Flash News

മഴക്കാലത്തെ പകര്‍ച്ചവ്യാധികള്‍ (ഡോ. ഷര്‍മദ് ഖാന്‍, എം.ഡി)

July 8, 2020 , ഡോ. ഷര്‍മദ് ഖാന്‍, എം.ഡി)

ആയുര്‍വേദം രോഗത്തെ ചികിത്സിക്കുവാന്‍ മാത്രമല്ല രോഗങ്ങള്‍ വരാതെ മനുഷ്യനെ സംരക്ഷിക്കുവാനും ശീലിക്കേണ്ടതാണ്. മഴക്കാലത്തെ കാലാവസ്ഥാ വ്യത്യാസം ഈ പ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങളിലും കുറെ മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. കാലാവസ്ഥയ്ക്ക് അനുസരിച്ച് നമ്മള്‍ വിവേകത്തോടെ പ്രവര്‍ത്തിച്ചാല്‍ രോഗം വരാതെ സംരക്ഷിക്കാം.

മഴക്കാലത്തുണ്ടാകുന്ന പകര്‍ച്ചവ്യാധികളുടെ പൊതുവായ സ്വഭാവം പനിയാണ്. ഡെങ്കി പനി, ചിക്കുന്‍ ഗുനിയ, എലിപ്പനി, മലമ്പനി, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം, വയറിളക്കം, ഛര്‍ദ്ദി, പന്നിപ്പനി ഇവയെല്ലാം മഴക്കാല പകര്‍ച്ചവ്യാധികളുമാണ്. വ്യക്തി ശുചിത്വം പോലെ പ്രധാനമാണ് പരിസര ശുചിത്വവും.

ഡെങ്കിപ്പനി

കൊതുക് കടി ഏല്‍ക്കുന്നതിലൂടെ മാത്രമേ രോഗം പകരൂ. ഒരൊറ്റ കടി മാത്രം മതിയാകും ഒരാളിലേക്ക് രോഗം പകരുവാന്‍. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരില്ല. അതിനാല്‍ രോഗമുള്ളവര്‍ അവരെ കൊതുക് കടിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കുക എന്നാല്‍ അവരുടെ സാമൂഹ്യ പ്രതിബദ്ധത കാണിക്കുക എന്നാണ് അര്‍ത്ഥമാക്കുന്നത്.

രാവിലെയും സന്ധ്യാ സമയത്തിന് മുമ്പും മങ്ങിയ വെളിച്ചം ഉള്ളപ്പോഴാണ് ഈഡിസ് വിഭാഗത്തിലെ കൊതുകുകള്‍ കടിക്കുന്നത്. കടിയേറ്റാല്‍ 3 മുതല്‍ 14 ദിവസത്തിനുള്ളില്‍ രോഗം ആരംഭിക്കും.

കടുത്ത പനി, കഠിനമായ ശരീരവേദന, സന്ധിവേദന, കണ്ണിന്റെ പുറകിൽ വേദന, തൊലിപ്പുറത്ത് തിണര്‍പ്പ്, ഛര്‍ദ്ദി, വയറുവേദന, മൂക്കില്‍ നിന്നും മോണയില്‍ നിന്നും രക്തസ്രാവം, മലം കറുത്ത നിറത്തില്‍ ഇളകി പോകുക എന്നിവ ലക്ഷണങ്ങളായി വരാം. അതിശക്തമായ നടുവേദനയും കണ്ണിനു പുകച്ചിലോടുകൂടിയ വേദനയും ഈ രോഗത്തിന്റെ പ്രത്യേകതകളാണ്. രക്തത്തിലെ പ്ലേറ്റ്‌ലറ്റുകളുടെ അളവ് ഒന്നര ലക്ഷം മുതല്‍ നാല് ലക്ഷം വരെയാണ് നോര്‍മല്‍. അത് ഇരുപതിനായിരത്തിലും താഴെ ആയാല്‍ മരണം സംഭവിക്കാം. പ്ലേറ്റ്‌ലറ്റിന്റെ എണ്ണം വളരെ കുറവല്ലെങ്കില്‍ സാധാരണ ചികിത്സ മതിയാകും.

ചിക്കുന്‍ഗുനിയ

കൊതുക് കടിയേറ്റാല്‍ രണ്ടു ദിവസത്തിനുള്ളില്‍ രോഗം ആരംഭിക്കും. പെട്ടെന്നുണ്ടാകുന്ന ശക്തമായ പനി, സന്ധി വേദന, തലവേദന, നടുവേദന, ഛര്‍ദ്ദി, സന്ധികളില്‍ നീര്, മാംസപേശികള്‍ക്ക് വലിച്ചില്‍, വിറയല്‍, ചര്‍മത്തില്‍ ചുവന്നു തടിച്ച പാടുകള്‍ എന്നിവയാണ് ലക്ഷണങ്ങള്‍. കൊതുകിനെ സംബന്ധിച്ച് മുന്‍ പറഞ്ഞ കാര്യങ്ങള്‍ ഇവിടെയും ബാധകമാണ്.

മലമ്പനി

കൊതുകുകടി ഏറ്റ് രണ്ടാഴ്ചയ്ക്കുള്ളില്‍ വിറയലോടുകൂടിയ ഇടവിട്ടുള്ള പനി, ശക്തമായ തലവേദന, വയറുവേദന, ഛര്‍ദ്ദി, മഞ്ഞപ്പിത്തം, ദിവസവും ഒരു പ്രത്യേക സമയത്തോ ഇടവിട്ട ദിവസങ്ങളിലോ മാത്രം പനിക്കുക എന്നിവയാണ് ലക്ഷണങ്ങള്‍.

എലിപ്പനി

രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ 21 ദിവസം വരെ സമയം എടുക്കാം. പെട്ടെന്നുള്ള തലവേദന, തലയുടെ മുന്‍ വശത്തും കണ്ണിലെ പേശികള്‍ക്കും വേദന, കണങ്കാലിലെ വേദന, വിറയലോട്‌ കൂടിയ പനി എന്നിവയാണ് ലക്ഷണങ്ങള്‍.

കരള്‍, വൃക്ക തുടങ്ങിയ അവയവങ്ങളെ ബാധിച്ചാല്‍ കണ്ണ് ചുവപ്പ്, വെളിച്ചത്തേക്ക് നോക്കുവാൻ പ്രയാസം, തൊണ്ട വേദന, രക്തം പൊടിയുക, തൊലിപ്പുറമെ തടിപ്പ് എന്നിവയും സംഭവിക്കാം. ഓട വൃത്തിയാക്കല്‍ പോലുള്ള ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ കാലിലെ മുറിവുകളിലൂടെയും വായ്ക്കുള്ളിലെ വ്രണങ്ങളിലൂടെയും ഉള്ള ജലസമ്പര്‍ക്കം മുഖേന അണുക്കള്‍ ബാധിക്കും.

ടൈഫോയ്ഡ്

പനി, ക്ഷീണം, തലവേദന, വിശപ്പില്ലായ്മ, വയറിന് അസ്വാസ്ഥ്യം, വയറു വേദന, വയറിളക്കം, ചിലപ്പോള്‍ മലബന്ധം, ചര്‍ദ്ദി, നെഞ്ചിലും വയറ്റിലുമുള്ള തൊലിപ്പുറത്തെ പാടുകള്‍ എന്നിവയാണ് ലക്ഷണങ്ങള്‍.

മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് – എ)

ക്ഷീണം, തളര്‍ച്ച, ചെറിയ തോതിലുള്ള പനി, മൂത്രം കടുത്ത മഞ്ഞ നിറത്തില്‍ പോവുക എന്നിവയാണ് ലക്ഷണങ്ങള്‍.
ജലത്തിലൂടെ പകരുന്നു. രോഗം ബാധിച്ചയാള്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങള്‍, പാത്രങ്ങള്‍, മൊബൈല്‍ തുടങ്ങിയവയിലൂടെയും രോഗം മറ്റൊരാളിലേക്ക് പകരും.

പന്നിപ്പനി

തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുന്നതിലൂടെ വളരെ വേഗം പകരുന്ന രോഗമാണിത്. ശ്വാസം എടുക്കുന്നതിനുള്ള തടസ്സം, പെട്ടെന്നുള്ള തലകറക്കം, അമിതമായ ഛര്‍ദ്ദി, അതിശക്തമായ ന്യൂമോണിയ എന്നിവയാണ് ലക്ഷണങ്ങള്‍.

പകര്‍ച്ച പനി വന്നാല്‍ എന്ത് ചെയ്യണം?

പനി വന്നാല്‍ പൂര്‍ണ്ണ വിശ്രമം അനിവാര്യം.

കുടിക്കാനുപയോഗിക്കുന്ന വെള്ളത്തിലെ പോഷകാംശം ഉള്ളതുമായ ആഹാരം ശീലിക്കുക, കഞ്ഞിയും പയറും ആവിയില്‍ പുഴുങ്ങിയ ഭക്ഷണവും നല്ലതാണ്. പച്ചക്കറിയും പഴവര്‍ഗങ്ങളും ഏറെ നല്ലത് ഉപയോഗിക്കുക. ഒരു ലിറ്റര്‍ വെള്ളത്തില്‍ പഞ്ചസാരയും ഉപ്പും ചേര്‍ത്ത് ഇടയ്ക്കിടെ കുടിക്കുക. പകര്‍ച്ചപ്പനി മൂന്നു മുതല്‍ അഞ്ചു ദിവസത്തിനുള്ളില്‍ കുറയുന്നില്ലെങ്കില്‍ തീർച്ചയായും ഡോക്ടറെ സമീപിക്കുക. സ്വയം ചികിത്സ ഒഴിവാക്കുക. ശരീരത്തിന് പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും നിയന്ത്രിക്കാനുമുള്ള ജീവിതചര്യകള്‍ ശീലമാക്കുക. ശരിയായ രീതിയിലുള്ള വ്യായാമം ഉറക്കം ഇവ നിത്യവും ശീലിക്കുക. കൊതുകുജന്യരോഗങ്ങളും ജലജന്യരോഗങ്ങളും ഒഴിവാക്കാനും നിയന്ത്രിക്കാനും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ താഴെ പറയുന്നു:

കൊതുകുകളെ നശിപ്പിക്കാനും ഒഴിവാക്കാനും ശ്രദ്ധിക്കണം. വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കണം. വളര്‍ച്ച തടയുന്നതിനും വെള്ളപ്പാത്രം പ്ലാസ്റ്റിക് കവര്‍, മുട്ടത്തോട് എന്നിവയില്‍ വെള്ളം കെട്ടി നില്‍ക്കുന്നത് ഒഴിവാക്കുക. കടുക് മഞ്ഞള്‍ കുന്തിരിക്കം വെളുത്തുള്ളി എന്നിവ എണ്ണയില്‍ കുഴച്ച് പുകയാന്‍ ഉപയോഗിക്കുക. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുക. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. ജലവുമായുള്ള സമ്പര്‍ക്കവും അതിന്റെ ഉപയോഗവും ഒഴിവാക്കുക. ഭക്ഷണം കഴിക്കുന്നതിനു മുന്‍പ് കൈകള്‍ നല്ലപോലെ വൃത്തിയാക്കുക. തണുത്ത ഭക്ഷണ പാനീയങ്ങള്‍ ഒഴിവാക്കുക. കഴിവതും ചൂടുകൂടിയ ഭക്ഷണപാനീയങ്ങള്‍ മാത്രം ഉപയോഗിക്കാന്‍ ശ്രമിക്കുക. വീടും പരിസരവും പുകയ്ക്കുന്നത് ശീലമാക്കുക. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് അവിപത്തി ചൂര്‍ണം ചൂടു വെള്ളത്തില്‍ ചേര്‍ത്ത് രാത്രി കുടിക്കുക. കുമ്പളം, വെള്ളരി, മത്തന്‍, ചേന, ചേമ്പ്, തകര പയര്‍, ചീര, തഴുതാമ, ചൊറിയണം എന്നിവയുടെ പാകം ചെയ്ത ഭക്ഷണം ഉപയോഗിക്കുക. തുറന്നുവച്ച ഭക്ഷണം ഒഴിവാക്കുക. വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് ഒഴിവാക്കുക…

ഡോ. ഷര്‍മദ് ഖാന്‍, എം.ഡി
ചീഫ് മെഡിക്കല്‍ ഓഫീസര്‍
ഗവണ്മെന്റ് ആയുര്‍വേദ ഡിസ്പെന്‍സറി
ചേരമാന്‍തുരുത്ത്
തിരുവനന്തപുരം
Tel: 9447963481


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top