Flash News

പതഞ്ജലിയുടെ ‘കൊറോണില്‍’ കൊറോണയെ സുഖപ്പെടുത്തുമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല: ആചാര്യ ബാലകൃഷ്ണ

July 1, 2020 , ശ്രീജ

ഡെറാഡൂണ്‍: കൊറോണില്‍ മരുന്ന് നിര്‍മ്മിക്കുന്നത് സംബന്ധിച്ച നോട്ടീസിന് മറുപടിയായി ബാബാ രാംദേവിന്‍റെ പതഞ്ജലി ആയുര്‍വേദ ലിമിറ്റഡ് ഈ പ്രക്രിയയില്‍ കമ്പനി ഒരു നിയമവും ലംഘിച്ചിട്ടില്ലെന്ന് അറിയിച്ചു.

കമ്പനിയുടെ ‘കൊറോണില്‍’ മരുന്ന് കൊറോണ വൈറസ് ഭേദമാക്കുമെന്ന് പതഞ്ജലി ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് കമ്പനി സിഇഒ ആചാര്യ ബാലകൃഷ്ണ പറഞ്ഞു. ‘കൊറോണ കിറ്റ്’ എന്ന മരുന്ന് ഉത്പാദിപ്പിക്കാനും മാരകമായ വൈറസിനെതിരായ പരിഹാരമായി ഇത് പരസ്യപ്പെടുത്താനും വിസമ്മതിച്ചതായി കമ്പനി വ്യക്തമാക്കി.

ദിവ്യ സ്വാസരി വടി, ദിവ്യ കൊറോനില്‍ ഗുളികകള്‍, ദിവ്യ അണു തൈല എന്നീ മരുന്നുകള്‍ ഒരു പാക്കറ്റിലാക്കിയത് അവ എളുപ്പത്തില്‍ പുറത്തേക്ക് അയക്കാനുള്ള സൗകര്യം കൊണ്ടാണെന്ന് കമ്പനി അറിയിച്ചു. നോട്ടീസിന് മറുപടിയായി, കൊറോണ കിറ്റ് എന്ന് വിളിക്കുന്ന ഒരു കിറ്റുകളും വാണിജ്യപരമായി വിറ്റിട്ടില്ലെന്നും കൊറോണയ്ക്കെതിരായ പരിഹാരമായി ഇത് പ്രചരിപ്പിച്ചിട്ടില്ലെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

മരുന്നിന്റെ പ്രചാരണത്തിന് മാധ്യമങ്ങളെ പ്രോത്സാഹിപ്പിച്ചിട്ടുണ്ടെന്ന് കമ്പനി സമ്മതിച്ചു. മാധ്യമങ്ങള്‍ വസ്തുതകള്‍ തെറ്റായി ചിത്രീകരിച്ചതിന്‍റെ ഫലമായാണ് നോട്ടീസ് നല്‍കിയതെന്നും മറുപടിയില്‍ പറയുന്നു. ബാബാ രാം‌ദേവ് ഒരു നിയമവും ലംഘിച്ചിട്ടില്ലെന്നും അതിനാല്‍ അദ്ദേഹത്തിനെതിരെ നടപടിയെടുക്കേണ്ടതില്ലെന്നും മറുപടിയില്‍ പറയുന്നു.

പതഞ്ജലി ആയുര്‍വേദ ലിമിറ്റഡിന്‍റെ ശാഖയായ ദിവ്യ ഫാര്‍മസി അയച്ച ഈ മറുപടിയെക്കുറിച്ച് പഠിക്കുകയാണെന്ന് ഉത്തരാഖണ്ഡ് ആയുര്‍വേദ വകുപ്പ് അറിയിച്ചു. ഫിസിക്കല്‍ വെരിഫിക്കേഷനായി ഒരു ഡ്രഗ് ഇന്‍സ്പെക്ടറെ കമ്പനിയിലേക്ക് അയച്ചതായി വകുപ്പിന്‍റെ ലൈസന്‍സിംഗ് ഓഫീസര്‍ വൈ എസ് റാവത്ത് പറഞ്ഞു. എന്നാല്‍, അവിടെ കിറ്റൊന്നും കണ്ടെത്താനായില്ലെന്നും അദ്ദേഹം പറഞ്ഞു.

പതാജ്ഞലിയുടെ മറുപടിയില്‍ തൃപ്തിയുണ്ടോയെന്ന ചോദ്യത്തിന്, കൊറോണയ്ക്കുള്ള ചികിത്സയായി ബാബാ രാംദേവ് അവകാശപ്പെടുന്നത് എല്ലാവരും കണ്ടിട്ടുണ്ടെന്നും മറുപടിയെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കേണ്ടതുണ്ടെന്നും റാവത്ത് പറഞ്ഞു.

കഴിഞ്ഞ ജൂണ്‍ 23 ചൊവ്വാഴ്ച ബാബ രാംദേവ് ‘കൊറോനില്‍’ എന്ന മരുന്ന് പുറത്തിറക്കുകയും കൊറോണ വൈറസിന് 100 ശതമാനം രോഗശമനം കിട്ടുമെന്ന് അവകാശപ്പെടുകയും ചെയ്തിരുന്നു.

ഹരിദ്വാറിലെ പതഞ്ജലി യോഗ്പീത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് രാംദേവ് പറഞ്ഞു, ‘ഈ മരുന്ന് 100 ശതമാനം കോവിഡ് 19 രോഗികള്‍ക്ക് പ്രയോജനം ചെയ്യും. 100 രോഗികളില്‍ നിയന്ത്രിത ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തി, അതില്‍ 69 ശതമാനം പേരേയും മൂന്ന് ദിവസത്തിനുള്ളില്‍ പരിശോധിച്ചപ്പോള്‍ റിപ്പോര്‍ട്ട് നെഗറ്റീവ് ആയി.’

ജയ്പൂരിലെ നിംസ് യൂണിവേഴ്സിറ്റി ഈ പദ്ധതിയില്‍ പങ്കാളിയാണെന്ന് രാംദേവ് പറഞ്ഞു. ‘ഞങ്ങള്‍ 280 രോഗികളെ പരീക്ഷണത്തില്‍ ഉള്‍പ്പെടുത്തി. 100 ശതമാനം രോഗികളെ സുഖപ്പെടുത്തി. കൊറോണയും അതിന്‍റെ സങ്കീര്‍ണതകളും നിയന്ത്രിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. ആവശ്യമായ എല്ലാ ക്ലിനിക്കല്‍ നിയന്ത്രണ പരീക്ഷണങ്ങളും നടത്തിയിട്ടുണ്ട്,’ രാം‌ദേവ് അന്ന് പറഞ്ഞതാണിത്.

എന്നാല്‍, ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം, ഈ മരുന്നില്‍ അടങ്ങിയിരിക്കുന്ന വിവിധ ഔഷധസസ്യങ്ങളുടെ അളവും മറ്റ് വിശദാംശങ്ങളും എത്രയും വേഗം നല്‍കാന്‍ ആയുഷ് മന്ത്രാലയം പതഞ്ജലിയോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം അന്വേഷിക്കുന്നതുവരെ ഈ ഉല്‍പ്പന്നത്തിന്‍റെ പ്രചാരണവും വില്പനയും നിര്‍ത്തണമെന്നും മന്ത്രാലയം കമ്പനിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ ഉത്തരാഖണ്ഡ് ആയുഷ് വകുപ്പ് പതഞ്ജലിക്ക് നോട്ടീസ് നല്‍കുകയും ചെയ്തു.

രാംദേവ്, പതഞ്ജലി ആയുര്‍വേദ ലിമിറ്റഡ് എന്നിവര്‍ക്കെതിരെ ജൂണ്‍ 27 ന് ചണ്ഡിഗഡ് ജില്ലാ കോടതിയില്‍ മായം ചേര്‍ക്കല്‍, തട്ടിപ്പ് എന്നിവയുമായി ബന്ധപ്പെട്ട് ഐപിസിയുടെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. ജൂണ്‍ 26 ന് ജയ്പൂരിലെ ജ്യോതിനഗര്‍ പോലീസ് സ്റ്റേഷനില്‍ ഐപിസിയുടെ 420 വകുപ്പ് ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

രാംദേവ്, ബാല്‍കൃഷ്ണ എന്നിവരെ കൂടാതെ, ശാസ്ത്രജ്ഞന്‍ അനുരാഗ് വര്‍ഷ്നി, നിംസ് ചെയര്‍മാന്‍ ഡോ. ബല്‍ബീര്‍ സിംഗ് തോമര്‍, ഡയറക്ടര്‍ ഡോ. അനുരാഗ് തോമര്‍ എന്നിവരെ പ്രതികളാക്കിയാണ് എഫ്‌ഐ‌ആര്‍ രജിസ്റ്റര്‍ ചെയ്തത്.

പതഞ്ജലി ആയുര്‍വേദ നിര്‍മ്മിച്ച മരുന്നിന്‍റെ ക്ലിനിക്കല്‍ ട്രയല്‍ സംബന്ധിച്ച് വ്യക്തത ആവശ്യപ്പെട്ട് രാജസ്ഥാനിലെ മെഡിക്കല്‍ വകുപ്പ് നിംസ് ആശുപത്രിക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top