Flash News

ബന്ന ചേന്ദമംഗല്ലൂരിന്റെ കഥാശ്വാസത്തിന് മീഡിയ പ്‌ളസിന്റെ സ്‌നേഹാദരം

July 3, 2020 , മീഡിയ പ്ലസ്

ബന്ന ചേന്ദമംഗല്ലൂര്‍

ദോഹ: കൊറോണ കാലം സമ്മാനിച്ച ലോക്ഡൗണ്‍ ക്രിയാത്മകവും രചനാത്മകവുമായി പ്രയോജനപ്പെടുത്തുന്നതിനും വേറിട്ട സാംസ്‌കാരിക പ്രവര്‍ത്തനത്തിലൂടെ സമൂഹത്തെ ഉദ്ദീപിക്കുന്നതിനുമായി കലാകാരനും അധ്യാപകനുമായ ബന്ന ചേന്ദമംഗല്ലൂര്‍ നടപ്പാക്കിയ കഥാശ്വാസത്തിന് മീഡിയ പ്‌ള സിന്റെ സ്‌നേഹാദരം. മലയാളത്തിലെ ശ്രദ്ധേയരായ കഥാകൃത്തുക്കളുടെ കഥകളെ തന്റെ അനുഗ്രഹീതമായ സ്വരമാധുരിയോടെ വാട്‌സപ്പ് ബ്രോഡ്കാസ്റ്റ്, യു ട്യൂബ് എന്നീ ചാനലുകളിലൂടെ ബന്ന തുടങ്ങിവെച്ച സംരംഭം അതിവേഗമാണ് ലോകത്തെമ്പാടുമുള്ള മലയാളി സമൂഹം ഏറ്റെടുത്തത്. പലപ്പോഴും കഥവായിക്കുന്നതിലും ആസ്വാദ്യകരമാണ് കേള്‍ക്കുന്നതെന്ന് പോലും അനുഭവഭേദ്യമാക്കുന്ന രൂപത്തിലായിരുന്നു ബന്നയുടെ വായന.

കഥാശ്വാസം നൂറ് കഥകള്‍ പിന്നിട്ട സാഹചര്യത്തില്‍ ജൂലൈ രണ്ടിന് കോഴിക്കോട് സാംസ്‌കാരിക വേദി മലബാര്‍ പാലസ് ഹോട്ടലില്‍ നടന്ന പ്രൗഡഗംഭീരമായ ചടങ്ങില്‍ ബന്ന ചേന്ദമംഗല്ലൂരിനെ ആദരിച്ചപ്പോള്‍, പത്തുവര്‍ഷത്തോളം ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക കലാ രംഗങ്ങളില്‍ നിറഞ്ഞുനിന്ന ബന്ന ചേന്ദമംഗല്ലൂരിനെ അനുമോദിക്കുന്നതിലും മീഡിയ പ്‌ളസ്‌ ദോഹയുടെ സ്‌നേഹാദരങ്ങള്‍ അര്‍പ്പിക്കുന്നതിലും സന്തോഷമുണ്ടെന്ന് പരിപാടിയില്‍ സൂമിലൂടെ പങ്കെടുത്ത മീഡിയ പ്‌ളസ്‌സി.ഇ.ഒ. ഡോ. അമാനുല്ല വടക്കാങ്ങര പറഞ്ഞു.

