Flash News

നേപ്പാള്‍ (ലേഖനം)

July 3, 2020 , ബിന്ദു ചാന്ദ്‌നി

കൊടുമുടികള്‍ നിറഞ്ഞ മനോഹരമായ ഹിമാലയ പര്‍വ്വത പ്രദേശത്ത് സ്ഥിതി ചെയ്യുന്ന കൊച്ചു രാജ്യമാണ് നേപ്പാള്‍. ആകെ 147181 ച.കി.മീ. വിസ്തൃതി. വടക്ക് ചൈന, തെക്കും കിഴക്കും പടിഞ്ഞാറും ഇന്ത്യയാലും ചുറ്റപ്പെട്ടുകിടക്കുന്ന നേപ്പാളിലാണ് മൗണ്ട് എവറസ്റ്റ് അടക്കം എട്ട് കൊടുമുടികള്‍ സ്ഥിതി ചെയ്യുന്നത്. പൗരാണിക നഗരമായ കാഠ്മണ്ഡുവാണ് തലസ്ഥാനം. ഭക്തിയും വിശ്വാസങ്ങളും ആചാരങ്ങളും പ്രകൃതിരമണീയതയും നിറഞ്ഞ ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് നേപ്പാള്‍. ബുദ്ധമതത്തിന്‍റെ പൈതൃക ഭൂമിയായ നേപ്പാളിലെ 90% ജനങ്ങളും ഹിന്ദു മത വിശ്വാസികളാണ്. ശ്രീബുദ്ധന്‍റെ ജന്മസ്ഥലമായ ലുംബിനി വനം നേപ്പാളിലാണ് സ്ഥിതി ചെയ്യുന്നത്. ഒരു ദരിദ്ര്യ രാജ്യമായ നേപ്പാളിന്‍റെ പ്രധാന വരുമാന മാര്‍ഗ്ഗങ്ങള്‍ കൃഷി, തുകല്‍ വ്യവസായം, ടൂറിസം എന്നിവയാണ്. ഇന്ത്യക്കാര്‍ക്ക് നേപ്പാളി യാത്രക്ക് വിസയുടെ ആവശ്യമില്ല. നേപ്പാളി രൂപയാണ് കറന്‍സി. ഔദ്യോഗിക ഭാഷ നേപ്പാളി.

ഒരു കാലത്ത് ഇന്ത്യയെ പോലെ ബ്രിട്ടിഷ് ആധിപത്യത്തിന് എതിരെ പോരാടിയവരാണ് നേപ്പാളികളും. ഗൂര്‍ഖകളുടെ ധീരത ചരിത്ര പ്രസിദ്ധമാണ്. ആ ധീരതയുടെ അംഗീകാരമാണ് ബ്രിട്ടിഷ് സൈന്യത്തിലും തുടര്‍ന്ന് ഇന്ത്യന്‍ സൈന്യത്തിലേയും ഗൂര്‍ഖാ റെജിമെന്‍റുകള്‍. 2007 വരെ നേപ്പാളില്‍ രാജഭരണമാണ് നിലനിന്നിരുന്നത്. ലോകത്തിലെ ഏക ഹിന്ദു രാഷ്ട്രമായിരുന്ന നേപ്പാളില്‍ 1996 മുതല്‍ 2008 വരെ നീണ്ടുനിന്ന ആഭ്യന്തര കലാപത്തിന്‍റെ ഫലമായി രാജ ഭരണം അവസാനിക്കുകയും മതേതര ജനാധിപത്യ റിപ്പബ്ലിക്കായി പ്രഖ്യാപിക്കുകയും ചെയ്തു.

