Flash News

‘സൂഫിയും സുജാതയും’ മലയാളത്തിന് ഒരു മുതല്‍ക്കൂട്ട്

July 4, 2020 , ജയശങ്കര്‍ജി

ജൂലൈ മൂന്നിന് ആഗോളതലത്തില്‍ ഓണ്‍ലൈനായി റിലീസ് ചെയ്ത മലയാള ചലച്ചിത്രം. വ്യത്യസ്തതകള്‍ ഏറെ ഉള്ള വളരെ വ്യത്യസ്തമായ സാഹചര്യത്തില്‍ പ്രേക്ഷകര്‍ക്ക് ലഭിച്ച ഒരു ലോക്ക്ഡൗണ്‍ സമ്മാനമാണ് “സൂഫിയും സുജാതയും.”

വടക്കന്‍ കേരളത്തില്‍ പഴക്കം ചെന്ന പല പ്രണയ സാഭല്യങ്ങളും, വിരഹങ്ങളും, വേര്‍പാടുകളും എല്ലാം കഥകളിലൂടെയും, ചലച്ചിത്രങ്ങളിലൂടെയുമൊക്കെ മലയാളികള്‍ വായിക്കുകയും കാണുകയും കേള്‍ക്കുകയുമൊക്കെ ഉണ്ടായിട്ടുണ്ട്. പല ജീവിതങ്ങളും ഇന്ന് സാക്ഷിയായി നിലനില്‍ക്കുകയും ചെയ്യുന്നു. വ്യത്യസ്തമെങ്കിലും 1921-ന്റെ ചരിത്ര പശ്ചാലത്തില്‍ ഒരുങ്ങുവാന്‍ പോകുന്ന ഒരു കഥ തീക്ഷ്ണമായ ചര്‍ച്ചകളില്‍ വിവാദമായ സമയത്താണ് സൂഫിയും സുജാതയും വളരെ തന്മയത്വത്തില്‍ ഒരു പ്രമേയം അവതരിപ്പിച്ച് വിജയിക്കുന്നത്. അതും ഓണ്‍ലൈന്‍ റിലീസ് എന്ന പുതിയ രീതിയില്‍ ഒരു മാതൃകയായും വെല്ലുവിളിയായും.

‘എന്നു നിന്റെ മൊയ്തീന്‍’ സിനിമയുടെ സംഗീത സാമ്യം പലപ്പോഴും സിനിമയിലുടനീളം പ്രതിഫലിക്കുന്നു. ചിലയിടങ്ങളില്‍ പ്രമേയം അല്പം ‘എന്നു നിന്റെ മൊയ്തീനിലേക്ക്’ ചായുന്നുവോ എന്ന തോന്നലും നിലനില്‍ക്കെ തന്നെ സിനിമ അതിഗംഭീരം അല്ല എങ്കിലും വിജയം തന്നെ.

അതിധിയുടെ ഊമയായ നായികാ കഥാപാത്രം വളരെ നന്നായി സിനിമയിലുടനീളം ചുവടുറച്ചു നില്‍ക്കുന്നു. ഒരുപക്ഷെ മലയാളത്തിന്റെ അഭിനയ പ്രതിഭയായ ശോഭനയുടെ ഛായാ പകര്‍ച്ചയോ, വേഷ, അഭിനയ പകര്‍ച്ചയോ അതിധിയിലേക്ക് കടം എടുക്കപ്പെട്ടു എന്ന് വരെ തോന്നിപ്പോകുന്നു.

എല്ലാ സിനിമകളിലൂടെയും, സാമൂഹിക ജീവിതത്തിലൂടെയും കുറെ ഏറെ നല്ല സമവാക്യങ്ങള്‍, സമൂഹത്തിനു നല്‍കിയ നടനാണ് ജയസൂര്യ. രാജീവിലൂടെ അദ്ദേഹം തന്റെ കടമ നിര്‍വഹിക്കുന്നു.

ചെറിയ ചെറിയ പ്രശ്‌നങ്ങളില്‍ പോലും താലി ചരടുകള്‍ അറുക്കുന്ന ന്യൂജെന്‍ സമൂഹത്തിനു ഒരു നല്ല സന്ദേശം നല്‍കിയാണ് ഈ സിനിമ കടന്നുപോകുന്നത്. വര്‍ത്തമാന കാലത്തിലെ രാഷ്ട്രീയ മത മുതലെടുപ്പുകള്‍ക്കോ, ചര്‍ച്ചകള്‍ക്കോ, സംഘര്‍ഷങ്ങള്‍ക്കോ ഒക്കെ നിരവധി സാധ്യതകള്‍ ഉള്ള കഥാഭാഗങ്ങളെയൊക്കെ പ്രേക്ഷകരിലേക്ക് സൂചനകള്‍ നല്‍കിയാണ് കഥ കടന്നു പോകുന്നത്. അങ്ങിനെയുള്ള അവസരങ്ങളെ സിനിമയിലെ സാമൂഹിക, കുടുംബ നായകര്‍ ഊതി വീര്‍പ്പിക്കാതെ എങ്ങിനെ തരണം ചെയ്യുന്നു എന്നും കഥ നമ്മെ കാണിച്ചു തരുന്നുണ്ട്.

സിദ്ധിക്കും, ദേവ് മോഹനനും, അബുക്കയും എല്ലാം ഒന്നിനൊന്നു മെച്ചം.

ഒരു പ്രണയ ചലച്ചിത്രം എന്നതിനും ഉപരിയായി സാമൂഹിക രാഷ്ട്രീയ പ്രശ്‌നങ്ങളും, കുടുംബ ബന്ധങ്ങളും, ഒക്കെ സിനിമയുടെ പശ്ചാത്തലം ഒരുക്കിയ പ്രകൃതി രമണീയതയ്ക്കു ഒപ്പം നാറാണിപുഴ ഷാനവാസ് തന്നെ തന്റെ വരികളിലൂടെ സംവിധാനം ചെയ്തിരിക്കുന്നു. എം ജയചന്ദ്രന്റെ സംഗീതവും, അജ്മീറിലെ ക്വവ്വാലി സംഗീതവും, ഗാന ശൈലികളും എല്ലാം ഛായാഗ്രാഹകന്റെ ക്യാമറയും, റെക്കോര്‍ഡിംഗും ഒപ്പിയെടുത്ത നല്ല ചിത്രം എന്ന് തന്നെ പറയട്ടെ.

മീസാന്‍ കല്ലുകള്‍ സാക്ഷ്യം വഹിക്കുന്ന കുറ്റിക്കാട്ടിലെ അബൂക്കയുടെ കബറിടത്തിനു അരുകിലെ ഞാവല്‍ കായ്ച്ചു പഴുക്കുമ്പോള്‍ സൂഫിയുടെ സുജാത മനസ്സ് തുറന്നു ജീവിതത്തിന്റെ സുഖ ദുഃഖ സമ്മിശ്രതയിലേക്ക് യാത്ര തിരിക്കുന്നതോടെ ‘സൂഫിയും സുജാതയും’ എന്ന ഒരു നല്ല ചലച്ചിത്രം കൂടി മലയാള മണ്ണ് അഹങ്കാരത്തോടെ ചേര്‍ത്ത് വയ്ക്കുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top