Flash News

കോവിഡ്-19 പഠിപ്പിച്ച പാഠം – ‘അമിത വിശ്വാസം ആപത്ത്’

July 5, 2020

‘അമിത വിശ്വാസം ആപത്ത്’ എന്നു പറഞ്ഞതുപോലെ, കൊറോണ വൈറസിനെ പ്രതിരോധിച്ചതില്‍ സര്‍ക്കാരും, ഞങ്ങള്‍ക്ക് രോഗം പിടിപെടുകയില്ല എന്ന അഹങ്കാരത്തോടെ നടന്ന ജനങ്ങളും ഇപ്പോള്‍ നെട്ടോട്ടമോടുകയാണ്. കോവിഡ് എന്ന മഹാമാരിയെ പ്രതിരോധിച്ചതിന് കേരളം മാതൃകയാണെന്ന് കൊട്ടിഘോഷിച്ചവര്‍ ഇപ്പോള്‍ മൗനത്തിലായി. തലസ്ഥാന നഗരിയെ ഒരാഴ്ചത്തേക്ക് സ്തംഭനാവസ്ഥയിലാക്കിയതിന്റെ മൂലകാരണം ജനങ്ങളുടെ അനാസ്ഥയും അശ്രദ്ധയുമാണ്.

ലോകമൊട്ടാകെ ലക്ഷക്കണക്കിന് പേരെ കൊന്നൊടുക്കി മുന്നേറുന്ന കോവിഡ്-19നെ പിടിച്ചുകെട്ടി എന്നാണ് ഇതുവരെ വീമ്പിളക്കിയിരുന്നത്. പ്രതിരോധത്തില്‍ കേരളമാണ് മുമ്പില്‍ എന്ന് ലോകത്തെ അറിയിക്കുകയും ചെയ്തു. പക്ഷെ, അതേ കേരളത്തിന്റെ അവസ്ഥ ഇപ്പോള്‍ എന്താണ് ? തികഞ്ഞ അനാസ്ഥയാണ് സംസ്ഥാനത്ത് ഇപ്പോള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. കൊവിഡ് വ്യാപനം അതിവേഗം കൂടുന്നു. പ്രവാസികളാണ് കേരളത്തില്‍ കോവിഡ്-19 വ്യാപിപ്പിച്ചതെന്ന് പറഞ്ഞ് അവരെ നിഷ്ക്കരുണം ആട്ടിപ്പായിച്ചവരാണ് കേരളത്തിലുള്ള ചിലര്‍. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥയോ? അവരല്ല ഈ രോഗത്തിന്റെ ഉറവിടം എന്ന തിരിച്ചറിവ് ഇപ്പോഴെങ്കിലും ഉണ്ടായത് ഒരു നിമിത്തമാണ്. എവിടെ നിന്നാണ് ഈ വൈറസ് വന്നതെന്ന് അറിയില്ലെങ്കിലും സമ്പര്‍ക്കത്തിലൂടെയാണ് വ്യാപരിച്ചതെന്ന് ഇപ്പോള്‍ സര്‍ക്കാരും സമ്മതിക്കുന്നു.

മുഖ്യമന്ത്രിയുടെ ദൈനം‌ദിന പത്ര സമ്മേളനത്തില്‍, കോവിഡ്-19 ന്റെ കണക്കുകള്‍ നിരത്തുന്നതിനിടയില്‍ പ്രവാസികളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവരിലുമാണ് കൂടുതല്‍ രോഗികള്‍ എന്ന പദപ്രയോഗമാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചത്. വിദേശത്തുനിന്ന് വരുന്നവര്‍ക്കൊക്കെ കൊറോണയാണെന്ന ഒരു ധാരണ ജനമനസ്സുകളില്‍ കയറിപ്പറ്റിയത് അങ്ങനെയാണ്. അതൊഴിവാക്കിയിരുന്നെങ്കില്‍ കേരളത്തിലേക്ക് തിരിച്ചെത്തിയ പ്രവാസികള്‍ ദുരിതം അനുഭവിക്കേണ്ടി വരികയില്ലായിരുന്നു.

അതേ വിശ്വാസം കൊണ്ടായിരിക്കാം ധൃതിപിടിച്ച് ലോക്ക്ഡൗണുകളില്‍ ഇളവ് പ്രഖ്യാപിച്ചതും ‘ഞങ്ങള്‍ക്ക് രോഗം വരികയില്ല’ എന്ന ആത്മവിശ്വാസത്തോടെ ജനം കൂട്ടത്തോടെ പുറത്തിറങ്ങിയതും. അവരുടെ അമിതാവേശവും ആഹ്ലാദവുമാണ് അവരെ ഇപ്പോള്‍ ആപത്തിലേക്ക് തള്ളിവിട്ടത്. ഇപ്പോള്‍ കേരളത്തിലെ സ്ഥിതി ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം കൂടുന്നു എന്നതാണ്. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണവും അതിവേഗം വര്‍ധിക്കുന്നു. ആരാണ് ഇതിനുത്തരവാദികള്‍? പ്രവാസികളാണോ? അതോ സര്‍ക്കാരോ?