സ്വതന്ത്ര്യാനന്തരം നേപ്പാള്‍ കാര്യങ്ങളില്‍ ഒരു പ്രത്യേക തരത്തിലുള്ള കൊളോണിയല്‍ ഇടപ്പെടലുകളായിരുന്നു ഇന്ത്യ നടത്തിയിരുന്നത് . കാല്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ നേപ്പാളുമായുള്ള ഇന്ത്യയുടെ നയതന്ത്രബന്ധം ഉലയാന്‍ തുടങ്ങിയിരുന്നു. ഒരു കാലത്ത് നേപ്പാളിലെ റോഡുകളുടെ നിര്‍മ്മാണം ഇന്ത്യയുടെ കുത്തകയായിരുന്നു. കാഠ്മണ്ഡുവിലെ വിശ്വപ്രസിദ്ധമായ പശുപതിനാഥ ശിവക്ഷേത്രത്തില്‍ ഇന്നും പൂജകളും കര്‍മ്മങ്ങളും നിര്‍വ്വഹിക്കുന്നത് കര്‍ണ്ണാടകത്തിന്‍ നിന്നുള്ള ഭട്ട ബ്രാഹ്മണരാണ്. 2016 ല്‍ നേപ്പാള്‍ അംഗീകരിച്ച മതനിരപേക്ഷ ഭരണഘടനയില്‍ അസംതൃപതരായി ഇന്ത്യന്‍ സര്‍ക്കാര്‍ തെറായ് മേഖലയിലെ മധേശികളുടെ പ്രശ്നം ഉയര്‍ത്തി നേപ്പാളിനെതിരെ അഞ്ചു മാസം നീണ്ട ഉപരോധം ഏര്‍പ്പെടുത്തി. ഭൂകമ്പങ്ങളെ തുടര്‍ന്നുള്ള പ്രയാസം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് ഉപരോധം വലിയ ദുരിതങ്ങളുണ്ടാക്കി. ഈ സമയത്ത് ചൈന സഹായഹസ്തവുമായി വരുകയും നേപ്പാളുമായി വന്‍തോതില്‍ വ്യാപാര കരാറില്‍ ഏര്‍പ്പെടുകയും ചെയ്തു.

ഇന്ത്യയും നേപ്പാളും തമ്മില്‍ 1800 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തുറന്ന അതിര്‍ത്തിയാണുള്ളത്. 1962 മുതല്‍ ഇന്ത്യ കാളി നദിയുടെ പടിഞ്ഞാറ് ഭാഗത്തു ചൈനക്ക് എതിരെ സൈനീക വിന്യാസം നടത്തി വരുന്നു. ഇതിലൂടെ ഇന്ത്യ റോഡ് നിര്‍മ്മിച്ചതോടെയാണ് നേപ്പാള്‍ തര്‍ക്കമുന്നയിച്ച് പുതിയ മാപ്പ് പുറത്തിറക്കിയത്.

ആംഗ്ലോ നേപ്പാള്‍ യുദ്ധത്തെ തുടര്‍ന്നുണ്ടായ 1816 ലെ സൗഗോളി ഉടമ്പടി അനുസരിച്ച് കാളി നദിക്ക് പടിഞ്ഞാറുളള പ്രദേശങ്ങള്‍ നേപ്പാളിന് അവകാശപ്പെട്ടതാണ്. കാളി നദിക്ക് പടിഞ്ഞാറുള്ള പ്രദേശങ്ങളായ ലിപുലേഖ് , കാലാപാനി , ലിംപിയാദുര എന്നിവ നേപ്പാള്‍ പുതിയ മാപ്പില്‍ ഉള്‍പ്പെടുത്തിയത് സ്വാഭാവികം മാത്രം.

