മലയാളത്തിന്റെ ബേപ്പൂര്‍ സുല്‍ത്താന് സ്‌നേഹാഞ്ജലികള്‍

അദ്ദേഹം നാട്ടിന്‍പുറത്തെ തന്റെ വീടിന്റെ കോലായിലെ ചാരുകസേരയില്‍ നീണ്ടുനിവര്‍ന്നു വിശ്രമിക്കുകയായിരുന്നില്ല. പച്ചയായ മനുഷ്യന്റെ ജീവിതത്തെ, വളരെ ലളിതമായ ഭാഷയില്‍ മലയാളത്തിന് വേണ്ടി കടലാസുകളില്‍ മഷി പരത്തി പറഞ്ഞു കൊടുക്കുകയായിരുന്നു. വൈക്കം മുഹമ്മദ് ബഷീര്‍ മലയാള ഭാഷയിലും, സാഹിത്യത്തിലും വ്യത്യസ്തമായ കൈയ്യൊപ്പു ചാര്‍ത്തി കടന്നുപോയിട്ട് 26 വര്‍ഷം പിന്നിടുന്നു.

മലയാള ഭാഷയിലെ അതിനൂതന വാക്‌പയറ്റുകളും, ശൈലികളുമൊന്നും എടുത്തുപയോഗിക്കാതെ ലളിതവും, ഹാസ്യവും, നര്‍മ്മവും, നാടിന്റെ തനിമയുള്ള മലയാളവും കൊണ്ട് ധന്യമാക്കിയ കഥകളും, നോവലുകളുമായിരുന്നു അദ്ദേഹത്തിന്റേത്. മലയാള നിഘണ്ടുവില്‍ ഇന്നുവരെ കാണാത്ത പല മലയാള പദങ്ങളും, ശൈലികളും ഈ ബഷീറിന്റെ മാത്രം സ്വന്തമാണ്. ബടുക്കൂസ്, ഗുത്തിന ഹാലിട്ട ലിത്താപ്പോ, മ്മിണിശ്ശ, ബുദ്ദൂസ്…… അങ്ങിനെ നീളുന്ന നിരവധിയേറെ കഥാപാത്രങ്ങളും വാക്കുകളും.

വായനക്കാരെ ആടുകള്‍ പുസ്തകം തിന്നുന്നതിനോടും, ബ്രിട്ടീഷ് അധികാരി വര്‍ഗ്ഗത്തിന്റെ ഇന്ത്യന്‍ സേവകരെ പട്ടിയോടും, ഇന്നുവരെ കാണാത്ത സാങ്കല്പീക പ്രണയത്തിലെ നായികക്ക് പനിനീര്‍ പുഷ്പങ്ങള്‍ നട്ടുവളര്‍ത്തുന്ന നായകനും, അങ്ങിനെ പ്രണയവും, സ്‌നേഹവും, സമകാലികതയും, രാഷ്ട്രീയവും എല്ലാം കടലാസില്‍ പരത്തി ആ നാട്ടിന്‍പുറത്തുകാരന്‍ കടന്നു പോയി.

പല മാധ്യമങ്ങളും രാഷ്ട്രീയ മഴയില്‍ കുട നിവര്‍ത്തി ഇടം നിറച്ചപ്പോള്‍, മലയാള സാഹിത്യത്തിന്റെ സുല്‍ത്താനായി വാണ ‘ബഷീറി’ നു ഈ മഴക്കാലത്ത് ഓര്‍മ്മ പുഷ്പങ്ങള്‍ അര്‍പ്പിക്കുവാന്‍ മലയാള മാധ്യമ സാഹിത്യലോകം മനഃപൂര്‍വ്വമോ അല്ലാതെയോ മറന്നുവോ?

ആധുനിക ഓണ്‍ലൈന്‍ സാഹിത്യ, വായനാ രംഗത്ത് പുതിയ തലമുറ എത്രത്തോളം മലയാള സാഹിത്യത്തെ അടുത്തറിയുന്നു എന്നത് ഒരു ചോദ്യചിഹ്നമാണ്.

സ്‌നേഹത്തിന്റെ, സാമൂഹിക പ്രശ്‌നങ്ങളുടെ, കുടുംബ ബന്ധങ്ങളുടെ, വൈകാരിക സംഘര്‍ഷങ്ങളുടെ, രാഷ്ട്രീയത്തിന്റെ ഒക്കെ പശ്ചാത്തലം വളരെ ലളിതവും, നര്‍മ്മവും, നിറഞ്ഞ സുന്ദരമായ വരികളിലൂടെ മലയാളിക്കും മലയാളത്തിനും സമ്മാനിച്ച നാട്ടിന്‍പുറത്തിന്റെ വൈക്കം മുഹമ്മദ് ബഷീറിനെപ്പോലെയുള്ള സാഹിത്യകാരന്മാരെ, അവരുടെ സൃഷ്ടികളെ പുതിയ തലമുറയ്ക്ക് മനസ്സിലാക്കി കൊടുക്കുക എന്നത് പഴയ തലമുറക്കാരുടെ കടമ കൂടിയാണ് എന്ന് ഈ ഓര്‍മ്മ ദിനത്തില്‍ എടുത്തു പറയുന്നു.

“മലയാളത്തിന്റെ ബേപ്പൂര്‍ സുല്‍ത്താന് സ്‌നേഹാഞ്ജലികള്‍”

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment