Flash News

ഫൊക്കാന തെരഞ്ഞെടുപ്പ്: മത്സരം ആകാം വാശി പാടില്ല (ഡോ. കല ഷാഹി)

July 4, 2020 , ഫ്രാന്‍സിസ് തടത്തില്‍

വാഷിംഗ്ടണ്‍ ഡി.സി: ഫൊക്കാന കണ്‍വെന്‍ഷനും തെരഞ്ഞെടുപ്പും ഒരുമിച്ചു നടത്തുന്നതുമൂലം കണ്‍വെന്‍ഷന്റെ മാറ്റ് കുറഞ്ഞു വരുന്നതായി ഫൊക്കാനയുടെ കല സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായ ഡോ. കലാ ഷാഹി. ഓരോ തവണയും തെരഞ്ഞെടുപ്പിന്റെ വാശിയും മത്സരവും ഏറി വരുന്നത് മൂലം ഫൊക്കാന കണ്‍വെന്‍ഷന്റെ പൊലിമ നഷ്ട്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് കഴിഞ്ഞ കുറെ കാലങ്ങളായി കണ്‍വെന്‍ഷന്റെ കലാവേദികളുടെ നടത്തിപ്പിന് ചുക്കാന്‍ പിടിച്ചു വരുന്ന ഡോ. കല ചൂണ്ടിക്കാട്ടുന്നു.

കേരളത്തിന്റെ സംസ്കാരത്തെ പ്രതിനിധികരിക്കുന്ന, അമേരിക്കന്‍ മലയാളികളുടെ പരിഛേദമെന്നു വിശേഷിപ്പാക്കാവുന്ന അമേരിക്കന്‍ പ്രവാസി മലയാളികളുടെ സംഘടനയായ ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍ ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന)രൂപീകൃതമായിട്ട് 38 വര്‍ഷം പിന്നിടുന്ന ഈ അവസരത്തില്‍ ഇപ്പോള്‍ നടക്കുന്ന ആശയക്കുഴപ്പങ്ങളെക്കുറിച്ച് ഗൗരവപൂര്‍വം ചിന്തിക്കേണ്ട സമയമായെന്ന് ഡോ.കല ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പുകളും മറ്റും തുടങ്ങുന്നതിനു മുന്‍പ് പരാതികളോ വഴക്കോ, സ്വാധീനമോ തുടങ്ങിയ യാതൊരു സമ്മര്‍ദ്ദങ്ങളോ ഇല്ലാതെ നിസ്വാര്‍ത്ഥമായി സ്‌നേഹത്തോടെയും ഒത്തൊരുമയോടെയും സമാധാനത്തോടെയും സന്തോഷത്തോടെയും ആഘോഷപരമായി ഒത്തൊരുമിച്ച് കണ്‍വെന്‍ഷനുകള്‍ നടത്തിയിട്ടുള്ള ഒരു കാലഘട്ടം ഫൊക്കാനയ്ക്കുണ്ടായിരുന്നു. ഈ രണ്ടു കാലഘട്ടത്തിലും ഫൊക്കാനയ്ക്കു വേണ്ടി അല്‍മാര്‍ത്ഥതയോടെ പ്രയത്‌നിച്ചുവരുന്ന ഒരു വ്യക്തി എന്ന നിലയില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന വിവാദങ്ങളെയും പ്രശനങ്ങളെയും ഒരു ഞെട്ടലോടെയാണ് വീക്ഷിക്കുന്നത്. കല പറഞ്ഞു.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഫൊക്കാന തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പ്രചാരണം, വോട്ടുപിടുത്തം, സംഘടനാ പ്രവര്‍ത്തനങ്ങള്‍, അധികാരത്തര്‍ക്കങ്ങള്‍, കക്ഷി സ്വാധീനങ്ങള്‍, കുറുമാറ്റലയനങ്ങള്‍ തുടങ്ങിയവ ഫൊക്കാന കണ്‍വെന്‍ഷനെ സാരമായ ബാധിച്ചിട്ടുണ്ട്. കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്ന ബഹുമാന്യരായ സാധാരണക്കാരായ ജനങ്ങള്‍ക്ക് ഇത്തരം പ്രവര്‍ത്തികള്‍ പലപ്പോഴും അരോചകമായി മാറിയിട്ടുണ്ട്. വൈരുധ്യങ്ങള്‍ ഏറെയുള്ള ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് പ്രക്രീയകള്‍ പലപ്പോഴും അതില്‍ പങ്കെടുക്കുന്ന കുച്ചുകുട്ടികള്‍ ഉള്‍പ്പെടെയുള്ള കുടുംബങ്ങള്‍ക്ക് മാനസിക പിരിമുറുക്കം നല്‍കാറുണ്ട്. കഴിഞ്ഞ കാലങ്ങളിലെ കണ്‍വെന്‍ഷനുകളിലെല്ലാം ഇത്തരം സംഭവങ്ങള്‍ മൂലം കണ്‍വെന്‍ഷന്റെ ആകെ പൊലിമ തന്നെ നഷ്ടപ്പടുന്നതായി കാണാം. ഡോ. കല ചൂണ്ടിക്കാട്ടി.

കഴിഞ്ഞ കണ്‍വെന്‍ഷനിലെ കാര്യങ്ങള്‍ തന്നെ എടുക്കാം. ആദ്യ രണ്ടു ദിവസങ്ങളില്‍ നടന്ന യുവജനോത്സവം,സ്റ്റേജ് പ്രോഗ്രാമുകള്‍, സെമിനാറുകള്‍, തുടങ്ങിയവ ശരിയായ രീതിയില്‍ നടത്താന്‍ കഴിഞ്ഞിട്ടില്ല. ഇത്തരം പരിപാടികള്‍ക്ക് ഉചിതമായ രീതിയില്‍ മേല്‍നോട്ടം വഹിക്കാന്‍ ഔദ്യോഗികമായി ആരും തന്നെ ഉണ്ടായിരുന്നില്ല. കാരണം അതിനു ചുമതലയുള്ള എല്ലാവരും തന്നെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ തിരക്കിലായിരുന്നു. പിന്നെ ബാക്കിയുള്ള ഒരു ദിവസം കുറെയാളുകള്‍ മന്ത്രിമാരും മറ്റു വി.ഐ.പി.കളും വരുമ്പോള്‍ മറ്റുള്ളവരുടെ മുന്‍പില്‍ ആളാകനും സ്വയം കയ്യടി വാങ്ങാനുമായി ഓടി നടക്കുന്ന കാഴ്ചയും കാണാം. ഡോ. കല പറയുന്നു.

ഇതിനിടയില്‍ സാധരണക്കാരായ ജനങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന ഒരു കണ്‍വെന്‍ഷന്‍ എങ്ങനെ നടക്കാനാണ്? നാഷണല്‍ കമ്മിറ്റിയിലേക്കും ട്രസ്റ്റി ബോര്‍ഡിലേക്കുമൊക്കെയുള്ള തെരഞ്ഞെടുപ്പ് സാധാരണക്കാരെ സംബന്ധിച്ച് അത്ര വലിയ കാര്യമൊന്നുമല്ല. കാശുമുടക്കി കണ്‍വെന്‍ഷന് എത്തുന്നവര്‍ സമാധാനപരമായ അന്തരീക്ഷമാണ് വേണ്ടത്.

ടാലെന്റ്‌റ് കോമ്പറ്റിഷനും മറ്റ് സ്റ്റേജ് പെര്‍ഫോമന്‍സുകള്‍ക്കുമായി അണിഞ്ഞൊരുങ്ങിയ കുട്ടികളും അവരുടെ മാതാപിതാക്കളും സംഘാടകരെയും ജഡ്ജസിനെയും കാത്തുകെട്ടിക്കിടക്കേണ്ട ഗതികേടാണ് ഉണ്ടായത്. ഇത്തരം പ്രഹസങ്ങള്‍ മൂലകം മനം മടുത്ത പല രക്ഷിതാക്കളുമൊക്കെ ” ഇങ്ങനെയാണ് കാര്യങ്ങളെങ്കിലും ഇനിമേല്‍ കുട്ടികളെയൊന്നും പങ്കടുപ്പിക്കേണ്ടതില്ല” എന്ന രീതിയിലുള്ള പരാതികള്‍ വരെയുണ്ടായി. ഡോ. കല വ്യക്തമാക്കി.

കണ്‍വെന്‍ഷനില്‍ സംബന്ധിക്കുന്ന സാധരണക്കാരായ ജനങ്ങളെ സംബന്ധിച്ച് കണ്‍വെന്‍ഷന്റെ മൂന്ന് ദിവസങ്ങളും പ്രധാനപ്പെട്ടത് തന്നെയാണ്. അതേസമയം ആദ്യത്തെ രണ്ടു ദിവസങ്ങള്‍ വോട്ടു പിടുത്തതിനും തെരെഞ്ഞെടുപ്പിനുമായി മാറ്റി വയ്ക്കുന്ന സംഘാടകര്‍ കണ്‍വന്‍ഷിനിലെ പ്രതിനിധികളെക്കൂടി ഓര്‍ക്കേണ്ടതാണ്. ആദ്യത്തെ രണ്ടു ദിവസങ്ങളില്‍ നല്ല പരിപാടികള്‍ പോലുമുണ്ടാകാറില്ല. പാട്ടും നൃത്തവും ചെയ്യുന്നവര്‍ ഒരേ ആളുകള്‍, ചിലര്‍ മൈക്ക് എടുത്ത് എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു. ഇതൊക്കെ കണ്ടുകൊണ്ടു സഹിഷ്ണത നഷ്ടപ്പെടുന്ന പ്രതിനിധികളുടെ മുറുമുറുപ്പ് താന്‍ നേരിട്ട് കേട്ടിട്ടുണ്ടെന്നും കല ചൂണ്ടിക്കാട്ടി.

ഇത്തരം കാര്യങ്ങളെല്ലാം നേരിട്ടനുഭവിച്ച വ്യക്തി എന്ന നിലയില്‍ വ്യക്തിപരമായി എല്ലാ നേതാക്കന്മാരോടും ഒരു അഭ്യര്‍ത്ഥനയാണ്. ദയവുചെയ്ത് കണ്‍വെന്‍ഷന്‍ വേദിയില്‍ വച്ച് തെരഞ്ഞെടുപ്പ് നടത്തരുത്. രണ്ടും രണ്ടായി നടത്തിയാല്‍ മാത്രമേ കണ്‍വെന്‍ഷന്റെ പൊലിമ നിലനിര്‍ത്താന്‍ കഴിയൂ. ഇതു തന്റെ മാത്രം നിര്‍ദ്ദേശമല്ല കണ്‍വെന്‍ഷനില്‍ സ്ഥിരമായി പങ്കെടുക്കാറുള്ള മറ്റ് നിക്ഷ്പക്ഷരായ അംഗങ്ങളുടെ കൂടി നിര്‍ദ്ദേശമാണ്. ഡോ. കല ഷാഹി വ്യക്തമാക്കി.

ഫൊക്കാനയെയും അതിലെ അംഗങ്ങളേയും സംബന്ധിച്ചിടത്തോളം കണ്‍വെന്‍ഷന് അതിന്റെതായ വിലയും നിലയും കല്‍പ്പിക്കേണ്ടതുണ്ട്. തെരഞ്ഞെടുപ്പിനല്ല, കണ്‍വെന്‍ഷനാണ് പ്രഥമ പരിഗണന നല്‍കേണ്ടത്. അതേസമയം, തെരഞ്ഞെടുപ്പ് എന്നത് ഏതാനും ചിലരെ മാത്രം ബാധിക്കുന്ന വിഷയമാണ്.തെരഞ്ഞെടുപ്പിന്റെ പിരിമുറുക്കം ഇല്ലാതെ സമാധാനപരമായ രീതിയില്‍ കുടുംബസമേതം കണ്‍വെന്‍ഷനില്‍ സംബന്ധിക്കാന്‍ സാഹചര്യമൊരുക്കുകയാണ് വേണ്ടത്. ഡോ.കല പറഞ്ഞു.

നമ്മുടെ കുട്ടികളെയും മറ്റുമുള്‍പ്പെടുത്തി ഏറ്റവും ഭംഗിയായി യുവതലമുറയ്ക്ക് മാതൃകാപരമായ രീതിയില്‍ വഴക്കും ശത്രുതയുമൊന്നുമില്ലാതെ ഫൊക്കാന കണ്‍വെന്‍ഷന്‍ നടത്തേണ്ടത് അനിവാര്യമാണ്. അതെ സമയം, തെരഞ്ഞെടുപ്പും കണ്‍വെന്‍ഷനും ഒരുമിച്ചുനടത്തിയാല്‍ രണ്ടു പ്രക്രീയകളുടെയും പ്രാധാന്യം കുറയുകയാണ് ചെയ്യുന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ തെരെഞ്ഞെടുപ്പിനാണോ കണ്‍വെന്‍ഷനാണോ പ്രാധാന്യം നല്‍കുന്നതെന്ന കാര്യത്തില്‍ സാധരണക്കാര്‍ ആശയക്കുഴപ്പത്തിലാകാറുണ്ട്.