സര്‍ക്കാര്‍ ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടേ എല്ലാവരും കൊവിഡില്‍ നിന്നും മുക്തരായി എന്ന അബദ്ധ ചിന്തയാണ് ഈ ആപത്തിലേക്ക് അവരെ നയിച്ചത്. കരുതല്‍ ഇല്ലാതെ സമൂഹത്തില്‍ ഇടപെടുന്ന സ്ഥിതിയിലേക്ക് ജനം മാറി. ഫലമോ സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം റോക്കറ്റ് വേഗത്തില്‍ കുതിച്ചുയര്‍ന്നു. കരുതല്‍ പാലിക്കേണ്ടത് നമ്മുടെ ബാധ്യതയല്ലെന്ന നിലപാടായിരുന്നു പലര്‍ക്കും.

കഴിഞ്ഞ രണ്ട് മാസത്തിനിടെ 413 പേര്‍ക്കാണ് കേരളത്തില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്. കഴിഞ്ഞ പതിനാറ് ദിവസത്തിനിടെ മാത്രം 181 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. സംസ്ഥാനത്ത് ഇതുവരെ 585 പേരാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. എറണാകുളത്തും മലപ്പുറത്തും രണ്ടാഴ്ചയ്ക്കിടെ 27 പേര്‍ വീതം സമ്പര്‍ക്കത്തിലൂടെ കൊവിഡ് രോഗികളായി. കണ്ണൂര്‍, ആലപ്പുഴ, തിരുവനന്തപുരം എന്നീ ജില്ലകള്‍ തൊട്ടുപിന്നിലുണ്ട്. ഉറവിടം അറിയാത്ത കേസുകള്‍ തലസ്ഥാനത്ത് മാത്രം 20 ആണ്.

രോഗമില്ലെന്ന് പ്രതീക്ഷിക്കുന്നവരില്‍ നിന്നാണ് രോഗം ബാധിച്ചത് എന്ന് പലരും ന്യായീകരിച്ചേക്കാം. എന്നാല്‍ രോഗമുണ്ടെന്ന് അറിഞ്ഞിട്ടും മുന്‍കരുതല്‍ എടുക്കാത്തവരുടെ കാര്യത്തിലോ? കൊവിഡിനെ ചെറുക്കേണ്ടതെങ്ങിനെയാണെന്ന് കഴിഞ്ഞ മൂന്ന് മാസമായി കേന്ദ്ര-കേരള സര്‍ക്കാരുകളും ആരോഗ്യ പ്രവര്‍ത്തകരും പോലീസും പഠിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്നിട്ടും വീഴ്ച സംഭവിക്കുന്നതെങ്ങിനെയാണ്? ക്വാറന്റൈനില്‍ കഴിയുന്നവരില്‍ നിന്ന് അവരുടെ കുടുംബാംഗങ്ങള്‍ക്ക് രോഗം ബാധിക്കുന്നതെങ്ങിനെയാണ്?

തിരുവനന്തപുരം സെക്രട്ടറിയേറ്റില്‍ ഡ്യൂട്ടിയ്ക്കുണ്ടായിരുന്ന ഒരു പൊലീസുകാരന് കൊവിഡ് സ്ഥിരീകരിക്കുന്നു. ഇയാളുടെ വീട്ടിലോ ബാരക്കിലോ ഉള്ള ആര്‍ക്കും രോഗമില്ല. പിന്നെ എവിടെ നിന്ന് കൊവിഡ് ബാധിച്ചു? സമരക്കാരിലൂടെയാണെന്നാണ് ഒരു വാദമുയരുന്നത്. സമരക്കാരുമായുള്ള ഉന്തിലും തള്ളിലും രോഗം പടര്‍ന്നിരിക്കാമെന്ന്.

