കോവിഡ് രോഗികളുടെ സഞ്ചാര പാതയന്വേഷിച്ച് പോലീസ് ഇരുട്ടില്‍ തപ്പുന്നു, തിരുവനന്തപുരത്ത് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നു

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ഇളവിന്റെ മറവില്‍ കോവിഡ്-19 ബാധിതര്‍ യഥേഷ്ടം സഞ്ചരിച്ചുതുടങ്ങിയതോടെ അവരുടെ സഞ്ചാര പാതയറിയാതെ പോലീസും ആരോഗ്യ പ്രവര്‍ത്തകരും ഇരുട്ടില്‍ തപ്പുകയാണ്. രോഗം വന്നത് എവിടെ എങ്ങനെ എന്നറിയാത്ത സാഹചര്യത്തില്‍ തിരുവനന്തപുരം നഗരത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടി. അതോടെ നഗരത്തില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി. നഗരകേന്ദ്രങ്ങള്‍ ഇന്ന് അണുവിമുക്തമാക്കും. പാളയം മാര്‍ക്കറ്റില്‍ സാഫല്യം കോപ്ലക്‌സില്‍ ഉള്‍പ്പെടെ അഞ്ച് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് അപകടകരമായ സാഹചര്യമാണുള്ളതെന്ന് മേയറും വ്യക്തമാക്കി.

ഇന്നലെ രോഗം റിപ്പോര്‍ട്ട് ചെയ്തവരില്‍ നാല് പേര്‍ക്ക് രോഗം പിടിപ്പെട്ടത് എവിടെ നിന്നാണെന്ന് കണ്ടെത്താന്‍ ജില്ലാ ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ല. ഇവരുടെ രോഗ ഉറവിടത്തെക്കുറിച്ച് ആര്‍ക്കും ഒരു സൂചനയുമില്ല. ഇതോടെ തലസ്ഥാനത്തെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണതയിലേക്ക് പോവുകയാണ്. ഈ സാഹചര്യത്തില്‍ തലസ്ഥാന നഗരിയില്‍ അഞ്ച് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകളാണ് ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചിട്ടുള്ളത്.

നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റിയിലെ 17-ാം വാര്‍ഡായ വഴുതൂര്‍ വാര്‍ഡാണ് ഒന്നാമത്തേത്. രണ്ടാമത്തേത് ബാലരാമപുരം പഞ്ചായത്തിലെ തളയില്‍ വാര്‍ഡ്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ പൂന്തുറ വാര്‍ഡും മഞ്ചൂര്‍ മേഖലയിലെ അത്താണി ലെയറും പാളയം മാര്‍ക്കറ്റ് ഏരിയിലെ സാഫല്യം കോംപ്ലക്‌സ്, റെസിഡന്‍ഷ്യല്‍ ഏരിയ, പാരീസ് ലെയന്‍, പാളയം വാര്‍ഡ് എന്നിവിടങ്ങളിലും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നലെ രോഗം സ്ഥിരീകരിച്ചതില്‍ സാഫല്യം കോപ്ലക്‌സിലെ ജോലിക്കാരനായ അസ്സം സ്വദേശിയുമുണ്ട്. ഇയാള്‍ കൂടുതല്‍ പേരുമായി സമ്പര്‍ക്കത്തിലാകാനുള്ള സാധ്യത കൂടുതലാണ്.

വഞ്ചിയൂര്‍ മേഖലയിലെ ഒരു ലോട്ടറിക്കാരനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാളുടെയും രോഗ ഉറവിടെ കണ്ടെത്താന്‍ ജില്ലാ ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ല. ആ സാഹചര്യത്തിലാണ് ഈ പ്രദേശങ്ങളൊക്കെ കണ്ടെയ്ന്‍മെന്റ് സോണ്‍ ആക്കാന്‍ തീരുമാനിച്ചത്. ഇവിടങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടാകും. ഇന്ന് തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തില്‍ പാളയം ഉള്‍പ്പെടെ പ്രധാനപ്പെട്ട നഗര കേന്ദ്രങ്ങളെല്ലാം അണുവിമുക്തമാക്കും.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment