Flash News

ഫൊക്കാന തെരഞ്ഞെടുപ്പ് സംബന്ധിച്ച് ട്രസ്റ്റി ബോര്‍ഡ് നിലപാട് സ്വാഗതാര്‍ഹം: മുന്‍ പ്രസിഡണ്ടുമാര്‍

July 1, 2020 , ഫ്രാന്‍സിസ് തടത്തില്‍

ന്യൂജേഴ്സി: ഫൊക്കാന തെരഞ്ഞെടുപ്പ് നടത്താനുള്ള പൂര്‍ണ അധികാരം ട്രസ്റ്റി ബോര്‍ഡില്‍ നിക്ഷിപ്തമാണെന്നും ഇത് സംബന്ധിച്ചുള്ള ട്രസ്റ്റി ബോര്‍ഡിന്‍റെ നിലപാട് സ്വാഗതാര്‍ഹമാണെന്നും മുന്‍ പ്രസിഡണ്ടുമാര്‍. തെരഞ്ഞെടുപ്പ് സംബന്ധിച്ച് നാഷണല്‍ കമ്മിറ്റിയും എക്സിക്യൂട്ടീവ് കമ്മിറ്റിയും ഉയര്‍ത്തുന്ന വിവാദങ്ങളും പരസ്യ പ്രസ്താവനകളും ഉടന്‍ അവസാനിപ്പിക്കണമെന്നും ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഡോ. മാമ്മന്‍ സി.ജേക്കബ് വിളിച്ചു ചേര്‍ത്ത മുന്‍ പ്രസിഡണ്ടുമാരുടെ യോഗം ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ് സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കുന്നത് ട്രസ്റ്റി ബോര്‍ഡ് ആണെന്ന് അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ച മുന്‍ പ്രസിഡണ്ടുമാര്‍ ട്രസ്റ്റി ബോര്‍ഡ് നിയമിച്ച തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ തീരുമാനമായിരിക്കും തെരഞ്ഞെടുപ്പ് സംബന്ധിച്ച അന്തിമ തീരുമാനമെന്നും വ്യക്തമാക്കി. ഫൊക്കാന മുന്‍ പ്രസിഡണ്ടുമാരുടെ യോഗതീരുമാനങ്ങള്‍ നാഷണല്‍ കമ്മിറ്റിയെ അറിയിക്കാന്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഡോ. മാമ്മന്‍ സി. ജേക്കബിനെ യോഗം ചുമതലപ്പെടുത്തി. ഫൊക്കാന മുന്‍ പ്രസിഡണ്ടുമാരായ ഡോ. എം. അനിരുദ്ധന്‍, കമാന്‍ഡര്‍ ജോര്‍ജ് കോരുത്, പോള്‍ കറുകപ്പള്ളില്‍, ഡോ. ജി.കെ.പിള്ള, മറിയാമ്മ പിള്ള, ജോണ്‍ പി. ജോണ്‍ എന്നിവരാണ് ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സംബന്ധിച്ചത്.

തെരഞ്ഞെടുപ്പ് സംബന്ധിച്ച തര്‍ക്കങ്ങളും വിവാദങ്ങളും അനാവശ്യവും അനവസരത്തിലുള്ളതുമാണ്. ഫൊക്കാന തെരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള എല്ലാ തീരുമാനങ്ങളും എടുക്കേണ്ടത് ട്രസ്റ്റി ബോര്‍ഡ് തന്നെയാണ്. ബോര്‍ഡ് നിയമിക്കുന്ന തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ് തെരഞ്ഞെടുപ്പ് പ്രക്രീയകള്‍ കുറ്റമറ്റതായി നടപ്പിലാക്കേണ്ടത്. തെരഞ്ഞെടുപ്പ് വിജ്ഞ്ജാപനമിറങ്ങിക്കഴിഞ്ഞാല്‍ പിന്നെ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുകയാണ് വേണ്ടത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാ ചട്ടപ്രകാരം ബോര്‍ഡിന്‍റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നത് അച്ചടക്കലംഘനവും ഭരണഘടനാ വിരുദ്ധവുമാണെന്നും മുന്‍ പ്രസിഡണ്ടുമാര്‍ ചൂണ്ടിക്കാട്ടി.

അതേസമയം, ജൂലൈ മാസത്തിലെ കണ്‍വെന്‍ഷന്‍ മാറ്റിവയ്ക്കപ്പെടുന്ന സാഹചര്യത്തില്‍ മറ്റൊരു ദിവസം കണ്‍വെന്‍ഷന്‍ നടത്തുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ട്രസ്റ്റി ബോര്‍ഡ് സന്നദ്ധമാണെന്ന് ബോര്‍ഡ് ചെയര്‍മാന്‍ ഡോ. മാമ്മന്‍ സി.ജേക്കബ് അറിയിച്ചു. കണ്‍വെന്‍ഷന്‍ സംബന്ധിച്ച് ഇത്തരമൊരു നിലപാട് സ്വീകരിച്ച ട്രസ്റ്റി ബോര്‍ഡ് തീരുമാനത്തെയും മുന്‍ പ്രസിഡണ്ടുമാര്‍ സ്വാഗതം ചെയ്തു. അച്ചടക്കമുള്ള പ്രവര്‍ത്തകര്‍ ഫൊക്കാനയുടെ ഭരണഘടനയെ ബഹുമാനിക്കണമെന്ന് ആവശ്യപ്പെട്ട മുന്‍ പ്രസിഡണ്ടുമാര്‍ സെപ്റ്റംബര്‍ 9 നു തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ച ട്രസ്റ്റി ബോര്‍ഡിന്‍റെ നടപടി തികച്ചും നിയമപരമായുള്ളതാണെന്നും അതിനാല്‍ ഭരണഘടനക്ക് വിധേയമായ കാര്യങ്ങള്‍ മാത്രമേ ട്രസ്റ്റി ബോര്‍ഡ് കൈകൊണ്ടിട്ടുള്ളുവെന്നും നിരീക്ഷിച്ചു.

38 വര്‍ഷത്തെ പാരമ്പര്യമുള്ള ഫൊക്കാനയില്‍ ഇന്നുവരെയുണ്ടാകാത്ത അധികാരത്തര്‍ക്കമാണ് നടന്നു വരുന്നത്. രണ്ടു വര്‍ഷത്തേക്ക് അധികാരമേല്‍ക്കുവാനായി സത്യപ്രതിജ്ഞ ചെയ്തിട്ടുള്ള തെരഞ്ഞെടുക്കപ്പെട്ട എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് രണ്ട് വര്‍ഷം മാത്രം ഭരിക്കാനുള്ള അധികാരമാണുള്ളത്. കാലാവധി കഴിഞ്ഞാല്‍ പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന കമ്മിറ്റിക്ക് അധികാരം കൈമാറ്റം നടത്തണം. ഫൊക്കാനയുടെ ഭരണഘടന അനുശാസിക്കുന്ന പ്രകാരം ബോര്‍ഡിന്‍റെ തീരുമാനത്തെ അംഗീകരിക്കാന്‍ അച്ചടക്കമുള്ള എല്ലാ അംഗങ്ങളും ഭാരവാഹികളും തയ്യാറാകേണ്ടതാണെന്ന് മുന്‍ പ്രസിഡണ്ടുമാര്‍ ഐക്യകണ്ഠനെ ആഹ്വാനം ചെയ്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top