Flash News

മന്ത്രവാദി മുതല്‍ ട്രംപ് വരെ (ഡോക്ടേഴ്സ് ദിന സ്പെഷ്യല്‍)

July 1, 2020 , ഡോ: എസ്.എസ്. ലാല്‍

രോഗങ്ങള്‍ ശമിക്കാന്‍ പൂജയും ഹോമവും തുടങ്ങി രോഗിയെ ദേഹോപദ്രവം ഏല്‍പ്പിക്കുന്ന രീതികള്‍ വരെ നമ്മുടെ നാട്ടിലും നിലനിിരുന്നു. ശാസ്ത്രം വളരാതിരുന്നതുകൊണ്ടോ വളര്‍ന്ന ശാസ്ത്രം നമ്മുടെ നാട്ടിലും എത്താതിരുന്നതുകൊണ്ടോ ഒക്കെയായിരുന്നു അങ്ങനെ സംഭവിച്ചിരുന്നത്.

അപസ്മാരത്തിനും മാനസിക പ്രശ്നങ്ങള്‍ക്കും ഒക്കെ ഡോക്ടറെ കാണിക്കാതെ രോഗികളെ മന്ത്രവാദിയുടെ മുന്നില്‍ കൊണ്ടുപോയി പ്രാകൃത ‘ചികിത്സാ’ രീതികള്‍ക്ക് വിധേയരാക്കുന്ന സംഭവങ്ങള്‍ ഒരു കാല്‍ നൂറ്റാണ്ട് മുമ്പു വരെ നമ്മുടെ നാട്ടിലും വ്യാപകമായിരുന്നു. വളരെ അടുത്തറിയാവുന്ന ചിലര്‍ അത്തരം ‘ചികിത്സ’കള്‍ക്ക് വിധേയരാകുന്നതും കണ്ടിട്ടുണ്ട്. വേദന തോന്നിയിട്ടുണ്ട്. ഇപ്പോഴും അതൊന്നും തീര്‍ന്നിട്ടുമില്ല. ബാലരമ വായിച്ചാല്‍ കിട്ടുന്ന അറിവില്‍ വരുന്ന വൈറസും ബാക്ടീരിയയും ഇല്ലെന്നു പറയുന്ന അക്ഷര വിരോധികള്‍ക്ക് പത്മശ്രീ കൊടുക്കുന്ന കാലമാണിത്.

പിന്തിരിപ്പന്‍ ശക്തികള്‍ ഉള്ളപ്പോഴും ശാസ്ത്രത്തിന്‍റെ വളര്‍ച്ച മൂലം ചികിത്സാശാസ്ത്രത്തില്‍ ഉണ്ടായ ഒരുപാട് പുരോഗതി സാധാരണക്കാരനിലും എത്തിയെന്നതാണ് ആരോഗ്യ രംഗത്തെ കേരളത്തിന്‍റെ നേട്ടങ്ങള്‍ക്ക് വലിയ കാരണം. ആ നേട്ടങ്ങള്‍ വലിയ ആശുപത്രികള്‍ മാത്രം ഉണ്ടാക്കിയതല്ല. നിലവാരമുള്ളതും ശാസ്ത്രീയവുമായ ചികിത്സകള്‍ക്കൊപ്പം പ്രാഥമികാരോഗ്യത്തിലൂന്നിയ പൊതുജനാരോഗ്യ രംഗം വളര്‍ന്നത് നമ്മുടെ നാടിന്‍റെ ആരോഗ്യ പുരോഗതിയില്‍ വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്.

എഴുപത് വയസ് കഴിഞ്ഞവര്‍ക്കും ഹൃദയത്തില്‍ ബൈപാസ് ശസ്ത്രക്രിയ ചെയ്യുന്നത് ഇന്ന് നമ്മുടെ നാട്ടില്‍ വാര്‍ത്തയല്ല. ധനികരാഷ്ട്രങ്ങളില്‍ കിട്ടുന്ന ഏതു തരം ചികിത്സയും സൗജന്യമായി പല സര്‍ക്കാര്‍ ആശുപത്രികളിലും പണം മുടക്കിയാല്‍ നമ്മുടെ സ്വകാര്യാശുപത്രികളിലും ഒക്കെ ലഭ്യമാണ്. ഇത്തരം ആശുപത്രികള്‍ നമ്മുടെ എല്ലാ ജില്ലകളിലും ഉണ്ട്. ഈ ചികിത്സകള്‍ വലിയൊരളവില്‍ നമുക്ക് ആവശ്യവുമാണ്. പ്രത്യേകിച്ച് നമ്മുടെ നാട്ടിലെ കുടുംബ ബന്ധങ്ങളുടെയും സാമൂഹ്യ സാഹചര്യങ്ങളുടെയും ഒക്കെ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍. എന്നാല്‍ ചെലവേറിയ ചികിത്സകള്‍ക്കായി പണം മുടക്കുമ്പോള്‍ അതിന്‍റെ സാമ്പത്തിക പ്രതിഫലനം സര്‍ക്കാരിനെയും സമൂഹത്തെയും ഒരുപോലെ ബാധിക്കുന്നുമുണ്ട്. ദരിദ്രര്‍ ചികിത്സയ്ക്ക് സ്വന്തം പോക്കറ്റില്‍ നിന്ന് പണം മുടക്കി പരമ ദരിദ്രരാകുന്നത് ഇന്ന് ആഗോളതലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്. നമ്മുടെ നാട്ടിലും ഇത് വലിയ പ്രശ്നമാണ്.

വിലയേറിയ ചികിത്സകള്‍ മാത്രമല്ല ഒരു നാടെന്ന നിലയില്‍ നമ്മുടെ ആരോഗ്യ നിലവാരം മെച്ചപ്പെടുത്തുന്നത്. ശരാശരി ആയുസ്സ് വര്‍ദ്ധിപ്പിക്കുന്നതും ഈ ചികിത്സകള്‍ മാത്രമല്ല. ഉദാഹരണത്തിന് കുട്ടികളുടെ മരണ നിരക്ക് കുറയുന്നതും നമ്മുടെ ശരാശരി ആയുസ് കൂടുന്നതിന് ഒരു കാരണമാണ്. ആശുപത്രി പ്രസവം, തുടര്‍ന്നുള്ള ശ്രദ്ധ, പ്രതിരോധ മരുന്നുകള്‍, കുടിവെള്ള ലഭ്യത, പോഷകാഹാരങ്ങള്‍ തുടങ്ങി നിരവധി കാരണങ്ങള്‍ ശിശുമരണത്തെയും സ്വാധീനിക്കുന്നു.

ഇന്ത്യയില്‍ ജനിച്ച ആയിരം കുട്ടികളില്‍ ഒരു വയസ്സിനുള്ളില്‍ മരിച്ചുപോകുന്നത് മുപ്പത്തിരണ്ട് കുട്ടികളാണ്. മദ്ധ്യപ്രദേശില്‍ ആയിരത്തില്‍ നാല്പത്തെട്ട് കുട്ടികളാണ് ഒരു വയസ്സിനകം മരിക്കുന്നത്. കേരളത്തില്‍ ഇത് ഏഴ് ആണ്. അഗോള തലത്തില്‍ യു.എന്‍. ലക്ഷ്യം വച്ചിരുന്ന എട്ട് എന്ന അക്കത്തിനും താഴെയാണ് കേരളം. ഒരു ഉദാഹരണം മാത്രമാണിത്. ഇതിന് കാരണവും നിരവധിയാണ്. വര്‍ഷങ്ങളായി നമ്മള്‍ ആരോഗ്യ രംഗത്ത് പ്രത്യേക ശ്രദ്ധ പതിപ്പിച്ചതും നമ്മുടെ ജനതയ്ക്കിടയില്‍ ആരോഗ്യ ശീലങ്ങളും ശുചിത്വവും ഒക്കെ പൊതുവെ കൂടുതലായതും ഒക്കെ നമ്മുടെ നില മെച്ചപ്പെടാന്‍ സഹായിച്ചു.

സാമ്പത്തിക നിലവാരം നോക്കിയാല്‍ ജി.ഡി.പി. യില്‍ ലോകത്ത് മുപ്പത്താം റാങ്കുള്ള ദക്ഷിണാഫ്രിക്കയ്ക്ക് ആരോഗ്യ രംഗത്ത് നൂറ്റിപ്പത്തൊമ്പതാം റാങ്കേയുള്ളൂ. മെഡിക്കല്‍ വിദ്യാഭ്യാസത്തിനും ഡോക്ടര്‍മാര്‍ക്കും നല്ല നിലവാരമുള്ള ആ രാജ്യത്താണ് ലോകത്ത് ഏറ്റവും കൂടുതല്‍ എച്.ഐ.വി. രോഗികള്‍ ഉള്ളത്. ആ രോഗമാണ് ആ രാജ്യത്തെ ഒരുപാട് പിന്നോട്ട് വലിക്കുന്നത്.

ആരോഗ്യ മന്ത്രി തന്നെ സമര്‍ത്ഥനായ ഒരു ഡോക്ടര്‍ ആണെന്ന ആനുകൂല്യം ഉണ്ടായിരുന്ന ഒരു രാജ്യത്ത് ലോകാരോഗ്യ സംഘടയുടെ ഉദ്യോഗസ്ഥനായി ജോലി ചെയ്തിട്ടുണ്ട്. അന്ന് ആ രാജ്യമായിരുന്നു ലോകത്തെ ഏറ്റവും അവികസിത രാജ്യം. സര്‍ക്കാരും ജനങ്ങളും ദരിദ്രരായിരുന്നു. നാട്ടുകാര്‍ക്ക് വിദ്യാഭാസം കുറവായിരുന്നു. ചെറിയ ആരോഗ്യ പ്രശ്നങ്ങളും അപകടങ്ങളും ഒക്കെ ഉണ്ടായി മനുഷ്യര്‍ പെട്ടെന്ന് മരിച്ചുപോയിരുന്നു അവിടെ. ആരോഗ്യ മന്ത്രി ഏറ്റവും മെച്ചമായതുകൊണ്ടു മാത്രം ഒരു രാജ്യത്തെ ആരോഗ്യം നന്നാകണമെന്നില്ല. മറ്റെല്ലാ ഘടകങ്ങളും കൂടി നന്നാവണം.

നാട്ടിലെ ആരോഗ്യ പ്രശ്ങ്ങളെല്ലാം ആശുപത്രികള്‍ക്കോ ഡോക്ടര്‍മാര്‍ക്കോ പരിഹരിക്കാന്‍ കഴിയണമെന്നില്ല. ഭരിക്കുന്നവരുടെ ഇച്ഛാശക്തി, ധനലഭ്യത, ആരോഗ്യസംവിധാനങ്ങളുടെ മികവ്, ജനങ്ങളുടെ അവബോധം, കാലാവസ്ഥ തുടങ്ങി നിരവധി കാര്യങ്ങളാണ് ആരോഗ്യത്തെ സ്വാധീനിക്കുന്നത്. ഈ ഘടകങ്ങളില്‍ ഒന്നു മാത്രമാണ് ആശുപത്രികളും അവയിലെ ചികിത്സയും. അവ പ്രധാനവുമാണ്. എന്നാല്‍ നല്ല ഡോക്ടര്‍മാരുണ്ടായാല്‍ മാത്രം എല്ലാം ശരിയാകണമെന്നില്ല എന്നാണ് പറയാന്‍ ഉദ്ദേശിച്ചത്. ഏറ്റവും നല്ല ഡോക്ടര്‍മാരെ മാത്രം പ്രാക്ടീസ് ചെയ്യാന്‍ അനുവദിക്കുന്ന യു,എസ്.എ. യുടെയും യു.കെ. യുടെയും ആരോഗ്യ സംവിധാനങ്ങള്‍ കൊവിഡ് രോഗവ്യാപനം വന്നപ്പോള്‍ തകര്‍ന്നു വീണത് നമ്മള്‍ കണ്ടതേയുള്ളൂ.

കൊവിഡ് പോലുള്ള ഒരു മഹാമാരി വന്നപ്പോള്‍ പല നാടുകളിലെയും ആരോഗ്യ സംവിധാനങ്ങള്‍ക്ക് ചുവടു പിഴച്ചത് അവിടെ സാധാരണക്കാരന് പ്രാപ്യവും താങ്ങാനാവുന്നതുമായ പ്രാഥമികാരോഗ്യ സംവിധാനങ്ങള്‍ ഇല്ലാത്തതുകൊണ്ട് കൂടിയാണ്. രാഷ്ട്രീയ നേതൃത്വത്തിന് രോഗത്തെ പൊതുജാനാരോഗ്യ വിഷയമായി കാണാന്‍ കഴിയാതെ പോയതിനാലാണ്. കൊവിഡ് ചികിത്സയില്‍ ഹൈഡ്രോക്സിക്ളോറോക്വിന്‍ മരുന്നിന്‍റെ ഉപയോഗം ശാസ്ത്രലോകം സംശയത്തോടെ വീക്ഷിക്കുമ്പോള്‍ അക്കാര്യത്തില്‍ ഒരു സംശയവും ഇല്ലാതിരുന്നത് ട്രംപിന് മാത്രമായിരുന്നു. കിട്ടുന്നിടത്ത് നിന്നെല്ലാം ആ മരുന്ന് വാങ്ങിക്കൂട്ടാനായിരുന്നു അദ്ദേഹം ശ്രമിച്ചത്. എന്നാല്‍ രോഗവ്യാപനം നല്ലൊരളവില്‍ തടയാന്‍ കഴിയുന്ന മാസ്ക് ധരിക്കാന്‍ പൊതുജനാരോഗ്യ വിദഗ്ദ്ധര്‍ പറഞ്ഞിട്ടും ഇപ്പോഴും അദ്ദേഹം പോലും കൂട്ടാക്കുന്നില്ല. പൊതുജനാരോഗ്യത്തിലൂന്നിയ മറ്റൊരു ഉപദേശമായ സാമൂഹ്യാകലത്തെയും ഒരു റാലി നടത്തി ട്രംപ് ലംഘിച്ചു.

ലോകത്ത് പ്രതിവര്‍ഷം അഞ്ചു ലക്ഷം കുട്ടികളാണ് വയറിളക്കം വന്നു മരിക്കുന്നത്. നല്ല കുടിവെള്ളം ലഭ്യമല്ലാത്തതും ഭക്ഷണം മലിനമാകുതും ഒക്കെയാണ് കാരണങ്ങള്‍. ഈ മരണങ്ങള്‍ മിക്കതും ഒഴിവാക്കാന്‍ മരുന്നുകള്‍ അല്ല വേണ്ടത്. ശുദ്ധജലവും ശുചിത്വം കൊണ്ട് ഒഴിവാക്കാവുന്നതാണ് ഇതില്‍ നല്ലൊരു ശതമാനം മരണങ്ങളും. ഇനി രോഗം വന്നാലോ? വയറിളക്കം കാരണം നിര്‍ജ്ജലീകരണവും അതുവഴി മരണവും ഉണ്ടായാണ് കോളറ രോഗികള്‍ മരിക്കുന്നത്. എണ്‍പത് ശതമാനം പേരെയും രക്ഷിക്കാന്‍ ലളിതമായ ഒ.ആര്‍.എസ്. ലായനി മാത്രം മതിയെന്ന് ലോകാരോഗ്യ സംഘടന തന്നെ പറയുന്നുണ്ട്. ഈ ലായനി പോലും ലഭിക്കാതെയാണ് ഒരുപാട് കുട്ടികള്‍ ദരിദ്ര രാഷ്ട്രങ്ങളില്‍ മരിച്ചുപോകുന്നത്. വിലയില്ലാത്ത ഒ.ആര്‍.എസ്. ലായനിയ്ക്കു തടയാവുന്നത്ര മരണങ്ങള്‍ ഇന്നു വരെ ഒരു ആധുനിക ചികിത്സയും തടഞ്ഞിട്ടില്ല.

പൊതുജനാരോഗ്യത്തിന്‍റെ പ്രാധാന്യം ലോകം ഏറ്റവും കൂടുതല്‍ തിരിച്ചറിയുന്ന സമയമാണിത്. മരുന്നുകളും വാക്സിനും ഇല്ലാത്ത ഒരു രോഗം വന്നാല്‍ മുഴുവന്‍ ലോകത്തെയും നിശ്ചലമാക്കാന്‍ കഴിയുമെന്ന് നമ്മള്‍ തിരിച്ചറിഞ്ഞു. ആധുനിക ചികിത്സകള്‍ ആവശ്യമാണ്. എന്നാല്‍ അവയുടെ തള്ളിക്കയറ്റത്തിനിടയില്‍ പൊതുജനാരോഗ്യത്തിന്‍റെ പ്രാധാന്യം നമ്മള്‍ മറക്കരുത്. ഭരണകര്‍ത്താക്കള്‍ മറക്കരുത്. ഡോക്ടര്‍മാരും മറക്കരുത്.

ഇന്ന് ഡോക്ടേഴ്സ് ദിനം. എന്റെയും ദിനം. ഈ ദിനത്തില്‍ പറയാന്‍ തോന്നിയത് ഇതായിരുന്നു.

ഡോ: എസ്.എസ്. ലാല്‍


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top