ലോക്ഡൗണ്‍ കാലത്ത് അസ്വസ്ഥമായ മനസുകള്‍ക്ക് ആസ്വാദനത്തിന്റെ പുതിയ തലങ്ങള്‍ സമ്മാനിച്ച സര്‍ഗസഞ്ചാരമാണ് കഥാശ്വാസം. കാലം വര്‍ണാഭമായ കാഴ്ചയുടേയും ഇമ്പമാര്‍ന്ന കേള്‍വിയുടേയും ലോകത്തേക്ക് അതിവേഗം നീങ്ങുന്ന സമകാലിക സാഹചര്യത്തില്‍ ചിന്തയെ നവീകരിക്കുന്ന മനന സംസ്‌കാരം സൃഷ്ടിക്കുന്നതില്‍ നല്ല കഥകള്‍ കേള്‍ക്കുന്നതിന് വലിയ പങ്കുണ്ട്.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കഥകളോട് കമ്പമുണ്ടാക്കുന്ന തരത്തിലുള്ള ബന്ന മാഷിന്റെ ഇമ്പമാര്‍ന്ന വായന മികച്ച കഥകള്‍ ആവര്‍ത്തിച്ച് കേള്‍ക്കാന്‍ സൗകര്യമൊരുക്കി. സ്‌ക്കൂളുകള്‍ക്കൊക്കെ സബ്സ്റ്റിറ്റിയൂഷന്‍ പിരിയഡുകളില്‍ കുട്ടികള്‍ക്ക് കേള്‍പ്പിക്കാവുന്നവയാണ് ബന്ന വായിച്ച മിക്ക കഥകളും. തികച്ചും നൂതനമായ ഈ രീതി പരീക്ഷിച്ച് വിജയിച്ച പ്രിയ സുഹൃത്ത് ബന്ന ചേന്ദമംഗല്ലൂറിന് എല്ലാവിധ ആശംസകളും നേരുന്നതായി അദ്ദേഹം പറഞ്ഞു.

കോഴിക്കോട് നടന്ന ചടങ്ങ് എന്‍. എസ്. മാധവന്‍ ഉദ്ഘാടനം ചെയ്തു. ഡോ. എം.കെ. മുനീര്‍ എം.എല്‍.എ. കെ.പി. രാമനുണ്ണി, വി. ആര്‍.സുധീഷ്, പി.കെ. പാറക്കടവ്, കെ.ടി. കുഞ്ഞി കണ്ണന്‍, എ.കെ. അബ്ദുല്‍ ഹകീം എന്നിവര്‍ക്കൊപ്പം യുവ കഥാകൃത്തുക്കളായ
രാഹുല്‍ കൈമല, ഡോ. ഷാനു ഷൈജല്‍, കെ.വി ജ്യോതിഷ് തുടങ്ങി സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യം ചടങ്ങിന് മാറ്റൂകൂട്ടി. ശിഹാബുദ്ധീന്‍ പൊയ്ത്തുംകടവ്, പ്രൊഫസര്‍ എന്‍,പി ഹാഫിസ് മുഹമ്മദ്, കെ.പി. സുധീര, യു.കെ. കുമാരന്‍, പി സുരേന്ദ്രന്‍, സന്തോഷ് എന്നിവര്‍ വീഡിയോവഴിയാണ് ചടങ്ങില്‍ സംസാരിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ധാരാളം പേരും സൂമിലൂടേയും പരിപാടിയില്‍ പങ്കാളികളായത് ആഗോള മലയാളിയുടെ കഥാസ്വാദനത്തിന്റെ ആവേശം അടയാളപ്പെടുത്തുന്നതായിരുന്നു.

അധ്യാപകന്‍, സിനിമ സംവിധായകന്‍, നടന്‍ തുടങ്ങി വിവിധ മേഖലകളില്‍ മികവ് തെളിയിച്ച ഹസനുന്‍ ബന്ന കോഴിക്കോട് ജില്ലയില്‍ മുക്കത്തിനടുത്ത് ചേന്ദമംഗല്ലൂര്‍ സ്വദേശിയാണ്.

101 കഥകള്‍ പിന്നിട്ട ബന്നയുടെ കഥവായന സൗജന്യമായി ലഭിക്കുവാന്‍ 0091 9745669904 എന്ന വാട്‌സ് നമ്പറില്‍ സന്ദേശമയച്ച് ബ്രോഡ്കാസ്റ്റില്‍ ചേരാം. യൂ. ട്യൂബില്‍ https://www.youtube.com/channel/UCnKw01Yo9afQmDBRHlkZprw എന്ന ലിങ്കിലും ലഭ്യമാണ്


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top