Flash News

എന്‍ എസ് എസ് ഓഫ് ബ്രിട്ടീഷ് കൊളംബിയ ചാപ്റ്റര്‍ രൂപീകൃതമായി

July 6, 2020 , സുജിത് എസ്‌

വാന്‍കൂവര്‍: കാനഡയിലെ എന്‍എസ്എസ് കരയോഗം വികസനത്തിന്റെ ഭാഗമായി, എന്‍എസ്എസ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് സുനില്‍ നായരുടെ അധ്യക്ഷതയില്‍  എന്‍ എസ് എസ്  ഓഫ് ബ്രിട്ടീഷ് കൊളംബിയ, കാനഡയില്‍ രൂപീകൃതമായി.  എന്‍ എസ് എസ്  ഓഫ്  നോര്‍ത്ത് അമേരിക്കയുടെ നാഷണല്‍ ബോര്‍ഡ് ഡയറക്ടര്‍മാരിലൊരാളായ പ്രഫ. ശ്രീകുമാരി നായര്‍, എന്‍എസ്എസ് ഓഫ് എഡ്മന്റണ്‍ പ്രസിഡന്റ് ശ്രീധരന്‍ പിള്ള എന്നിവരും സന്നിഹിതരായിരുന്നു.

2020 – 2022 വര്‍ഷത്തെ ചാപ്റ്റര്‍ പ്രസിഡന്റായി തമ്പാനൂര്‍ മോഹന്‍ ഏകകണ്ഠമായി തെരഞ്ഞെടുക്കപ്പെട്ടു. അച്ചടി, ഡിജിറ്റല്‍, ദൃശ്യമാധ്യമപ്രവര്‍ത്തനായ തമ്പാന്നൂര്‍ മോഹന്‍ പ്രശസ്ത ടെലിവിഷന്‍ പ്രോഗ്രാമായ കനേഡിയന്‍ കണക്ഷന്റെ നിര്‍മ്മാതാവാണ്. നോര്‍ത്ത് അമേരിക്കയില്‍നിന്ന് കൈരളി ടിവിക്കു വേണ്ടി പ്രവര്‍ത്തിച്ച വ്യക്തിയാണ്. നോര്‍ത്ത് അമേരിക്കയില്‍നിന്ന് ആദ്യമായി മുഖ്യധാരമാധ്യമത്തിനു വേണ്ടി പ്രവര്‍ത്തിച്ചു തുടങ്ങിയ തമ്പാന്നൂര്‍ മോഹന്‍ കേരളത്തില്‍നിന്നുളള ദര്‍ശന ടിവി, കാനഡയിലെ കേബിള്‍ നെറ്റ്‌വര്‍ക്കായ ഷാ കേബിളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജയ്ഹിന്ദ് വാര്‍ത്ത കാനഡയുടെ റീജണല്‍ ഡയറക്ടറായ ഇദ്ദേഹത്തിന്റേതായി നിരവധി ലേഖനങ്ങളാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. നിലവില്‍ അദ്ദേഹം ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗവും ഗ്ലോബല്‍ റിപ്പോര്‍ട്ടര്‍ ചാനലിന്റെ കാനഡ നാഷ്ണല്‍ കോഓര്‍ഡിനേറ്ററുമാണ്.

ചാപ്റ്റര്‍ വൈസ് പ്രസിഡന്റ് ശശി നായര്‍, സെക്രട്ടറി അനിത നവീന്‍, ട്രെഷറര്‍ വരുണ്‍ ഗോപിനാഥ് എന്നിവരാണ് മറ്റു സാരഥികള്‍. മനു മോഹനന്‍ പിള്ള, ശാലിനി ഭാസ്‌കര്‍, ദിവ്യ.എസ്.പിള്ള എന്നിവരെ ബോര്‍ഡ് അംഗങ്ങളായി തെരഞ്ഞെടുത്തു. അഡ്വൈസറി ബോര്‍ഡ് ചെയര്‍പേഴ്‌സണായി ഉണ്ണി ഓപ്പത്ത് തെരഞ്ഞെടുക്കപ്പെട്ടു. 2020 – 2022 ബോര്‍ഡ് ഭാരവാഹികള്‍ക്കൊപ്പം രാജശ്രീ നായര്‍, വരുണ്‍ രാജ് എന്നിവരും സ്ഥാപക മെമ്പര്‍മാരായി എന്‍എസ്എസ് ഓഫ് ബ്രിട്ടീഷ് കൊളംബിയയില്‍ സേവനമനുഷ്ഠിക്കുന്നതാണ്.

നോര്‍ത്ത് അമേരിക്കയിലെ നായര്‍ സമുദായാംഗങ്ങള്‍ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനായി രൂപംകൊണ്ട സംഘടനയാണ് എന്‍എസ്എസ് ഓഫ് നോര്‍ത്ത് അമേരിക്ക. പുതുജീവിതം തേടി ജന്മനാടുവിട്ടവര്‍ക്ക് അവരുടെ പാരമ്പര്യങ്ങളും മൂല്യങ്ങളും സംസ്‌കാരവും മുറുകെ പിടിച്ച് മാതൃനാടുമായുള്ള ബന്ധം നിലനിര്‍ത്തുന്നതിനായി 2010 ല്‍ ന്യൂയോര്‍ക്കില്‍ രുപീകരിച്ചതാണ് എന്‍എസ്എസ് ഓഫ് നോര്‍ത്ത് അമേരിക്ക.

മറുനാട്ടില്‍ താമസിക്കുമ്പോഴും യുവതലമുറ സാംസ്‌കാരിക സമത്വം നിലനിര്‍ത്തുന്നതിലും, പാരമ്പര്യങ്ങളെയും സാംസ്‌കാരിക മൂല്യം പരിരക്ഷിക്കുന്നതിനും നായര്‍ സമുദായത്തിന്റെ സമ്പന്നമായ പൈതൃകം അടുത്ത തലമുറകള്‍ക്കായി നിലനിര്‍ത്താനുമാണ് എന്‍ എസ് എസ് പരിശ്രമിക്കുന്നത്.

നോര്‍ത്ത് അമേരിക്കയിലെയും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെയും നായര്‍ കുടുംബങ്ങളെ ബന്ധിപ്പിക്കുന്നതിനും സാമൂഹികവും സാംസ്‌കാരികവുമായ ജീവിതം മെച്ചപ്പെടുത്തുന്നതിനും എന്‍എസ്എസ് ഓഫ് നോര്‍ത്ത് അമേരിക്ക സഹായങ്ങള്‍ നല്‍കിവരുന്നു.

നിലവില്‍, കുടുംബ വിവാഹ കൗണ്‍സിലിംഗ്, ശിശുക്ഷേമം, വാര്‍ധക്യ സേവനങ്ങള്‍, അടിയന്തര സാമ്പത്തിക സഹായം എന്നിവയില്‍ ച ൈസഹായങ്ങള്‍ നല്‍കിവരുന്നു. ന്യൂയോര്‍ക്ക്, വാഷിംഗ്ടണ്‍ ഡിസി, ഹൂസ്റ്റണ്‍, ഡാളസ്, കാലിഫോര്‍ണിയ, ഷിക്കാഗോ, ടൊറന്റോ, ഫിലാഡല്‍ഫിയ, മിനസോട്ട, എഡ്മന്റന്‍, ന്യൂജേഴ്‌സി തുടങ്ങി വടക്കേ അമേരിക്കയിലെ എല്ലാ പ്രധാന നഗരങ്ങളിലുമായി 20 നായര്‍ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

നായര്‍ സമൂഹത്തിലെ അര്‍ഹരായ അംഗങ്ങള്‍ക്കായി ചാരിറ്റി പ്രവര്‍ത്തനങ്ങളും അക്കാദമിക്, കരിയര്‍, ബിസിനസ് മേഖലകളില്‍ മാര്‍ഗ നിര്‍ദേശങ്ങളും നല്‍കിവരുന്നു. സ്ത്രീകളുടെയും യുവ തലമുറകളായ കുട്ടികളുടെയും പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും നേതൃത്വഗുണങ്ങള്‍ വളര്‍ത്തുകയും ചെയ്യുന്നു.

പ്രാദേശിക നായര്‍ അസോസിയേഷനുകള്‍ ചാരിറ്റി പരിപാടികള്‍, പ്രതിമാസ ഭജനകള്‍, മതപരമായ ഉത്സവങ്ങള്‍, ഓണംവിഷു ആഘോഷങ്ങള്‍, കുടുംബ യോഗങ്ങള്‍, വിനോദയാത്ര എന്നിവ എന്‍.എസ്.എസിന്റെ ആഭിമുഖ്യത്തില്‍ നടന്നു വരുന്നു.

നോര്‍ത്ത് അമേരിക്കയിലെ സാമുദായക പ്രവര്‍ത്തനത്തിനൊപ്പം നാട്ടിലും ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ എന്‍എസ്എസ് ഓഫ് നോര്‍ത്ത് അമേരിക്ക സജീവമാണ്.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top