Flash News

ബോളിവുഡിലെ പ്രശസ്ത നൃത്തസംവിധായിക സരോജ് ഖാന്‍ അന്തരിച്ചു

July 3, 2020 , ആന്‍സി

പ്രശസ്ത നൃത്തസംവിധായിക സരോജ് ഖാന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. 71 വയസ്സായിരുന്നു. മൂന്ന് തവണ ദേശീയ അവാര്‍ഡ് നേടിയ ഖാന്‍ കുറച്ചുകാലമായി രോഗബാധിതയായിരുന്നു.

കഴിഞ്ഞ ശനിയാഴ്ച മുംബൈയിലെ ബാന്ദ്രയിലെ ഗുരു നാനാക്ക് ആശുപത്രിയില്‍ ശ്വാസതടസ്സം മൂലം പ്രവേശിപ്പിച്ചിരുന്നു. അവിടെ കോവിഡ് 19 പരിശോധിക്കുകയും ചെയ്തു. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 ഓടെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ വച്ച് മരിച്ചുവെന്ന് ബന്ധു മനീഷ് ജഗ്വാനി പറഞ്ഞു.

ബി. സോഹന്‍ ലാലാണ് സരോജിന്റെ ഭര്‍ത്താവ്. ഹമീദ് ഖാന്‍, ഹിന ഖാന്‍, സുകൈന ഖാന്‍ എന്നിവരാണ് മക്കള്‍.

സരോജ് ഖാന്‍ തന്‍റെ നാല് പതിറ്റാണ്ടിന്‍റെ കരിയറില്‍ 2000 ലധികം ഗാനങ്ങള്‍ക്ക് നൃത്ത സം‌വിധാനം ചെയ്തു. 80, 90 കളില്‍ നടിമാരായ ശ്രീദേവി, മാധുരി ദീക്ഷിത് എന്നിവര്‍ക്കുവേണ്ടി ഖാന്‍ തന്‍റെ മികച്ച പ്രവര്‍ത്തനം നടത്തി.

ഇന്ത്യാ – പാക് വിഭജനത്തിന് ശേഷമാണ് ഖാന്‍റെ കുടുംബം ഇന്ത്യയിലെത്തിയത്. ബാലതാരമായി സിനിമാ ജീവിതം ആരംഭിച്ചെങ്കിലും പിന്നീട് പശ്ചാത്തല നര്‍ത്തകിയായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി.

സരോജ് ഖാന്‍റെ പേര് മുമ്പ് നിര്‍മ്മല എന്നായിരുന്നു. എന്നാല്‍, ഇസ്ലാം മതം സ്വീകരിച്ച ശേഷം അവര്‍ പേര് മാറ്റി. കൊറിയോഗ്രാഫര്‍ ജി. സോഹന്‍ലാലില്‍ നിന്ന് നൃത്തം പഠിക്കുന്നതിനിടയിലാണ് ഖാന്‍ പതിമൂന്നാം വയസ്സില്‍ അദ്ദേഹത്തെ വിവാഹം കഴിച്ചത്. അന്ന് സോഹന്‍ലാലിന് 41 വയസ്സായിരുന്നു പ്രായം. അദ്ദേഹത്തിന്‍റെ രണ്ടാമത്തെ വിവാഹമായിരുന്നു.

ഗീത മേര നാം എന്ന ചിത്രത്തിലൂടെ 1974 ല്‍ ഖാന്‍ നൃത്ത ജീവിതം ആരംഭിച്ചുവെങ്കിലും 1987 ല്‍ ശ്രീദേവിയുടെ ‘ഹവ ഹവായ്’ എന്ന ഗാനത്തിലൂടെയാണ് അവര്‍ക്ക് അംഗീകാരം ലഭിച്ചത്. ഇതിനുശേഷം സരോജ് ഖാന്‍ തിരിഞ്ഞുനോക്കിയിട്ടില്ല. ഹിറ്റ് ഗാനങ്ങള്‍ ഒന്നിനു പുറകെ ഒന്നായി വന്നുകൊണ്ടിരുന്നു.

