Flash News

കാവല്‍ മാലാഖ (നോവല്‍ – 8); രാക്കിളി രാഗം

June 28, 2020 , കാരൂര്‍ സോമന്‍

സൂസന്‍ എണീറ്റപ്പോള്‍ മണി മൂന്നായി. കതകു തുറക്കുമ്പോള്‍ കാണുന്നതു മേശപ്പുറത്ത് ഒഴിഞ്ഞ മദ്യക്കുപ്പിയും ഭക്ഷണത്തിന്‍റെ അവശിഷ്ടങ്ങളും. ഇതിനിടെ ആരാ ഇവിടെ കുടിച്ചു കൂത്താടാന്‍ വന്നത്. ബെല്ലടിക്കുന്നതു കേട്ടിരുന്നു. ആരുടെയോ പതിഞ്ഞ സംസാരവും കേട്ടു. ക്ഷീണം കാരണം എപ്പോഴാ ഉറങ്ങിപ്പോയതെന്നറിഞ്ഞില്ല. താന്‍ കാശുകൊടുത്തില്ലെങ്കിലെന്താ. സല്‍ക്കാരിക്കാന്‍ ഇഷ്ടം പോലെ ആളുണ്ട്. പിന്നെങ്ങനെ മനുഷ്യന്‍ മുടിഞ്ഞു പോകാതിരിക്കും!

സൂസന്‍ കുഞ്ഞിനെയുമെടുത്തു ഡ്രോയിങ് റൂമിലേക്കു വന്നു. കുഞ്ഞ് അവളുടെ കൈയില്‍നിന്നു നിലത്തേക്കു നിരങ്ങിയിറങ്ങി. സൈമണ്‍ സോഫയില്‍ കിടക്കുന്നതു കണ്ടപ്പോല്‍ അവന്‍ അങ്ങോട്ട് ഇഴഞ്ഞു നീങ്ങി. അയാളുടെ കൈയില്‍ തന്‍റെ കുഞ്ഞിക്കൈകൊണ്ടവന്‍ മെല്ലെ തൊട്ടു. സൈമന്‍ പാതി മയക്കത്തില്‍നിന്നു കണ്ണു തുറന്നെങ്കിലും കുഞ്ഞിനെ ഒന്നു ശ്രദ്ധിച്ചതു പോലുമില്ല. മുഖം തിരിച്ചു വീണ്ടും ഉറക്കത്തിലേക്കു വഴുതാനുള്ള ശ്രമമായി.

“എനിക്കൊരു കാര്യം പറയാനുണ്ട്.”

സൂസന്‍റെ ശബ്ദം കേട്ട് അയാള്‍ വീണ്ടും കണ്ണുകള്‍ക്കു മുകളില്‍നിന്നു കൈമാറ്റി, രൂക്ഷഭാവത്തില്‍ അവളെ നോക്കി.

“നാളെ മുതല്‍ കുഞ്ഞിനെ ചില്‍ഡ്രന്‍സ് ഹോമില്‍ വിടും. നിങ്ങള്‍ക്കു ജോലിക്കു പോകണമെങ്കില്‍ പോകാം.”

സൈമന്‍റെ കണ്ണുകള്‍ ഒന്നുകൂടി ചുവന്നു.

“നീയാരാടീ കൊച്ചിനെ ചില്‍ഡ്രന്‍സ് ഹോമിലാക്കാന്‍? എന്നോടു ചോദിച്ചോ? ജോലിക്കു പോകണോ വേണ്ടായോന്നു ഞാനാ തീരുമാനിക്കുന്നത്. ഭരിക്കാനൊന്നും വരണ്ടാ നീ.”

പതിവുപോലെ കണ്ണുതുടച്ചു പിന്തിരിയാന്‍ ഒരുക്കമായിരുന്നില്ല സൂസന്‍.