സമ്പര്‍ക്കത്തിലൂടെ രോഗവ്യാപനം ഉണ്ടാകാതിരിക്കാന്‍ നമ്മള്‍ ഓരോരുത്തരും കരുതല്‍ കര്‍ശനമാക്കിയേ മതിയാകൂ. ശരിയായ മാസ്‌ക്കും സാനിറ്റൈസറും ഉപയോഗിക്കുകയും ശാരീരിക അകലം പാലിക്കുകയും ചെയ്താല്‍ പൊതു ഇടങ്ങളില്‍ നിന്ന് രോഗബാധ പടരുന്നത് തടയാം. എന്നാല്‍ ഇതൊക്കെ ചെയ്യാന്‍ പലരും ഇപ്പോള്‍ മടിക്കുകയാണ്. ‘ആരും തന്നെ ചെയ്യുന്നില്ലല്ലോ, പിന്നെ ഞാനെന്തിന് ചെയ്യണം’ എന്ന ചിന്ത. ഇത് ശരിയല്ല. നാം സ്വയം കരുതല്‍ ഉള്ളവരാകേണ്ടിയിരിക്കുന്നു. മറ്റുള്ളവരെ അതിന് പ്രേരിപ്പിക്കുകയും വേണം. ഈ ഘട്ടം ശരിയായി കടന്നുകയറാതെ നമ്മള്‍ കൊവിഡ് പ്രതിരോധത്തില്‍ മുന്‍പോട്ട് പോകില്ല.

മൂന്ന് പ്രധാന പ്രശ്‌നങ്ങളാണ് സംസ്ഥാനം നേരിടുന്നത്. ഒന്ന് സമ്പര്‍ക്ക വ്യാപനം, രണ്ട് ഉറവിടം അറിയാത്ത രോഗബാധിതര്‍, മൂന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് പോയ മലയാളികളില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആരോഗ്യപ്രവര്‍ത്തകരുടെ ഇടപെടല്‍ മാത്രമല്ല, ജനങ്ങളുടെ ജാഗ്രത കൂടി ഉണ്ടെങ്കില്‍ സമ്പര്‍ക്ക രോഗബാധ പിടിച്ചുകെട്ടാന്‍ കഴിയും.

കേരളത്തിലെ കോവിഡ്-19 പ്രതിരോധത്തെക്കുറിച്ച് വിദേശ മാധ്യമങ്ങള്‍ പോലും പുകഴ്ത്തിയിരുന്നത് ഇത്തരുണത്തില്‍ ഓര്‍ക്കുന്നത് നല്ലതാണ്. താഴേക്കിടയില്‍ നിന്ന് കോവിഡ്-19ന്റെ സമ്പര്‍ക്കം കണ്ടെത്തുന്നതിനുള്ള വളരെ ഫലപ്രദമായ പൊതുജനാരോഗ്യ തന്ത്രത്തിന്റെ കാര്യത്തില്‍ കേരളം സവിശേഷമാണെന്നാണ് അവരുടെ കണ്ടെത്തല്‍. ഒരു ഘട്ടത്തില്‍ കര്‍ശനമായ ക്വാറന്റൈന്‍ നിബന്ധനകള്‍ക്കനുസൃതമായി 150,000-ത്തിലധികം ആളുകളെ നിരീക്ഷണത്തിന് വിധേയരാക്കിയിരുന്നു.

കര്‍ശനമായ പരിശോധന, കോണ്‍‌ടാക്റ്റ് ട്രെയ്‌സിംഗ്, എക്സ്റ്റെന്‍ഡഡ് ക്വാറന്റൈനുകള്‍ എന്നിവയ്‌ക്ക് പുറമേ, സംസ്ഥാനം ചിലര്‍ക്ക് സുരക്ഷാ കവചവും നല്‍കി. അതായത്, ആയിരക്കണക്കിന് ആളുകൾക്ക്, പ്രത്യേകിച്ച് വിദേശത്തുനിന്നും, ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്കും, ക്വാറന്റൈന്‍ സൗകര്യവും, പാര്‍പ്പിടവും ഭക്ഷണവും നല്‍കി.

കേരളത്തിന്റെ കൊറോണ വൈറസ് തന്ത്രം ഇന്ത്യയ്ക്കും ലോകത്തിന്റെ മറ്റു ഭാഗങ്ങള്‍ക്കും മാതൃകയായിരിക്കണമെന്ന് പുകഴ്ത്തിപ്പാടുകയായിരുന്നു ഇതുവരെ. ഈ വൈറസിനെ ഉന്മൂലനം ചെയ്താല്‍ കേരളത്തിനു മാത്രമല്ല, ഇന്ത്യക്ക് തന്നെ അഭിമാനമാകുമായിരുന്നു. ലോകമെമ്പാടും വ്യാപിച്ചുകൊണ്ടിരിക്കുന്ന ഈ അദൃശ്യ ശത്രുവിനെതിരെ ആക്രമണാത്മക നടപടികള്‍ സ്വീകരിച്ച കേരളത്തിലേക്ക് ലോക രാഷ്ട്രങ്ങള്‍ തന്നെ ഉറ്റുനോക്കുകയും കേരളത്തിന്റെ ആരോഗ്യസംരക്ഷണ സംവിധാനത്തെക്കുറിച്ച് പഠിക്കുകയും ചെയ്യുമായിരുന്നു. പക്ഷെ, എല്ലാം കേരളീയരുടെ അശ്രദ്ധ കൊണ്ട് നാമാവശേഷമാകുകയാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top