ഹ്യൂസ്റ്റണ്‍: കേരളാ റൈറ്റേഴ്സ് ഫോറത്തിന്റെ സാഹിത്യ സമ്മേളനം ജൂണ്‍ 21 ഞായറാഴ്ച പ്രസിഡന്റ് ഡോ. മാത്യു വൈരമണ്ണിന്റെ അദ്ധ്യക്ഷതയില്‍ നടത്തി. അദ്ദേഹം പിതൃദിനത്തിന്റെ ആശംസകള്‍ എല്ലാവര്ക്കും നേര്‍ന്നു. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ജോണ്‍ മാത്യു എല്ലാവര്ക്കും സ്വാഗതം ആശംസിച്ചു പരിപാടിയുടെ രൂപരേഖ അവതരിപ്പിച്ചു. പബ്ലിഷിംഗ് കോ-ഓര്‍ഡിനേറ്റര്‍ മാത്യു നെല്ലിക്കുന്ന് അടുത്ത വര്‍ഷത്തേക്കുള്ള സാഹിത്യ സമാഹരങ്ങളിലേക്കുള്ള രചനകള്‍ അംഗങ്ങളോടും എഴുത്തുകാരോടും നല്കാന് അഭ്യര്‍ത്ഥിച്ചു.
ടെലികോണ്‍ഫറന്‍സ് വഴി നടത്തിയ ഈ മീറ്റിംഗില്‍ ബാബു കുരവയ്ക്കല്‍ ‘ഗ്യാരി ബ്രൗണ്‍ ‘ എന്ന തന്റെ കഥ അവതരിപ്പിച്ചു. കുരവയ്ക്കല്‍ തന്റെ കഥയില്‍ ഗ്യാരി ബ്രൗണ്‍ എന്ന വ്യക്തിയുടെ ജീവിതത്തിന്റെ രണ്ടു വശങ്ങള് ചിത്രീകരിക്കുകയുണ്ടായി. നല്ലൊരു ജോലിക്കാരന് പക്ഷേ വീടില്ല ഓഫീസില്‍ അന്തിയുറങ്ങുന്നു. ഭാര്യ വഞ്ചിച്ചു കടന്നു പോയി. ജീവനാംശം കൊടുക്കാന്‍ വീഴ്ച വരുത്തിയതുകൊണ്ട് ഓഫീസില്‍ നിന്നും പോലീസ് അറസ്റ്റു ചെയ്തു കൊണ്ടു പോകുന്നതു് മാനേജര്‍ നിസ്സഹായനായി നോക്കി നില്ക്കുന്നു. ഈ കഥയിലൂടെ അമേരിക്കയിലെ ശിഥിലമാകുന്ന കുടുംബബന്ധങ്ങള്‍, വിവാഹമോചനങ്ങള്‍ ഉയര്‍ത്തുന്ന സാമൂഹ്യവും സാമ്പത്തികവുമായ പ്രശ്നങ്ങള്‍ തൊഴിലില്ലായ്മ, ദാരിദ്ര്യം എന്നിവയിലേക്ക് കഥാകൃത്ത് വിരല്‍ചൂണ്ടുന്നു.
തുടര്‍ന്ന് ജോണ്‍ കുന്തറ അദ്ദേഹത്തിന്റെ ‘കലണ്ടര്‍ 2020’ എന്ന ലേഖനം അവതരിപ്പിക്കുകയുണ്ടായി. കോവിഡിന്റെ പശ്ചാത്തലത്തില്‍ മനുഷ്യ ജീവിതത്തിലും കലണ്ടറുകളിലും വന്ന മാറ്റങ്ങള്‍ അദ്ദേഹം ചിത്രീകരിക്കുന്നു. കോവിഡ് കാരണം ഉണ്ടായ മനുഷ്യ ജീവിതത്തിലെ അനിശ്ചിതത്വം, റദ്ദു ചെയ്യപ്പെട്ട പരിപാടികള്‍, യാത്രകള്‍. കൂട്ടിലടയ്ക്കപ്പെട്ട കിളികള്‍ മാതിരി ജീവിക്കുന്ന മനുഷ്യരുടെ മനസ്സിലെ കാര്‍മേഘങ്ങള്‍ പെരുമഴയായി മാറുന്നു. പുതുവര്‍ഷത്തിലെ ശുഭാപ്തിവിശ്വാസം ഭീതിയായി മാറുന്നു. ദിനചര്യകള്‍ മാറുന്നു. ഈ മഹാമാരിയെ നേരിടാന്‍ പുതിയ ആശയങ്ങള്‍ അദ്ദേഹം അവതരിപ്പിക്കുന്നു. ശുഭാപ്തി വിശ്വാസം വീണ്ടെടുക്കാന്‍ നമ്മെ ഉദ്ബോധിപ്പിക്കുന്നു. ഇന്ന് ഇരുട്ടില്‍ ജീവിക്കുന്ന മനുഷ്യന് ശുഭാപ്തി വിശ്വാസത്തോടെ പണ്ട് വസൂരി വന്ന ദിനങ്ങളെ അതിജീവിച്ചതുപോലെ മുന്നോട്ടു പോകണം എന്ന സന്ദേശമാണ് അദ്ദേഹം നല്‍കുന്നത്.