പഞ്ചശീല തത്വങ്ങളാണ് ഇന്ത്യന്‍ വിദേശ നയത്തിന്റെ കാതലായ ഘടകം. അത് ലംഘിക്കപ്പെടുമ്പോള്‍ അന്താരാഷ്ട്ര സമൂഹത്തില്‍ ഇന്ത്യ ഒറ്റപ്പെടുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. നേപ്പാള്‍ അതിര്‍ത്തിക്ക് ഉള്ളിലൂടെ കടന്നു പോകുന്ന മാനസസരോവറിലേക്കുള്ള പുതിയ റോഡു നിര്‍മ്മിക്കുമ്പോള്‍ നേപ്പാളിന്‍റെ അനുവാദം കൂടി ആവശ്യമായിരുന്നു. നേപ്പാള്‍ ഒരു ദരിദ്ര്യ രാജ്യമായത് കൊണ്ട് അവരുടെ അനുവാദം ആവശ്യമില്ല എന്ന് ചിന്തിക്കുന്നത് ഇന്ത്യന്‍ വിദേശ നയത്തിന്‍റെ കാതലായ പഞ്ചശീല തത്വങ്ങള്‍ക്ക് വിരുദ്ധമാണ്. നേപ്പാള്‍ ഒരു സ്വതന്ത്ര്യ രാജ്യമാണ്. ചൈനയുമായോ മറ്റു ഏത് രാജ്യവുമായും അവര്‍ക്ക് സൗഹൃദം സ്ഥാപിക്കാം. അത് അവരുടെ ആദ്യന്തര കാര്യമാണ്. ഇന്ത്യ അതില്‍ വ്യാകുലപ്പെടേണ്ട കാര്യമില്ല.

അന്താരാഷ്ട്ര രംഗത്ത് കീര്‍ത്തി കേട്ട വിദേശ നയമാണ് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു ഇന്ത്യക്ക് നല്‍കിയത്. അയല്‍ രാജ്യങ്ങളുമായുള്ള നല്ല സൗഹൃദമാണ് ഒരു രാജ്യത്തിന്‍റെ വിദേശ നയത്തിന്‍റെ വിജയം. അയല്‍ രാജ്യങ്ങളോടുള്ള തര്‍ക്കങ്ങള്‍ ദേശീയ വരുമാനത്തിന്‍റെ ഭൂരിഭാഗവും ആയുധങ്ങള്‍ വാങ്ങി കൂട്ടാന്‍ വിനിയോഗിക്കേണ്ടി വരും. അത് രാജ്യത്തിന്‍റെ പുരോഗതിയെ സാരമായി ബാധിക്കും. മാത്രമല്ല മനഃസമാധാനവും നഷ്ടപ്പെടും. മറ്റു രാജ്യങ്ങളുടെ സാമ്പത്തിക പുരോഗതി കണ്ട് അസ്വസ്ഥതരായിട്ട് കാര്യമില്ല. ഇന്ത്യയുടെ ഏറ്റവും വലിയ സമ്പത്ത് ചൈനയെ പോലെ മാനവവിഭവശേഷി (Human resource) ആണ്. അത് വേണ്ടത് പോലെ ഉപയോഗിച്ച് മുന്നേറുക. ആഗോളവല്‍ക്കരണത്തിന്‍റെ അതിപ്രസരണത്തെ നിയന്ത്രിക്കുകയും വേണം. മതത്തിന്റേയും ജാതിയുടെയും പേരില്‍ മനുഷ്യരെ വേര്‍തിരിച്ച് നിര്‍ത്തരുത്. നാം ഒന്നിച്ച് മുന്നേറിയാല്‍ മികച്ച സാമ്പത്തിക പുരോഗതി കൈവരിക്കാന്‍ കഴിയും.

ചരിത്രം, ഭൂമിശാസ്ത്രം, രാഷ്ട്രത്തിന്‍റെ നയങ്ങള്‍, രാഷ്ട്രീയ നേതൃത്വം, ദേശീയ താല്പര്യങ്ങള്‍ എന്നിവ ഓരോ രാജ്യത്തിന്‍റെയും വിദേശ നയത്തെ സ്വാധീനിക്കാറുണ്ട്. ദേശീയ താല്പര്യങ്ങള്‍ പരിരക്ഷിക്കുന്ന ഒരു വിദേശ നയമാണ് ഓരോ ഭരണാധികാരികളും സ്വീകരിക്കുന്നത്. ചെറുതും വലുതുമായ ഓരോ രാജ്യത്തിനും ഒരു സ്വതന്ത്ര വിദേശ നയമുണ്ട്. മറെറാരു രാജ്യത്തിന്‍റെ വിദേശ നയത്തെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Scroll to top