താടിയും മുടിയും നീണ്ട ഇട്ടിരാച്ചനെ ആരും ആയിടെ അതിശയോക്തിയോടെ കണ്ടില്ല. അല്ലെങ്കില്‍ തന്നെ ‘കൊറോണ’ക്കാലത്ത് ഇതൊന്നുമൊരു പുതുമയല്ലല്ലോ. പല പ്രധാന പുള്ളികളുടേയും ഷെയ്പ്പു മാറി. അല്ലാതെന്തു വിശേഷം! ഒന്നും ചെയ്യാനില്ലാതെ നീണ്ടുപോകുന്ന സമയം. എന്തിനു കുളിക്കണം, ചെരക്കണം. അത്യാവശ്യത്തിന് പല്ലു തേച്ചാലായി.
അങ്ങനെ ഇരിക്കെ ഒരിക്കല്‍ ഇട്ടിരാച്ചന്റെ ഷേപ്പ് വീണ്ടും തകിടം മറിഞ്ഞു. താടിയും മുടിയും അപ്രത്യക്ഷമായി, ജനിച്ചുവീണ ഒരു കുഞ്ഞിനെപോലെ. മൊട്ട തല സൂര്യപ്രകാശത്തില്‍ വെട്ടിതിളങ്ങി. മുഖം പൂര്‍ണ്ണചന്ദ്രനെപോലെ പ്രകാശിച്ചു. എന്തൊരുമാറ്റം!
ഒരിക്കല്‍ അക്കാമ്മ, ഇട്ടിരാച്ചനെ കണ്ടപ്പോള്‍ ചോദിച്ചു
“ഇതെന്തുപറ്റി ഇത് ഇട്ടിരാച്ചന്?”
“ഒന്നും പറയണ്ടാ ഒരക്കിടി പറ്റി”
“എന്തോന്ന്?”
കൊറോണാക്കാലമല്ലേ ഒരു ഇന്ത്യാക്കരന്റെ ഇന്വന്ഷന് പറ്റിച്ച പണിയാ. അല്ലേ, ഇപ്പോ ബാര്‍ബര്‍ ഷോപ്പെല്ലാം അടച്ചിരിക്കുകല്ലേ.. അപ്പോ ഒരു പരസ്യം കണ്ടു. മുടിയും താടിയും വെട്ടി വൃത്തിയാക്കി നിര്‍ത്താന്‍ ഒരെന്ത്രം! സഹായവില. ഒരു പ്രാവശ്യം മുടിവെട്ടാനുള്ള ചിലവ് മാത്രം. പതിനാറ് ഡോളര്‍, സീനിയേഴ്സിന്. വാസ്തവത്തി സീനിയേഴ്സിന് ടിപ്പുള്പ്പടെ പതിനെട്ടാ ചാര്‍ജ്ജ്.
പരസ്യം കണ്ട് ഓര്‍ഡറു കൊടുത്തു. ഇന്ത്യേന്നിവിടെത്താന് രണ്ടാഴ്ച എടുത്തു. സംഗതി എത്തിയത് ബാംഗ്ലൂരീന്ന്. കണ്ടുപിടിച്ച ശാസ്ത്രജ്ഞന്, മാത്തുക്കുട്ടി എന്ന മലയാളി. പാക്കേജ് ആകാംക്ഷയോടെ തുറന്നു. ‘മാത്തുക്കുട്ടീസ് ഹെയര്‍ ഡ്രസിംഗ് മെഷീന് ഫോര്‍ മര്‍ട്ടിപ്പിള്‍ പര്‍പ്പസ്സ്’ എന്നു പറഞ്ഞാ തലയും താടിയും ഒരുപോലെ ഡ്രസ്സ് ചെയ്യാന്‍ സജ്ജീകരിച്ചിരിക്കുന്നത് എന്നര്‍ത്ഥം. ഉപയോഗക്കുറിപ്പ്, മലയാളത്തിലും, ഇംഗ്ലീഷിലും, കന്നഡയിലും. സംഗതി മാനുവലാ. ഒരു കടലാസ് ബോക്സില്‍, അരിഞ്ഞ കടലാസുകഷണങ്ങള്‍ക്കിടയില്‍ നിന്ന് ഒരിരുമ്പു കഷണം പൊക്കിയെടുത്തു. ഉപയോഗക്കുറിപ്പ് പഠിച്ചു. ഇരുമ്പുകഷണത്തിന്റെ നടുക്ക് ഒരു പിടി, ഇരുമ്പില്‍ തന്നെ. അതില്‍ പിടിപ്പിച്ചിട്ടുള്ള സ്ക്രൂ പിരിച്ചഴിച്ച് ബോക്സിനുള്ളിലെ ഒരു ഒരു ചീപ്പ് അതില്‍ ഘടിപ്പിച്ചാല്‍ മതി. ചീപ്പിന് പ്രത്യേകതയുണ്ട്, ചീപ്പാകൃതിയില് ഇരുമ്പുകൊണ്ടുള്ള ബ്ലെയിഡ്. നിര്‍ദ്ദേശപ്രകാരം ഇരുമ്പു ചീപ്പിട്ടൊന്ന് തലയൊന്നു ചീകി ഒതുക്കി. കണ്ണാടിയില്‍ നോക്കി ഞെട്ടിപ്പോയി! തല നനകെഴങ്ങുപോലെ. അവിടവിടെ തലനാര് പറ്റെപോയി. ഇടക്കിടെ എലിവാലുപോലെ നീളന്‍ മുടി. ആ പരീക്ഷണമങ്ങു നിര്‍ത്തി. പതിനാറ് ഡോളറു കൊടുത്തതല്ലേ മൊഖമെങ്കിലും വടിക്കാമെങ്കി നഷ്ടം തീരൂല്ലോന്നോര്ത്ത് മുഖക്ഷൗരത്തിന്റെ നിര്‍ദ്ദേശം വായിച്ചെടുത്തു. അതുക്രാരം ചീപ്പ് ബ്ലെയിഡ് തിരിച്ചിട്ട് അപ്ലൈ ചെയ്തു.
എന്നിട്ട് ഇട്ടിരാച്ചന്, താടിക്കു താഴെ കൊരവള്ളിയേലൊട്ടിച്ചിരുന്ന ഇടത്തരം പ്ലാസ്റ്റര്‍ ചൂണ്ടിപറഞ്ഞു “നേരെ മൊഖത്തു വേണ്ടാന്നു കരുതി ആപ്ലിക്കേഷന്‍ തൊടങ്ങീതിവിടാ. ആ ഭാഗത്തെ തൊലി ഉള്‍പ്പടെ അടന്നിങ്ങു പോന്നു. അപ്പോതന്നെ രക്തചൊരിച്ചില്‍ നിര്‍ത്താന്‍ പ്ലാസ്റ്ററൊട്ടിച്ചു. കയ്യൊന്നമര്ന്നിരുന്നെ കൊരവള്ളി ചെത്തിപ്പോയേനെ, കഴുവേറിയൊക്കെ മനുഷ്യനെ പറ്റിക്കാം നടക്കുന്നു!”
അപ്പോ അക്കാമ്മ ആശ്ചര്യം പ്രകടിപ്പിച്ചു
“അല്ല, എന്നിട്ടെങ്ങനെ താലേം, തടീം മഴുവം മൊട്ടയായി”
അതു വീണ്ടുമൊരക്കിടി! ഇട്ടിരാച്ചനൊന്നു വിക്കി വീണ്ടും ശ്വാസമെടുത്തു മൊഴിഞ്ഞു
“ങാ, അതെന്റെ കുറ്റമാ, കാണുന്നതും, കേക്കുന്നതും ഞാനങ്ങ് കണ്ണടച്ച് വിശ്വസിക്കും. ആയിരം തവണ മണ്ടനായാലും അതങ്ങാവര്ത്തിക്കും, അതാ എന്റെ ബലഹീനത!”
