Flash News

ആയുസ്സ് കൂടുതലുള്ള സങ്കടങ്ങള്‍

July 5, 2020 , ഷക്കീല സൈനു കളരിക്കല്‍

ചില സങ്കടങ്ങള്‍ക്ക് ആയുസ്സു കൂടുതലാണെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. അതു ഇടക്കിടെ കടന്നു വന്നു വിഷാദം വാരി നിറച്ചിട്ട് ഒറ്റ പോക്കാണ്. അങ്ങനെ ചെയ്തില്ലെങ്കില്‍ ഒരു വലിയ അപരാധമായി അതിന് തോന്നുന്നതുമാകാം. ചിലത് നമ്മുടെ മരണം വരെ നീണ്ടുനിന്നേക്കോം.

ബാല്യത്തിലെ മനസ്സിനെ ആദ്യമായി അതിതീവ്രമായി വേദനിപ്പിച്ച ഒരു സങ്കടക്കാഴ്ചയുണ്ട്.

ആ കാഴ്ച നല്‍കിയ വേദനാനുഭവം ഇത്രയും പ്രായമായിട്ടും മാറിയിട്ടില്ല.

മനസ്സിലെപ്പോഴെങ്കിലും വിഷാദം ചേക്കേറുമ്പോള്‍ മുമ്പ് ചെയ്തു കൊണ്ടിരുന്നത് ഒരു കവിത കേള്‍ക്കുകയോ ഒരു കഥ വായിക്കുകയോ അതുമല്ലെങ്കില്‍ ഏതെങ്കിലുമൊരു അലമാര അടുക്കി വെക്കുകയോ ചെയ്തു മനസ്സിനെ ഒന്നു
ശുദ്ധീകരിക്കും.

പക്ഷേ ഇപ്പോഴങ്ങനെ ചെയ്യുന്നതിനു പകരം ഞാനെന്‍റെ മനസ്സിന്‍റെ കൈയ്യും പിടിച്ച് ഭൂതകാലങ്ങളിലേക്ക് ഒന്നു നടന്നിട്ടു വരും. സന്തോഷങ്ങള്‍ തേടി പലപ്പോഴും എനിക്കെത്തിച്ചേരാന്‍ കഴിയുന്നത് ഞാന്‍ ജനിച്ചു വളര്‍ന്ന എന്‍റെ വീട്ടിലേക്കാണ്. എന്‍റെ അച്ഛനമ്മമാരുടെ അടുത്തേക്കാണ്. രണ്ടു പേരുമിപ്പോഴില്ലെങ്കിലും ആ ഓര്‍മകള്‍ എന്നെയിപ്പോഴും ഹൃദയത്തോടു ചേര്‍ത്തു നിര്‍ത്തുമ്പോള്‍ എന്തൊരാശ്വാസമാണൊേ? അപ്പോഴെനിക്കെന്‍റെ ബാല്യവും കൗമാരവും പിന്നെ കുറച്ച് യൗവ്വനവും തിരിച്ചു കിട്ടും. അവിടെ ഉപേക്ഷിച്ചു കളഞ്ഞവയൊക്കെയാണ് നമുക്കേറ്റവും പ്രിയതരം.

എന്‍റെ ഒരു കണ്ടെത്തലെന്താണൊേ, നമുക്ക് സ്വന്തമാണെന്ന് അവകാശപ്പെടാനുള്ളത് നമ്മുടെ മാതാപിതാക്കള്‍ മാത്രമല്ലേ?
നമ്മള്‍ ജനിച്ചപ്പോള്‍ നമ്മോടൊപ്പമുണ്ടായിരുത്! ബാക്കിയെല്ലാം പിന്നീട് കൂടെ കൂടിയതല്ലെ? നമ്മുടെ വേദനകളില്‍ ചേര്‍ത്തു നിര്‍ത്താനും സാന്ത്വനമാകാനും അവരെപ്പോലെ വേറെയാര്‍ക്കും കഴിയില്ല. അതൊരു പ്രപഞ്ച സത്യമാണ്.

ഇന്നലെ കുറച്ചു സമയം ഞാനങ്ങനെ എന്‍റെ ബാല്യത്തിലേക്കൊരു പോക്കു പോയി. അവിടുത്തെ പുഴയിലും തൊടിയിലും പറമ്പിലും അമ്പലപ്പറമ്പിലുമൊക്കെ, ഞങ്ങളെ നോക്കുന്ന, സീനത്തിന്‍റെ കയ്യും പിടിച്ചു കറങ്ങി നടക്കുമ്പോഴാണ് ആ ഒരു ഓര്‍മ എന്നിലേക്കു ഓടി വന്നത്.

സീനത്തിന് ഒരു പത്തു പതിനേഴ് വയസ്സുകാണും. അമ്മയുടെ നാടായ കരുനാഗപ്പള്ളിയില്‍ നിന്നും വന്നതാണ്. നല്ല ഭാവനാസമ്പന്നയാണ്. എന്തെല്ലാം മനോഹരക്കാഴ്ചകള്‍ കാണിച്ചു തരുമെന്നറിയാമോ?

എന്തെല്ലാം സാങ്കല്‍പിക കഥകള്‍. അങ്ങനെ പറഞ്ഞ ഒരു കഥയുടെ പൊരുള്‍ തേടി പുഴക്കരയില്‍ ഏറെ സമയം ഞാന്‍ ചിലവഴിക്കാന്‍ തുടങ്ങി.

കഥയെന്തെന്നോ?പുഴയിലെ ഓളങ്ങളില്‍ സൂര്യരശ്മി പതിക്കുമ്പോള്‍ ധാരാളം ബള്‍ബുകള്‍ കത്തുന്ന കാഴ്ചയില്ലേ? ആ
Reflection എന്താണെന്നോ, വെള്ളത്തിനടിയില്‍ ധാരാളം ചീങ്കണ്ണിയും മക്കളുമുണ്ട്. ഇരുട്ടു കാരണം അവരുടെ കണ്ണു കാണുകയില്ല. അതിനു വേണ്ടി അമ്മ ചീങ്കണ്ണികള്‍ ടോര്‍ച്ചടിച്ചു കൊടുക്കുന്ന വെട്ടമാണ്. ശബ്ദമുണ്ടാക്കാതെ നോക്കി നിന്നാല്‍ ചീങ്കണ്ണികളും മക്കളും വരുമെന്ന്. അങ്ങനെ ചീങ്കണ്ണിയെയും മക്കളേയും കാത്തു നില്‍ക്കുന്നതൊരു പതിവാക്കി. കരിമീന്‍ പറ്റങ്ങളെയല്ലാതെ ഒരു ചീങ്കണ്ണിയെയും കാണാതെ വിഷമിച്ചു നിന്ന ഒരു ദിവസം ഒരു കാഴ്ച കണ്ടു. കടവിനോടു ചേര്‍ന്ന് ഒരു കൈതക്കാടുണ്ടു്. അതിനടുത്തായി കടും ചുമപ്പില്‍ വെള്ളവട്ടത്തിലുള്ള പുള്ളി ഫ്രോക്ക് ധരിച്ച രണ്ടോ മൂന്നോ വയസുള്ള ഒരു മോള്‍ മരിച്ചു കിടക്കുന്നു. കമിഴ്ന്നു കിടക്കുന്നതു കാരണം മുഖം കാണാന്‍ പറ്റിയില്ല. അടുത്തു ചെന്നു ഞങ്ങള്‍ കുറേ സമയം നോക്കി നിന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ അതിനു കുറച്ചപ്പുറത്തു മാറി ഒരു മോന്‍. അത് ഇതിന്‍റെ മൂത്തതാണ്. ഒരു കാക്കി കളര്‍ നിക്കറും ഒരു മുഷിഞ്ഞ വെള്ള ഷര്‍ട്ടും. ആ മോനേയും അടുത്തു പോയി നോക്കി നിന്നു. അതും കമിഴ്ന്നാണു കിടക്കുന്നത്.

രണ്ടു പേര്‍ മാത്രമല്ലായിരുന്നു. പുഴയുടെ നടുക്കായി ഒരു വയസ്സുള്ള കുഞ്ഞുണ്ടായിരുന്നു. എന്തോ ഒന്നു കിടക്കുന്നതു പോലെയല്ലാതെ അത് ഒരു അവ്യക്തമായ കാഴ്ചയായിരുന്നു. പുഴയുടെ അക്കരെ തീരത്തോടു ചേര്‍ന്ന് ഇവരുടെ അമ്മയും. മൂന്നു മക്കളെയും എടുത്ത് ആറിനെറിഞ്ഞു കൊടുത്ത് അവരും ചാടിയതാണ്. ഏതോ ഒരു അതിതീവ്ര വേദനയില്‍ നിന്നുമുള്ള മുക്തി.

പക്ഷേ ജീവിതത്തില്‍ ആദ്യമായി കണ്ട ആ സങ്കടക്കാഴ്ചകളില്‍ നിന്നും മുക്തി നേടാന്‍ എനിക്കിപ്പോഴും കഴിഞ്ഞിട്ടില്ല. ഇടക്കൊക്കെ അതിങ്ങനെ, എന്തിനായിരിക്കും മൂന്നു മക്കളെയും മരണത്തിനു കൊടുത്തിട്ട് സ്വയം മരണത്തിലേക്ക് പോയതെന്നതിനെക്കുറിച്ച് ഓരോ കണ്ടെത്തലുകള്‍ മെനയാന്‍ എന്‍റെ മനസ്സിനെ ഞാന്‍ ഏല്പിക്കാറുണ്ട്. അതിന്‍റെ യുക്തി അനുസരിച്ച് നിരവധി കഥകള്‍ സൃഷ്ടിച്ചു തരികയും ചെയ്യും. പക്ഷേ ഒന്നിലും ആ അച്ഛനെ എനിക്കു കാണിച്ചു തന്നില്ല.

പുഴ എനിക്ക് വളരെ സന്തോഷമാണ്. അതുപോലെ ഒരുപാടൊരുപാടു് സങ്കടകാഴ്ചകളും തന്നിട്ടുണ്ട്. എനിക്കു കൊണ്ടിട്ടുള്ള അടികളില്‍ എറിയ പങ്കും കല്ലടയാറിനവകാശപ്പെട്ടതാണ്. അന്നൊക്കെ വെള്ളത്തിലിറങ്ങിയാല്‍ ഞങ്ങള്‍ മറ്റെല്ലാം മറന്നു പോകുമായിരുന്നു. അതൊക്കെ പിന്നീടു പറയാം.

ലോകമാസകലം പിടിച്ചുകുലുക്കി കൊറോണ സംഹാര താണ്ഡവമാടുകയാണ്. ലോകത്തിനെ ഇത്രയേറെ നിശ്ചലവും, ഭീതിയും മൗനവും വിഷാദവുമാക്കാന്‍ കഴിയുന്ന ഇവന്‍റെ കഴിവ് അപാരമെല്ലാതെന്തു പറയാന്‍?

കഥ പറയാന്‍ ബാക്കിയാവുമെന്നൊരുറപ്പും പറയാന്‍ പറ്റാത്തതിനാല്‍ വേഗം വേഗം പറഞ്ഞു പോകുന്നതായിരിക്കും നല്ലത്.

“ഇനിയുമെന്തെന്നുമേതെന്നുമാര്‍ക്കറിയാം”


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top