Flash News

മാസങ്ങളായി ശമ്പളമില്ല; ദില്ലി ഹിന്ദു റാവു ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ കുത്തിയിരിപ്പ് സമരം നടത്തി

June 27, 2020 , ആന്‍സി

ന്യൂഡല്‍ഹി: നോര്‍ത്ത് ദില്ലി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍റെ (നോര്‍ത്ത് എംസിഡി) കീഴില്‍ വരുന്ന ഹിന്ദു റാവു ആശുപത്രിയിലെ നഴ്സുമാര്‍, ലാബ് ടെക്നീഷ്യന്‍മാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ് എന്നിവര്‍ ജൂണ്‍ ഉള്‍പ്പെടെ മൂന്നു മാസത്തെ ശമ്പളം ലഭിക്കാത്തതിനെത്തുടര്‍ന്ന് കുത്തിയിരിപ്പ് സമരം നടത്തി.

വെള്ളിയാഴ്ചയാണ് ഇവര്‍ പ്രതീകാത്മകമായി കുറച്ചു മണിക്കൂറുകള്‍ സമരം നടത്തിയത്. അടുത്ത ആഴ്ചയോടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സേവനങ്ങള്‍ അവസാനിപ്പിക്കുമെന്ന് ആശുപത്രിക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

നോര്‍ത്ത് എംസിഡി മേയര്‍ ജയ് പ്രകാശ് തിങ്കളാഴ്ച സംയുക്ത യോഗം ചേരും.

പ്രതികൂല സാഹചര്യങ്ങളില്‍ ഞങ്ങള്‍ ആശുപത്രിയുമായി സഹകരിക്കുന്നുണ്ടെന്ന് പാരാമെഡിക്കല്‍ ടെക്നിക്കല്‍ സ്റ്റാഫ് വെല്‍ഫെയര്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് താജേന്ദര്‍ സിംഗ് പറഞ്ഞു. ഞങ്ങള്‍ക്കുമുണ്ട് ആവശ്യങ്ങള്‍. അവ നിറവേറ്റണമെങ്കില്‍ ഞങ്ങള്‍ക്ക് പണം ആവശ്യമാണ്. സിംഗ് പറഞ്ഞു.

ദില്ലി ഹൈക്കോടതിയുടെ ഇടപെടലിന് ശേഷം നോര്‍ത്ത് എംസിഡിയും ദില്ലി സര്‍ക്കാരും റസിഡന്റ് ഡോക്ടര്‍മാര്‍ക്ക് രണ്ട് മാസത്തെ ശമ്പളം നല്‍കി, നഴ്സുമാര്‍ക്കും പാരാമെഡിക്കല്‍ സ്റ്റാഫുകള്‍ക്കും ഇതുവരെ ശമ്പളമോ ഒരു ഉറപ്പോ ലഭിച്ചിട്ടില്ല. ഇക്കാര്യത്തിന് കോടതിയില്‍ പോകാന്‍ ഞങ്ങളുടെ പക്കല്‍ പണമില്ല.

ഭരണകൂടത്തിന് വിവരങ്ങള്‍ നല്‍കിയാണ് വെള്ളിയാഴ്ച പിക്കറ്റ് നടത്തിയതെന്ന് സിംഗ് അവകാശപ്പെട്ടു. എന്നാല്‍, ഇനി അങ്ങനെയൊരു ആനുകൂല്യം ഞങ്ങള്‍ നല്‍കുകയില്ല. ഓപ്പറേഷന്‍ തിയേറ്റര്‍, ലാബുകള്‍, വാര്‍ഡുകള്‍, മെഡിസിന്‍ സെന്‍ററുകള്‍ എന്നിവയിലും ഞങ്ങള്‍ പൂര്‍ണമായും സഹകരിക്കുണ്ട്. ഞങ്ങളില്ലാതെ ഡോക്ടര്‍മാര്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയില്ല, സിംഗ് കൂട്ടിച്ചേര്‍ത്തു.

തിങ്കളാഴ്ചത്തെ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് നോര്‍ത്ത് എംസിഡി മേയര്‍ ജയ് പ്രകാശ് പറഞ്ഞു. ഞങ്ങള്‍ക്ക് പരിമിതമായ ഫണ്ടുകളാണുള്ളത്. പാരാമെഡിക്കല്‍ സ്റ്റാഫുകള്‍ക്കും മുതിര്‍ന്ന ഡോക്ടര്‍മാര്‍ക്കും ഞങ്ങള്‍ ഒരു മാസത്തെ ശമ്പളം നല്‍കി. മാര്‍ച്ചിലെ ശമ്പളം ലഭിക്കാത്ത മറ്റ് ജീവനക്കാരെയാണ് ഇപ്പോള്‍ പരിഗണിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദു റാവു ആശുപത്രി ഇപ്പോള്‍ കോവിഡ് ഹോസ്പിറ്റലായി മാറി. വെള്ളിയാഴ്ച മുതല്‍ അവിടെ ചികിത്സ ആരംഭിക്കേണ്ടതായിരുന്നു. എന്നാല്‍ ധര്‍ണ കാരണം അത് നടന്നിട്ടില്ല. ജൂണ്‍ 14 ന് ദില്ലി സര്‍ക്കാര്‍ ഹിന്ദു റാവു ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കാന്‍ തീരുമാനിക്കുകയും ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യാന്‍ നോര്‍ത്ത് എംസിഡിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

തിങ്കളാഴ്ച ആശുപത്രി സന്ദര്‍ശിക്കുമെന്ന് മേയര്‍ പറഞ്ഞു. ആശുപത്രിയില്‍ ഇതിനകം തന്നെ സംശയാസ്പദമായ ചില കേസുകള്‍ ഉണ്ടെന്നും, എന്നാല്‍ ആദ്യ ഘട്ടത്തില്‍ ശനിയാഴ്ച മുതല്‍ രോഗികളെ പ്രവേശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നോര്‍ത്ത് എംസിഡിക്ക് കീഴിലുള്ള രണ്ട് ആശുപത്രികളിലെ 350 ലധികം റസിഡന്‍റ് ഡോക്ടര്‍മാര്‍ (സ്തൂര്‍ബയിലേയും ഹിന്ദു റാവു ആശുപത്രികളിലേയും) മൂന്നു നാലു മാസമായി ശമ്പളം ലഭിക്കുന്നില്ലെന്ന് പറഞ്ഞ് കൂട്ടത്തോടെ രാജിവെക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് കസ്തൂര്‍ബാ ഗാന്ധി, ഹിന്ദു റാവു ഉള്‍പ്പെടെ ആറ് ആശുപത്രികളിലെ റസിഡന്‍റ് ഡോക്ടര്‍മാര്‍ക്ക് മാര്‍ച്ച് 19 മുതല്‍ ജൂണ്‍ 19 വരെയുള്ള ശമ്പളം നല്‍കണമെന്ന് ദില്ലി ഹൈക്കോടതി നോര്‍ത്ത് എംസിഡിക്ക് നിര്‍ദേശം നല്‍കി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top