“അതല്ലിയോ എന്റെ മുന്‍ ഭാര്യ ആച്ചിയമ്മ എന്നെ ഇട്ടേച്ചു പോയെ!”
“വീണ്ടും പറ്റിച്ചതാരാ?”
അക്കമ്മക്കൊരു ജിജ്ഞാസ!
“ആ നീലിഭൃംഗാതി തൈലം വിറ്റു നടക്കുന്ന തെയ്യാമ്മെ അറിയ്വോ?”
“ആരാ അറിയാത്തെ, ആ പനങ്കുല പോലത്തെ നീളത്തി മുടിയൊള്ള തെയ്യാമ്മെ! അവളു പറ്റിച്ചതാ!”
“അങ്ങനെ വരാം വഴീല്ലല്ലോ, തെയ്യാമ്മേടെ തൈലം എല്ലാര്ക്കും വിശ്വാസാ, അതു നീലിഭൃംഗാതി തന്നെ.മുടി പനങ്കൊലപോലെ വളരും!”
“അതൊക്കെ ശരിയാ,തെയ്യാമ്മക്കും ഒരക്കിടി പറ്റിയതാ.എന്തിനു പറേട്ടെ,പാമ്പു കടിച്ചോനെ ഇടിവെട്ടി എന്നുകേട്ടിട്ടില്ലേ, അതാ സംഭവിച്ചെ! അല്ല കഷ്ടകാലം വരുമ്പം എന്തോന്നാ സംഭവിക്കാമ്പാടില്ലാത്തെ.എന്തിനു പറയട്ടെ! ചക്കിനുവെച്ചത്,കൊക്കിനായി.”
“മനസ്സിലായില്ല!”
“തലേലെ മുടി വളരാന്‍ തെയ്യാമ്മ എനിക്കുതന്ന തൈലം മാറിപോയി, പകരം പെണ്ണുങ്ങള് മേല്ചുണ്ടത്തും, കക്ഷത്തിലും, മറ്റു സൊകാര്യ ഇടങ്ങളിലും പെരട്ടുന്ന രോമ സംഹാരിയാ തന്നെ! ഒടുവി മുടീം താടീം മുഴുവം പോയ വെപ്രാളത്തിന് ഞാം അവരെ വിളിച്ചുചോദിച്ചപ്പം പറേവാ! ഇട്ടിരാച്ചനെന്നോട് ക്ഷമിക്കണം,തൈലം മാറിപോയി.ഒരാഴ്ച കഴിഞ്ഞാ മനസ്സിലായെ.”
ഇട്ടിരാച്ചന് തയാറാക്കിവെച്ച നീലഭൃംഗാതിയാ, ഇട്ടിരാച്ചന്റെ എക്സ് വൈഫ് ആച്ചിയമ്മ, രോമസംഹാരിക്ക് പകരം എടുത്തോണ്ടുപേയെ. അവള് ഇന്നലെ എന്നെ വിളിച്ച് പുളിച്ച കൊറേ തെറിപറഞ്ഞു.
അപ്പൊ ഞാമ്പറഞ്ഞ് ആച്ചിയമ്മേ സമാധാനപ്പെടുത്തി
ആച്ചിയമ്മക്ക്,ഒരുകുപ്പി രോമസംഹാരി ഫ്രീയായിട്ട് കൊടുത്തേക്കാമെന്ന്
അപ്പോ എന്റെ കര്യേം എങ്ങനെ പരിഹരിക്കാമെന്നു ചോദിച്ചപ്പം ആ നീലിഭൃംഗാദി തെയ്യാമ്മ പറ്വേവാ
അതിപ്പം പോയ രോമം വെക്കാമ്പറ്റത്തില്ല, വരാനൊള്ള രോമത്തിനേ ആയുര്‍വേദത്തിലും, ഒറ്റമൂലീലുമൊക്കെ പ്രയോഗമുള്ളൂന്ന്! അതുകൊണ്ട് ഇട്ടിരാച്ചന് തന്ന കാശ് തിരികെ തന്നേക്കാമെന്ന്!
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply