കോവിഡ്-19 എന്ന മഹാമാരിയ്ക്കെതിരെ ലോകം പോരാട്ടം തുടങ്ങിയിട്ട് നൂറ് ദിവസം തികയുകയാണ് ജൂലൈ 2ന്. ഇന്ത്യയാകട്ടേ രണ്ടു പോരാട്ടങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. അതില്‍ ആദ്യത്തേത് എന്ന് അവസാനിക്കുമെന്ന് യാതൊരു ഉറപ്പുമില്ലാത്ത കൊറോണ വൈറസ് എന്ന കോവിഡ്-19നെതിരെ. രണ്ടാമത്തേത് അതിര്‍ത്തിയിലെ ചൈനീസ് അതിക്രമത്തിനെതിരെയുള്ള പോരാട്ടം. ഇതില്‍ ആദ്യത്തെ പോരാട്ടം എത്രകാലം നീണ്ട് നില്‍ക്കുമെന്ന കാര്യത്തില്‍ ഒരു ഉറപ്പുമില്ല. കൊവിഡ് രോഗികളുടെ എണ്ണം അനുദിനം റോക്കറ്റ് വേഗത്തില്‍ എന്നപോലെ കുതിച്ചുയരുന്നു. ലോകത്തെ ഒരു കോടി കൊവിഡ് രോഗികളില്‍ അഞ്ച് ശതമാനം രോഗികള്‍ ഇന്ത്യയിലാണ്. മഹാനഗരങ്ങളില്‍ പലയിടത്തും സ്ഥിതി നിയന്ത്രിക്കാന്‍ സര്‍ക്കാരുകള്‍ക്ക് കഴിയുന്നില്ല.
മാര്‍ച്ച് 25നാണ് ഇന്ത്യ ലോക്ക്ഡൗണിലേക്ക് പോയത്. ജൂലൈ രണ്ടിന് നൂറ് ദിവസം പിന്നിടുന്നു. ഈ നൂറ് ദിവസത്തിനിടയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത പലതും ഇന്ത്യ കണ്ടു. മാര്‍ച്ച് 24ന് രാത്രിയില്‍ പ്രധാനമന്ത്രി രാജ്യത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ സുപരിചിതമല്ലാത്ത, അന്ത്യം എങ്ങിനെയന്നറിയാത്ത ഒരു കാലഘട്ടത്തിലേക്ക് രാജ്യം കടക്കുകയായിരുന്നു. ജനതാ കര്‍ഫ്യൂവിലൂടെ ജനത്തെ ആദ്യം സജ്ജരാക്കി. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഊര്‍ജ്ജം പകരാനുള്ള ഘോഷങ്ങള്‍ നടത്തി. ട്രയിനുകള്‍ ഓട്ടം നിര്‍ത്തി, വിമാനത്താവളങ്ങള്‍ അടച്ചിട്ടു. അതിന് ശേഷമായിരുന്നു ലോക്ക്ഡൗണ്‍ പ്രഖ്യാപനം. രാജ്യം അടച്ചുപൂട്ടി.
രാജ്യം പ്രധാനമന്ത്രിയെ കേട്ടു. സംസ്ഥാനങ്ങള്‍ കേന്ദ്രത്തെ എതിര്‍ത്തില്ല. ഒരൊറ്റ രാജ്യം ഒരൊറ്റ ജനത എന്ന മുദ്രാവാക്യം യാഥാര്‍ത്ഥ്യമായി കണ്ട നാളുകള്‍. കൊവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ എല്ലാ സംസ്ഥാനങ്ങളെയും വിളിച്ച് ചേര്‍ത്ത് നിരവധി യോഗങ്ങള്‍. ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങളില്‍ ആദ്യമുയര്‍ന്ന ആശയക്കുഴപ്പങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍. സമ്പൂര്‍ണ ലോക്ക്ഡൗണ്‍ എന്ന പുതിയ അനുഭവത്തിലേക്കുള്ള ചുവടുവെയ്പ്പുകള്. ആവശ്യത്തിന് കൂടിയാലോചനകള്‍ ഒന്നുമില്ലാതെ തിടുക്കത്തില്‍ എടുത്ത തീരുമാനത്തില്‍ വന്ന പാളിച്ചകള്‍.
ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് രണ്ട് ദിവസം മുമ്പ് വരെ പാര്‍ലമെന്റ് സമ്മേളിക്കുന്നുണ്ടായിരുന്നു. അന്ന് എല്ലാ എംപിമാരും ഒരുമിച്ചുകൂടി. എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞപ്പോഴേയ്ക്കും എല്ലാ കൂട്ടായ്മയും കുറ്റകരമായി. ആരോഗ്യപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പോരാട്ടം തുടങ്ങി. പിന്നാലെ പൊലീസുകാരും സര്‍ക്കാര്‍ ജീവനക്കാരും അവശ്യസേവന ദാതാക്കളും പോരാട്ടക്കളത്തിലിറങ്ങി. ദീപം തെളിയിച്ച് ഇന്ത്യ ഇവരോടുള്ള സ്നേഹം പ്രകടമാക്കി.
ലോക്ക്ഡൗണിന്റെ ആദ്യ അപായമണി മുഴങ്ങിയത് ഡല്‍ഹിയിലാണ്. നൂറ് കണക്കിന് തൊഴിലാളികള്‍ തെരുവിലേക്കിറങ്ങി. നിര്‍മ്മാണങ്ങള്‍ നിലയ്ക്കുകയും ഹോട്ടലുകള്‍ അടയ്ക്കുകയും ഫാക്ടറികള്‍ പൂട്ടുകയും ചെയ്തതോടെ ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ ഗ്രാമങ്ങളിലേക്ക് പോകാന്‍ വഴി തേടി. പോകുന്ന വഴിയ്ക്ക് മരിച്ച് വീണവര്‍ നിരവധി. ചിലര്‍ ട്രെയിനുകള്ക്കടിയില് ചതഞ്ഞരഞ്ഞപ്പോള്‍ മറ്റു ചിലര്‍ ട്രക്കുകളും വാഹനങ്ങളും കൂട്ടിയിടിച്ച് കൊല്ലപ്പെട്ടു. ചിലര്‍ ഭക്ഷണവും വെള്ളവും കിട്ടാതെ ജീവന് വെടിഞ്ഞു. ജന്മനാട്ടില് മരിച്ച് വീഴാനുള്ള ഉല്‍ക്കടമായ ആഗ്രഹമാണ് പാതിവഴിയില്‍ നിലച്ചുപോയത്. തിരിഞ്ഞു നോക്കുമ്പോള്‍ ഏറ്റവും പാളിപ്പോയ ഒരു തീരുമാനം. അവരെ അന്ന് ബസിലും ട്രെയിനിലുമായി നാട്ടിലെത്തിക്കേണ്ടതായിരുന്നു. ഒടുവില്‍ ശ്രമിക് തീവണ്ടികള്‍ എന്ന പേരില്‍ പ്രത്യേക തീവണ്ടികള്‍. ബസുകളുമായി സംസ്ഥാന സര്‍ക്കാരുകള്‍. പല നാടുകളില്‍ കുടുങ്ങിപ്പോയവരുടെ തിരിച്ചുവന്നപ്പോള്‍ കൊവിഡ് വൈറസും അവരുടെ കൂടെപ്പോന്നു.
ശേഷം ഇന്ത്യ സാമ്പത്തിക പ്രതിസന്ധിയിലേക്ക്. തൊഴില്‍ നഷ്ടത്തിന്റെ കണ്ണീര് കഥകള്‍ പിന്നീട് രാജ്യം കേട്ടുകൊണ്ടിരുന്നു. നിരാശയുടെ കരിനിഴല്‍ മനുഷ്യ കഥകളില്‍ ഭീകരരൂപം പ്രാപിച്ചു തുടങ്ങിയപ്പോള്‍ പ്രതിരോധ സേനകള്‍ കരയിലും കടലിലും ആകാശത്തും പോരാട്ടത്തിന്റെ ആവേശം പകര്‍ന്നു.
തുടക്കത്തില്‍ കൊവിഡ് വൈറസിനെതിരായുള്ള പോരാട്ടത്തില്‍ ലോകരാജ്യങ്ങളുടെ കൂട്ടായ്മയ്ക്കായുള്ള ഇന്ത്യയുടെ നീക്കം. ആദ്യം സാര്‍ക്ക്, പിന്നീട് ജി20. കൊവിഡ് മഹാമാരിയെ പിടിച്ചുനിര്‍ത്താന്‍ ഇതിലൂടെ കഴിയില്ലെന്ന് പിന്നീട് ബോധ്യപ്പെട്ടു. ഇന്ത്യ ലക്ഷ്യം മാറ്റിപ്പിടിച്ചു.
കൊവിഡ് രോഗികളുടെ എണ്ണം കുറയ്ക്കാനായി ആദ്യ ശ്രമം. പിന്നീട് എണ്ണം ഇരട്ടിക്കുന്ന സമയം നീട്ടാനുള്ള നീക്കം. മരണസംഖ്യ കുറയ്ക്കാന്‍ ഈ ശ്രമങ്ങളുടെ ഫലമായി കഴിഞ്ഞു. എന്നാല്‍ വൈറസ് തടയുന്നത് കുറയ്ക്കാന്‍ പല സംസ്ഥാനങ്ങള്‍ക്കും കഴിയാതെ വന്നു. ഒടുവില്‍ വൈറസിനൊപ്പം ജീവിക്കാനുള്ള തീരുമാനം. ആത്മനിര്‍ഭര്‍ ഭാരതിനുള്ള ആഹ്വാനവും പിന്നാലെ വന്നു.
ആത്മനിര്‍ഭര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തത് ഒന്നര മാസം മുമ്പാണ്. തല്ക്കാലം മാസ്ക്ക് ഉപയോഗിച്ചും സാമൂഹിക അകലം പാലിച്ചുമൊക്കെ സ്ഥിതി നിയന്ത്രിക്കാനാണ് പ്രധാനമന്ത്രിയുടെയും ഉപദേശം. മഹാനഗരങ്ങളിലെ രോഗബാധ നിയന്ത്രിക്കുന്നതില്‍ പല സംസ്ഥാനങ്ങളും പരാജയപ്പെട്ടു. രാജ്യത്തെ 85 ശതമാനം കൊവിഡ് രോഗികളും എട്ട് സംസ്ഥാനങ്ങളില്‍ നിന്നാണ്. രാജ്യതലസ്ഥാനമായ ഡല്‍ഹിയിലും സാമ്പത്തിക തലസ്ഥാനമായ മുംബൈയിലുമൊക്കെ സ്ഥിതി വഷളായിക്കൊണ്ടിരിക്കുന്നു.
ഇന്ത്യ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച മാര്‍ച്ച് 25ന് രാജ്യത്തുണ്ടായിരുന്നത് 550 രോഗികള്‍. മെയ് 19ന് സംഖ്യ ഒരു ലക്ഷം കടന്നു. നാല്പത് ദിവസം കഴിഞ്ഞതോടെ അഞ്ച് ലക്ഷവും. ലോക്ക്ഡൗണ്‍ നൂറ് ദിവസം പൂര്‍ത്തിയാകുമ്പോള്‍ മഹാരാഷ്ട്രയിലെയും ഡല്‍ഹിയിലെയും സ്ഥിതിയ്ക്ക് യാതൊരു മാറ്റവുമില്ല. ഈ നഗരങ്ങളില്‍ നിന്ന് ജനം ഉള്ള ജീവനും കൊണ്ട് പായുകയാണ്. തൊഴിലാളികള്‍ക്ക് പിന്നാലെ ഇപ്പോള്‍ മറ്റു ജനവിഭാഗങ്ങളും ഇവിടെ നിന്ന് യാത്ര തിരിക്കുന്നു. റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും എയര്‍പോര്‍ട്ടിലുമെല്ലാം സുരക്ഷിത സ്ഥലങ്ങള്‍ തേടി മടങ്ങുന്നവരുടെ വലിയ തിരക്കാണ്. വലിയ തൊഴില്‍ ദാതാക്കളായ ഇത്തരം വന്‍ നഗരങ്ങളിലെ രൂക്ഷമായ സ്ഥിതി വലിയ സാമ്പത്തിക ആശങ്കയാണ് ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത്.
മാര്‍ച്ച് 25ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്ന സമയത്ത് ആര്‍ക്കും അറിയില്ലായിരുന്നു ഇതെങ്ങോട്ടാണ് പോകുന്നതെന്ന്. ആദ്യമൊക്കെ എല്ലാവര്ക്കും വലിയ ഭയമായിരുന്നു. എന്നാല്‍ ഇപ്പോല്‍ ഈ സ്ഥിതിവിശേഷവുമായി ജനങ്ങള്‍ പൊരുത്തപ്പെട്ടു തുടങ്ങി. നേരത്തെ കാണാത്ത പല കാഴ്ചകളും കാണുന്നു. ഓണ്‍ലൈനായി സ്കൂളുകള്‍ വീടുകള്‍ക്കുള്ളിലേക്ക്. വീടുകള്‍ ഓഫീസായി മാറുന്ന കാഴ്ച. അപ്പോഴും സര്‍ക്കാരുടെ ലക്ഷ്യം അപ്പോഴും പരമാവധി ജീവന് രക്ഷിക്കുക എന്നത് തന്നെയാകണം.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply