Flash News

തെറ്റിദ്ധാരണജനകമായ പ്രസ്താവനകള്‍ നടത്തുന്നതില്‍ നിന്ന് പ്രസിഡന്റ് പിന്മാറണം; തിരഞ്ഞെടുപ്പ് നിശ്ചയിച്ച സമയത്തുതന്നെ നടത്തും: ഫൊക്കാന ട്രസ്റ്റീ ബോര്‍ഡ്

June 26, 2020 , ഫ്രാന്‍സിസ് തടത്തില്‍

ന്യൂയോര്‍ക്ക്: കാലാവധി കഴിഞ്ഞ ശേഷവും സ്വാര്‍ത്ഥ താല്‍പ്പര്യങ്ങൾക്കായി അധികാരത്തില്‍ കടിച്ചുതൂങ്ങി നില്‍ക്കാന്‍ നിലവിലുള്ള ഭരണസമിതിയെ അനുവദിക്കില്ലെന്ന് ഫൊക്കാന ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ അറിയിച്ചു .ആരുടേയും സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കു വിധേയമാകാന്‍ ബോര്‍ഡിന് കഴിയുകയില്ലെന്നും ഫൊക്കാനയുടെ ഭരണഘടനയ്ക്ക് വിധേയമായി പ്രവര്‍ത്തിക്കുക മാത്രമാണ് ട്രസ്റ്റീ ബോര്‍ഡ് ചെയ്യുന്നതെന്നും ചെയര്‍മാന്‍ കൂട്ടിച്ചേർത്തു.

രണ്ടു വര്‍ഷത്തെ കാലാവധിക്ക് അധികാരത്തില്‍ കയറിയ ഇപ്പോഴത്തെ ഭരണ സമിതിയുടെ അധികാരം ഈ മാസം അവസാനത്തോടെ തീരുകയാണ്. അധികാരത്തിന്റെ മത്ത് പിടിച്ചിരിക്കുന്ന എക്സിക്യൂട്ടീവ് നേതൃത്വം എന്ത് അടിസ്ഥാനത്തിലാണ് ഒരു വര്‍ഷംകൂടി അധികാരത്തില്‍ സ്വയം തുടരാന്‍ തീരുമാനിക്കുന്നത്? തികച്ചും ജനാധിപത്യ സ്വഭാവമുള്ള ഫൊക്കാനയില്‍ ഏതെങ്കിലും ചില നേതാക്കന്മാരുടെ സ്വേച്ഛാധിപത്യപരമായ താല്‍പ്പര്യങ്ങള്‍ക്കു വേണ്ടി നിലകൊള്ളുവാന്‍ താന്‍ നേതൃത്വം നല്‍കുന്ന ട്രസ്റ്റി ബോര്‍ഡിന് കഴിയുകയില്ലെന്നും ചെയര്‍മാന്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഉറച്ച തീരുമാനമാണ് ഫൊക്കാന ബോര്‍ഡ് ഓഫ് ട്രസ്റ്റിസ് കൈക്കൊണ്ടിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആരുടെയും ചട്ടുകമായി പ്രവര്‍ത്തിക്കാന്‍ ബോര്‍ഡിന് താല്‍പര്യമില്ല. മുന്‍കൂട്ടി തീരുമാനിച്ച പ്രകാരം കുറ്റമറ്റ രീതിയില്‍ തെരെഞ്ഞടുപ്പ് നടത്താന്‍ സ്വതന്ത്ര അധികാരമുള്ള തെരെഞ്ഞെടുപ്പ് കമ്മിറ്റിയെ ചുമതലപ്പെടുത്തിക്കഴിഞ്ഞു. 2020-2022 വര്‍ഷത്തെ ഭരണസമിതിയിലേക്കുള്ള തെരെഞ്ഞെടുപ്പ് പ്രക്രീയകള്‍ അവര്‍ ആരംഭിച്ചുകഴിഞ്ഞു. അടുത്ത തെരെഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ചില സ്ഥാനാര്‍ത്ഥികള്‍ പ്രഖ്യാപനവും നടത്തിക്കഴിഞ്ഞു. കോവിഡ് 19 കാരണം പതിവ് തെരെഞ്ഞെടുപ്പിനേക്കാള്‍ വൈകി സെപ്തംബര്‍ 9നു തെരെഞ്ഞെടുപ്പ് നടത്താന്‍ വിജ്ഞ്ജാപനവും ഇറക്കി. അതിനിടെ, തങ്ങള്‍ ഒരു വര്‍ഷത്തേക്ക് കൂടി അധികാരത്തില്‍ തുടരുമെന്ന് പറഞ്ഞു പരസ്യപ്രസ്‌താവനകള്‍ നടത്തി അംഗസംഘടനകള്‍ക്കിടയില്‍ തെറ്റിദ്ധാരണകള്‍ പ്രചരിപ്പിക്കുന്നവര്‍ സ്വയം അപഹാസ്യരാകുകയാണ് ചെയ്യന്നത്.

ഫൊക്കാന പ്രസിഡണ്ട് ഫൊക്കാനയുടെ സിഇഒകൂടിയാണെന്ന പത്ര പ്രസ്‍താവന കണ്ടു. ഫൊക്കാനയുടെ സി.ഇ.ഓ ആകാന്‍ ഫൊക്കാനയെ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാക്കിയ വിവരം ഞങ്ങളറിഞ്ഞില്ല. ഫൊക്കാനയുടെ ഉടമസ്ഥാവകാശം പ്രസിഡണ്ട് മാധവന്‍ നായര്‍ക്കാണെന്നു തോന്നിപ്പിക്കും വിധം തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകളാണ് പ്രചരിപ്പിക്കുന്നത്. അതുകൊണ്ടായിരിക്കും ഒരു വര്‍ഷം കൂടി അധികാരത്തില്‍ തുടരാമെന്ന് അവര്‍ സ്വയം തീരുമാനിച്ചത്.

38 വര്‍ഷത്തെ പരമ്പര്യമുള്ള ഈ പ്രസ്ഥാനത്തിന്റെ ഭരണഘടനയുടെ അഖണ്ഡത കാത്തു സൂക്ഷിക്കുക ബോര്‍ഡിന്റെ കര്‍ത്തവ്യമാണ്. ഇവിടെ അധികാരത്തര്‍ക്കമൊന്നുമില്ല. മുഴുവന്‍ അംഗസംഘടനകളുടെയും അവകാശങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ ട്രസ്റ്റി ബോര്‍ഡ് ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണ്. എല്ലാ അംഗസംഘടനകളുടെയും അറിവും സമ്മതവും കൂടി കണക്കിലെടുത്താണ് ഈ തീരുമാനം. അതില്‍ യാതൊരു മാറ്റവുമുണ്ടാകില്ല. തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് തെരെഞ്ഞെടുപ്പ് കമ്മിറ്റിയാണ്. ബോര്‍ഡിന്റെ ഉപദേശം സ്വീകരിച്ചാണ് അവര്‍ തെരെഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചത്. അവരുടെ പ്രവര്‍ത്തനങ്ങളില്‍ കൈകടത്താന്‍ ബോര്‍ഡ് ഉദ്ദേശിക്കുന്നില്ല.

കഴിഞ്ഞ രണ്ടു വര്‍ഷമായി ഒരു കാര്യത്തിലും ഐക്യമില്ലാതെ പരസ്പരം കലഹിച്ചുകൊണ്ടിരുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ പല പടലപ്പിണക്കങ്ങളും പരിഹരിച്ചു രമ്യപ്പെടുത്തിയത് ബോര്‍ഡ് ഇടപെട്ടതുകൊണ്ടാണ്. പ്രസിഡണ്ടുമായി സെക്രട്ടറിയും എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ടും വൈസ് പ്രസിഡണ്ടുമൊക്കെ പലപ്പോഴായി ഉണ്ടായ പടലപ്പിണക്കങ്ങളും അഭിപ്രായ ഭിന്നതയും പറഞ്ഞു പരിഹരിച്ചത് ബോര്‍ഡ് ഇടപെട്ടിട്ടാണ്. ഒരോ തവണ വഴക്കുണ്ടാക്കുമ്പോഴും ഇവരെയൊക്കെ സസ്‌പെന്‍ഡ് ചെയ്യണമെന്ന കര്‍ശന നിലപാടായിരുന്നു പ്രസിഡണ്ട് സ്വീകരിച്ചിരുന്നത്. സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് പലതവണ ബോര്‍ഡിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്ന പ്രസിഡണ്ട് കഴിഞ്ഞ മാസംകൂടി ഇക്കാര്യം ആവശ്യപ്പെട്ട് ബോര്‍ഡിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയതാണ്. എന്നാല്‍ ഇക്കുറിയും പ്രശ്നം രമ്യമായി പരിഹരിച്ചു.

തെരെഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ പെട്ടെന്ന് പരസ്പരം തമ്മിലടിച്ചവര്‍ ഒറ്റക്കെട്ടായി നിന്ന് ഒരു വര്‍ഷത്തേക്ക് കൂടി അധികാരം നീട്ടിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രസിഡണ്ട് മാധവന്‍ നായര്‍ ശിപാര്‍ശ നല്‍കി. കൊറോണ വൈറസ് കാരണം മൂന്ന് മാസം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെന്നു പറഞ്ഞായിരുന്നു ഒരു വര്‍ഷത്തേക്കുകൂടി അധികാരം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ടത്. അല്ലാതെ കൊറോണ വൈറസ് മൂലമുള്ള സുരക്ഷ ഭീഷണി കൊണ്ടൊന്നുമല്ല.

കഴിഞ്ഞ മൂന്ന് മാസം ഫൊക്കാനയില്‍ പ്രവര്‍ത്തനം നിര്‍ജീവമായിരുന്നില്ല. വിര്‍ച്വല്‍ മീറ്റിംഗുകള്‍ വഴി മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള പല പ്രമുഖരെയും നമ്മുടെ പ്ലാറ്റ്‌ഫോമില്‍ കൊണ്ടുവരാന്‍ കഴിഞ്ഞു. ഫൊക്കാനയില്‍ കഴിവുള്ള നിരവധി നേതാക്കന്മാര്‍ അടുത്ത അവസരത്തിനായി കാത്തു നില്‍പ്പുണ്ട്. എക്കാലവും തങ്ങള്‍ തന്നെ അധികാരത്തില്‍ തുടരുമെന്നത് ചിലരുടെ ദുര്‍വാശി മാത്രമാണ്. പ്രസ്ഥാനത്തോട് കൂറുള്ളവര്‍ ആരും അധികാരത്തില്‍ കടിച്ചുതൂങ്ങാറില്ല.

തനിക്കു ശേഷം പ്രളയം എന്ന് ചിന്തിക്കുന്നവര്‍ ഉണ്ടാകും. അവര്‍ സ്വയം മലര്‍ന്നു കിടന്നു തപ്പുകയാണ് ചെയ്യുന്നത്. ഫെഡറല്‍ സംവിധാനമായ അമേരിക്കന്‍ പ്രസിഡണ്ട് തെരെഞ്ഞെടുപ്പ് പോലും മാറ്റി വയ്ക്കാന്‍ തയാറാകാത്തപ്പോള്‍ ഫൊക്കാനയുടെ തെരെഞ്ഞെടുപ്പ് മാറ്റി വയ്‌ക്കേണ്ട ഒരു സാഹചര്യവും നിലനില്‍ക്കുന്നില്ല. കണ്‍വെന്‍ഷന്‍ നടത്താന്‍ സമയം നീട്ടിനല്‍കണമെന്ന പ്രസിഡണ്ടിന്റെയും എക്സിക്യൂട്ടീവ് കമ്മിറ്റിയുടെയും അഭ്യര്‍ത്ഥന അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് അറിയിച്ചിരുന്നതാണ്. എന്നാല്‍ അവര്‍ക്ക് ഒരു വര്‍ഷം കൂടി അധികാരത്തില്‍ തുടരണമെന്ന് ദുര്‍വാശിയാണ്. ഭൂരിപക്ഷ അംഗസംഘടനകള്‍ക്കും തെരെഞ്ഞെടുപ്പ് സെപ്റ്റംബറില്‍ നടത്തണമെന്ന അഭിപ്രായം തന്നെയാണ്.

തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ തെരെഞ്ഞെടുപ്പ് മാറ്റി വെയ്‌ക്കുമെന്നും അധികാരം ഒരു വര്‍ഷം കൂടി നീട്ടികൊടുക്കുമെന്നും കരുതന്നവര്‍ അതില്‍നിന്നും പിന്തുടരണം.. ബോര്‍ഡ് ഏറെ ചര്‍ച്ച ചെയ്ത് എടുത്ത തീരുമാനത്തില്‍ യാതൊരു മാറ്റവുമുണ്ടാകില്ല. ചെയര്‍മാന്‍ വ്യക്തമാക്കി. ഏതു തര്‍ക്കങ്ങളും അനുരഞ്ജന ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ബോര്‍ഡ് പ്രതിഞ്ജാബദ്ധരാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top