ് സൂചികയില്‍ ഇന്ത്യ നിരന്തരം താഴ്ന്നുകൊണ്ടിരിക്കുകയാണ്. പാരീസ് ആസ്ഥാനമായുള്ള റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് പുറത്തിറക്കിയ 2020 സൂചികയില്‍ ഇന്ത്യ 142ാം സ്ഥാനത്താണ്. അയല്‍രാജ്യങ്ങളായ നേപ്പാള്‍, ഭൂട്ടാന്‍, ശ്രീലങ്ക എന്നിവയേക്കാള്‍ വളരെ താഴെ.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top