പ്രവാസി പ്രക്ഷോഭം: വെല്‍ഫെയര്‍ പാര്‍ട്ടി നോര്‍ക്ക ഓഫീസ് മാര്‍ച്ച്

പാലക്കാട്: കൊറോണ ഭീതിയില്‍ ദുരിതമനുഭവിക്കുന്ന പ്രവാസികളോട് വഞ്ചന കാണിക്കുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ നിലപാടുകളെ തുറന്നെതിര്‍ത്ത് വെല്‍ഫെയര്‍ പാര്‍ട്ടി സംഘടിപ്പിക്കുന്ന ‘പ്രവാസികളെ കൊലക്ക് കൊടുക്കരുത്, നമ്മള്‍ തന്നെയാണ് അവര്‍’ പ്രക്ഷോഭ കാലത്തിന്‍റെ ഭാഗമായി ജില്ലാ കമ്മിറ്റി നോര്‍ക്ക ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.

മുന്‍സിപ്പല്‍ ഓഫീസ് പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ച് സിവില്‍ സ്റ്റേഷന്‍ ഗേറ്റില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിഷേധ സംഗമം ജില്ലാ ജനറല്‍ സെക്രട്ടറി എം. സുലൈമാന്‍ ഉദ്ഘാടനം ചെയ്തു. നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസികളോട് ദുരന്ത കാലത്ത് തികഞ്ഞ നീതികേടാണ് ഭരണകൂടങ്ങള്‍ കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. യാത്ര ചെലവ്, ക്വാറന്റൈന്‍ സൗകര്യങ്ങളും ചെലവും, കോവിഡ് ടെസ്റ്റും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും തുടങ്ങിയ വിഷയങ്ങളിലെല്ലാം പ്രവാസി വിരുദ്ധമായ നടപടികളാണ് ഉണ്ടാവുന്നത്. പ്രവാസികളെ സുരക്ഷിതരായി നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ഏറെ വൈകിയാണ് കേന്ദ്ര സര്‍ക്കാര്‍ തുടങ്ങിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജില്ലാ വൈസ് പ്രസിഡന്‍റ് പി. ലുഖ്മാന്‍ അധ്യക്ഷത വഹിച്ചു. എഫ്.ഐ.ടി.യു ജില്ലാ പ്രസിഡന്‍റ് ബാബു തരൂര്‍, വിമന്‍ ജസ്റ്റിസ് മൂവ്മെന്റ് ജില്ലാ വൈസ് പ്രസിഡന്റ് ആസിയ റസാഖ്, ഫ്രറ്റേണിറ്റി ജില്ലാ വൈസ് പ്രസിഡന്റ് റഷാദ് പുതുനഗരം എന്നിവര്‍ സംസാരിച്ചു. മണ്ഡലം വൈസ് പ്രസിഡണ്ട് മുഹമ്മദ് മാസ്റ്റര്‍ സ്വാഗതവും എ. അഫ്സല്‍ നന്ദിയും പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment