Flash News

തോമാശ്ലീഹായുടെ പ്രേഷിത തീക്ഷ്ണത സീറോ മലബാര്‍ സഭക്ക് മുതല്‍ക്കൂട്ട്: മാര്‍ ജോസ് കല്ലുവേലില്‍

July 7, 2020 , ജോസ് വര്‍ഗീസ്

സ്കാര്‍ബൊറോ (ടൊറന്‍റോ): ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിനെ നേരില്‍ കണ്ട് തന്‍റെ വിരലുകള്‍ ആണിപ്പഴുതുകളിലൂടെ കൈയോടിച്ചാല്‍ മാത്രമേ തൃപ്തനാകു എന്ന ശാഠ്യക്കാരനായ തോമായും അതിനു അവസരം ലഭിച്ചപ്പോള്‍ എന്‍റെ കര്‍ത്താവെ, എന്‍റെ ദൈവമേ എന്ന ഏറ്റുപറച്ചിലിലൂടെ, തന്‍റെ അഗാധമായ ദൈവസ്നേഹവും അടിയുറച്ച വിശ്വാസവും പ്രകടമാക്കിയ തോമാശ്ലീഹായുടെ പ്രേഷിത തീക്ഷ്ണതയുമാണ് ഭാരത സഭയുടെ വിശ്വാസത്തിന്‍റെ കാതലും സീറോ മലബാര്‍ സഭയുടെ മുതല്‍ക്കൂട്ടുമെന്ന് മിസിസൗഗ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസ് കല്ലുവേലില്‍. സ്കാര്‍ബൊറോ സെന്‍റ് തോമസ് ഫൊറോനാ ഇടവകയുടെ മധ്യസ്ഥനായ വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാനാ തിരുനാളിനോടനുബന്ധിച്ചു നടന്ന തിരുനാള്‍ കുര്‍ബാനയില്‍ മുഖ്യകാര്‍മികത്വം വഹിച്ച് വചന സന്ദേശം നല്‍കുകയായിരുന്നു മാര്‍ ജോസ് കല്ലുവേലില്‍.

മാര്‍തോമായില്‍ നിന്നും പകര്‍ന്നു ലഭിച്ച വിശ്വാസ നിറവിന്‍റെ തെളിവാണ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ ദൈവവിളികള്‍ ഉള്ള ഒരു സമൂഹമായി കേരള കത്തോലിക്കാ സഭ മാറിയത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രേഷിത വൃത്തിക്കായി കടന്നു ചെല്ലാന്‍ നമുക്കു ലഭിക്കുന്ന അവസരങ്ങളും. കുടുംബ ബന്ധങ്ങളില്‍, ഏറ്റവും കൂടുതല്‍ കെട്ടുറപ്പ് പ്രകടിപ്പിക്കുന്ന, കുടുംബ പ്രാര്‍ഥനക്കു സമയം കണ്ടെത്തുന്ന നമ്മുടെ കുടുംബങ്ങള്‍ ലോകത്തോട് പറഞ്ഞറിയിക്കുന്നതും ഈ വിശ്വാസ തീക്ഷ്ണതയുടെ പാരമ്പര്യം തന്നെയാണ്. ഗുരുവിനോടുള്ള സ്നേഹത്തെ പ്രതി ജീവന്‍ ബലികഴിക്കാന്‍ തയാറായ തോമാശ്ലീഹാ പഠിപ്പിച്ചതു പോലെ, സഭയെ കൂടുതല്‍ സ്നേഹിക്കാനും ഇന്നു നാം പഠിക്കേണ്ടിയിരിക്കുന്നു. സഭയില്ലെങ്കില്‍ പൗരോഹിത്യമില്ല. വിശുദ്ധ കുര്‍ബാനയില്ലെങ്കില്‍ ദൈവത്തിന്‍റെ സ്നേഹം അനുഭവിക്കാനാവില്ല. അതുകൊണ്ടു തന്നെ സഭയെ സ്നേഹിക്കുവാന്‍ മക്കളെ പഠിപ്പിക്കണമെന്നും മാര്‍ ജോസ് കല്ലുവേലില്‍ വിശ്വാസികളെ ഓര്‍മിപ്പിച്ചു.

ജൂലൈ രണ്ട്, മൂന്ന് തീയതികളില്‍ നടന്ന തിരുനാളിനു തുടക്കം കുറിച്ച് വികാരി ഫാ. ജോസ് ആലഞ്ചേരി കൊടിയേറ്റുകര്‍മം നിര്‍വഹിച്ചു. സഹ വികാരി ഫാ. ഡാരിസ് ചെറിയാന്‍ വിശുദ്ധ കുര്‍ബാനയും ലദീഞ്ഞും അര്‍പ്പിച്ചു.

തിരുനാള്‍ ചടങ്ങുകള്‍ക്ക് ട്രസ്റ്റിമാരായ ജോണ്‍ ജോസഫും ബിജോയ് വര്‍ഗീസും സെന്‍റ് തോമസ് ഫാമിലി യൂണിറ്റിലെ അംഗങ്ങളും നേതൃത്വം നല്‍കി. തിരുനാള്‍ ആചരണത്തിന്‍റെ മുഖ്യ പരിപാടികള്‍ ലൈവ് സ്ട്രീമിങ്ങിലൂടെ ലഭ്യമാക്കിയിരുന്നു.

നിലവിലെ പ്രത്യേക സാഹചര്യത്തില്‍ ആരോഗ്യ വിഭാഗത്തിന്‍റെ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് പ്രദക്ഷിണവും മറ്റു ചടങ്ങുകളും ഒഴിവാക്കിയായിരുന്നു ഇത്തവണത്തെ തിരുനാള്‍ ആഘോഷം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top