Flash News

പ്രവാസികളോട് എന്തിനാണീ അവഗണന?

July 1, 2020 , ഫിലിപ്പ് ചാമത്തില്‍, ഫോമാ പ്രസിഡന്റ്

ഹൃദയവേദനയോടെയാണ് ഞാനിത് എഴുതുന്നത്. അല്ല, എഴുതേണ്ടി വന്നു എന്നു പറയുന്നതായിരിക്കും ശരി. കോവിഡ്-19 എന്ന മഹാമാരി ലോകത്തെ പിടിമുറുക്കി നില്‍ക്കുമ്പോഴും സുഹൃത്തുക്കള്‍ വരെ രോഗം വന്ന് മരിച്ചുവീഴുമ്പോഴുമുള്ള വേദനയെക്കാള്‍ ഹൃദയഭേദകമായ വേദന സമ്മാനമായി ലഭിക്കുന്നത് നമ്മുടെ ജന്മനാടായ കേരളമാണ്.

പണ്ടൊക്കെ ഗള്‍ഫില്‍ നിന്നും വീട്ടിലേക്ക് ഓടിയെത്തുന്ന പ്രവാസിയെ സ്വീകരിക്കുവാന്‍ കാത്തിരിക്കുന്ന സ്വന്തം കുടുംബം, എന്തിന് ഒരു നാടു തന്നെ ഉണ്ടായിരുന്നു. മണലാരണ്യങ്ങളില്‍ അവന്റെ അധ്വാനത്തിന്റെ വിഹിതം പങ്കിട്ടെടുക്കുവാന്‍ ഓടിയെത്തുന്ന ബന്ധുക്കളുടേയും, സുഹൃത്തുക്കളുടേയും മുന്നില്‍ നീരസത്തിന്റെ മുഖം കാട്ടാതെ എന്തെങ്കിലുമൊരു പങ്ക് വരുന്നവരുടെയെല്ലാം കൈയില്‍ വച്ചു കൊടുക്കുമായിരുന്ന പ്രവാസിയെ നമുക്കെല്ലാം ഓര്‍മയുണ്ട്.

പക്ഷെ ഇന്ന് ലോകത്തുള്ള ഏതെങ്കിലും ഒരു പ്രവാസിയെ വിളിച്ച് നാട്ടിലേക്ക് ഫ്ലൈറ്റ് ഒക്കെ ആയല്ലോ പോകുന്നില്ലേ എന്ന് ചോദിച്ചാല്‍ “എന്തിനാ നാട്ടിലേക്ക് പോകുന്നത്. നാട്ടുകാര്‍ തല്ലിക്കൊല്ലാനോ, അതോ വീട്ടുകാരും ബന്ധുക്കളും അടിച്ചോടിക്കാനോ? ഇവിടെങ്ങാനും നില്‍ക്കുന്നതല്ലേ നല്ലത് ” എന്നാണ് മറുപടി. ഒരു പക്ഷെ ഇത്രത്തോളം വേദനയുള്ള വാക്കുകള്‍ അടുത്ത സമയത്തൊന്നും കേട്ടിട്ടില്ല.

എടപ്പാളില്‍ സ്വന്തം സഹോദരനെ വീട്ടില്‍ കയറ്റാതെ ഓടിച്ചു വിട്ട സഹോദരങ്ങളുടെയും, കേരളത്തിന്റെ പല ഭാഗത്തും ഇത്തരം വിഷമങ്ങള്‍ ഉണ്ടാക്കുന്ന സഹോദരങ്ങളുടെയും കഥകള്‍ പേടിപ്പിക്കുന്നതാണ്. പതിനഞ്ച് ദിവസം സ്വസ്ഥമായി തന്റെ വീട്ടിലെ ഒരു മുറിയില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിച്ച് കഴിയാന്‍ വരുന്ന പ്രവാസിയോട് സ്വന്തക്കാരും നാട്ടുകാരും ക്രൂരത കാട്ടുമ്പോള്‍ ഭരണകൂടവും നിസഹായരാവുകയാണ്. ഗള്‍ഫില്‍ നിന്ന് നാടെത്തിയ പൂര്‍ണ ഗര്‍ഭിണിയോടു പോലും നാട്ടുകാര്‍ നീതി കാട്ടുന്നില്ല എന്നാണ് വാര്‍ത്തയില്‍ കണ്ടത്.

ഇത്തരം കടുത്ത അവഗണന ഒരു രോഗത്തിന്റെ പേരില്‍ ആണെങ്കില്‍ കൂടി ഇത് അവഗണനയല്ല, സ്വന്തം രക്തത്തോടു കാട്ടുന്ന അനീതിയാണന്ന് പറയേണ്ടി വരും. പല പ്രവാസികളും സ്വന്തം കാര്യം നോക്കാന്‍ പ്രവാസികളായവരല്ല. സ്വന്തം കുടുംബത്തിനു വേണ്ടി പ്രവാസിയാവുകയാണ് പലരും.

തനിക്കിഷ്ടമുള്ള ഒരു വീട് വയ്ക്കാന്‍, സഹോദരിമാരുടെ വിവാഹം നടത്താന്‍, സഹോദരങ്ങളെ പഠിപ്പിക്കാന്‍ തുടങ്ങി എത്രയോ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് ഒരാള്‍ പ്രവാസിയാകുന്നത്. മണലാരണ്യത്തില്‍ രക്തം വിയര്‍പ്പാക്കി ജീവിക്കുന്ന ഒരാള്‍ എല്ലാ ദുരിതങ്ങളും സഹിക്കുന്നത് വീട്ടുകാര്‍ക്കു വേണ്ടി മാത്രമാണ്.

കൊവിഡും മഹാമാരികളും ഇല്ലാതിരുന്ന കാലത്ത് നാട്ടിലെത്തുന്ന പ്രവാസികളെ നാട്ടുകാര്‍ മാത്രമാണോ പിഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നത്. ക്ലബ്ബുകള്‍, ആരാധനാലയങ്ങള്‍, എന്തിന്, ജംഗ്ഷനില്‍ തൂക്കാനുള്ള രാഷ്ട്രീയക്കാരന്റെ കൊടിക്ക് വരെ സ്പോണ്‍സറാകാന്‍ പ്രവാസി വേണം. വെള്ളപ്പൊക്കം വന്നപ്പോള്‍ ഗള്‍ഫിലേക്കും അമേരിക്കയിലേക്കും വന്ന കോളുകള്‍ക്കും മെസേജുകള്‍ക്കും കണക്കില്ല.

വീടും പുരയിടവും നഷ്ടപ്പെട്ടവര്‍ക്ക് വീടും അനുബന്ധ സൗകര്യങ്ങളും ഉണ്ടാക്കിക്കൊടുക്കുവാന്‍ പ്രവാസികള്‍ നെട്ടോട്ടമോടിയത് എല്ലാവരും മറന്നു. നിങ്ങളുടെ പഴയ സഹപാഠികളെ, സഹോദരങ്ങളെ കൊറോണപ്പേടിയില്‍ സൗകര്യ പൂര്‍വം മറക്കുന്നു.

നാട്ടിലെത്തുന്ന പ്രവാസിക്ക് രോഗം ഉണ്ടോ എന്നറിയുന്നതിനും, ഉണ്ടെങ്കില്‍ തുടര്‍ ചികിത്സകള്‍ക്കായും കൂടിയാണ് പതിനഞ്ച് ദിവസം ജാഗ്രത പാലിച്ച് സ്വന്തം വീട്ടില്‍ താമസിക്കുവാന്‍ വരുന്നത്. അവര്‍ക്കായി ശാരീരിക സാമൂഹിക അകലം പാലിച്ചുകൊണ്ട് ഒരു മാസം ജീവിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ഹൃദയ ബന്ധത്തിന്റെ വില എന്താണന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല.

പക്ഷെ ഒന്നുറപ്പാണ്. ഇക്കൂട്ടര്‍ക്ക് കാലം മാപ്പു നല്‍കില്ല. പക്ഷെ പ്രവാസി വീണ്ടും തിരികെ ഫ്ലൈറ്റ് കയറും, സ്വന്തം കുടുംബത്തിനു വേണ്ടി. സംഭവിച്ചതെല്ലാം ഒരു പുഞ്ചിരിയിലൊതുക്കിക്കൊണ്ട്.

 

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top