തുടര്‍ന്ന് ജോണ്‍ തൊമ്മന് തന്റെ ”പൂജാ കൗണ്‍സിലിംഗ് സെന്റര്‍” എന്ന കഥ വായിക്കുകയുണ്ടായി. കുമാരന് എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ച് കുമാരന്റെ ജീവിതത്തിന്റെ വളര്‍ച്ചയും തളര്‍ച്ചയും ഭംഗിയായി കഥാകൃത്ത് ചിത്രീകരിക്കുന്നു. ഒരു മരത്തില്‍ നിന്നും വീണ വീഴ്ചയില്‍ നട്ടെല്ലിന് ക്ഷതം സംഭവിച്ച് തളര്ബാധ രോഗിയായി മാറുന്ന കുമാരനെ പരിപാലിക്കാന്‍ ബുദ്ധിമുട്ടു കാണിക്കുന്ന ബന്ധുക്കള്‍, അനാഥ ശാലയിലേക്ക് കൊണ്ടു പോകാന്‍ ശ്രമിക്കുന്ന സഹോദരങ്ങള്‍ ഇവ മലയാളി ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങളായി ചൂണ്ടിക്കാണിക്കുന്നു. അവരില്‍ നിന്നും രക്ഷപെട്ട് സ്വതന്ത്രനായി ജീവിതം കരുപ്പിടിപ്പിക്കുന്ന കുമാരന് നാട്ടുകാരുടെ കണ്ണിലുണ്ണിയാകുന്നു. പലരുടേയും ജീവിതത്തിന് അത്താണിയായി ഉപദേശകനായി സ്വന്തം കടയില്‍ കഴിഞ്ഞുകൂടുന്നു. വായനയായിരുന്നു കുമാരന്റെ ജീവിതത്തിന്റെ വഴികാട്ടി. വായനയില്‍ നിന്നും നേടിയ അറിവ് ഉപയോഗിച്ച് കുമാരന് നാട്ടിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നു. പലരുടേയും ഉപദേശകനായി മാറുന്നു. തന്റെ ഉപദേശം സ്വീകരിച്ചു രാഷ്ട്രീയത്തില്‍ ഇറങ്ങിത്തിരിക്കുന്ന വിന്‍സെന്റ് അവസാനം സാംസ്കാരിക മന്ത്രിയായി കുമാരന്റെ നാട്ടില്‍ വന്ന് കുമാരന് സ്വീകരണം ഏര്‍പ്പാട് ചെയ്യുന്നതോടൊപ്പം കുമാരന്റെയും ജമീല എന്ന കൗണ്‍സിലറുടേയും ജീവിത സ്വപ്നങ്ങള്‍ക്ക് അംഗീകാരം നല്കി അവരെ ബന്ധിപ്പിക്കുന്നു. അവരുടെ വിവാഹം നടത്തി പൂജാ കൗണ്‍സിലിംഗ് സെന്റര്‍ ഉത്ഘാടനം ചെയ്യുന്നു. കുമാരനും ജമീലയും നാടിന്റെ നന്മയായി തുടരുന്നു.
സാഹിത്യ ചര്‍ച്ചയില്‍ സര്‍വ്വശ്രീ ടി.ജെ. ഫിലിപ്പ്, മാത്യു നെല്ലിക്കുന്ന്, മാത്യു മത്തായി, എ.സി. ജോര്‍ജ്, ഡോക്ടര്‍ വൈരമണ്, മാത്യു കുരവയ്ക്കല്‍, മേരി കുരവയ്ക്കല്‍, ജോണ്‍ മാത്യു, ജോണ്‍ കുന്തറ, കുര്യന് മാലില്‍, ഈശോ ജേക്കബ്, ജോണ്‍ തൊമ്മന്, ടി എന്‍. സാമുവല്‍, ഡോ. സണ്ണി എഴുമറ്റൂര്‍, ജോസഫ് തച്ചാറ, ബോബി മാത്യു, ഗ്രേസി നെല്ലിക്കുന്ന്, റവ. തോമസ് അമ്പലവേലില്‍ എന്നിവര്‍ സജീവമായി പങ്കെടുത്തു. ജോസഫ് പൊന്നോലി മോഡറേറ്റര്‍ ആയിരുന്നു. ട്രഷറര്‍ മാത്യു മത്തായി നന്ദി രേഖപ്പെടുത്തി.
അടുത്ത മീറ്റിംഗ് ജൂലൈ 19, 2020 ഞായറാഴ്ച വീണ്ടും ടെലികോണ്‍ഫറന്‍സ് മുഖേന നടത്തുന്നതായിരിക്കും. അമേരിക്കന്‍ പ്രസിഡന്റ് ഇലക്ഷനില്‍ വിവാദമാകുന്ന ഇലക്ടറല്‍ വോട്ടുകളുടെ ചരിത്രം, നിയമ വശങ്ങള്, സാങ്കേതികത, ആവശ്യകത, പ്രായോഗിക വശങ്ങള്, പ്രശ്നങ്ങള്‍ ഇവ ചര്‍ച്ച ചെയ്യുന്നതായിരിക്കും എന്ന് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ജോണ്‍ മാത്യു അറിയിച്ചു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply