Flash News

ഗ്രാമത്തിലെ പെണ്‍കുട്ടി (തുടര്‍ക്കഥ – 31)

July 1, 2020 , അബൂതി

അവരുടെ മുന്‍പിലെ വലിയ ഗേറ്റ് തുറന്നു കൊടുത്തത് കാവല്‍ക്കാരനായിരുന്നു. ആ വലിയ ബംഗ്ലാവിലേക്ക് നോക്കിയപ്പോള്‍ അവര്‍ക്ക് കണ്ണുതള്ളി. ഇതൊരു വീടാണോ? അതോ കൊട്ടാരമോ?

കോളിംഗ് ബെല്ലടിക്കേണ്ടി വന്നില്ല. അവരുടെ മുന്നില്‍ ആ വലിയ വീടിന്റെ, കമനീയമായ വാതില്‍ തുറന്നു. പനിനീര്‍പൂ പോലെ മനോഹരമായൊരു പുഞ്ചിരിയുമായി, ഒരു യുവതി. വെള്ളാരം കണ്ണുള്ള, കൊലുന്നനെയുള്ള ഒരാള്‍. അവളുടെ പുഞ്ചിരിക്ക് വെഞ്ചാമരം വീശുന്നു, മനോഹരമായ നുണക്കുഴികള്‍. ആനയ്ക്ക് നെറ്റിപ്പട്ടമെന്ന പോലെ അത് എടുത്ത് കാണിക്കുന്നുമുണ്ട്. ഇരുപത്തിയഞ്ച് മുപ്പതിന്നിടയ്ക്ക് പ്രായം മതിക്കുന്ന ആ യുവതി അവരെ അകത്തേയ്ക്ക് സ്വാഗതം ചെയ്തു.

അകത്തേക്ക് കയറിയ അവരുടെ കണ്ണഞ്ചിപ്പോയി. ഓരോ ഇഞ്ചിലും പണക്കൊഴുപ്പിന്റെ പളപളപ്പ്. അന്തം വിട്ട് നില്‍ക്കുന്ന അവരോടായി പുഞ്ചിരിയോടെ ആ യുവതി പറഞ്ഞു…

“ഇരിക്കൂ.. അദ്ദേഹം ഇപ്പൊ വരും… ”

അവര്‍ക്കാകെ ഒരമ്പരപ്പായിരുന്നു. സോഫയിലേക്ക് ഇരിക്കുന്നതിനിടയില്‍ അവളുടെ നോട്ടം ആ യുവതിയുടെ മുഖത്തു തന്നെയായിരുന്നു. അവളുടെ പകച്ച നോട്ടം കണ്ടപ്പോള്‍ പുഞ്ചിരിയോടെ അവര്‍ പറഞ്ഞു.

“എന്നെ മനസ്സിലായില്ലേ..? ഞാന്‍ ഗംഗ. ഭാര്യയാണ്. എന്നോടാണ് നേരത്തെ നിങ്ങള്‍ സംസാരിച്ചത്. ഇരിക്കൂട്ടൊ… ഞാന്‍ കുടിക്കാനെന്തെങ്കിലും കൊണ്ട് വരാം.”

പതുപതുത്ത സോഫയിലിരിക്കുമ്പോള്‍ അവളുടെ ചിന്ത മറ്റൊന്നായിരുന്നു. ഇത്രയും സൗന്ദര്യമുള്ള, ആരോഗ്യമുള്ള, ചെറുപ്പക്കാരിയായ ഒരു ഭാര്യ ഉള്ളപ്പോള്‍, എന്തിനാണ് അദ്ദേഹം എന്നെ പോലൊരാളെ തേടിവന്നു. മോശം തന്നെ. എത്രയൊക്കെ ഇഷ്ടവും ബഹുമാനവും ആ മനുഷ്യനോടുണ്ടെങ്കിലും ഈ ഒരു കാര്യത്തില്‍ അവള്‍ക്ക് അയാളോട് നീരസം തോന്നി. അയ്യോ, കാശിത്തുമ്പ പോലൊരു പെണ്‍കുട്ടി. അവളെ എങ്ങിനെ വഞ്ചിക്കാനാവുന്നു അദ്ദേഹത്തിന്. അല്ലെങ്കിലും അടുത്തറിയുമ്പോഴാണല്ലോ വിഗ്രഹങ്ങളുടഞ്ഞു പോകുന്നത്.

