Flash News

തമിഴ്നാട് എന്‍എല്‍സി തെര്‍മല്‍ പ്ലാന്‍റില്‍ ബോയിലര്‍ പൊട്ടിത്തെറിച്ച് ആറ് പേര്‍ മരിച്ചു, 17 പേര്‍ക്ക് പരിക്കേറ്റു

July 1, 2020 , തസ്‌നീം

നെയ്‌വേലി (തമിഴ്നാട്): തമിഴ്നാട്ടിലെ എന്‍എല്‍സി ഇന്ത്യയുടെ തെര്‍മല്‍ പ്ലാന്‍റില്‍ ബോയിലര്‍ പൊട്ടിത്തെറിച്ച് ആറ് പേര്‍ മരിക്കുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചെന്നൈയില്‍ നിന്ന് 200 കിലോമീറ്റര്‍ തെക്കായി കടലൂര്‍ ജില്ലയിലെ നെയ്‌വേലിയിലാണ് ഈ താപ നിലയം സ്ഥിതി ചെയ്യുന്നത്.

മരിച്ചവര്‍ 25 നും 42 നും ഇടയില്‍ പ്രായമുള്ളവരാണ്. എല്ലാവരും കരാര്‍ തൊഴിലാളികളാണ്. ഔദ്യോഗിക വിവരമനുസരിച്ച്, പരിക്കേറ്റവര്‍ക്ക് കുറഞ്ഞത് 40 ശതമാനമെങ്കിലും പൊള്ളലേറ്റിട്ടുണ്ട്.

ബുധനാഴ്ച രാവിലെ തൊഴിലാളികള്‍ പണി ആരംഭിക്കുന്നതിനിടയിലാണ് തെര്‍മല്‍ പവര്‍ സ്റ്റേഷന്‍ 2 (210 മെഗാവാട്ട്) ന്‍റെ അഞ്ചാമത്തെ യൂണിറ്റിലാണ് അപകടം നടന്നത്. ചില തൊഴിലാളികള്‍ അകത്ത് കുടുങ്ങിയിട്ടുണ്ടോ എന്ന് സംശയിക്കുന്നതായി ഒരു ഉദ്യോഗസ്ഥന്‍ വാര്‍ത്താ മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ രണ്ട് മാസത്തിനിടെ നടന്ന രണ്ടാമത്തെ സ്ഫോടനമാണ് ബുധനാഴ്ചയുണ്ടായ സ്ഫോടനമെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ മെയ് 7 ന് ഒരു പ്ലാന്‍റില്‍ സമാനമായ സംഭവത്തില്‍ രണ്ട് തൊഴിലാളികള്‍ കൊല്ലപ്പെടുകയും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

അതേസമയം, സംഭവത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ അനുശോചിച്ചു. അദ്ദേഹം മുഖ്യമന്ത്രി കെ.കെ. പളനിസ്വാമിയുമായി സംസാരിക്കുകയും സാധ്യമായ എല്ലാ സഹായങ്ങളും അദ്ദേഹത്തിന് ഉറപ്പ് നല്‍കുകയും ചെയ്തു.

തമിഴ്നാട്ടിലെ നെയ്‌വേലി പവര്‍ പ്ലാന്റില്‍ ബോയിലര്‍ സ്ഫോടനത്തില്‍ തൊഴിലാളികള്‍ മരിച്ച വാര്‍ത്തയില്‍ ഞാന്‍ ഖേദിക്കുന്നുവെന്ന് ആഭ്യന്തരമന്ത്രി ട്വീറ്റില്‍ പറഞ്ഞു. ‘തമിഴ്നാട് മുഖ്യമന്ത്രിയുമായി സംസാരിക്കുകയും സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പ് നല്‍കുകയും ചെയ്തു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കാന്‍ സി.ഐ.എസ്.എഫ് ഇതിനകം തന്നെ രംഗത്തുണ്ട്. പരിക്കേറ്റവര്‍ സുഖം പ്രാപിക്കാനായി പ്രാര്‍ത്ഥിക്കുന്നു,’ അദ്ദേഹം ട്വീറ്റ് ചെയ്തു.

റിപ്പോര്‍ട്ട് അനുസരിച്ച് ഈ കമ്പനി 3,940 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. ബുധനാഴ്ച പൊട്ടിത്തെറിച്ച പ്ലാന്‍റില്‍ 1,470 മെഗാവാട്ട് വൈദ്യുതിയാണ് ഉത്പാദിപ്പിക്കുന്നത്. കമ്പനിയില്‍ ഏകദേശം 27,000 ജീവനക്കാരുണ്ട്. അതില്‍ 15,000 പേര്‍ കരാറുകാരാണ്.

ഈ മാസം ആദ്യം ഗുജറാത്തിലെ ഭരുച് ജില്ലയിലെ ദാഹെജിലെ കെമിക്കല്‍ ഫാക്ടറിയില്‍ ഉണ്ടായ സ്ഫോടനത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു.

ജൂണ്‍ 30 ന് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം നഗരത്തിലെ പരവാഡ പ്രദേശത്ത് ‘സാനര്‍ ലൈഫ് സയന്‍സസ്’ എന്ന കമ്പനിയില്‍ ബെന്‍സീന്‍ (ബെന്‍സിമിഡാസോള്‍) വാതകം ചോര്‍ന്നതിനെ തുടര്‍ന്ന് രണ്ട് പേര്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ജൂണ്‍ 28 ന് ആന്ധ്രാപ്രദേശിലെ കുര്‍നൂള്‍ ജില്ലയിലെ നന്ദിയലിനടുത്ത് സ്ഥിതി ചെയ്യുന്ന എസ്പിഐ അഗ്രോ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എന്ന വളം പ്ലാന്‍റില്‍ അമോണിയ വാതകം ചോര്‍ന്ന സംഭവത്തില്‍ ഒരാള്‍ മരിച്ചു.

മെയ് 7 ന് വിശാഖപട്ടണത്തിനടുത്തുള്ള ആര്‍ ആര്‍ വെങ്കടപുരം ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്ന എല്‍ജി പോളിമര്‍ പ്ലാന്‍റില്‍ വിഷം കലര്‍ന്ന സ്റ്റൈറൈന്‍ വാതക ചോര്‍ച്ച മൂലം പതിനൊന്നോളം പേര്‍ മരിച്ചു. ഈ അപകടത്തില്‍ ആയിരത്തോളം പേരെ ബാധിക്കുകയും ചുറ്റുമുള്ള രണ്ടോ മൂന്നോ ഗ്രാമങ്ങള്‍ ഒഴിപ്പിക്കുകയും ചെയ്തിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top