“ജോലിക്കു പോകുന്നതും വീട്ടിലിരിക്കുന്നതുമൊക്കെ അവരോരടെ ഇഷ്ടം. പക്ഷേ, കുഞ്ഞിന്‍റെ കാര്യത്തില്‍ എനിക്കാരുടേം സമ്മതം വേണ്ടാ. ഞാനവന്‍റെ അമ്മയാ.”

“എടീ, എന്‍റെ കൊച്ചിന്‍റെ കാര്യം ഞാനാ തീരുമാനിക്കുന്നത്, നീയല്ല.”

“നിങ്ങടെ കൊച്ചാണെന്നു പറഞ്ഞാല്‍ മാത്രം പോരാ. ഒരച്ഛനെപ്പോലെ അവനോടു പെരുമാറുക കൂടി വേണം. അതില്ലാത്ത കാലത്തോളം അവന്‍റെ കാര്യത്തില്‍ നിങ്ങടെ ആ തീരുമാനമുണ്ടല്ലോ, അതങ്ങു മനസില്‍ വച്ചേച്ചാ മതി, ഇനി ഇതിനെ കഷ്ടപ്പെടുത്താന്‍ പറ്റത്തില്ല, ഞാനതു സമ്മതിക്കത്തില്ല….”

“ഫ! അത്രയ്ക്കായോടീ….”

സൈമണ്‍ ചാടിയെഴുന്നേറ്റതും അവളുടെ കരണത്ത് ആഞ്ഞടിച്ചു. അവള്‍ വേച്ചു വീഴാന്‍ പോയി. പേടിച്ചരണ്ട കുഞ്ഞിന്‍റെ കരച്ചില്‍ വീണ്ടുമാ വീട്ടില്‍ ഉച്ചത്തില്‍ മുഴങ്ങിക്കേട്ടു.

സൈമണ്‍ വീണ്ടും തല്ലാന്‍ കൈ പൊക്കി. പക്ഷേ, ഇനി സഹിക്കാന്‍ അവളൊരുക്കമായിരുന്നില്ല. അവള്‍ അവനു നേരേ കൈചൂണ്ടി ആക്രോശിച്ചു.

“തൊട്ടു പോകരുത്. ഇനിയെന്നെ തൊട്ടാല്‍ നിങ്ങള്‍ വിവരമറിയും. ഇത്രയും കാലം ഒന്നും മിണ്ടാതെ സഹിക്കുകയായിരുന്നു ഞാന്‍. ഇനിയതില്ല….”

വാവിട്ടു കരയുന്ന കുഞ്ഞിനെ എടുക്കാനവള്‍ കുനിഞ്ഞപ്പോള്‍ സൈമണ്‍ പിടിച്ചു തള്ളി. അയാള്‍ കുഞ്ഞിനെ പൊക്കിയെടുത്തു. പിടിവലിയായി. മുഴുവന്‍ ശക്തിയും പ്രയോഗിച്ചിട്ടും അവള്‍ക്കു കുഞ്ഞിനെ വീണ്ടെടുക്കാനായില്ല. ഇതിനിടെ അവനവളുടെ കഴുത്തിനു പിടിമുറുക്കി. സൈമന്‍ അവളെ കുത്തിപ്പിടിച്ച് പുറത്തേക്ക് ആഞ്ഞു തള്ളി. സൂസന്‍ മുറ്റത്തേക്കുപടിക്കെട്ടിലേക്കു തെറിച്ചു വീണു. ബാലന്‍സ് കിട്ടാതെ ഉരുണ്ട് മുറ്റത്തേക്ക്, എന്തിലോ തട്ടി നെറ്റിയും കാലുമൊക്കെ മുറിഞ്ഞു. അവളുടെ മുന്നില്‍ വലിയ ശബ്ദത്തോടെ കതകടഞ്ഞു. ഉള്ളില്‍ ലോക്ക് വീഴുന്ന ശബ്ദം. ശരീരത്തിലെ നീറ്റലും മനസിന്‍റെ കാളലും ഉള്ളിലൊതുക്കി അല്പനേരം അവള്‍ വെറും നിലത്ത് അനങ്ങാന്‍ വയ്യാതെ കിടന്നു. കണ്ണീര്‍ കുടുകുടെ കവിളിലൂടെ ഒഴുകി.

അകത്ത് കുഞ്ഞിന്‍റെ കരച്ചിലിനു ശക്തി കൂടുന്നു.

ഉള്ള ബലം സംഭരിച്ച് എഴുന്നേല്‍ക്കാന്‍ നോക്കിയ സൂസന്‍ വീണ്ടും വീഴാന്‍ പോയി. കൈവരിയില്‍ പിടിച്ച് എണീറ്റു നിന്നു. വാതിലില്‍ ആഞ്ഞിടിച്ചു. അകത്തു നിന്നു കുഞ്ഞിന്‍റെ കരച്ചിലല്ലാതെ ഒരു പ്രതികരണവുമില്ല. അവള്‍ തിരിഞ്ഞു ചുറ്റും നോക്കി. മേരിയുടെ വീടാണ് ഒരഭയസ്ഥാനം പോലെ കണ്ടത്. അവള്‍ ഇറങ്ങി ഓടുകയായിരുന്നു. അഞ്ചാറു തവണ ഭ്രാന്തമായി കോളിങ് ബെല്ലില്‍ വിരലമര്‍ത്തി. മേരി കതകു തുറന്നു. അതിശയ ഭാവത്തില്‍ അവളെ നോക്കി. സൂസന്‍ ഒറ്റ ശ്വാസത്തില്‍ കരഞ്ഞുകൊണ്ടു കാര്യം പറഞ്ഞു. മേരി അവിശ്വസനീയതയോടെ നോക്കി നിന്നു. പിന്നില്‍ സേവ്യറുമെത്തി.

“സൈമണ്‍ ഇത്തരക്കാരനാണോ? ഇതു കേരളമല്ല. സൂസന്‍ പോലീസിനെ വിളിക്ക്.”

മേരി ഫോണെടുത്തു ഡയല്‍ ചെയ്തു സൂസനു കൈമാറി. അവരവളെ അകത്തു വിളിച്ചിരുത്തി. അവര്‍ കൊടുത്ത വെള്ളം സൂസന്‍ മടമടാ കുടിച്ചു. കവിളിലൂടെയും നെഞ്ചിലൂടെയും വെള്ളമൊഴുകി.

മിനിറ്റുകള്‍ക്കുള്ളില്‍ പോലീസ് വാഹനത്തിന്‍റെ സൈറന്‍ കേള്‍ക്കാനായി. സൂസന്‍റെ മുറ്റത്തു വണ്ടി വലിയ ശബ്ദത്തോടെ ബ്രെയ്ക്കിട്ടു നിന്നു. അവര്‍ ബെല്ലടിച്ചിട്ടും സൈമന്‍ തുറന്നില്ല. ഒടുവില്‍ വാതില്‍ ചവിട്ടിപ്പൊളിക്കുമെന്ന് ഉച്ചത്തില്‍ മുന്നറിയിപ്പു കേട്ടപ്പോള്‍ വാതില്‍ തുറക്കുന്നു. തുറന്ന പാടേ അവര്‍ സൈമണെ തൂക്കിയെടുത്തുകൊണ്ടു പോയി. സൂസന്‍റെ കൂടെ സേവ്യറും മേരിയും മതിലിനിപ്പുറത്തു ഭയാശങ്കകളോടെ നോക്കി നിന്നു.

പൊലീസ് ഉദ്യോഗസ്ഥന്‍ അവരുടെ അടുത്തേക്കു വന്നു. കുഞ്ഞിനെപ്പറ്റി പറഞ്ഞു. മേരിയും സേവ്യറും സൂസനും കൂടി അങ്ങോട്ടു ചെന്നു. കുഞ്ഞിനെ സൂസന്‍റെ കൈയിലേല്‍പ്പിച്ച് പോലീസ് സംഘം യാത്രയായി, സൈമനെയും കൊണ്ട്.

“എന്താ അടുത്ത തീരുമാനം?”

കുഞ്ഞിനെ തോളിലിട്ട് ആശ്വസിപ്പിച്ച് വിദൂരത്തേക്കു കണ്ണുനട്ടു നിന്ന സൂസനോടു മേരി ചോദിച്ചു. അവള്‍ ചിന്തകളില്‍നിന്നു ഞെട്ടിയുണര്‍ന്നു.

“കുഞ്ഞിനെ ഇനിയിവിടെ നിര്‍ത്തുന്നില്ല. എനിക്കൊന്നു നാട്ടില്‍ പോണം. കഴിയുമെങ്കില്‍ മറ്റന്നാളത്തേക്കു തന്നെ ഒരു ടിക്കറ്റ് വേണം.”

സൂസന്‍ മറുപടി പറഞ്ഞതു സേവ്യറോടാണ്.

“വിഷമിക്കാതെ, ഞാ… ഞങ്ങളില്ലേ ഇവിടെ. ടിക്കറ്റൊക്കെ നമുക്കു ശരിയാക്കാം. യാത്രയ്ക്കൊരുങ്ങിക്കോളൂ. നോക്കട്ടെ, പറ്റിയാല്‍ നാളെ അല്ലെങ്കില്‍ മറ്റന്നാള്‍ ഏതായാലും പോകാം”, സേവ്യര്‍ ധൈര്യം പകര്‍ന്നു.

ആ രാത്രി അവളുറങ്ങിയില്ല. കണ്ണു തുറന്നു നേരം വെളുപ്പിച്ചു. കണ്ണിലേക്ക് ഉറക്കം അറിയാതെ വിരുന്നു വരുമ്പോള്‍ കുഞ്ഞിനെ തട്ടിയെടുക്കാന്‍ പാഞ്ഞു വരുന്ന സൈമന്‍റെ ക്രൂരഭാവം. വീണ്ടും കുഞ്ഞിനു മതിവരുവോളം വാത്സല്യം നല്‍കി, വീട്ടിലെ ഒരു ലൈറ്റ് പോലും അണയ്ക്കാതെ അവള്‍ നേരം വെളുപ്പിച്ചു. രാവിലെ ആശുപത്രിയില്‍ പോയി ലീവിന് അപേക്ഷ കൊടുത്തു.

തിരിച്ചു വന്ന് നേരേ സേവ്യറുടെ വീട്ടിലേക്ക്. നാളത്തേക്കു ടിക്കറ്റ് ശരിയായിരിക്കുന്നു. സേവ്യര്‍ വിളിച്ചു പറഞ്ഞ വിവരം മേരി അവള്‍ക്കു കൈമാറി.

അടുത്ത ദിവസം വൈകുന്നേരത്തെ ദുബായ് ഫ്ളൈറ്റില്‍ സൂസനും കുഞ്ഞുമുണ്ടായിരുന്നു. യാത്രയയ്ക്കാന്‍ മേരിയും സേവ്യറും ഒപ്പം ചെന്നു. ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തില്‍നിന്നു ദുബായ് വഴി കൊച്ചിയിലേക്ക്, എമിറേറ്റ് വിമാനത്തില്‍. സൂസനും കുഞ്ഞും നാട്ടിലേക്ക്. കുഞ്ഞുണ്ടായ ശേഷം ആദ്യമായാണു വീട്ടില്‍ പോകുന്നത്. അമ്മയും അനിയത്തിമാരുമൊന്നും അവനെ കണ്ടിട്ടില്ല. അവളുടെ മുഖത്തും കണ്ണുകളിലും എന്തോ ഒരു ചെറിയ തിളക്കം പ്രകടമായെങ്കിലും മുഖം ഹൃദയം വിതുമ്പുന്നുണ്ടായിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top