Flash News

കറുപ്പും വെളുപ്പും (കവിത)

July 3, 2020 , തൊടുപുഴ കെ ശങ്കര്‍, മുംബൈ

കറുപ്പായിരുന്നൂ ഞാന്‍, പിറക്കുമ്പോഴേ, യെന്നെ
വെറുപ്പോടെല്ലാവരും, വീക്ഷിച്ചെന്നറിഞ്ഞൂ ഞാന്‍!
പിറന്ന നേരത്തെന്നെ, കണ്ട മാത്രയില്‍ത്തന്നെ
പറഞ്ഞു എന്നമ്മയും, ‘അയ്യോ’ എന്നൊരു വട്ടം!

വെളുപ്പാന്‍ കാലം മുതല്‍ ഉറങ്ങാന്‍ പോകും വരെ
വെളുത്ത കുഞ്ഞുണ്ടാകാന്‍, പ്രാര്‍ത്ഥിച്ചോളാണെന്നമ്മ!
പോകാത്ത ക്ഷേത്രങ്ങളോ,പുണ്യദേശമോ,ഇല്ല
ശ്ലോകങ്ങളുരുവിടാ, തിരുന്ന നാളും ഇല്ല!

മറക്കാതെന്നും രാവില്‍, കുങ്കുമപ്പൂവിട്ട പാല്‍
ഉറങ്ങാന്‍ പോകും മുമ്പേ, പാനം ചെയ്തിരുന്നമ്മ!
വെയിലുകൊണ്ടാല്‍ കുഞ്ഞു, കറുപ്പാകുമെന്നാരോ
വെറുതെ പറഞ്ഞകേട്ടുടനെ,യതും നിര്‍ത്തി!

ഏറെ ദുഃഖത്തിലെ, ന്നമ്മയെയാഴ്ത്തിയതേ
എന്‍ നിറമാണെന്നുള്ള, വാസ്തവമറിഞ്ഞു ഞാന്‍!
എങ്കിലും വളര്‍ന്നു ഞാന്‍ വലുതായപ്പോള്‍, പിന്നെ
എന്നമ്മയ്‌ക്കു ഞാനൊരു, കണ്ണിലുണ്ണിയായ് മാറി!

കറുപ്പു കണ്ടാലുടന്‍, എന്തിനു വിദ്വേഷവും
അറപ്പും മറ്റും കാട്ടി, പുച്ഛമായ് വീക്ഷിക്കണം!
കറുപ്പു, വെളുപ്പെല്ലാം, പ്രകൃതി നല്‍കും നിറം
മറുത്തു ചിന്തിക്കുകിലില്ലതില്‍ തെല്ലും ന്യായം!

ഭഗവാന്‍ ശ്രീകൃഷ്ണനേ, കറുപ്പായിരുന്നില്ലേ,
സകല സൗഭാഗ്യവും,സമ്പത്തു മിയന്നവന്‍!
അതിനാല്‍ ഭഗവാനെ, യാരേലും വെറുക്കുന്നോ
അതിഭക്തിയോടല്ലേ, യേവരും ആരാധിപ്പൂ!

കറുത്ത മേഘങ്ങളില്‍ നിന്നല്ലേ, നമുക്കെല്ലാം
വെളുത്ത മഴനീരും സര്‍വ്വവും ലഭിക്കുന്നു!
നിറത്തിലല്ലാ കാര്യം, ഗുണത്തിലല്ലോ, ഉള്ളില്‍
നിറഞ്ഞു നില്‍ക്കുന്നതു, നന്മയായിരിക്കണം!

നിറം കണ്ടൊരുത്തരേം, തീര്‍പ്പു കല്പിക്കരുതേ
നിറവും, ഗുണങ്ങളും പൊരുത്തപ്പെടാതാകാം!
തന്മയ ഭാവം കാട്ടി, യന്തരംഗത്തില്‍ നറും
നന്മ തന്‍ വിളനില, മാവതാണതി മുഖ്യം!


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

One response to “കറുപ്പും വെളുപ്പും (കവിത)”

  1. Geetha Subhas Chandran says:

    വെളുത്ത മുഖവും കറുത്ത മനസ്സുമുള്ളവരെക്കാള്‍ കറുത്ത മുഖവും വെളുത്ത മനസ്സുമുള്ളവരെ ആണ് എനിക്കിഷ്ടം!!

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top