കണ്‍വെന്‍ഷനൊപ്പം തെരഞ്ഞെടുപ്പും നടത്തിയാലേ ജനപങ്കാളിത്തമുണ്ടാകുകയുള്ളുവെന്ന് ചിലരെങ്കിലും കരുതുന്നുണ്ട്. അത് വെറും മിഥ്യാധാരണ മാത്രമാണ്.എന്നാല്‍ കഴിഞ്ഞ തെരെഞ്ഞെടുപ്പുകളിലെല്ലാം സംഘടനാ പ്രതിനിധികള്‍ എന്ന പേരില്‍ വളരെയധികം ഡെലിഗേറ്റുമാരെ രെജിസ്‌ട്രേഷന്‍ പോലും ചെയ്യിക്കാതെ കൂട്ടമായി കൊണ്ടുവന്ന് ലജ്ജാകരമായ രീതിയില്‍ സ്വാധീനം ചെലുത്തി വോട്ടു ചെയ്യിയ്പ്പിച്ചിട്ട് അന്ന് തന്നെ തിരിച്ചു കൊണ്ടുപോകുന്നതായിട്ടാണ് കണ്ടിട്ടുള്ളത്. അവര്‍ പോകുന്നതോടെ ആള്‍ക്കൂട്ടവും ഇല്ലാതാകും. കല ചൂണ്ടിക്കാട്ടി.

അതുകൊണ്ട്, കണ്‍വെന്‍ഷന് മുന്‍പ് മറ്റൊരു വേദിയില്‍ തെരഞ്ഞെടുപ്പ് നടത്തുന്നതാണ് തെരെഞ്ഞെടുപ്പിന്റെയും കണ്‍വെന്‍ഷന്റെയും ആരോഗ്യപരമായ നടത്തിപ്പിനു ഉചിതം. കണ്‍വെന്‍ഷന് മുന്‍പ് തെരഞ്ഞെടുപ്പ് നടത്തുകയും പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞ കണ്‍വെന്‍ഷനില്‍ വച്ച് നടത്തുകയും ചെയ്താല്‍ കണ്‍വെന്‍ഷന്‍ വേറിട്ട ഒരു അനുഭവമായി മാറും. തെരഞ്ഞെടുപ്പ് അതീവ സുരക്ഷയോടുകൂടിയ ഓണ്‍ലൈന്‍ സംവീധാനങ്ങള്‍ വഴി നടത്തിയാല്‍ ദൂരെയുള്ള ഡെലിഗേറ്റുമാര്‍ക്കും അത് ഏറെസൗകര്യപ്രദമാകും.

തെരെഞ്ഞെടുപ്പില്‍ ജയിച്ചവരുടെ ആഘോഷങ്ങളും തോറ്റവരുടെ വിഷമങ്ങളും മറ്റും മാറിയ ശേഷം ഒത്തൊരുമയോടുകൂടി വാശിയും മറ്റുമില്ലാതെ വ്യക്തമായ പ്ലാനുകളോടെ മൂന്ന് ദിവസത്തെ കണ്‍വെന്‍ഷന്‍ നടത്തുകയാണെങ്കില്‍ കണ്‍വെന്‍ഷന്‍ രെജിസ്‌ട്രേഷന്‍ കുത്തനെ വര്‍ധിക്കുമെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമുണ്ടാകില്ല. തെരഞ്ഞെടുപ്പുകള്‍ ഇല്ലാതിരുന്ന കാലങ്ങളില്‍ ഉണ്ടായിരുന്ന പങ്കാളിത്തം ഇപ്പോള്‍ നാലിലൊന്നായി കുറയാന്‍ കാരണം തെരഞ്ഞെടുപ്പും കണ്‍വെന്‍ഷനും ഒരുമിച്ചു നടത്തുന്നതുകൊണ്ടാണെന്നു എല്ലാ നേതാക്കന്മാരും അല്‍മപരിശോധന നടത്തുന്നത് നല്ലതായിരിക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top