നടി ശ്രീദേവിക്കുള്ള ‘നാഗിന’, ‘ചാന്ദ്നി’ എന്നീ ഗാനങ്ങളുടെ നൃത്തം വളരെയധികം പ്രശംസ പിടിച്ചുപറ്റിയെങ്കിലും നടി മാധുരി ദീക്ഷിത്തിന്‍റെ നൃത്ത ഗാനങ്ങളിലൂടെയാണ് അവര്‍ കൂടുതല്‍ പ്രശസ്തി നേടിയത്. മാധുരിക്ക് വേണ്ടി ‘ഏക് ദോ ടീന്‍’, ‘തമ്മ തമ്മ ലോജ്’, ‘ധക്ധക് കരേ ലഗെ’, ‘ചോളി കെ പീച്ചേ ക്യാ ഹേ’, ‘ഡോല റീ ദോള’ തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് നൃത്തസം‌വിധാനം ചെയ്തു.

ബാസിഗര്‍, മൊഹ്റ, ഡെര്‍, ദില്‍‌വാലെ ദുല്‍‌ഹാനിയ ലേ ജായേംഗേ, ടാല്‍, വീര്‍ സര, പാര്‍ഡെസ്, സോള്‍ജിയര്‍, ഡോണ്‍, സവാരിയ, ലഗാന്‍, തനു വെഡ്സ് മനു റിട്ടേണ്‍സ്, മണികര്‍ണിക തുടങ്ങിയ ചിത്രങ്ങളിലും സരോജ് ഖാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ദേവദാസ്, ജബ് വി മെറ്റ്, ഗുരു, ഖല്‍നായക്, ചാല്‍ബാസ് എന്നീ സിനിമകള്‍ക്ക് അവാര്‍ഡുകള്‍ ലഭിച്ചു. നാച്ച് ബാലിയേ, ഉസ്താദ് കാ ഉസ്താദ്, ബൂഗി വൂഗി, വമഹമ ലക് ദിഖ്‌ല ജാ തുടങ്ങിയ ഡാന്‍സ് റിയാലിറ്റി ഷോകളും അവര്‍ സം‌വിധാനം ചെയ്തിട്ടുണ്ട്.

2019 ല്‍ പുറത്തിറങ്ങിയ കളങ്ക് എന്ന ചിത്രത്തില്‍ മാധുരി ദീക്ഷിതിനായി ‘തബാഹ ഹോ ഗെയ്’ എന്ന ഗാനത്തിനാണ് ഖാന്‍ അവസാനമായി നൃത്തസം‌വിധാനം ചെയ്തത്.

2018 ല്‍ സരോജ് ഖാനും കാസ്റ്റിംഗ് കൗച്ചുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉണ്ടായിരുന്നു. ലൈംഗിക പീഡനത്തിനെതിരായ ‘മീ ടൂ’ പ്രചാരണത്തിന്‍റെ പശ്ചാത്തലത്തില്‍ സരോജ് ഖാന്‍ സ്ത്രീകളെ ഉത്തരവാദികളാക്കുകയും കാസ്റ്റിംഗ് കൗച്ച് ആര്‍ക്കും പുതിയതല്ലെന്നും പറഞ്ഞതാണ് വിവാദമായത്.

സരോജ് ഖാന്റെ മരണത്തില്‍ ബോളിവുഡ് താരങ്ങള്‍ അനുശോചിച്ചു. തന്റെ നൃത്തകല മെച്ചപ്പെടുത്തിയതിന് സരോജ് ഖാന് ക്രെഡിറ്റ് നല്‍കി മാധുരി ദീക്ഷിത്.

‘എന്‍റെ സുഹൃത്തിന്‍റെയും ഗുരു സരോജ് ഖാന്‍റെയും മരണത്തില്‍ ഞാന്‍ തകര്‍ന്നുപോയി. നൃത്തത്തില്‍ എന്‍റെ മുഴുവന്‍ കഴിവും കൈവരിക്കാന്‍ എന്നെ സഹായിച്ചതിന് ഞാന്‍ എപ്പോഴും അവരോട് നന്ദിയുള്ളവളായിരിക്കും. ലോകത്തിന് അതിശയകരമായ ഒരു പ്രതിഭ നഷ്ടപ്പെട്ടു. അവരുടെ കുടുംബത്തിന് എന്‍റെ ഹൃദയംഗമമായ അനുശോചനം.’ മാധുരി ദീക്ഷിത് ട്വീറ്റ് ചെയ്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top