“ആഹാ…. എത്തിയോ…. എന്റെ ഗ്രാമദേവത?”

മുകളില്‍ നിന്നാണ് ശബ്ദം കേട്ടത്. തലയുയര്‍ത്തി നോക്കിയപ്പോള്‍ മുകള്‍ നിലയില്‍ നിന്നും കൈവരിയില്‍ കയ്യൂന്നി നോക്കി നില്‍ക്കുന്നു അദ്ദേഹം. ആ മുഖത്തെ നിഗൂഢമായ പുഞ്ചിരിക്ക്, ഇന്നും ഒരു കോട്ടവും വന്നിട്ടില്ല. ആ കണ്ണുകളിലെ തിളക്കത്തിനും. അവള്‍ക്ക് സന്തോഷം കൊണ്ട് ശ്വാസം വിലങ്ങി. ഞെട്ടിപ്പിടഞ്ഞവള്‍ ചാടിയെഴുന്നേറ്റു. അയാള്‍ ഓരോ സ്റ്റെപ്പുകളായി പതുക്കെ ഇറങ്ങി. അവളുടെ മുന്‍പിലെത്തി അവളുടെ കണ്ണുകളിലേക്ക് നോക്കി..

“വൗ… വൗ… വൗ. അവസാനം… അവസാനം നിനക്കെന്നെ കാണാതിരിക്കാന്‍ പറ്റാത്ത.. ആ വിശുദ്ധ നിമിഷം ജനിച്ചല്ലേ? മൈ ഡിയര്‍ എയ്ഞ്ചല്‍? സുഖമാണോ നിനക്ക്?”

അവളുടെ കണ്ണുകള്‍ അതിനകം തന്നെ നിറഞ്ഞിരുന്നു. ചുണ്ടുകള്‍ വിതുമ്പിത്തുടങ്ങിയിരുന്നു. അവള്‍ക്ക് സമയത്തെ കുറിച്ചോ, സ്ഥലത്തെ കുറിച്ചോ യാതൊരു ബോധവും ഉണ്ടായിരുന്നില്ല. ഏട്ടാ എന്നൊരു വിളിയില്‍ ശില പോലും അലിഞ്ഞു പോകുമായിരുന്നു. അവള്‍ ആ മാറിലേക്ക് ചേര്‍ന്നു. അവളുടെ കണ്ണീര്‍ കൊണ്ട് അയാളുടെ വസ്ത്രം നനഞ്ഞു. തേങ്ങലിന്നിടയില്‍ ഗദ്ഗദം പോലെ അവളുടെ ചോദ്യം…

“എന്തെ ഏട്ടാ.. എന്നെ കാണാന്‍ വന്നില്ല… പിന്നെ വന്നേയില്ല? ഞാനെത്ര കാത്തിരുന്നു എന്നറിയ്വോ?”

അയാള്‍ ആശ്വസിപ്പിക്കാനെന്ന വണ്ണം അവളുടെ മുതുകില്‍ പതുക്കെ തട്ടിക്കൊണ്ടിരുന്നു.

“ഞാന്‍ നിന്നെ കാണാന്‍ വരുന്നതിനല്ല കുട്ടീ… സുഖം. തീവ്രമായ കാത്തിരിപ്പിന്റെ.. ഈ അവസാനത്തെ നിമിഷങ്ങള്‍ക്കാണ്. എനിക്കറിയാമായിരുന്നു… നീ എന്നെ തേടി വരുമെന്ന്. ഞങ്ങളും…. കാത്തിരിക്കുകയായിരുന്നു.”

അവളുടെ കണ്ണീര്‍ തുടച്ചു കൊണ്ടയാള്‍ തുടര്‍ന്നു.

“ആരും അറയ്ക്കുന്നൊരു അഴുക്കുചാലില്‍.. ഞാനൊരു മാണിക്യത്തെ കണ്ടു. ആതെടുത്ത്.. കഴുകി ശുദ്ധമാക്കി ഉയര്‍ന്നൊരു പീഠത്തില്‍ വച്ചു. ഞാനത്രയേ ചെയ്തുള്ളൂ. അത്രമാത്രം. അത് വെറുതെ ചെയ്തതല്ല…. നീ ശരിക്കും… ഒരു മണിക്ക്യം തന്നെയാണ്.”

ബാബുവിന്റെ കണ്ണ് തള്ളിപ്പോയി.. അവന്‍ ചിറ്റിലും നോക്കി. ദൈവമേ.. ഇനി ഇതും കണ്ടിയാളുടെ ഭാര്യയെങ്ങാനും വന്നാല്‍… ഇവിടെ വെട്ടും കുത്തും നടക്കും..

അവനങ്ങനെ ചിന്തിച്ച ആ നിമിഷം തന്നെ അത് സംഭവിക്കുകയും ചെയ്തു. കയ്യിലെ ട്രേയില്‍ നാലു ഗ്ലാസുമായി ഗംഗ അങ്ങോട്ട് കടന്നു വന്നു. ഒരു കൊച്ചു കുഞ്ഞിനെ പോലെ അയാളുടെ മാറിലേക്ക് ചാഞ്ഞ് കരയുന്ന അവളെയും, അവളുടെ മുതുകില്‍ തഴുകി അവളെ ആശ്വസിപ്പിച്ചു കൊണ്ടിരിക്കുന്ന സ്വന്തം ഭര്‍ത്താവിനെയും കണ്ടു. ഇപ്പോള്‍ അവള്‍ കയ്യിലെ ട്രേ വലിച്ചെറിയുമെന്നും, അലറി വിളിച്ച് അവര്‍ക്കിടയിലേക്ക് ചാടി വീഴുമെന്നും, അവളുടെ മുടിക്കെട്ടില്‍ ചുഴറ്റിപ്പിടിക്കുമെന്നും ബാബു കരുതിയെങ്കിലും ഒന്നും സംഭവിച്ചില്ല.

ഗംഗ വളരെ കൂളായി അങ്ങോട്ടു വന്നു. കയ്യിലെ ട്രേ മുന്നിലെ ടീപോയില്‍ വച്ചു. അന്തം വിട്ട് വായും പൊളിച്ചിരിക്കുന്ന ബാബുവിനോട് തമാശ രൂപത്തില്‍ ചോദിച്ചു…

“ബാബു ആണും പെണ്ണും കെട്ടിപ്പിടിക്കുന്നത് ആദ്യമായിട്ടാണോ കാണുന്നത്?”

ചമ്മിപ്പോയ ബാബു വിളറിയ ഒരു ചിരി ചിരിച്ചു. ഗംഗയുടെ ശബ്ദം കേട്ടപ്പോള്‍ മാത്രമാണ് അവള്‍ക്ക് ബോധമുണ്ടായത്. അവള്‍ വേഗം അയാളില്‍ നിന്നും അടര്‍ന്നു മാറി. പകച്ച് ഗംഗയെ നോക്കി നില്‍ക്കുന്ന അവളെ അയാള്‍ തന്നിലേക്ക് തന്നെ ചേര്‍ത്തു നിര്‍ത്തി ഗംഗയോട് ചോദിച്ചു…

“ദാ.. നില്‍ക്കുന്നു…. നീ ചോദിക്കാറുള്ള ആള്‍… ഞാന്‍ പറഞ്ഞിരുന്നില്ലേ.. ഇവളൊരിക്കല്‍ നമ്മളെ തേടി വരുമെന്ന്?”

പിന്നെ അവളോടായി പറഞ്ഞു..

“ഇത് ഗംഗ… എന്റെ ഭാര്യയെന്നു പറഞ്ഞാല്‍… മതിയാകാതെ വരും. എന്റെ അമ്മയും… ചേച്ചിയും… അനിയത്തിയും… കൂട്ടുകാരിയും… മകളും… പോരാത്തതിന്… ഇടയ്ക്കൊക്കെ ടീച്ചറും കൂടിയാണ്. എന്റെ സര്‍വ്വസ്വം. ഞാനാകാശത്തിലോ.. കടലിലോ… പാതാളത്തിലോ ആയിക്കോട്ടെ. എവിടെയായാലും… ഇവളെനിക്ക് ഈ പറഞ്ഞതൊക്കെ തന്നെയാണ്. ഇവളറിയാത്ത രഹസ്യങ്ങളൊന്നും എനിക്കില്ല. ഇനി ഉണ്ടാവുകയും ഇല്ല. ഇവള്‍ക്കിപ്പോള്‍… നിന്നോടിത്തിരി കുശുമ്പുണ്ട്… അനിയത്തിയുടെ സ്ഥാനത്ത്… നീ കൂടി അവളുടെ കൂടെ കടന്നു കൂടിയതിന്. പെണ്ണല്ലേ…. ഇത്തിരി കുശുമ്പ്… പെണ്ണിനൊരു അലങ്കാലരാമായതോണ്ട്…. നമുക്കങ്ങ് ക്ഷമിച്ചു കളയാം…. അല്ലെ?”

അവള്‍ ഗംഗയുടെ നേരെ കൈ കൂപ്പി. ഗംഗ അവളുടെ തൊട്ടുമുന്നിലേക്ക് വന്ന് ആ കൈകളില്‍ പിടിച്ചു. അവളുടെ കണ്ണീര്‍ തുടച്ചു..

“ഇനി എന്തിനാ കരയുന്നത്… ഇനിയത് വേണ്ട.. ഒരായുസ്സിനുള്ളത് മുഴുവനും ഇതിനകം കരഞ്ഞു തീര്‍ത്തില്ലേ… ജീവിക്കാനും.. ഉറ്റവരെ ജീവിപ്പിക്കാനുമുള്ള നിങ്ങളുടെ വാശിക്ക് മുന്‍പില്‍… ഞങ്ങളാണ് കൈ കൂപ്പേണ്ടത്. അതെല്ലാവര്‍ക്കും ഉണ്ടാവുന്നതല്ല. സ്വന്തം കാര്യം നോക്കി രക്ഷപെടാന്‍ അവസരം കിട്ടിയിട്ടും… നിങ്ങള്‍ ഉറ്റവര്‍ക്ക് വേണ്ടി ത്യജിച്ചു. ആ മനസ്സിന് മുന്‍പില്‍ ഞങ്ങളാണ് കൈ കൂപ്പേണ്ടത്.”

വികാരതീവ്രമായ നിമിഷങ്ങളായിരുന്നു അവള്‍ക്ക് അതെല്ലാം. എല്ലാം കണ്ടും കേട്ടും ബാബു അത്ഭുതപ്പെട്ടിരിക്കുകയായിരുന്നു. ബാബു ആ മനുഷ്യനെ കൗതുകത്തോടെ നോക്കിക്കാണുകയാണ്. തങ്ങളുടെയൊക്കെ ജീവിതത്തെ അപ്പാടെ മാറ്റിമറിച്ച മനുഷ്യനാണാ നില്‍ക്കുന്നത്. ജീവിതം ജീവിതമാക്കിത്തന്ന മനുഷ്യന്‍. ബാബുവിന് അയാളെ കൈകൂപ്പി തൊഴണമെന്നുണ്ടായിരുന്നു. മനസ്സില്‍ ഒരായിരം വട്ടം അവനത് ചെയ്യുകയും ചെയ്തു.

ചിരിയും കളിയും കൊച്ചു കൊച്ചു വര്‍ത്തമാനങ്ങളുമായി സമയം പോയി. അവള്‍ക്ക് ചിലതെല്ലാം ചോദിക്കാനുണ്ടായിരുന്നു. പറയാനുണ്ടായിരുന്നു. അയാള്‍ക്കും. ഇടയ്‌ക്കൊരുവേള അവര്‍ തനിച്ചായപ്പോള്‍ അത് വരെ അവളുടെ നെഞ്ചില്‍ ശ്വാസം മുട്ടി നില്‍ക്കുകയായിരുന്ന ആ ചോദ്യം ഒരല്പം നീരസത്തോടെ തന്നെ ചോദിച്ചു.

“എന്തിനാണ് ആ പാവം കുട്ടിയെ വഞ്ചിക്കാന്‍ നോക്കിയത്? ഇത് പോലൊരു പാവം പിടിച്ച പെണ്‍കുട്ടിയെ….”

അവളുടെ ചോദ്യം കേട്ടപ്പോള്‍ അയാളൊന്ന് പുഞ്ചിരിച്ചു. ആ ഗൂഢമായ പുഞ്ചിരിയോടെ മുന്നോട്ടാഞ്ഞിരുന്ന്, അവളുടെ കണ്ണുകളിലേക്ക് നോക്കി അയാള്‍ ചോദിച്ചു.

“അതിന് ആര് പറഞ്ഞു… ഞാനന്ന് നിന്നെ ആ ഹോട്ടല്‍ മുറിയിലേക്ക് വിളിപ്പിച്ചത്… നിന്റെ ശരീരത്തിന് വേണ്ടിയാണെന്ന്? നിനക്കിനിയും അത് മനസ്സിലായില്ലേ….?”

അയാളുടെ പ്രകാശമാനമായ കണ്ണുകളിലേക്ക് നോക്കിയിരിക്കവേ, അവളുടെ ചുണ്ടിലൊരു മന്ദസ്മിതം വിരിഞ്ഞു.

അവര്‍ വിടപറഞ്ഞിറങ്ങുമ്പോള്‍ പടിഞ്ഞാറന്‍ ചക്രവാളത്തിന്റെ കവിള്‍ ചുവന്നു തുടങ്ങിയിരുന്നു. അവളെ പുണര്‍ന്നു കൊണ്ട് ഗംഗ പറഞ്ഞു.

“നിങ്ങള്‍ എത്ര കണ്ട് എന്നെ സ്വാധീനിച്ചു എന്നറിയുമോ? അതങ്ങിനെ പറഞ്ഞറിയിക്കാനൊന്നും കഴിയില്ല. നിങ്ങളെനിക്കൊരു ഊര്‍ജമാണ്. വലിയൊരു ഊര്‍ജം… ഇനിയുമൊരുപാട് കാലം ജീവിക്കാനും… പൊരുതാനുമുള്ള ഊര്‍ജം”

അവള്‍ക്കത് ശരിക്കും മനസ്സിലായില്ലെങ്കിലും, ആ സ്നേഹം അവള്‍ക്ക് തിരിച്ചറിയാനായി. താനറിയാത്ത കഥയുടെ മറുവശങ്ങള്‍ തേടേണ്ടതില്ല എന്നവള്‍ തീര്‍ച്ചയായിക്കി. ഒരു നന്ദിവാക്ക് കൊണ്ട് കളങ്കമാക്കാനാവാത്തത്രയും കടപ്പാട് തനിക്കാ മനുഷ്യനോടുണ്ട്. ഇപ്പോള്‍ ഗംഗയോടും. അതവിടെ ഒരു മുത്തു പോലെ ഇരിക്കട്ടെ.

വണ്ടി സ്റ്റാര്‍ട്ട് ചെയ്യാന്‍ തുടങ്ങവേ ബാബു പതുക്കെ ചോദിച്ചൂ…

“ചേച്ചീ… അന്നാ ബാങ്ക് മാനേജര്‍… ഒരു ഗംഗാ മാഡത്തെ കുറിച്ച് പറഞ്ഞില്ലേ? ഇവരായിരിക്കുമോ അത്?”

ബാബുവിനെ നോക്കി അവളൊന്നു മന്ദഹസിച്ചു..

“ആവും… അല്ലെ?”

സമ്മത ഭാവത്തില്‍ തലകുലുക്കിയതല്ലാതെ അവനൊന്നും പറഞ്ഞില്ല. ഓടുന്ന വാഹനത്തിലിരിക്കവേ അവള്‍ ആലോചിച്ചു. ചിലര്‍ വരുന്നു. അവര്‍ നമ്മുടെ ജീവിതത്തിന്റെ കാതലായ ഭാഗങ്ങള്‍ ചിതലുകള്‍ പോലെ തിന്നു തീര്‍ക്കുന്നു. മറ്റു ചിലര്‍ വരുന്നു. അവരുടെ വക്കും നോക്കും, എന്തിന് ഉച്ഛ്വാസവായു പോലും, നമ്മുടെ മനസ്സിന്റെ മുറിവിനുള്ള മരുന്നായി മാറുന്നു. ജീവിതത്തെ തട്ടുതട്ടുകളായി തിരിക്കാം. ചിലരെ പരിചയപ്പെടുന്നതിന്റെ മുന്‍പെന്നും പിന്‍പെന്നും.

മൊബൈല്‍ ഒരു വാട്ട്സ് ആപ് മെസേജിന്റെ വരവറിയിച്ചു. എടുത്തു നോക്കിയപ്പോള്‍ വിനോദാണ്. അവളുടെ ചുണ്ടിലൊരു ഹൃദയമായ പുഞ്ചിരിയുണര്‍ന്നു.

“ഇവിടെ ഇങ്ങിനെ വാര്‍ധക്യത്തെ കാത്തിരുന്നു മടുത്തെടോ… ഒന്ന് വേഗം വയസ്സായിരുന്നെങ്കില്‍ അല്ലെ…? പനിയൊക്കെ മാറിയോ? നാളെയൊന്നു വരാമോ? കണ്ണുകള്‍ക്കിനി കാത്തിരിക്കാന്‍ വയ്യ… വാതില്‍ക്കലേക്ക് നോക്കി നോക്കി… അവ വരണ്ടുപോയിരിക്കുന്നു.”

അവള്‍ പ്രശോഭിതമായ ഒരു പുഞ്ചിരിയോടെ ആ മെസേജിലേക്ക് നോക്കിയിരുന്നു. കൈവിരലുകള്‍ ചുവന്നൊരു ഹൃദയത്തിലമര്‍ന്നു. പിന്നെ സീറ്റിലേക്ക് ചാഞ്ഞിരുന്നു.

മനസ്സിന്റെ തിരശ്ശീലയില്‍ മന്ദസ്മിതം തൂകുന്ന വിനോദിന്റെ മുഖമാണ്. അവനോട് ഇത് വരെ പറഞ്ഞിട്ടില്ല. ഒന്ന് ചേരാന്‍ വാര്‍ധക്ക്യം വരെ കാത്തുനില്‍ക്കേണ്ടതില്ലെന്ന്. അവനോട് അത് വാക്കുകള്‍ കൊണ്ടല്ല പറയേണ്ടത്. കണ്ണുകളിലേക്ക് നോക്കി കണ്ണുകള്‍ കൊണ്ട് പറയണം. ചുണ്ടുകള്‍ കൊണ്ട് ചുണ്ടുകളെ തൊട്ട് പറയണം. അപ്പോള്‍ മാത്രമേ അവനത് ശരിക്കും മനസ്സിലാവൂ.

അവന്‍ വേഗം എഴുന്നേല്‍ക്കട്ടെ. സ്വന്തം കാലില്‍ നടക്കട്ടെ. അന്നോളം വാര്‍ധക്യത്തെ ആഗ്രഹിച്ച് അവനെന്നെ കാത്തിരിക്കട്ടെ. അതിന്റെ ശേഷം ഞാനവന്, എന്റെ ഹൃദയത്തില്‍ പൊതിഞ്ഞു പാത്തു വച്ച കലര്‍പ്പില്ലാത്ത സ്നേഹം നല്‍കും. ഇന്നോളം ആര്‍ക്കും നല്‍കാത്തത്. ഒരു താലി കഴുത്തില്‍ അലങ്കാരമായ ശേഷം സുകുവിന് നല്‍കാന്‍ വേണ്ടി ഞാന്‍ പാത്തു വച്ചതായിരുന്നു.. അവനതിന്റെ ആവശ്യം വന്നില്ല. ഇനിയതിന് വിനോദായിരിക്കട്ടെ അവകാശി. നിഷ്കളങ്കമായൊരു പ്രണയത്തിന്റെ പ്രതിഫലം, ഏറ്റവും ചുരുങ്ങിയത് അത്രയെങ്കിലും വേണം. അവന്‍ പറഞ്ഞ പോലെ, തുറക്കപ്പെടേണ്ടാത്ത ഭൂതകാലത്തിന്റെ താളുകള്‍, മനസ്സിന്റെ മച്ചില്‍ നുരുമ്പിത്തീരട്ടെ. അങ്ങിനെ പുതിയൊരു ജീവിതം കൊണ്ട്, ഓര്‍മകള്‍ക്ക് കടക്കാനാവാത്ത വിധം, മനസ്സിലൊരു വേലി തീര്‍ക്കണം. ആ വേലിക്കെട്ടിനകത്ത്, വിനോദും, ഞാനും, സിദ്ധുവും, കുഞ്ഞോളും,, പിന്നെ… പിന്നെ…

അവളുടെ ചുണ്ടിലൊരു നാണത്തില്‍ പൊതിഞ്ഞ പുഞ്ചിരി ജനിച്ചു. കണ്‍കോണില്‍ അസ്തമയ സൂര്യന്റെ ചുവന്ന രശ്മികളേറ്റ് തിളങ്ങുന്ന രണ്ടു ചുവന്ന മുത്തുകളുണ്ടായിരുന്നു. അത് തുടച്ചുകളയാന്‍ അവള്‍ മറന്നിരിക്കെ, ആ വാഹനം അവരെയും കൊണ്ട് ഇരമ്പിപ്പാഞ്ഞു.

തുടരും


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top